റോം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം അവസാനം ആരംഭിച്ച ഞരമ്പ് വേദന വീണ്ടും രൂക്ഷമായതിനെ തുടര്‍ന്നു ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് പൊതുപരിപാടികൾ ഒഴിവാക്കി. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദൈവവചനത്തിന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിക്കേണ്ട വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാർമികത്വം വഹിക്കാൻ സാധിച്ചിരിന്നില്ല. പകരം നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ല വിശുദ്ധ കുർബാന അർപ്പിച്ചു.

വത്തിക്കാന്റെ പ്രസ് ഓഫീസാണ് ജനുവരി 23നു ഇതിനെ സംബന്ധിച്ച അറിയിപ്പ് നൽകിയത്. എന്നാൽ ഞായറാഴ്ച അപ്പസ്തോലിക്ക് കൊട്ടാരത്തിൽ നടക്കുന്ന ത്രികാല പ്രാർത്ഥനയ്ക്ക് പാപ്പ തന്നെ നേതൃത്വം നൽകും. നയതന്ത്ര ഉദ്യോഗസ്ഥർക്കു വേണ്ടി ജനുവരി 25നു നൽകാൻ ഉദ്ദേശിച്ചിരുന്ന ‘സ്റ്റേറ്റ് ഓഫ് ദ വേൾഡ്’ സന്ദേശവും മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചു. കൂടാതെ ക്രൈസ്തവ ഐക്യത്തിനു വേണ്ടി സംഘടിപ്പിച്ച പ്രാർത്ഥനവാരത്തിന്റെ സമാപന ദിനമായ ഇന്നു തിങ്കളാഴ്ച, റോമിലെ സെന്റ് പോൾ ബസലിക്കയിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പകരം ക്രൈസ്തവ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോർച്ച് പങ്കെടുക്കും.

84 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പയെ ഞരമ്പിനെ ബാധിക്കുന്ന സയാറ്റിക്ക എന്ന രോഗാവസ്ഥ അലട്ടിയതിനാൽ ഡിസംബർ 31 വൈകുന്നേരവും, ജനുവരി ഒന്നാം തീയതിയും വത്തിക്കാനിൽ നടന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ പാപ്പയ്ക്ക് സാധിച്ചിരുന്നില്ല. കാലിന് പിറകിലെ വേദനയാണ് പാപ്പയെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്. 2013 ജൂലൈയില്‍ ബ്രസീലിൽ നിന്ന് തിരികെ വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് ഈ രോഗാവസ്ഥയെ പറ്റി ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചിരുന്നു.

നിങ്ങൾ വിട്ടുപോയത്