എല്ലാവർഷവും പെന്തക്കോസ്തിക്ക് മുൻപുള്ള ഞായർ ആശയവിനിമയ രംഗത്തും മാധ്യമ രംഗത്തും സംഭവിച്ച നേട്ടങ്ങളെ പ്രകീർത്തിക്കാനും സുവിശേഷ മൂല്യങ്ങൾക്ക് അനുസരണം മാധ്യമ രംഗത്തെ എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ചിന്തിക്കാനും കത്തോലിക്കാ സഭ പ്രത്യേകമായി സമർപ്പിക്കുന്നു. മെയ്‌ 12 നു ആഗോള മാധ്യമ ദിനമായി ഈ വർഷം ആചരിക്കുന്നു. 1967ൽ പോൾ ആറാമൻ മാർപാപ്പയാണ് ആഗോള മാധ്യമ ദിനാചരണത്തിന് ( world Communication Day) തുടക്കം കുറിച്ചത്. ആധുനിക ആശയവിനിമയ മാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും സാധ്യതകളും മനസ്സിലാക്കാൻ സഭ ശ്രദ്ധിക്കണം എന്ന് പറയാനാണ് ഈ ദിനം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ചിന്ത പ്രബലമായത്. ആധുനിക ലോകത്തിൽ പൂർണമായും സഭ ഇടപെട്ട് മുന്നേറണമെന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം. അജപാലന കോൺസ്റ്റിറ്റ്യൂഷൻ ആയ ഗൗദിയും എത് സ്പെസ് (Gaudium et Spes) പ്രതിപാദിക്കുന്നത് സഭ ആധുനിക ലോകത്തിൽ എന്ന വിഷയമാണ്. “നമ്മുടെ കാലത്തെ മനുഷ്യരുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും ഞെരുക്കം അനുഭവിക്കുന്നവരുടെയും, സന്തോഷവും പ്രതീക്ഷയും ആശങ്കയും ആകുലതയും ക്രിസ്തുവിന്റെ അനുയായികളുടേത് കൂടിയാണ്’ എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രസ്താവിച്ചു.


സാംസ്കാരിക പരിവർത്തന പ്രക്രിയയിൽ മാധ്യമങ്ങൾക്കുള്ള നിർണായകമായ ശക്തി മനസ്സിലാക്കിയാണ് സഭ ഇത്തരം ഒരു ആചരണത്തിന് തയ്യാറായത്. മനുഷ്യ ജീവിതത്തെ സത്യവും സൗന്ദര്യവും നന്മയും കൊണ്ട് സമ്പന്നമാക്കാനുള്ള മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനു മാർഗനിർദ്ദേശങ്ങൾ നൽകി. കാരണം മാനവ വംശത്തോടും അതിന്റെ ചരിത്രത്തോടും സഭ സത്യസന്ധമായി ബന്ധപ്പെട്ടുനിൽക്കുന്നു. എന്നാൽ അതേസമയം മനുഷ്യരെ വഴിതെറ്റിക്കുന്നതും തെറ്റായി സ്വാധീനിക്കുന്നതുമായ മാധ്യമ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും നിർബന്ധമുണ്ട്.
ആശയവിനിമയലോകം: ആധുനികകാലത്തെ അരെയൊപ്പാഗസ്

‘Redemptoris Missio’ എന്ന ചാക്രിക ലേഖനത്തിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ 1990ൽ സാമൂഹിക മാധ്യമ ലോകത്തെ ആധുനികകാലത്തെ ‘areopagus’ എന്ന് വിശേഷിപ്പിക്കുന്നു. അപ്പസ്തോലനായ പൗലോസ് ഏദൻസിൽ നടത്തിയ പ്രസംഗമാണ് ‘അരെയോപ്പാഗസിലെ പ്രസംഗം’ എന്നറിയപ്പെടുന്നത് ( അപ്പ. പ്രവ. 17/14-34). സിനഗോഗിലും അഗോറയിലും ( ചന്തസ്ഥലം) പൗലോസ് പ്രസംഗിച്ചു. ചില ഗ്രീക്കുകാർ അരെയോപ്പാഗസിൽ പ്രസംഗിക്കാൻ അവനെ കൂട്ടിക്കൊണ്ടുപോയി. അന്യദേവന്മാരെ കുറിച്ച് പറയാൻ അനുവാദമില്ലാത്തിടത്തു പൗലോസ് അജ്ഞാത ദേവന്റെ ബലിപീഠത്തിനു മുൻപിൽ ക്രിസ്തുവിനെ കുറിച്ചും പുനരുദ്ധാനത്തെ കുറിച്ചും സംസാരിച്ചു. അറിയാത്തതിനെ ആരാധിക്കുന്നതിനു പകരം ദൈവത്തെ അറിയാൻ ഈ പ്രസംഗം ആഹ്വാനം ചെയ്തു. ഇത്തരമൊരു പശ്ചാത്തലത്തെയാണ് ആധുനിക മാധ്യമ ലോകവുമായി ജോൺപോൾ രണ്ടാമൻ താരതമ്യം ചെയ്തത്. സ്വർണ്ണവും വെള്ളിയും ആരാധനാമൂർത്തികൾ ആകുന്ന അന്ധവിശ്വാസം നിറഞ്ഞ ലോകത്തിൽ ക്രൈസ്തവ വിശ്വാസം സംരക്ഷിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഈ ആധുനിക മാധ്യമലോകം പുതിയ അരയോപ്പാഗസ് ആകുന്നത് ഈ വിധമാണ്.
മനുഷ്യരെ ഒന്നിപ്പിക്കുകയും ആഗോള ഗ്രാമമാക്കി ലോകത്തെ മാറ്റുകയും ചെയ്യുന്ന ആധുനിക മാധ്യമ സാധ്യതകളെ മുൻനിർത്തിയാണ് ജോൺ പോൾ പാപ്പാ സംസാരിച്ചത്.

