കുളിക്കുന്നതിനു ചൂടാക്കുന്ന വെള്ളം പോലെയാണ് കഥകളും ചരിത്രവും. നിന്റെ ശരീരത്തിനും അഗ്നിക്കും ഇടയിൽ അത് സന്ദേശങ്ങളെ പരുവപ്പെടുത്തുന്നു. എന്നിട്ടത് നിന്നിലേക്ക് ഒഴുകുന്നു. നിന്നെ ശുദ്ധീകരിക്കുന്നു. റൂമിയുടെ ചിന്താശകലമാണിത്. കഴിഞ്ഞതെല്ലാം കഥകളാകുകയാണ്. ചൊല്ലികൊടുത്താലും രേഖപ്പെടുത്തിയാലും കഴിഞ്ഞു പോയ ദിനരാത്രങ്ങളിലെ അനുഭവങ്ങളും സംഭവങ്ങളുമെല്ലാം കഥനമായാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്നലെയുടെ ഇടനാഴിയിലേക്ക് ഒരു തിരിച്ചു പോക്ക് വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നുത്തരം നൽകുന്നവർ വർദ്ധിക്കുന്നു. ഗൃഹാതുരത ഒരു നൊമ്പരമാകുന്നു. തടവറയിൽ നിന്നോ മരണക്കിടക്കയിൽ നിന്നോ കണ്ണീരുകളുടെയും നെടുവീർപ്പുകളുടെയും ഇടയിൽ നിന്നോ മാത്രമല്ല ഇന്നലെകളെ ഇരുൾ നിറഞ്ഞൊരു ഇടമായി കാണുന്നവരുള്ളത്. അനുദിന ജീവിതത്തിന്റെ ആലസ്യങ്ങളിലും ആകുലതകളിലും മുഴുകിയവരുമുണ്ട്. അപ്പോഴും കുറ്റബോധത്തിന്റെ പശ്ചാത്തലത്തിൽ പിന്നിലേക്ക് ഒരു സമയയാത്ര നടത്താൻ ആഗ്രഹിക്കുന്നവർ നമ്മുടെ ഇടയിലുണ്ടാകും. നൊമ്പരമായി മാറിയ ചില തീരുമാനങ്ങളെടുത്ത ആ നിമിഷത്തിലേക്ക്, വെറുപ്പിന്റെ പദങ്ങളുപയോഗിച്ച് ബന്ധങ്ങളില്ലാതായി തീർന്ന ആ ദിനത്തിലേക്ക്, എല്ലാ ക്ഷമയും നശിച്ചപ്പോൾ കൈയ്യുയർത്തിയ ആ സമയത്തിലേക്ക്, കൗതുകത്തിന് വേണ്ടി മാത്രം എന്നു പറഞ്ഞ് ലഹരിയുടെ ചുഴിയിലേക്ക് ഇറങ്ങിപ്പോയ ആ പേക്കിനാവിലേക്ക്… സുവിശേഷത്തിലെ നിക്കോദേമൂസിനെ പോലെ നമ്മളും ചോദിക്കും; തിരിച്ചൊരു പോക്ക് സാധ്യമാണോ? ഇല്ല. ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല. തിരിച്ചുപോയി എല്ലാം ശരിയാക്കാനും സാധിക്കില്ല. മഹാമാരിയുടെ ഈയൊരു വർഷം ഇതുപോലെയുള്ള എന്തൊക്കെയോ നൊമ്പരങ്ങൾ പകർന്നു നൽകിയിട്ടാണ് കടന്നുപോകുന്നത്. അനുദിന ജീവിതത്തിന്റെ രേഖപ്പെടുത്തലുകളിൽ ഇരുളിന്റെ മഷി കലർന്ന് കിടക്കുന്നു.

