ആടി തീർക്കാൻ അധികം റോൾ ഇല്ലാതിരുന്ന , അരങ്ങത്തേക്കാൾ കൂടുതൽ സമയം അണിയറയിൽ ചിലവഴിച്ച , മൗനത്തിന്റെ വാചാലതയിൽ കൂടുതൽ സംവദിച്ചവൻ ആണ് നസ്രത്തിലെ തച്ചനായ ജോസഫ്. തിരുകുടുംബത്തിലെ നായകൻ , പരിപാലകൻ. കുടുംബനാഥന്മാരുടെ മദ്ധ്യസ്ഥൻ.

ജോസഫിന് ലഭിക്കുന്ന അംഗീകാരമാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ യൗസേപ്പിതാവിന്റെ വർഷമായി ( 2020 Dec 8-2021 Dec 8 ) പ്രത്യേക വണക്കത്തിനായി മാറ്റി വച്ചതിലൂടെ സാദ്ധ്യമായത്‌.യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം വഴി പിതൃത്വത്തിന്റെ മഹനീയതയെ കണ്ടെത്താൻ പരിശ്രമിക്കുന്ന കുടുംബനാഥന്മാരുടെ ദൗത്യ – കർത്തവ്യങ്ങളിലേക്കു ഒന്ന് തിരിഞ്ഞുനോക്കാനും , വിശ്വസ്തതയോടെയും വിധേയത്വത്തോടെയും അവയെ ഉൾക്കൊണ്ട് ജീവിതത്തിൽ പ്രാവർത്തികമാക്കാനും ഈ വർഷം പ്രത്യേകം സഹായിക്കട്ടെ

.

നിശ്ശബ്ദതയുടെ സഹയാത്രികൻ :പറയാനൊത്തിരി ഉണ്ട് ; എന്നാൽ കേൾക്കാൻ ആരുമില്ലായെന്നതാണല്ലോ ഇന്നിന്റെ പ്രധാന പരാതി. പ്രക്ഷുബ്ധമായ ചിന്തകളും കലുഷിതമായ മനസ്സുമായി സമാധാനം നഷ്ടപ്പെട്ട് ഉഴലുന്നവർക്കുള്ള ഉത്തരമാണ് വി. യൗസേപ്പ് സ്വീകരിച്ച ” നിശ്ശബ്ദതയുടെ ” പാത. ആ നിശ്ശബ്ദതയ്ക് ഒരു അനന്യമായ താളവും മാനവും ഉണ്ടായിരുന്നു. അത് കഷ്ടതയുടെ അരക്ഷിതാവസ്ഥയിലേക്കുള്ള ഒരു ഒളിച്ചോട്ടമായിരുന്നില്ല , മറിച്ചു, തന്റെ ജീവിതത്തിന്നുടയവനായ ദൈവവുമായുള്ള സംവാദവും കൂടിയാലോചനയുമായിരുന്നു. ആ സത്യം നമ്മൾ തിരിച്ചറിയുമ്പോഴാണ് ജോസഫ് എന്ന കുടുംബനാഥന്റെ മഹത്വവും അനന്യതയും നാം മനസ്സിലാക്കുക. കുടുംബ ജീവിതത്തിലും കുടുംബ ബന്ധങ്ങളിലും വികാരത്തേക്കാൾ വിവേകത്തിനായിരിക്കണം സ്ഥാനം എന്ന യാഥാർഥ്യം ഈ ദൈവ – മനുഷ്യ സംവാദത്തിലൂടെ ജോസെഫിന്റെ ജീവിതം നമ്മുടെ മുമ്പിൽ വരച്ചു വയ്ക്കുന്നു.

മേരിയെ ഭാര്യയായി സ്വീകരിക്കേണ്ടി വന്ന സന്നിഗ്ദാവസ്ഥയിൽ, കൈകുഞ്ഞിനേയുമായി ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നപ്പോൾ, ഈജിപ്തിൽ നിന്നും തിരിച്ചുള്ള യാത്രയിൽ എല്ലാം ദൈവവുമായുള്ള ഈ കൂടിയാലോചന നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ആ തീരുമാനങ്ങൾ പക്വതയാർന്നതും ദൈവഹിതമനുസരിച്ചുള്ളതുമായിരുന്നുവെന്ന് വ്യക്തം.