പുതിയ തലമുറയുടെ ജീവിത രീതികളെ നിർണയിക്കുന്നത് പോലും സാമൂഹിക മാധ്യമങ്ങളാണ്. നവമാധ്യമ ലോകത്താണ് അവർ വളരുന്നത്. വിവരശേഖരണത്തിനും വിദ്യാഭ്യാസത്തിനും വ്യത്യസ്ത മാതൃകകൾ മനസ്സിലാക്കുന്നതിനുള്ള മുഖ്യശ്രോതസായി നവമാധ്യമങ്ങൾ മാറുന്നതായി മാർപ്പാപ്പാ നിരീക്ഷിക്കുന്നുണ്ട്.
മാധ്യമലോകത്തെക്കുറിച്ചുള്ള സഭയുടെ ചിന്തകൾ അവതരിപ്പിക്കുന്ന നിരവധി നിർദ്ദേശങ്ങളും പഠനങ്ങളും വത്തിക്കാൻ പുറത്തിറക്കിയിട്ടുണ്ട്. Miranda Prosus (1957), Inter Mirifica (1963), Communio et Progresso (1971), Aetatis Novae (1992), 100 Years of Cinema (2002), The Church and the Internet (2003), Rapid Development (2005), Towards Full Presence (2023) എന്നിവ അവയിൽ എടുത്തു പറയേണ്ടവയാണ്. മാധ്യമം ദൈവദാനവും മനുഷ്യരെ സാഹോദര്യത്തിൽ ഉറപ്പിക്കുന്നതും ആണെന്ന് Miranda prosus, communio et progresso എന്നിവ പറയുന്നു. ഇത്തരത്തിൽ കാലത്തിനനുസരിച്ചു സമ്പർക്കമാധ്യമ ലോകം മനുഷ്യന് നൽകുന്ന മുന്നേറ്റങ്ങളെ കാണാനും ദിശബോധം നൽകാനും സഭ ശ്രമിക്കുന്നുണ്ട്.

നിർമ്മിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും

58 ആം ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിക്കുന്നത് ‘നിർമ്മിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും സമ്പൂർണ്ണമായ മാനുഷിക ആശയവിനിമയത്തിലേക്ക്’ എന്ന സന്ദേശമാണ്. മനുഷ്യന്റെ അനന്യതയെക്കുറിച്ചും മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച്ചും ആഴത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ നിർമ്മിത ബുദ്ധിയുടെ കാലം പ്രേരിപ്പിക്കുന്നു. നവമായതിനെ തിരസ്കരിക്കാതെ ഈ മനോഹരമായ ലോകത്തെ മനുഷ്യൻ സംരക്ഷിക്കുന്നതിനെക്കുറിച്ചും നിരന്തരം മനുഷ്യരിൽ സംഭവിക്കുന്ന ആയിത്തീരലിനെ (becoming) കുറിച്ചും റൊമാനോ ഗ്വർദിനി (Romano Gaurdini) പറഞ്ഞത് ഫ്രാൻസിസ് മാർപാപ്പ എടുത്തുപറയുന്നു. സാങ്കേതികവിദ്യയിൽ സമ്പന്നരായിരിക്കുമ്പോൾ തന്നെ മനുഷ്യത്വത്തിൽ ദരിദ്രരായിരിക്കുന്നതിലെ വലിയ അപകട സാധ്യത ചൂണ്ടിക്കാട്ടുന്നു. ഇവിടെയാണ് പാപ്പ ഹൃദയജ്ഞാനത്തെ പ്രതിഷ്ഠിക്കുന്നത്. സമ്പൂർണ്ണമായ മാനുഷിക ആശയവിനിമയം സാക്ഷാത്കരിക്കപ്പെടുന്നത് ഇതുവഴിയാണ്.
ഹൃദയജ്ഞാനത്തിൽ ദൈവവുമായി കണ്ടുമുട്ടുന്ന ഒരു ആന്തരിക തലം കൂടിയുണ്ട്.