ക്രൂശിക്കപ്പെട്ട പ്രത്യാശയാണ് ക്ഷമയെന്ന പുണ്യമെന്നു പഠിപ്പിച്ച് തന്ന ദിനങ്ങളാണ് കഴിഞ്ഞു പോയത്. കാത്തിരിക്കൂ ഉത്ഥാനം ഉറപ്പാണെന്ന വിശ്വാസം മാത്രമായിരുന്നു അവകൾ നൽകിയ ഏക ആശ്വാസം. കാത്തിരുന്നു. എങ്കിലും പിന്നിലേക്ക് നോക്കുമ്പോൾ ആ ദിനങ്ങൾ ഇനി ഉണ്ടാകല്ലെ എന്ന് മാത്രമാണ് പ്രാർത്ഥന. ഏകാന്തത ഒറ്റപ്പെടലായും നിശബ്ദത നൊമ്പരമായും മാറിയ ദിവസങ്ങൾ. മരണത്തിന്റെ ദൂതന്മാർ ആൾക്കൂട്ടങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറി ദുർബലരെ മാത്രം സ്വന്തമാക്കിയ ദിനങ്ങൾ. ശിശിരം ഇലകളിലും ചില്ലകളിലും അള്ളിപ്പിടിച്ച ഒരു വർഷം. കൊഴിയുകയല്ലാതെ വേറെ നിവൃത്തിയില്ല എന്ന് മനസ്സിലാക്കി കടന്നുപോയ ചില നന്മമരങ്ങൾ. എല്ലാം അടച്ചുപൂട്ടാനുള്ള രാജകല്പനയിൽ പലായനം ചെയ്ത അന്യസംസ്ഥാന തൊഴിലാളികളുടെ ദയനീയ മുഖങ്ങൾ. തീവണ്ടി പാതയിൽ ചിതറിയവരുടെ ശരീരങ്ങൾ. വഴിയരികിലെ മരണങ്ങൾ. കൊടും മഴ പെയ്തിട്ടും കഴുകി പോകാത്ത അവരുടെ ചോര പതിഞ്ഞ കാൽപാദങ്ങൾ. മഹാമാരിയുടെ വിഷാദാന്തരീക്ഷത്തിലും അടിച്ചമർത്തലിന്റെയും വർഗ്ഗീയതയുടെയും യുക്തി സ്വീകരിക്കുന്ന ഒരു ഭരണസംവിധാനവും അതിന്റെ സ്തുതിപാഠകരും. ആത്മഹത്യ ഏക ആശ്രയമാകുന്ന ചില നൊമ്പരം പേറുന്ന കാഴ്ചകൾ… തിന്മകളെ ഇങ്ങനെ വേർതിരിച്ച്, തരംതിരിച്ച്, വിശകലനം ചെയ്യാൻ ഉദ്ദേശിക്കുകയാണെങ്കിൽ, ഓർക്കുക, ഇതിനപ്പുറത്തേക്ക് നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. നീ അറിയാതെ തന്നെ നിന്റെ മേൽവിലാസം പോലും മാറി പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ സംഭവിക്കുന്നത്. ശരിയാണ്, ചില സാഹചര്യങ്ങളിൽ തിന്മയുടെ വേരുകൾ നല്ലപോലെ ആഴ്ന്നിറങ്ങും. തിന്മയെ ഉള്ളിലേക്ക് സ്വാഗതം ചെയ്യുന്നതിനു വേണ്ടി ഹൃദയത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. അതുകൊണ്ടാണ് തിന്മകളുടെ കണക്കെടുക്കാൻ ശ്രമിച്ചാൽ അത് കൂടി കൂടി വരുന്നതായി അനുഭവപ്പെടുന്നത്.

അപ്പോൾ പിന്നെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?