ഇന്നും കുടുംബജീവിതം നയിക്കുന്നവർക്ക്, വിശിഷ്യ കുടുംബനാഥന്മാർക്കു ഒരു വെല്ലുവിളി തന്നെയാണ് ഈ നിശ്ശബ്ദതയുടെ പാത. അനുദിനം കുടുംബങ്ങളിൽ ഉണ്ടാവേണ്ട കുടുംബപ്രാർത്ഥന ഒരു തരത്തിൽ ദൈവവുമായുള്ള സംവാദമാണ്. വി. കൂദാശകളുടെ പ്രാധാന്യവും പരിശുദ്ധിയും മനസ്സിലാക്കി വിശുദ്ധിയോടെയും തീക്ഷ്ണതയോടെയും അവയെ സമീപിക്കുക , പ്രത്യേകിച്ച് കൃത്യമായ കാലയളവിൽ നടത്തുന്ന കുമ്പസ്സാരം , അനുദിന വി കുർബ്ബാന സ്വീകരണം തുടങ്ങിയവയും ദൈവവുമായുള്ള സംവാദത്തിന് നമ്മെ സഹായിക്കുന്ന ‘ നിശ്ശബ്ദതയുടെ’ പാതകളാണെന്നു തിരിച്ചറിഞ്ഞു പ്രതികരിക്കാം .

മഹനീയ വ്യക്തിത്വം:

അപരന്റെ വേദന വെറുമൊരു വാർത്ത മാത്രമായി അവതരിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, സഹോദരന്റെ ഗതികേടുകളെയും കണ്ണീരിന്റെ കഥകളെയും വർത്തമാനവിഷയമാക്കി , മനുഷ്യത്വം മറന്ന്‌ സഹജനെ ചവിട്ടിതാഴ്ത്തിയും കുഴിച്ചുമൂടിയും വിജയം ആഘോഷിക്കുന്ന സുഷിരം വീണ ഇന്നിന്റെ മനസാക്ഷിക്ക് മുമ്പിൽ ഒരു വെല്ലുവിളിയായി നിൽക്കുന്നു ജോസഫിന്റെ മനോഭാവവും ധാർമികതയും. പ്രത്യേകിച്ച് തൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി ഗർഭിണി ആണെന്നറിഞ്ഞപ്പോൾ കാട്ടുന്ന മനോഭാവം . തൻ അവഹേളിതനായാൽ പോലും തൻ മൂലം മറ്റൊരാൾ പരിഹാസപാത്രമാവരുതെന്ന ചിന്ത, ആക്ഷേപിക്കപ്പെടരുതെന്ന ദൃഢനിശ്ചയം ആദരണീയമാണ്. ആ നിശ്ചയമായിരുന്നല്ലോ മറിയത്തെ രഹസ്യത്തിൽ ഉപേക്ഷിക്കാനുള്ള ചിന്തയിലേക്ക് ജോസഫിനെ നയിച്ചത്. ഒന്ന് വിട്ടുകൊടുത്താൽ, ചെറുതായൊന്നു തോറ്റുകൊടുത്താൽ താത്കാലികമായ പരാജയത്തേക്കാൾ ശാശ്വതമായ വിജയവും സംതൃപ്തിയുമുണ്ടാവുമെന്നു ജോസഫ് നമുക്ക് പഠിപ്പിച്ചു തരുന്നു. ലോകത്തിനു മുമ്പിൽ അറിയപ്പെടുന്നതിലല്ല, മറിച്ചു ദൈവതിരുമുമ്പിലും സ്വന്തം മനസാക്ഷിക്ക് മുമ്പിലും വിശ്വസ്തതയോടെ നിൽക്കാൻ സാധിക്കുന്നതാണ് യഥാർത്ഥ വിജയമെന്ന് തന്റെ ജീവിതത്തിലൂടെ ഉദാഹരിക്കുന്നു ജോസഫ് എന്ന അപ്പൻ.

