പുരോഹിതൻ എങ്ങനെ രാജാവായി!?

പിഒസിയിൽ പന്ത്രണ്ടു വർഷങ്ങളോളം പലപ്പോഴായി സീറോ-മലബാർ കുർബാനയിൽ സഹകാർമികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീൻ സഭാ പുരോഹിതനാണ് ഞാൻ. അതിൽ അൾത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതൻ നില്ക്കുന്ന വിവിധ അവസരങ്ങൾ ഉണ്ട്. ആ ക്രമീകരണങ്ങൾ തികച്ചും യുക്തിസഹമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

എന്നാൽ, ‘ജനാഭിമുഖ കുർബാന’ എന്ന ഒരു പ്രയോഗം ഇന്ന് ചർച്ചാവിഷയമായിട്ടുണ്ട്. ശീശ്മയ്ക്കു തയ്യാറെടുത്തുകൊണ്ടിരിക്കുന്ന എറണാകുളത്തെ വിമത വൈദികർ ഏറെ നാളുകളായി തുടരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണിത്. സ്വന്തം അധികാരം ഏതുവിധേനയും ഊട്ടിയുറപ്പിക്കാനും ജനത്തെ തെറ്റിദ്ധരിപ്പിക്കാനും സഭയെ പിളർത്താനും കഴിഞ്ഞേക്കാം എന്നതിനപ്പുറം ഒരു കഴമ്പും ഇല്ലാത്തതാണ് ഈ പ്രയോഗം. ഫ്രാൻസിസ് പാപ്പതന്നെ എല്ലാവരും കേൾക്കെ പറഞ്ഞല്ലോ: ”എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായോ ആരാധനക്രമവുമായോ യാതൊരു ബന്ധവുമില്ലായെന്ന് എനിക്കറിയാം. അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നവയല്ല.”

താനാണ് രാജാവ് എന്നു തോന്നുമ്പോഴാണ് ജനത്തെ മുഴുവൻനേരവും തൻ്റെ തിരുമുഖം കാണിച്ചാലേ തനിക്കു തൃപ്തിയാകൂ എന്ന നിലപാടിലേക്ക് ഒരു പുരോഹിതൻ എത്തുന്നത്. ഏകാഗ്രതയും ധ്യാനമനസ്സും നഷ്ടപ്പെട്ടാൽ, പിന്നെ തന്നിഷ്ടം പിന്തുടരുന്ന, രാജവേഷം കെട്ടുന്നവരായി വൈദികർ മാറും. വിശ്വാസരഹസ്യങ്ങൾ പിന്നെ അർത്ഥശൂന്യതയായി തോന്നും; സത്യവും നീതിയും തികച്ചും വ്യക്തിഗതമാകും; അനുസരണം കീഴടങ്ങലായി കരുതും; തന്ത്രങ്ങളും വ്യാജപ്രചാരണങ്ങളും ശക്തിപ്രദർശനങ്ങളും പെരുകും. കർദിനാളിനെതിരേയുള്ള വ്യാജരേഖയും അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർക്കെതിരേയുള്ള കൂക്കുവിളിയും പേപ്പൽ ഡെലഗേറ്റ് വ്യാജനാണെന്ന പ്രചാരണവും അദ്ദേഹത്തിനെതിരേ നടത്തിയ പ്രതിഷേധവും ആക്രമണവും മാർപ്പാപ്പയുടെ കൂടെയാണ് തങ്ങൾ എന്ന അവകാശവാദങ്ങളും നമ്മളാരും മറന്നിട്ടില്ലല്ലോ. ഇപ്പോൾ പറയുന്നത്, മാർപ്പാപ്പയ്ക്ക് തെറ്റുപറ്റി എന്നാണ്! “നിങ്ങളെ ബോധ്യപ്പെടുത്താനായി വർഷങ്ങളായി മുന്നോട്ടുവച്ച കാരണങ്ങൾ ഞാൻ ശ്രദ്ധാപൂർവ്വം സമയമെടുത്തു പഠിച്ചു” എന്ന് കൃത്യമായി പ്രസ്താവിച്ചിരിക്കുന്ന പാപ്പയെപ്പറ്റിയാണ് ഇപ്പോഴത്തെ ഈ വ്യാജപ്രചാരണം എന്നോർക്കുമ്പോൾ ചിരി വരുന്നു.