മനുഷ്യ ജീവിതത്തിന് രുചി പകരുന്ന ഒന്നായി ജ്ഞാനം മാറണം. ദൈവത്തെ കൂടാതെ ദൈവമാകാൻ ശ്രമിക്കുന്നവരുടെ കയ്യിൽ യന്ത്രജ്ഞാനം (mechine learning) അപകടകരമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്ക് വിവിധ ജനങ്ങൾക്കിടയിലും തലമുറകൾക്കിടയിലും അറിവ് കൈമാറ്റം ചെയ്യുന്നതിന് സഹായിക്കാൻ കഴിയും. മനുഷ്യന്റെ സാങ്കേതികമായ കൂട്ടിച്ചേർക്കലുകൾ മനുഷ്യരുടെ സ്നേഹസേവനത്തിനായി ഉപയോഗിക്കാൻ കഴിയും. അതോടൊപ്പം തന്നെ ശത്രുതാപരമായ പ്രാമാണ്യത്തിനായും അധിനിവേശത്തിനായിമുള്ള ഉപകരണങ്ങളായും ഉപയോഗപ്പെടുത്താമെന്നത് ആശങ്കപ്പെടുത്തുന്നു.

മനുഷ്യസമൂഹം മുഴുവൻ ഡിജിറ്റൽ ഏകാധിപത്യത്തിന്റെ പാതയിൽ ആണെന്ന ഭീതി യുവാൽ ഹരാരിയെ പോലുള്ളവർ ( Yuval Noah Harari) പങ്കുവയ്ക്കുന്നു. എല്ലാ വിവരവും അധികാരവും ഒരു ഇടത്തിൽ കേന്ദ്രീകരിക്കുന്നതിന് ഇരുപതാം നൂറ്റാണ്ടിലെ ഏകാധിപത്യ ഭരണകൂടങ്ങൾക്ക് ഉണ്ടായിരുന്ന ബുദ്ധിമുട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏകാധിപത്യ സംഘികൾക്ക് നിർണായക നേട്ടമാകുന്നു. ജനാധിപത്യവും ഏകാധിപത്യവും രണ്ടുതരം വിവരസംസ്കരണ (data processing ) രീതികളാണ്. രാജ്യങ്ങളുടെ ഭരണനിർവഹണത്തിലേക്ക് ആർട്ടിഫിഷൽ ഇന്റലിജിൻസ് കടന്നെത്തിയത് മുതൽ ജനാധിപത്യത്തിന്റെ സ്വഭാവവും നിറവും മാറിത്തുടങ്ങി. ഡിജിറ്റൽ ഡിറ്ററേറ്റർഷിപ്പിന്റെ കാലത്തിലേക്ക് മനുഷ്യസമൂഹം ഒന്നടങ്കം സഞ്ചരിക്കുകയാണോ എന്ന് നാം ഭയപ്പെടുന്ന സമയത്ത് ഫ്രാൻസിസ് പാപ്പായുടെ ഈ മാധ്യമദിനസന്ദേശം പ്രസക്തമാണ്.

