ഇനി ഇ-വായനയുടെ പുതുകാലം
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് . ഒരു ദിവസത്തേയ്ക്ക് സുഖമായിരിക്കുവാൻ ഒരു സദ്യ കഴിക്കുക. ഒരു വർഷം സുഖമായിരിക്കുവാൻ ഒരു വിവാഹം കഴിക്കുക. ജീവിത കാലം മുഴുവൻ സുഖമായിരിക്കുവാൻ വായന ഒരു ശീലമാക്കുക!
”വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും.വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”.വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കുഞ്ഞുണ്ണി മാഷുടെ ഈ വരികളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു പദ്യശകലം മലയാളത്തിലുണ്ടോ ?
ആഹാരം ആരോഗ്യത്തിലേക്കുള്ള ഗോവണിപ്പടികളാണെങ്കിൽ പുസ്തകം അറിവിലേക്കും അതുവഴി മനസിന്റെ ആരോഗ്യത്തിലേക്കുമുള്ള എണിപ്പടികളാണ് . മനുഷ്യന്റെ ഭാവനകൾക്ക് ചിറകു മുളക്കുന്നതും പുതിയ പുതിയ ആശയങ്ങളും ചിന്തകളുമെല്ലാം മനസ്സിൽ രൂപം കൊള്ളുന്നതും വായനയിലൂടെയാണ് . അറിവുള്ളവനെ രാജാവ് പോലും ഭയപ്പെട്ടിരുന്നു എന്ന് ചരിത്രകഥകളിൽ നമ്മൾ വായിച്ചിട്ടുമുണ്ട് .
നോവലുകളും കഥകളും വായിക്കുമ്പോൾ രചയിതാവ് ജന്മം കൊടുത്ത കഥാപാത്രങ്ങളോടൊപ്പം ചിരിച്ചും കരഞ്ഞും അവരുടെ സുഖ ദുഃഖങ്ങളില്‍ പങ്കുചേർന്ന് സമയം ചിലവഴിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലേ നമുക്ക്? മുട്ടത്തുവർക്കിയുടെയും തകഴിയുടെയും ബഷീറിന്റെയും കേശവദേവിന്റെയും എത്രയെത്ര കഥാപാത്രങ്ങളാണ് മലയാളികളുടെ മനസ്സിൽ ഓടിക്കളിച്ചു നടന്നത് !
ഇലക്രോണിക് മീഡിയയുടെ കടന്നുവരവോടെയാണ് പുസ്തകവായന പുറന്തള്ളപ്പെട്ടത് . അച്ചടിച്ച പുസ്തകങ്ങൾ പുതുതലമുറയ്ക്ക് കാണേണ്ടെന്നായി . വിരലൊന്നമർത്തിയാൽ ലോകത്തിലെ എല്ലാ അറിവുകളും നൊടിയിടയിൽ മൊബൈൽ ഫോണിൽ കൊണ്ടുവരാൻ കഴിയുന്ന ഈ കാലത്ത് പുസ്തകതാളുകൾ മറിച്ച് എന്തിന് സമയം കളയണം എന്ന ചോദ്യമാണ് ന്യൂജൻ കുട്ടികൾക്ക് .എത്ര തിരക്കുണ്ടെങ്കിലും വിശക്കുമ്പോൾ നമ്മൾ ആഹാരം കഴിക്കുന്നില്ലേ? ആഹാരം പോലെ അനിവാര്യമാണ് മനസിന്റെ വിശപ്പടക്കാൻ വായനയും. ‘Food for Thought’ എന്നൊരു ചൊല്ല് തന്നെയുണ്ട് .
അക്ഷരക്കൂട്ടങ്ങളിലെ സംഗീതം നിലച്ചാല്‍ അത് മനുഷ്യന്റെ വ്യക്തിത്വത്തിന് തന്നെ മുറിവ് ഉണ്ടാക്കും. എഴുത്തിലൂടെ പിറവിയെടുക്കുന്ന വാങ്മയ ചിത്രങ്ങള്‍ വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ ഉണർത്തുന്നു . വായിക്കുന്ന വാചകങ്ങൾ ചിത്രങ്ങളായി മനസില്‍ തെളിയുമ്പോൾ വായനക്കാരിൽ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തും . ബുദ്ധിയെയും ഭാവനയെയും വികസിപ്പിക്കുന്ന വായന കുട്ടികളില്‍ ശീലമാക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്.
മലയാളികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു മഹാനുണ്ടായിരുന്നു ഈ കൊച്ചു കേരളത്തിൽ . പി.എന്‍. പണിക്കര്‍. കേരളത്തിലുടനീളം അറിവിന്റെ വാതായനങ്ങള്‍ തുറന്നിട്ട അക്ഷര സ്നേഹി. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ! നാടിന്റെ മുക്കിലും മൂലയിലും നടന്ന് അദ്ദേഹം പുസ്തകങ്ങള്‍ ശേഖരിച്ച് കേരളത്തിലെമ്പാടും വായനശാലകള്‍ സ്ഥാപിച്ചു . വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സാംസ്കാരിക കാല്‍നട ജാഥ നടത്തി . അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലെമ്പാടും സ്ഥാപിതമായ ഗ്രന്ഥശാലകള്‍ നമ്മുടെ നാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ വലിയ വിപ്ലവമാണ് ഉണ്ടാക്കിയത് ! വായിച്ചു വളര്‍ന്ന സമൂഹം തങ്ങളുടെ ചിന്തകൾക്ക് രൂപവും ജീവനും നൽകി ലോകത്തിന് മുന്നില്‍ തുറന്നുവച്ചു. അതില്‍ നിന്ന് പുതിയ കിരണങ്ങളുണ്ടായി .
പി എൻ പണിക്കരുടെ ഓര്‍മ്മയ്ക്കായാണ് ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നത് . 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാവാരമായും ആഘോഷിക്കുന്നു.
ഇന്ന് വായന മരിച്ചു എന്നു വിലപിക്കുന്നവരുണ്ട് . സത്യത്തിൽ വായന മരിച്ചിട്ടില്ല . വായനയുടെ മേച്ചിൽപ്പുറം മാറി . പുസ്തകങ്ങളിൽ നിന്ന് വായന മൊബൈലിലേക്കും കംപ്യൂട്ടറിലേക്കും വഴിമാറി. സ്കൂള്‍ കുട്ടികള്‍ പോലും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ച് പകര്‍ത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. രണ്ടു പതിറ്റാണ്ടു മുൻപ് ട്രെയിനിൽ യാത്രക്കാരെല്ലാം പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്നെങ്കിൽ ഇന്ന് അവർ മൊബൈല്‍ ഫോണിൽ തല കുമ്പിട്ടിരിക്കയാണ്. ഈ ഇലകട്രോണിക് യുഗത്തിൽ ഇ-വായനയെ നമുക്ക് അവഗണിക്കാനാവില്ല.
ലോക്ഡൗൺ കാലത്ത് എല്ലാ ഇടപാടുകളും ഇന്റർനെറ്റിലൂടെയായിരുന്നല്ലോ. ഇപ്പോൾ പഠനവും വീട്ടിലിരുന്നു ഇന്റർനെറ്റിലൂടെയായി. കൊച്ചുകുട്ടികൾക്ക് പോലും മൊബൈൽ സാങ്കേതികവിദ്യകൾ സുപരിചിതമായി. എന്തിനും ഏതിനും ആപ്പെന്ന നിലവരുന്നതോടെ പരമ്പരാഗത പഠനരീതി ഭാവിയിൽ പിന്തള്ളപ്പെടും. വീട്ടിലിരുന്നു എല്ലാം ചെയ്യാം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ പബ്ലിക് ലൈബ്രറികളുടെ പ്രസക്തിയും ഇല്ലാതാകും. ഇപ്പോൾ തന്നെ അത് തീരെ കുറഞ്ഞിരിക്കുന്നു.
അതുകൊണ്ടു കാലത്തിനൊത്ത് നമ്മുടെ ഗ്രന്ഥശാലകൾ പരിഷ്കരിക്കണം . അച്ചടിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും എന്നപോലെ “ഇ ലൈബ്രറി” യുടെ ഇടവും കൂടിച്ചേര്‍ന്ന് ആധുനികവൽക്കരിക്കണം ഇനി അവ. പുസ്തകങ്ങൾ വായനക്കാരിലെത്തിക്കാൻ ആധുനിക വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം.
സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം എല്ലാ ഗ്രന്ഥശാലകളിലും ഒരുക്കണം . എല്ലാലൈബ്രറികളെയും കമ്പ്യൂട്ടര്‍ശൃംഖല വഴി പരസ്പരം ബന്ധിപ്പിച്ച് കേരളത്തിലെ ഏത് ലൈബ്രറിയിലുമുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ ലോകത്ത് എവിടെനിന്നും ആര്‍ക്കും അറിയുവാൻ കഴിയുന്ന രീതിയിൽ സജ്ജീകരിക്കണം . മികച്ച സാഹിത്യ കൃതികൾ ഡിജിറ്റൽ രൂപത്തിലാക്കി വായനക്കാരിൽ എത്തിക്കാൻ നോക്കണം. നവമാധ്യമങ്ങളിലെ കൂട്ടായ്മകൾ മുന്നോട്ടുവന്നാൽ പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന, വായനയെ ഇഷ്ടപ്പെട്ടിരുന്ന ആ പഴയ കേരളത്തെ ഒരുപരിധിവരെ ഇലക്ട്രോണിക് മീഡിയയിലൂടെ നമുക്ക് വീണ്ടെടുക്കാനാവും-
ഇഗ്നേഷ്യസ് കലയന്താനി