”തമുക്ക്” എന്ന പദം മലയാള ഭാഷയിൽ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക്നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം ഓശാന ഞായറിൽ വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും കേട്ടറിവില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തിലാണ് സ്നേഹവിരുന്നായി തമുക്കുനേര്‍ച്ച ആദ്യമായി വിതരണം ചെയ്തു തുടങ്ങിയത്. കുറവിലങ്ങാട് ദേവാലയത്തില്‍ തമുക്കുനേര്‍ച്ച വിതരണം തുടങ്ങിയിട്ട് ഇപ്പോൾ നൂറ്റമ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു. തമുക്ക് നേർച്ചയുടെ പെരുമ കടലുകടന്ന് ഇപ്പോൾ കുടിയേറ്റ രാജ്യങ്ങളിലെ ദേവാലയങ്ങളിലും പ്രചാരത്തിലായി.

ഈ നേര്‍ച്ച വിതരണത്തിനു ഐതിഹ്യങ്ങളുടെയും ചരിത്രസംഭവങ്ങളുടെയുമെല്ലാം പശ്ചാത്തലമാണ് പറഞ്ഞുകേള്‍ക്കാറുള്ളത്. തമുക്കുനേര്‍ച്ചയുടെ ഐതിഹ്യകഥകളെയെല്ലാം മാറ്റിവച്ച് “തമുക്ക്” എന്ന പദത്തിന്‍റെ അര്‍ഥമന്വേഷിച്ചാല്‍തന്നെ ഓശാന ഞായറിന്‍റെ മഹത്തായ സന്ദേശമാണ് ഈ മധുരപലഹാരത്തിന്‍റെ കൂട്ടുകളോടൊപ്പം ചേര്‍ന്നിരിക്കുന്നത് എന്നു കാണാം.

“തമുക്ക്” എന്ന പദത്തിന് പെരുമ്പറ എന്നാണ് ശബ്ദതാരാവലി നല്‍കുന്ന അര്‍ത്ഥം. ജെറുസലേം ദേവാലയത്തിലേക്കു വിനീതവാനായ് കഴുതപ്പുറമേറിവന്ന ഈശോമശിഹായേ സൈത്തിന്‍ ചില്ലകള്‍ വിതറിയവഴിയില്‍ ജനസാഗരം രാജകീയമായി വരവേറ്റതിനേ അനുസ്മരിച്ചുകൊണ്ടുള്ളതാണല്ലോ ഓശാന ഞായറിലെ തിരുക്കര്‍മ്മങ്ങള്‍. സമാനതകളില്ലാത്ത ക്രിസ്തുസംഭവങ്ങളുടെ ഓര്‍മ്മയാചരണത്തിലേക്ക് ക്രൈസ്തവസമൂഹം പ്രവേശിക്കുന്ന വലിയവാരത്തിനു മുന്നോടിയായി ഓശാന ഞായറില്‍ വിതരണം ചെയ്യുന്ന തമുക്കുനേര്‍ച്ച, ഈ വാരത്തിന്‍റെ പ്രത്യേകതയാണ് വിളംബരം ചെയ്യുന്നത്.

സാമൂഹികപരിഷ്കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനുമായിരുന്ന ഭാഗ്യസ്മരണാര്‍ഹന്‍ നിധീരി മാണിക്കത്തനാര്‍, ഒരു ശെമ്മാശനായിരുന്ന കാലത്താണ് ഓശാന ഞായറിലെ തമുക്ക് നേര്‍ച്ച കുറവിലങ്ങാട് ദേവാലയത്തില്‍ ആരംഭിച്ചതെന്നാണ് ചരിത്രത്തില്‍ കാണുന്നത്. തമുക്കുനേർച്ച വിതരണത്തിനു പിന്നിലുളള ഐതിഹ്യങ്ങള്‍ക്ക് അതീതമായി ക്രിസ്തുസംഭവങ്ങളുടെ വിളംബരമായിരുന്നു തമുക്ക് നേര്‍ച്ചഭക്ഷണ വിതരണത്തിലൂടെ അദ്ദേഹം വിഭാവനം ചെയ്തത് എന്നു കരുതുന്നു.

