നിരാശയുടെയും ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും ചിന്തകൾ പലപ്പോഴും നമുക്ക് നല്കുന്നത് തിന്മയാകാം. ഒരു വിശ്വാസി ഏത് സാഹചര്യത്തിലും പ്രത്യാശയുടെ വാക്കുകൾ സംസാരിക്കണം. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5). ഒരു ദൈവഭക്തന്റെ പ്രതീക്ഷ, പ്രത്യാശ, എന്തായിരിക്കണമെന്ന് തിരുവചനം നമ്മെ ഓർമിപ്പിക്കുന്നത് ശ്രദ്ധിക്കാം.

ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് പ്രത്യാശാ നിർഭരമായ ക്രിസ്തീയ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. നമ്മുടെ ഭാവിയെക്കുറിച്ച് നാം ഹൃദയത്തിൽ എന്ത് വിശ്വസിക്കുന്നു, അധരംകൊണ്ട് എന്ത് നാം ഏറ്റുപറയുന്നു അതു നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഞാൻ ശരിയാകാൻ പോകുന്നില്ല, എനിക്ക് ഒരു കഴിവും ഇല്ല, എന്റെ ഗതി ഇതുതന്നെയാണ്, ഇങ്ങനെയുള്ള ചിന്താഗതികൾ വച്ചുപുലർത്തുകയും അത് എപ്പോഴും ഏറ്റുപറയുകയും ചെയ്യുന്ന ഒരു വിശ്വാസി, അവൻ എത്രതന്നെ അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിച്ചാലും ഉയർച്ച പ്രാപിക്കണമെന്ന് നിർബന്ധമില്ല.

നമ്മുടെ തളർന്ന ശരീരത്തെ നോക്കി നാം പറയണം എന്റെ അസ്ഥികൾ കർത്താവ് ബലപ്പെടുത്തും. എന്റെ തകർന്ന കുടുംബത്തെ കർത്താവിന് സമർപ്പിച്ച് നാം പറയണം എന്റെ കുടുംബം ദൈവത്താൽ അനുഗ്രഹിക്കപ്പെടും. എന്റെ ഭാവി, പ്രത്യാശാനിർഭരമാണ്. അതെ, അവിടുന്ന് അരുൾചെയ്യുന്നു ”കരച്ചിൽ നിർത്തി കണ്ണീർ തുടയ്ക്കൂ. നിന്റെ യാതനകൾക്ക് പ്രതിഫലം ലഭിക്കും. ജീവിതത്തിലെ ഏത് വിപരീത സാഹചര്യങ്ങളിലും സഹനവഴിയിലും നാം പ്രത്യാശയോടെ കർത്താവിൽ ആശ്രയിക്കണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