എല്ലാ സഭകളിലും വചനപ്രഘോഷണം നിശ്ചയമായും ജനാഭിമുഖമാണ്. കാരണം, അത് ദൈവം തൻ്റെ ജനത്തോട് തിരുവചനത്തിലൂടെ സംസാരിക്കുന്ന അവസരമാണ്. ദൈവജനത്തെ അഭിസംബോധന ചെയ്യുന്ന കുർബാനയിലെ ചില ഭാഗങ്ങളും അത്തരത്തിലുള്ളവയാണ്. എന്നാൽ, ദിവ്യബലിയുടെ മറ്റു ഭാഗങ്ങളെല്ലാം അഭിസംബോധന ചെയ്യുന്നത് ദൈവത്തെയാണ്. മാത്രമല്ല, എല്ലാ ബലിയർപ്പണങ്ങളിലും ക്രിസ്തുവാണ് മുഖ്യശ്രദ്ധാകേന്ദ്രം. അതിനാൽ പരിശുദ്ധ കുർബാന ഒരിക്കലും പുരോഹിതകേന്ദ്രീകൃതമല്ല, ക്രിസ്തുകേന്ദ്രീകൃതമാണ്.

ബലിയർപ്പണത്തിൽ പുരോഹിതൻ ജനത്തിൻ്റെ പ്രതിനിധിമാത്രമാണ്. കത്തോലിക്കാസഭയിൽ വിശ്വാസീസമൂഹം ഒന്നുചേർന്നാണ് ബലി അർപ്പിക്കുന്നത്. ജനത്തിൻ്റെ പ്രതിനിധിയായ പുരോഹിതൻ ബലിയർപ്പണത്തിന് നേതൃത്വം കൊടുക്കുന്നു എന്നു മാത്രം. അല്മായരുടെയും സന്യസ്തരുടെയും പൗരോഹിത്യധർമത്തെ അംഗീകരിക്കാൻ കഴിയുന്ന വൈദികന് താനാണ് എല്ലാറ്റിൻ്റെയും കേന്ദ്രം എന്ന ചിന്ത ഒഴിവാക്കാനാകും.

ക്രിസ്തുവിനെ ധ്യാനിച്ചാണ് പുരോഹിതനും ജനവും ബലിയർപ്പിക്കുന്നത്, അല്ലാതെ പുരോഹിതനെ ജനം കണ്ടാസ്വദിച്ചോ ജനത്തെ പുരോഹിതൻ നോക്കിക്കണ്ടാസ്വദിച്ചോ അല്ല. ധ്യാനാത്മകതയോടെ ബലിയർപ്പിക്കുന്ന വൈദികർക്ക് ഒരിക്കലും മുന്നിലെയോ പിന്നിലെയോ ജനം ആ നേരത്ത് മനോവ്യാപാരവിഷയം ആവില്ല. അവരെ കാഴ്ചവയ്പിലൂടെയും കാറോസൂസയിലൂടെയും കർത്താവിനു സമർപ്പിക്കുന്നതിനപ്പുറം പുരോഹിതന് എന്താണ് അപ്പോൾ ചെയ്യാനുള്ളത്? എന്നാൽ, ധ്യാനാത്മക മനസ്സ് നഷ്ടപ്പെട്ടാൽ പിന്നെ കുർബാന വെറുമൊരു നാടകമായി അധ:പതിക്കും. അവിടെ ‘ജനാഭിമുഖം’ മുഖ്യവിഷയമാകും.

ഒരിക്കൽ എൻ്റെ ക്ലാസ്സ്മേറ്റു കൂടിയായ ഒരു ധ്യാനഗുരുവിൻ്റെ കൂടെ ഒരു വിവാഹാവസരത്തിൽ സഹകാർമികനായി നിന്നപ്പോൾ എനിക്കുണ്ടായ അസ്വസ്ഥത പറഞ്ഞറിയിക്കാൻ ആവാത്തതാണ്.

കുർബാന പുസ്തകത്തിലെ പ്രാർത്ഥനകൾക്കു പകരം, റൂഹാക്ഷണനേരത്തു പോലും, വായിൽ തോന്നിയത് വിളിച്ചുപറയുന്ന ആ അർപ്പണം തികച്ചും അരോചകമായിരുന്നു. ലിറ്റർജിയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത ആളെപ്പോലെയാണ് എറണാകുളം രൂപതക്കാരനായ അദ്ദേഹം ആ ബലിയർപ്പിച്ചത്. തങ്ങളുടെ വികാരിയച്ചന് “കുർബാന ഒരു ഷോ പോലെയും കടത്തുകഴിക്കൽ പോലെയും ആണെന്ന്” ഇന്നലെ എന്നോട് ഒരു കുടുംബം മറ്റൊരു അച്ചനെക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ ഓർമിച്ചത് എൻ്റെ അനുഭവമായിരുന്നു.