“ആനക്കൊട്ടിലിനും ആനയുദ്ധം നടക്കുന്ന സ്ഥലത്തിനും തമിഴ്ഭാഷയില്‍ “തമുക്കം” എന്നു പറയാറുണ്ട്, അതിനാല്‍ ആനശല്യത്തില്‍നിന്നു രക്ഷനേടുന്നതിനാണ് തമുക്ക് നേര്‍ച്ച തുടങ്ങിയത് എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്” എന്നാണ് സുറിയാനി സഭാ പാരമ്പര്യ വിശ്വാസ വിഷയങ്ങളിലും ആരാധനക്രമങ്ങളിലും ഗവേഷണം നടത്തുന്ന ഡോ ഫെബിൻ ജോർജ് മൂക്കംതടത്തിൽ പറഞ്ഞു. എന്നാല്‍ ഇതോടൊപ്പം ഒരു ചരിത്ര സംഭവവും പറഞ്ഞു കേൾക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

“ബാലരാമവര്‍മ്മ ആയില്യം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത്, 1873ലെ ദുഃഖശനി ദിവസം, കരംകെട്ടാതെ സൂക്ഷിച്ചിരുന്ന പുകയില കണ്ടെത്താനായി മനുശിങ്കു (മാന്‍സിംഗ്) എന്ന ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന ഒരു പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ കുറവിലങ്ങാട്ടും പരിസര പ്രദേശങ്ങളിലും വീടുകള്‍ കയറിയിറങ്ങി അന്വേഷണം നടത്തുകയും പുരുഷന്മാരേയെല്ലാം ക്രൂരമായി മര്‍ദ്ധിക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. മനുശിങ്കുവിന്‍റെ അക്രമങ്ങളില്‍ പരിഭ്രാന്തരായ കളത്തൂര്‍ നിവാസികള്‍ ഇത്തരം അതിക്രമങ്ങളില്‍ നിന്നു രക്ഷനേടാനായി ഓശാന ഞായറില്‍ കുറവിലങ്ങാട് പള്ളിയില്‍ തമുക്കുനേര്‍ച്ച ഒരുക്കാന്‍ തീരുമാനിച്ചുവത്രെ. ഇതിന്‍പ്രകാരം ഇടങ്ങഴി അരി വറുത്തുപൊടിച്ചത്, നൂറോളം പാളയംകോടന്‍ പഴം, ആറു തേങ്ങാ ചുരണ്ടിയത്, ശര്‍ക്കര എന്നിവ ഓരോ ഭവനത്തില്‍നിന്നും വിവാഹിതരായ പുരുഷന്മാര്‍ കൊണ്ടുവന്നിരുന്നു എന്നതാണ് കുറവിലങ്ങാട് ദേവാലയം ഉള്‍പ്പെടുന്ന കളത്തൂര്‍ കരയില്‍ പ്രചരിച്ച ഐതിഹ്യം” ഷെവലിയര്‍ വി.സി ജോര്‍ജ് എഴുതിയ “നിധീരി മാണി കത്തനാർ” എന്ന

ഗ്രന്ഥത്തിൽ മനു ശിങ്കുവിൻ്റെ അതിക്രമങ്ങളും കോടതി വ്യവഹാരങ്ങളും സവിസ്തരം പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ റവ ഡോ ജോര്‍ജ് കുരൂക്കര്‍ എഴുതിയ ഒരു ലേഖനത്തിലും ഈ സംഭവത്തിൻ്റെ പശ്ചാത്തലമാണ് തമുക്കുനേർച്ച വിതരണം കുറവിലങ്ങാട് ദേവാലയത്തിൽ ആരംഭിക്കാനുള്ള കാരണമെന്നും പറയുന്നു.