നൊമ്പരം മാത്രം പടർത്തുന്ന തിന്മകളെ നിയമത്തിലൂടെയൊ നിരോധനത്തിലൂടെയൊ നിശബ്ദമാക്കാമെന്നത് ഒരു നിഷ്കളങ്ക വിചാരമാണ്. തിന്മയുടെ വേരുകൾ തന്നെ മുറിച്ചു മാറ്റുവാനുള്ള ആത്മധൈര്യമാണ് നമ്മൾ ഇനി ആർജ്ജിക്കേണ്ടത്. പ്രണയത്തെ കാംക്ഷിച്ചു തന്റെ നവജാതശിശുവിനെ ഒരു മരതൈയുടെ ചുവട്ടിൽ കുഴിച്ചിട്ട ഒരമ്മ മനസ്സും, മൂന്ന് ചാക്കുകളിൽ പൊതിഞ്ഞു ഓടയിലുപേക്ഷിച്ച നവജാതശിശുവിനെ വഴിപോക്കൻ കണ്ടു രക്ഷിച്ച ചിത്രവും ഇന്നലെയെ കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നു. ഈ രണ്ടു ചിത്രങ്ങളും ഒന്ന് ചേർത്തുവയ്ക്കുക. ഒന്നു മരണം, രണ്ടു ജീവൻ. മരണം ഒരു ആശ്വാസമല്ലായിരുന്നു. കുഴിച്ചുമൂടപ്പെട്ട ആ കുഞ്ഞിനേയും ആരെങ്കിലും കണ്ടിരുന്നെങ്കിൽ… ഭാഗ്യദേവത എല്ലാവരുടെയും ജീവിതത്തിൽ ഒരുപോലെ വരില്ലല്ലോ. ചില ഭീകര കാഴ്ചകൾ നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. നമ്മൾ നമ്മോടു തന്നെ ചോദിക്കും; ഇതെങ്ങനെ സാധിക്കുന്നു? എന്നിട്ടും അത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഭയപ്പെടുത്തുന്നു. അപ്പോഴും തിന്മയോടൊപ്പം തുണ പോകുന്ന നമ്മുടെ വാക്കുകളിലേയും പ്രവൃത്തികളിലേയും കപടതകളെ ഉപേക്ഷിക്കാൻ മനസ്സു വരുന്നുമില്ല. വാക്കുകൾ കൊണ്ട് ഇരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും മനസ്സുകൊണ്ട് വേട്ടക്കാരന്റെ പ്രവർത്തികളെ കാംക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ഇത് അവഗണിക്കാൻ സാധിക്കാത്ത ഒരു സത്യമാണ്. ഇത് നമ്മുടെ സമൂഹത്തിന്റെ നാഡി ഞരമ്പുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഈ കാപട്യത്തെയാണ് ഇനി നമ്മൾ പുനർവിചിന്തനം ചെയ്യേണ്ടിരിക്കുന്നത്.

ഒന്നുകിൽ വേരുകളിൽ നിന്നും ആരംഭിക്കുക. അല്ലെങ്കിൽ ഇത്തിരിയെ അഴുക്കായുള്ളൂ എന്ന് കരുതി ചെളിയിൽ കിടന്നുള്ള ഉരുളൽ തുടർന്നുകൊണ്ടിരിക്കുക. ശരിയെ ശരിയെന്നും, തെറ്റിനെ തെറ്റെന്നും വിളിക്കാനുള്ള ധൈര്യം ആദ്യം സംഭരിക്കുക. സത്യത്തിനോട് ഇത്തിരിയെങ്കിലും ആത്മാർത്ഥത കാണിക്കുക. സത്യം വേദനാജനകമാണ്, ആശാഭംഗം വരുത്തും, നമ്മെ നഗ്നരാക്കി നാണം കെടുത്തുകയും ചെയ്യും. അപ്പോഴും സത്യം സത്യമായി തന്നെ നിൽക്കും. സത്യം ഇല്ലെങ്കിൽ ആർദ്രത ഇല്ല. ആർദ്രതയാണ് ജീവിക്കുക എന്ന പ്രവർത്തിയിൽ നിന്നും എല്ലാവരും ആഗ്രഹിക്കുന്നത്. അതൊരു മൗലികാശയമായി നിലനിർത്തണമെങ്കിൽ ജീവിതമെന്ന സമസ്യയെ കുറിച്ചുള്ള അന്വേഷണം അതിന്റെ അസ്ഥിവാരത്തിൽ നിന്ന് തന്നെ തുടങ്ങണം. അത് ചില നന്മകളെ പണയപ്പെടുത്തിയുള്ള പ്രയാണമാകരുത്. മഹാമാരിയുടെ കാലഘട്ടത്തിൽ നിലനിൽപ്പിന്റെ ധർമ്മസങ്കടത്തിനകത്തും മതങ്ങൾ പണയപ്പെടുത്തിയത് അവകൾക്ക് ഉണ്ടെന്ന് കരുതിയിരുന്ന ചില നന്മകളായിരുന്നു. ആത്മീയതയിൽ അധിക്ഷേപത്തിന്റെയും സഹജ വിദ്വേഷത്തിന്റെയും പദങ്ങൾ കടന്നുവന്നു. അങ്ങനെ മതം ഒരു പട്ടാള ധർമ്മമായി ചുരുങ്ങി.