ദിവ്യബലിയർപ്പണം ആർക്കും തോന്നുന്നതു പോലെ ചെയ്യാനുള്ളതല്ല. പ്രബോധനാധികാരമുള്ള മെത്രാന്മാരുടെ സമിതി അംഗീകരിച്ചിട്ടുള്ള പ്രാർത്ഥനകളും രീതികളും പൂർണമായും പിന്തുടരാൻ ഏവർക്കും കടമയുണ്ട്. കാരണം, ആരാധനക്രമം ദൈവശാസ്ത്രം പ്രകാശിപ്പിക്കുന്നു (locus theologicus). വ്യക്തിഗതമായ പ്രാർത്ഥനകൾ ലിറ്റർജിയിൽ കൂട്ടിക്കലർത്തിയാൽ പാഷണ്ഡതകൾ എന്നറിയപ്പെടുന്ന വിശ്വാസവിരുദ്ധ ആശയങ്ങൾ പ്രചരിക്കാൻ ഇടയാകും. സഭയിൽ അത്തരം അനുഭവങ്ങൾ ഏറെ ഉണ്ടായിട്ടുള്ളതിനാലാണ് ആരാധനക്രമ സംബന്ധിയായ ചിട്ടകളും നിഷ്കർഷകളും നിലവിലുള്ളത്. അതിനാൽ, സീറോ-മലബാർ സഭയിൽ പ്രബോധനാധികാരമുള്ള മെത്രാൻസിനഡ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ആരാധനക്രമം സമ്പൂർണമായി പാലിക്കാൻ ആ സഭയിലെ വൈദികർ, ഏതു രൂപതയിൽ പെട്ടവരായാലും, ബാധ്യസ്ഥരാണ്.

സ്വന്തം സഭയിലെ രണ്ടു തരം ആരാധനക്രമ രീതികൾ സഭയുടെ കെട്ടുറപ്പിനെത്തന്നെ ഗുരുതരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിലാണ് സീറോ-മലബാർ സിനഡ് കഴിഞ്ഞ സഹസ്രാബ്ദത്തിൻ്റെ അന്ത്യവർഷങ്ങളിൽ ഏകീകൃത കുർബ്ബാനയ്ക്കു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. രണ്ടു വിഭാഗവും – കല്ദായരീതി ആദ്യന്തം പിന്തുടർന്നിരുന്ന രൂപതകളും എറണാകുളം രീതി പിന്തുടർന്നിരുന്ന രൂപതകളും – വിട്ടുവീഴ്ച നടത്തണമെന്ന് തീരുമാനമായി. അങ്ങനെയാണ് 50/50 എന്ന ഫോർമുല ഭൂരിപക്ഷ തീരുമാനത്തോടെ നടപ്പിലായത്. ഇത് എറണാകുളം അതിരൂപതയിലെ വൈദികർക്കു മാത്രം ഇതുവരെയും സ്വീകാര്യമായിട്ടില്ല. അവിടെയും ചെറുതല്ലാത്ത ഒരു ഗണം വൈദികർ ഔദ്യോഗിക കുർബാനയർപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എന്നതാണ് സത്യം. ബഹളത്തിനോ ആക്രോശത്തിനോ അക്രമത്തിനോ മുതിരാത്ത സാത്വികരാണ് എന്നതിനാൽ അവരാരും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നു മാത്രം. അല്പം ഭയമുണ്ടെന്നും കൂട്ടിക്കോളൂ … മറ്റു ചില രൂപതകളിലെ വൈദികരും എറണാകുളം കുർബാനരീതി ആഗ്രഹിക്കുന്നവരാണെങ്കിലും, സഭാബോധമുള്ളതിനാലും തിരുപ്പട്ടദിനത്തിൽ തങ്ങൾ നടത്തിയ വാഗ്ദാനങ്ങൾ ഓർമയുള്ളതിനാലും അവർ സഭയുടെ ഏകീകൃതരീതി അംഗീകരിച്ചിരിക്കുകയാണ്.

വിശ്വാസീസമൂഹം ക്രിസ്തുവിൻ്റെ ബലി ഓർമയായി അർപ്പിക്കുന്നത് പിതാവിനാണ്. അതിനാൽത്തന്നെ എല്ലാ ബലിയർപ്പണവും കർത്തൃഅഭിമുഖമാണ്. ഈയർത്ഥത്തിൽ, ലത്തീൻ അഥവാ റോമൻ കത്തോലിക്കാ ആരാധനക്രമം ജനാഭിമുഖമല്ല. മറിച്ചുള്ള അർത്ഥത്തിൽ അതിനെ വ്യാഖ്യാനിക്കുന്നത് ലത്തീൻസഭയോടുള്ള അവഹേളനമാണെന്നതാണ് യാഥാർത്ഥ്യം. കഷ്ടമെന്നു പറയട്ടെ, വിമതർ ഇതുവരെയും ഈ വസ്തുത തിരിച്ചറിഞ്ഞിട്ടില്ല.