വറുത്തു പൊടിച്ച അരിയും ശര്‍ക്കരയും തേങ്ങായും പാളയംകോടന്‍ പഴവും കൃത്യമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ് തമുക്കുനേര്‍ച്ച ഉണ്ടാക്കുന്നത്. കുറവിലങ്ങാട് ദേവാലയത്തില്‍ തമുക്കുനേര്‍ച്ച പാകം ചെയ്യുവാനായി ഉപയോഗിക്കുന്ന എട്ടുനാക്കുള്ള ചിരവയും ഒറ്റത്തടിയിൽ നിർമ്മിച്ചിരിക്കുന്ന കുഴിത്തോണിയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളെല്ലാം ഈ നേര്‍ച്ചയുടെ ഭാഗമായി അറിയപ്പെടുന്ന തച്ചുശാസ്ത്രവിസ്മയങ്ങളാണ്.

തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള കരിങ്ങാച്ചിറ പള്ളിയിലെ പെരുന്നാളിലും തമുക്ക് എന്ന മധുരപലഹാരം വിതരണം ചെയ്യുന്നുണ്ട്. അതിനാല്‍ ഈ പള്ളിയിലെ പെരുന്നാള്‍ ”തമുക്കു പെരുന്നാള്‍” എന്നാണ് അറിയപ്പെടുന്നത്.

പീഡാനുഭവ വാരത്തിന് ആരംഭംകുറിച്ചുകൊണ്ട് ഇംഗ്ലണ്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ലീഡ്സ് സെന്‍റ് മേരീസ് ആന്‍ഡ് സെന്‍റ് വില്‍ഫ്രഡ് സീറോമലബാര്‍ ഇടവകയില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി തമുക്കു നേര്‍ച്ച വിതരണം ചെയ്തുവരുന്നു. റവ ഫാ ജോസഫ് പൊന്നത്ത് ലീഡ്സ് സീറോമലബാര്‍ ചാപ്ലിയന്‍ ആയിരുന്ന കാലത്താണ് തമുക്കുനേർച്ച വിതരണം ആരംഭിക്കുന്നത്. പിന്നീട് റവ ഫാ മാത്യൂ മുളയോലിക്കൽ ഇടവക വികാരിയായിരുന്നപ്പോഴും കോവിഡ് കാലത്തൊഴികെ എല്ലാ ഓശാന ഞായറാഴ്ചകളിലും തമുക്കുനേർച്ച വിതരണം ഉണ്ടായിരുന്നു. കളത്തൂര്‍ കരയിൽ നിന്നും പാലാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്നും വെസ്റ്റ് യോർക്ക്ഷിയർ കൗണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ താമസമാക്കിയ സീറോ മലബാർ സഭാ വിശ്വാസികളാണ് ഇവിടെ തമുക്ക്നേര്‍ച്ച തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. ഈ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങള്‍ക്കും തമുക്കുനേര്‍ച്ച വിതരണത്തിനും ഇടവക വികാരി റവ ഫാ ജോസ് അന്ത്യാംകുളവും നോർത്ത് യോർക്ക്ഷിയറിലുള്ള വിവിധ കമ്യൂണിറ്റികളില്‍നിന്നുള്ള കൈക്കാരന്മാരും നേതൃത്വം നൽകുന്നു. ഇക്കൊല്ലം ആയിരത്തോളം പേർക്കാണ് തമുക്കുനേർച്ച തയ്യാറാക്കുന്നത്.

തമുക്കുനേര്‍ച്ച തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളുടെ ലാളിത്യംകൊണ്ടും ”തമുക്ക്” എന്ന വാക്കിന് “പെരുമ്പറ” എന്ന അർത്ഥമുള്ളതുകൊണ്ടും രാജാധിരാജനായ ഈശോ മശിഹായുടെ രാജത്വവിളംബരമാണ് “തമുക്കുനേർച്ച”യിൽ ഉയർത്തിപ്പിടിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഓശാനാ ഞായറിന്‍റെ ചരിത്രപരതയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു പലഹാരമാണിത് എന്നതില്‍ രണ്ടുപക്ഷമില്ല.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്