ശക്തിയുള്ളവർ സൃഷ്ടിക്കുന്ന നിയമം ഒരിക്കലും നല്ല നിയമമായിരിക്കില്ല എന്ന കാര്യം എപ്പോഴും ഓർക്കണം. അതുപോലെ തന്നെയാണ് “survival of the fittest” എന്ന് പ്രകൃതിയുടെ നിയമവും. ക്രൂരമാണ് ഈ നിയമം. അതിൽ മതവും രാഷ്ട്രീയവും കടന്നു വന്നാൽ പിന്നെ അതിനെ വിളിക്കാവുന്ന പേര് ഫാസിസം എന്നാണ്. ഇന്നല്ലെങ്കിൽ നാളെ അത് നിന്നെയും വിഴുങ്ങും. കർഷകരും ദളിതരും ന്യൂനപക്ഷവും ശക്തരായവരുടെ കരങ്ങളിൽ കിടന്ന് ചക്രശ്വാസം വലിക്കുന്ന ചിത്രം മഹാമാരി കാലത്തെ ഒരു ബോണസ് സങ്കടമാണ്. ഒരു കാര്യം ഒരിക്കലും മറക്കരുത്; സ്നേഹത്തിനും സ്വാർത്ഥതയ്ക്കും അതിരുകളില്ല എന്ന കാര്യം. ഇവകളെ കുറിച്ചു ഒന്നും പ്രവചിക്കാൻ സാധിക്കില്ല. എന്തും സംഭവിക്കാം. സ്വാർത്ഥത പിടിമുറുക്കിയാൽ പിന്നെയുണ്ടാവുക മരണത്തിന്റെ ഫോട്ടോഗ്രാഫിക് കാഴ്ചകളായിരിക്കും. ഈ തിന്മയെ തടയുന്നതിനുള്ള എന്തെങ്കിലും കുറിപ്പടികൾ നമ്മുടെ കയ്യിലുണ്ടോ? ഉണ്ട്. അതാണ് എളിമ. ഇത്തിരിയോളം ധാർഷ്ട്യം മാറ്റി വച്ചിരുന്നെങ്കിൽ പാവപ്പെട്ടവരുടെ ജീവിതം ഇത്രയും ദുസ്സഹമാകില്ലായിരുന്നു എന്ന് ചിന്തിക്കാൻ നിയമമുണ്ടാക്കിയവർ മറന്നു പോയി. എളിമ – മതാന്മകമായി ജീവിക്കുന്നവരുടെ മാത്രമുള്ള ഒരു പുണ്യമല്ല. സഹവർത്തിത്വത്തിനു പ്രാധാന്യം കൊടുക്കുന്ന ഏതൊരാളും ഹൃദയത്തോട് ചേർത്തു നിർത്തേണ്ട വലിയൊരു മൂല്യമാണത്. വഞ്ചിക്കപ്പെട്ടവരുടെ അലമുറകളും തേങ്ങലുകളുമാണ് രാജവീഥികളിൽ മുഴങ്ങുന്നത്. ആരും വഞ്ചിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. നീ ആരുമാകട്ടെ നിന്നെ വഞ്ചിക്കാതിരിക്കാൻ എനിക്ക് സാധിക്കുന്ന എന്തും ചെയ്യും എന്ന ഉറച്ച തീരുമാനം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും ആരോ മനപൂർവം മായ്ച്ചു കളഞ്ഞിരിക്കുന്നു.

മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ” എന്ന പ്രമാണത്തിന്റെ തായ്‌വേര് മതമോ വിശ്വാസമോ ഒന്നും തന്നെയല്ല. ലളിതമായ യുക്തിവിചാരവും സാമാന്യബോധവുമാണ്. ഇതിൽ എളിമയുടെ വലിയൊരു പാഠം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് യഥാർത്ഥ വിശ്വാസിയും യഥാർത്ഥ യുക്തിവാദിയും എളിമയുള്ളവനായിരിക്കുമെന്ന് പറയുന്നത്. അതിനേക്കാൾ സുന്ദരമായിരിക്കും വിശ്വാസവും യുക്തിയും ഒരുപോലെ ചേർത്തുനിർത്തുവാൻ സാധിക്കുന്നവരുടെ എളിമ. എളിമയാണ് സത്യം. ആ സത്യത്തിൽ നിന്നേ സ്നേഹം ഒരു പ്രവാഹമായി സമൂഹത്തിലേക്ക് ഒഴുകുകയുള്ളൂ. ഹൃദയശൂന്യനായ ഒരുവനെതിരെ പ്രതിരോധം ഉയർത്തുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വവും അവകാശവുമാണ്. അപ്പോഴും ആ പ്രതിരോധത്തിൽ ആർദ്രത ചാലിക്കുക എന്നതാണ് ഏത് ദുരാത്മാവിനോടും നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം.

വർദ്ധിച്ചുവരുന്ന തിന്മകളും അവകൾ മൂലമുണ്ടാകുന്ന നൊമ്പരങ്ങളുമെല്ലാം നമ്മുടെ ഉള്ളിൽ നിന്നും ആർദ്രത ഇല്ലാതാക്കുകയാണെങ്കിൽ അതിനർത്ഥം തിന്മ വിജയം വരിച്ചിരിക്കുന്നു എന്നതാണ്. ഒന്ന് ചിന്തിച്ചു നോക്കൂ. ആർദ്രതയുടെ ഒരു തരി പോലുമില്ലാത്ത ഒരു ലോകത്തെക്കുറിച്ച്. അതൊരു ഭീകര ലോകമായിരിക്കും. അത് സംഭവിക്കാൻ പാടില്ല. പുതുവർഷം ആർദ്രതയെ ആഘോഷമാക്കുന്ന ഒരു ലോകത്തെ സമ്മാനിക്കട്ടെ.

/// ഫാ .മാർട്ടിൻ N ആന്റണി///

അസീസി മാഗസിനു വേണ്ടി കുറിച്ചതാണിത്. ധാർമികതയുടെ യുക്തിവിചാരമാണ്. കലുഷിതമായ എന്റെ മനസ്സിന്റെ പ്രകാശനം കൂടിയാണിത്. പറയാൻ ആഗ്രഹിച്ചതെല്ലാം ഇതിലെ വരികൾക്കിടയിലൂടെ പറഞ്ഞിട്ടുണ്ട്.

കടപ്പാട് – Hannah Arendt ന്റെ Between Past and Future എന്ന കൃതിയോട്. നന്ദി – അസീസി മാഗസിന്റെ എഡിറ്റോറിയൽ ടീമിനോട്.

നിങ്ങൾ വിട്ടുപോയത്