Newly ordained priests pray during a ceremony led by Pope Francis in St. Peter’s Basilica at the Vatican on May 12, 2019. (AP Photo/Alessandra Tarantino)

മാർപ്പാപ്പ അർപ്പിക്കുന്ന കുർബാനക്രമമാണ് തങ്ങൾ പിന്തുടരുന്നത് എന്ന അവകാശ വാദമാണ് കുറെ നാളായി ഇവിടെ മുഴങ്ങിക്കൊണ്ടിരുന്നത്. ഇപ്പോഴും ഇത്തരം വാദഗതികളുമായി സോഷ്യൽ മീഡിയയിൽ കയറിയിറങ്ങി നടക്കുന്ന പാവങ്ങളെ കാണാറുണ്ട്. വിമതവൈദികർ കൊടുത്ത കാപ്സ്യൂൾ വിഴുങ്ങിയതിൻ്റെ പ്രശ്നമാണത്.

ലത്തീൻ കുർബാനക്രമത്തോട് വിമത വൈദികർക്ക് അത്ര താല്പര്യമാണെങ്കിൽ, അവർ ഇനി ആവശ്യപ്പെടാൻ സാധ്യതയുള്ളത് തങ്ങളെ ലത്തീൻ രൂപതയാക്കി മാറ്റണം എന്നാണ്. പക്ഷേ, കാനോനികമായുള്ള കടമ്പകൾ കടന്നുകിട്ടില്ല എന്നുറപ്പ്. ഇനി കടന്നുകിട്ടിയാലും, ഇവരെ ഉൾക്കൊള്ളുക എന്ന സാഹസത്തിന് ലത്തീൻ ഹയരാർക്കിയും ലത്തീൻ വിശ്വാസീസമൂഹവും മുതിരും എന്നു തോന്നുന്നില്ല. കാരണം, ക്രിസ്തുസ്നേഹമോ സഭാസ്നേഹമോ അല്ല വെറും ഗോത്രീയതയാണ് ഈ വൈദികരെ നയിക്കുന്നത്. മാധ്യമങ്ങളാണ് അവരുടെ ദൈവങ്ങൾ!
സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ! വ്യാജങ്ങളാണ് അവരുടെ പുണ്യങ്ങൾ!

കത്തോലിക്കാസഭയുടെ പരമാധ്യക്ഷനും നിങ്ങളുടെ വൈദികർ അനുകരണീയ മാതൃകയായി ഇന്നലെ വരെ ഉയർത്തിക്കാട്ടിയിരുന്നവനുമായ ഫ്രാൻസിസ് പാപ്പ നിങ്ങൾക്ക് ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു കത്തയച്ചിരുന്നു. ഈയിടെ വീണ്ടും പരിശുദ്ധ പിതാവ് ഒരു വീഡിയോ പ്രഭാഷണത്തിലൂടെ നിങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. അത് മലയാളത്തിൽ വത്തിക്കാൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലോകത്തിൽ ഏതു വിശ്വാസീസമൂഹത്തിനാണ് ഇത്തരമൊരു ദുര്യോഗം ഉണ്ടായിട്ടുള്ളത്!

അതിലെ ഓരോ ഖണ്ഡികയിലും ശീശ്മയിലേക്കു നീങ്ങുന്ന വൈദികർക്ക് അദ്ദേഹം താക്കീതു നല്കുന്നുണ്ട്: ”പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാ സഹോദരീസഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിൻഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങൾ സഹകരിക്കാത്തതു കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികൾ നിങ്ങൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. അങ്ങനെവന്നാൽ, ഉചിതമായ സഭാനടപടികൾ, അത്യധികം വേദനയോടെ, എടുക്കേണ്ടതായി വരും. അതിലേക്കെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

ഒപ്പം, പാപ്പ തൻ്റെ ജനമായ നിങ്ങൾക്ക് മുന്നറിയിപ്പും നല്കുന്നുണ്ട്: “സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ, പ്രത്യേകിച്ച് വൈദികർ, സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരേ, അവരെ പിന്തുടരരുത്!”

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്