വൈജ്ഞാനികമായ മലിനീകരണത്തിന്റെ (cognitive pollution) സ്രോതസ്സായി നിർമിത ബുദ്ധി മാറാനുള്ള സാധ്യതയും ഈ മാധ്യമ ദിന സന്ദേശം ചൂണ്ടിക്കാട്ടുന്നു.
ജനറേറ്റീവ് ആർട്ടിഫിഷൽ ഇന്റലിജൻസിനെ പ്രശംസിക്കുമ്പോൾ തന്നെ അവയിൽ ആവശ്യമായ നിയന്ത്രണങ്ങളും ശ്രദ്ധിക്കണം. മനുഷ്യ ധിഷണയുടെയും നൈപുണ്യത്തിന്റെയും ഏതു ഉൽപ്പന്നവും പോലെതന്നെ അൽഗോരിതങ്ങളും നിഷ്പക്ഷമല്ല. സാമൂഹിക നീതിക്ക് നിരക്കാത്തതും മനുഷ്യർക്കിടയിൽ വിഭാഗീയതയും ശത്രുതയും സൃഷ്ടിക്കുന്നതും ആയതരത്തിൽ അവ ഉപയോഗിക്കപ്പെടാതെ നോക്കേണ്ടതുണ്ട്. ബഹുസ്വരതയെ ഹനിക്കുന്നതിനും പൊതുജനാഭിപ്രായത്തെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം അട്ടിമറിക്കുന്നതിനും അവസരം ഒരുക്കാൻ പാടില്ല. നിർമിത ബുദ്ധിയുടെ വികസനവും വിവിധ രീതിയിലുള്ള ഉപയോഗവും സംബന്ധിച്ച എല്ലാവർക്കും ബാധകമായ ഒരു അന്തർദേശീയ ഉടമ്പടി രൂപപ്പെടുത്താൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നു.
മനുഷ്യത്വത്തിലേക്ക്, മനുഷ്യമഹാ കുടുംബത്തിലേക്ക് ഉള്ള കൂട്ടായ വളർച്ചയിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വ്യക്തികളെ സ്ഥിതിവിവരക്കണക്കായി (data ) മാത്രം ലഘൂകരിച്ച് കാണാനുള്ള സാധ്യതയെ ഈ വർഷത്തെ മാധ്യമ സന്ദേശം എടുത്തു കാണിക്കുന്നു. എക്കോ ചേമ്പറുകളുടെ (echo chamber) തടവുകാരായി മനുഷ്യൻ പരിണമിക്കുന്നതിനെയും ചൂണ്ടിക്കാണിക്കുന്നു. അവരവരുടെ സ്വരവും ആശയങ്ങളും അവയുടെ ആവർത്തനവും മറ്റൊലിയും കൊണ്ട് പരിമിതപ്പെട്ട ഒരു ചേമ്പറിനുള്ളിൽ മനുഷ്യൻ സാമൂഹ്യ മാധ്യമലോകത്തു കുടുങ്ങിപോകുന്നത് അപകടകരമാണ്. അറിവിന്റെ ബഹുസ്വരത വർദ്ധിക്കുന്നതിന് പകരം ആശയക്കുഴപ്പത്തിന്റെ ചെളിക്കുണ്ടിൽ ഒഴുകാൻ മനുഷ്യർ വിധിക്കപ്പെടുന്നു. വിപണിയുടെയും അധികാരത്തിന്റെയും ഇരകളായി മനുഷ്യർ മാറുന്നു. കണക്കുകൾക്കപ്പുറം മനുഷ്യന്റെ അനുഭവജ്ഞാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്ന് മാർപാപ്പ ഉദ്ബോധിപ്പിക്കുന്നു.

media trials in India

വ്യാജ പ്രചാരണങ്ങളിലൂടെ നടക്കുന്ന സമാന്തര യുദ്ധത്തെക്കുറിച്ച് ഈ സന്ദേശം സൂചിപ്പിക്കുന്നു. വാർത്തകളുടെ വ്യാജ ഉറവിടങ്ങൾ, സത്യവും അസത്യവും തിരിച്ചറിയാൻ കഴിയാതെ എല്ലാറ്റിനേയും നിയന്ത്രിക്കുന്ന ഏകസ്രോതസ്സിലേക്ക് വാർത്തകൾ ചുരുങ്ങുന്നത് ഉൾപ്പെടെ നിരവധി ഭീഷണികളെ ഫ്രാൻസിസ് പാപ്പ ആഗോള മാധ്യമ ദിന സന്ദേശത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

കൂട്ടായ്മയിലൂടെ മാത്രം സാധ്യമാകുന്ന വിവേചന ശക്തിയെ വർദ്ധിപ്പിക്കാനും ജാഗ്രതയെ കൂടുതൽ സൂക്ഷ്മമാക്കാനും ഈ വർഷത്തെ സന്ദേശം നിർബന്ധിക്കുന്നു. എല്ലാറ്റിനും മുമ്പ് സൃഷ്ടിക്കപ്പെട്ട ജ്ഞാനം നമുക്ക് തേടാം. നിർമിത ബുദ്ധിയുടെ സംവിധാനങ്ങൾ മനുഷ്യത്വ സമ്പൂർണ്ണമായ ആശയവിനിമയത്തിന്റെ ശുശ്രൂഷക്കും സേവനത്തിനുമായി നമ്മെ സഹായിക്കുന്നതാണ് എന്ന് പറഞ്ഞാണ് ഫ്രാൻസിസ് പാപ്പ ഈ വർഷത്തെ മാധ്യമദിന സന്ദേശം അവസാനിപ്പിക്കുന്നത്.

ഫാ എബ്രഹാം ഇരിമ്പിനിക്കൽ

നിങ്ങൾ വിട്ടുപോയത്