പ്രിയ സുഹൃത്തുക്കളെ,

137- വയസ്സുള്ള പത്രമുത്തശ്ശി ‘നസ്രാണി ദീപിക’ കുടുംബത്തിന്റെ ഭാഗമായിട്ട് 16-വര്‍ഷം പിന്നിടുന്നു. പ്രവാസ ജീവിതത്തിന്റെ 26-ാം വര്‍ഷം. മറക്കരുതാത്ത ഒട്ടനവധി ജീവിതാനുഭവങ്ങള്‍ തന്നു ദീപിക. അതിന് കാരണക്കാരയത് രണ്ട് ജോര്‍ജ് മാരാണ്. ഒരാള്‍ ജോര്‍ജ് ജോസഫ്. (മുന്‍ ജീവന്‍ ടിവി, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്,) മറ്റൊരാള്‍ ജോര്‍ജ് കള്ളിവയലില്‍, (ദീപിക അസോസിയേറ്റ് എഡിറ്ററും ബ്യൂറോ ചീഫും) ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് കാരണക്കാരയ വ്യക്തികളെയും, സംഭവങ്ങളെയും ഓര്‍മ്മയുണ്ടായിരിക്കണം. പലപ്പോഴും മുന്നോറാനുള്ള കരുത്ത് അവരുടെ വാക്കുകളാണ്. ജോര്‍ജ് ജോസഫ് സര്‍ ഇന്ന് നമുക്കൊപ്പമില്ല.

‘ജോലിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും അനുവദിക്കില്ല ജോര്‍ജ് സര്‍, മിക്കപ്പോഴും ഞാന്‍ ദീപിക ഓഫീസില്‍ പോകുന്നതാണ് എനിക്ക് നാണക്കേട് ഉണ്ടാക്കരുത്.’ അഭിമുഖത്തിന് പറഞ്ഞയക്കുമ്പോള്‍ ജോര്‍ജ് ജോസഫ് പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

ഉണ്ണികൃഷ്ണന്‍ തോട്ടക്കാട് (ഉണ്ണിയേട്ടന്‍ മാതൃഭൂമി, അന്തരിച്ച സി.എന്‍ റാവു, ഇപ്പോള്‍ അമേരിക്കയിലുള്ള സച്ചിന്‍ രവീന്ദന്‍, (എന്‍.ഡി ടിവി), സാബു സ്‌കറിയ (മാതൃഭൂമി) എന്നിവര്‍ക്ക് ശേഷമാണ് ഞാന്‍ ദീപിക ഡല്‍ഹി ബ്യൂറോയില്‍ ജോലിക്ക് ചേരുന്നത്. ഡല്‍ഹി ഓഫീസില്‍ ഏറെക്കാലം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതും എനിക്കാണെന്ന് അഭിമാനത്തോടെ പറയുന്നു. മലയാളത്തിലെ പല പത്രങ്ങളിലും, ചാനലുകളിലും ജോലി ചെയ്യുന്നവരുടെ തൊഴില്‍ പരിശീലനക്കളരി ദീപികയായിരുന്നല്ലോ. തൊഴില്‍ രംഗത്ത് വളരാന്‍ അനവധി അവസരങ്ങള്‍ എനിക്കു ലഭിച്ചു, പ്രത്യേകിച്ച് എനിക്ക് താല്‍പര്യമുള്ള സ്‌പെഷ്യന്‍ ഫോട്ടോ സ്റ്റോറികള്‍ ചെയ്യുന്ന കാര്യത്തില്‍.

ചെയ്യാന്‍ കഴിഞ്ഞ ചില സ്‌പെഷ്യല്‍ സ്‌റ്റോറികള്‍: —————————————-ജാര്‍ക്കണ്ടിലെ പക്കുവാഡയില്‍ ഖനിമാഫിയയുടെ ഗുണ്ടകള്‍ കഴുത്തുവെട്ടി കൊന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ മലമേല്‍, ഡല്‍ഹിക്ക് ഇന്ദ്രപ്രസ്ഥം എന്ന പേരിന് കാരണമായ പുരാണ കില, വിഖ്യാതനായ ഫോട്ടോഗ്രാഫര്‍ രഘു റായിയുമനായി നടത്തിയ അഭിമുഖം, 1857-ല്‍ ആദ്യത്തെ സ്വാതന്ത്യ സമരകാലത്ത് പുരാണ ദില്ലിയിലെ സെന്റ് മേരിസ് പള്ളിയുടെ അള്‍ത്താരയ്ക്ക് മുന്നില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ വൈദീകന്‍ ഫാ.സഖാരി, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുന്നേ ഇന്ത്യയിലെത്തി 98-ാം വയസ്സില്‍ ഈ മണ്ണില്‍ തന്നെ ലയിച്ചുചേര്‍ന്ന അയര്‍ലാണ്ട്കാരി സിസ്റ്റര്‍ ബൊനവെഞ്ചര്‍ മോര്‍ഗന്‍, 1948-ല്‍ ജനുവരി 30-ന് രാഷ്ട്രപിതാവ് ഗാന്ധിജിയെ വധിക്കാന്‍ നഥുറാം വിനായക് ഗോഡ്‌സെ സ്വയം ഓടിച്ചെത്തിയ 1930-മോഡല്‍ അമേരിക്കയില്‍ നിര്‍മ്മിതമായ ‘കില്ലര്‍’ എന്ന വിളിപ്പേരുള്ള സ്റ്റഡ്ബ്യൂക്ക് കാറിന്റെ കഥ. ഇവയെല്ലാം ദീപിക നല്ല പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പലപ്പോഴും ഞാന്‍ എഴുതുന്നവ വെട്ടി മിനുക്കി കൂടുതല്‍ ഭംഗിവരുത്താന്‍ സഹായിച്ചു സഹപ്രവര്‍ത്തകരായ ജിജി ലൂക്കോസും, സെബി മാത്യുവും.