ദൈവഹിതത്തിനു വിധേയപ്പെട്ടവൻ :

ദൈവേഷ്ടം തിരിച്ചറിഞ്ഞു പൂർണ്ണമനസ്സോടെ മറിയത്തെ സ്വീകരിച്ച ജോസഫിന്റെ ചിത്രം ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിക്ക്‌ ഒരു വെല്ലുവിളി ആണ് . അബലയും അവശയുമായി സ്ത്രീകളെ വീക്ഷിക്കുകയും ശാരീരികവും മാനസികവും ബൗദ്ധികവുമായി സ്ത്രീകൾ ആക്രമിക്കപ്പെടുന്ന ഇന്നത്തെ കാലഘത്തിൽ ജോസഫിന്റെ മനോഭാവത്തിന് പ്രസക്തിയേറുന്നു. സ്ത്രീകളെ മാനിക്കാനും സ്ത്രീത്വത്തെ അംഗീകരിക്കാനും അവരിലെ മാതൃത്വത്തെ ബഹുമാനിക്കാനും നമുക്കേവർക്കും പ്രചോദനവും മാതൃകയുമായിരിക്കട്ടെ ദൈവഹിതത്തിനു തന്റെ ഇഷ്ടങ്ങളെ വിട്ടുകൊടുത്തുകൊണ്ട് മറിയത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച ജോസഫിന്റെ നേർചിത്രം.

അതേ , ആൾക്കൂട്ട നീതിയിൽ മനുഷ്യത്വം മുക്കിക്കളയുന്ന , അസത്യങ്ങളും അർദ്ധസത്യങ്ങളും സമൂഹമനസ്സാക്ഷിയെ നിയന്ത്രിക്കുന്ന, മുൻവിധികൾ ന്യായവിധികളാകുന്ന , അപചയങ്ങളുടെ ഘോഷയാത്രയായി മൂല്യങ്ങൾ മാറിയിരിക്കുന്ന ഒരു സാമൂഹ്യ – സാംസ്‌കാരിക പശ്ചാത്തലത്തിലാണ് പരിശുദ്ധ പിതാവ് പ്രത്യേക വണക്കത്തിനും നമ്മുടെ മൂല്യബോധ അപഗ്രഥനത്തിനുമായി ” year of St Joseph” എന്ന പേരിൽ ഈ വർഷം മാറ്റിവച്ചിരിക്കുന്നത്. കുടുംബത്തിന് അപ്പമായും സമൂഹത്തിന് പ്രചോദനമായും നമ്മുടെ ഇടയിൽ നിന്നും അപ്പന്മാർ വളർന്നുവരാൻ മാറ്റിവയ്ക്കപ്പെട്ട ഈ വർഷം സഹായിക്കട്ടെ. നമ്മുടെ ചിന്തകൾ അന്തഃഛിദ്രങ്ങൾക്കും പ്രവർത്തനങ്ങൾ സാമൂഹ്യ മൂല്യ തളർച്ചയ്ക്കും ജീവിതശൈലി അപേക്ഷികസത്യങ്ങളുടെ വിളിച്ചുപറച്ചിലിനും കാരണമാകാതിരിക്കട്ടെ. ദൈവാശ്രയബോധം നഷ്ടപ്പെടാതെ ആനുകാലിക – അനുദിന ഉത്തരവാദിത്വങ്ങളോട് വിശ്വസ്തത പുലർത്താൻ കുടുംബങ്ങളുടെ മദ്ധ്യസ്ഥൻ ഏവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എല്ലാവർക്കും, പ്രത്യേകിച്ച് ജോസഫ് നാമധാരികൾക്കു നാമഹേതുക തിരുന്നാൾ നേരുന്നു. ആ വ്യക്തിത്വ പ്രഭാവം മങ്ങാതെ മായാതെ എന്നും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് , സ്നേഹത്തോടെ , പ്രാർത്ഥനയോടെ

✍️Ben Fr

നിങ്ങൾ വിട്ടുപോയത്