ഫാ.ജോസ് പന്തപ്ലാംതൊട്ടി, ഫാ.അലക്‌സാണ്ടര്‍ പൈകട, ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഇപ്പോള്‍ ഫാ.ജോര്‍ജ് കുടിലില്‍ എന്നീ നാല് ചീഫ് എഡിറ്റര്‍മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു.

വിടവാങ്ങല്‍ പ്രസംഗമാണെന്ന് തെറ്റിദ്ധരിക്കേണ്ട, സ്ഥാപനം ഏല്‍പ്പിച്ച പുതിയ നിയോഗത്തെപ്പറ്റി പറയാനാഗ്രഹിക്കുന്നു.

ദീപികയുടെ യൂട്യൂബ് ചാനലിലേക്ക് ദൃശ്യങ്ങളും പുതിയ കഥകളും കണ്ടെത്തണം. എനിക്ക് പ്രിയപ്പെട്ട കാര്യം തന്നെ. മുഖ്യധാരാമാധ്യമങ്ങളില്‍ വരാത്ത പുതുമയുള്ള കഥകളും കാഴ്ചകളും കണ്ടെത്തുക അത്ര എളുപ്പമല്ലെന്നറിയാം. കഴിവ് തെളിയിക്കാനുള്ള അവസരമായി തന്നെ കാണുന്നു. ആദ്യത്തെ സ്റ്റോറി വന്നു, കര്‍ഷക സമരത്തിനെത്തിയ ഇന്ത്യയിലെ വിപ്ലവ പോരാട്ടങ്ങളുടെ തലതൊട്ടപ്പന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കിയ ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ ഒളിമങ്ങാത്ത രക്ത നക്ഷത്രം സര്‍ദാര്‍ ഭഗത് സിംഗിന്റെ ഇളയ സഹോദരി പുത്രി ഗുര്‍ജീത് കൗര്‍ ഗാസിപ്പൂര്‍ കര്‍ഷക സമര വേദിയില്‍ അനുവദിച്ച പ്രത്യേക അഭിമുഖം.

നന്ദി, എന്നെപ്പറ്റി കരുതലുള്ള നിങ്ങളോരുത്തര്‍ക്കും, പ്രതിസന്ധികളില്‍ തളരാതെ കൂടെ നിന്ന ഭാര്യ അനില, മക്കള്‍ ജോയല്‍, ജെറിന്‍ എന്നിവര്‍ക്കും. ലോകവും മനുഷ്യനും തിരിച്ചുവരാനാവാത്ത വിധം ഏറെ മാറിപ്പോയ കൊവിഡ് കാലത്ത്, പുതിയ കാഴ്ചപ്പുറങ്ങള്‍ കണ്ടെത്താന്‍ കഴിയട്ടെയെന്ന് ആശിക്കുന്നു. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല എന്നാണല്ലോ, കടന്നു പോകുന്ന ഓരോ നിമിഷവും ഇനിയുണ്ടാകില്ലെന്ന ബോധ്യത്തോടെ പുതിയ കാലത്തിന്റെ കഴ്ചവട്ടങ്ങളിലേക്ക് പോകാം.

Dear friends, it is 16th year with Deepika daily, the first news paper of Kerala, and 26th year of my Delhi life. Feeling happy to share with you that my organisation entrusted me to contribute video stories from Delhi for our You Tube channel. I am grateful to two Persons, Mr.George Kallivayaili & Mr. George Joseph, the two media personalities moulded me in to a journalist.

John Mathew

(Johnny Kanjirathanam)

നിങ്ങൾ വിട്ടുപോയത്