ഈ ഗാനം കേൾക്കാത്തവർ
വിരളമായിരിക്കും.

“ഒന്നാംകിളി പൊന്നാംകിളി
വണ്ണാംകിളി മാവിന്മേൽ
രണ്ടാം‌കിളി കണ്ടു കൊതികൊണ്ടു വരവുണ്ടപ്പോൾ മുന്നാംകിളി
നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്
കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താ തേൻപഴമേ…”

പാട്ടിൻ്റെ ഇമ്പത്തിൽ പലരും
ഇതിലെ വരികളുടെ അർത്ഥം
മനസിലാക്കാൻ
സാധ്യത കുറവാണ്.

കിളിച്ചുണ്ടൻ മാമ്പഴം നോക്കി എത്തിയ ഒന്നാമത്തെ കിളി അത് തിന്നാൻ തുടങ്ങുമ്പോഴാണ് രണ്ടാമത്തെ കിളിയെത്തുന്നത്. തനിച്ച് തിന്നാനുള്ള ആഗ്രഹത്തിന്മേൽ അവർ പരസ്പരം ശണ്ഠയായി.

ഇതിനോടകം എത്തിയ മൂന്നാമത്തെയും നാലാമത്തേയും കിളികളും അതേ മാമ്പഴത്തിനുവേണ്ടി വഴക്കായി.
ഒരു പറ്റം കിളികൾ മാമ്പഴത്തിനു വേണ്ടി കലഹിക്കുമ്പോൾ കിളികൊത്തൽ
ഏൽക്കാതെ നിൽക്കുന്ന മാമ്പഴത്തെ നോക്കിയാണ്
“കിളികൊത്താ തേൻപഴമേ”
എന്ന് കവി പാടുന്നത്.

എത്രയോ അർത്ഥസമ്പുഷ്ടമായ
വരികൾ!

ഏതെങ്കിലും ഒരു കിളി
അത് നമുക്ക് പങ്കിട്ട് കഴിക്കാം
എന്ന് തീരുമാനിച്ചിരുന്നെങ്കിൽ,
മാമ്പഴത്തിനായുള്ള കലഹം ഒഴിവാക്കി അവയ്ക്കത് ഭക്ഷിക്കാമായിരുന്നു.

നമ്മുടെ ജീവിതത്തിലും സ്ഥിതി മറിച്ചല്ല.
ഭിന്നിച്ച് ഭരിക്കാനും ഭിന്നിച്ച് ജീവിക്കാനും
പലരും ഇഷ്ടപ്പെട്ടു വരുന്നു.
എളിമപ്പെടാനോ വിട്ടുകൊടുക്കാനോ പങ്കുവയ്ക്കാനോ തയ്യാറാകാത്തതിനാലല്ലേ നമ്മുടെ കലഹങ്ങൾ പലതും
ഇന്നും തീരാതിരിക്കുന്നത്?

പണ്ടെല്ലാം ഒരു മിഠായി കിട്ടിയാൽ
പല കഷണങ്ങളായ് നമ്മൾ പങ്കുവയ്ക്കുമായിരുന്നു.
ചക്കയും മാങ്ങയും എന്നുവേണ്ട
കിട്ടുന്നതെല്ലാം പങ്കുവയ്ക്കാൻ
ഇഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു മിഠായി കൊടുത്തുനോക്കൂ,
ഭൂരിഭാഗം പേരും അത് മുറിച്ചു പങ്കുവയ്ക്കണമെന്ന് ചിന്തിക്കില്ല.
സമൃദ്ധിയുടെ നിറവിൽ
പങ്കുവയ്പിൻ്റെ മഹിമ മറന്നു പോകുന്നു.

ഇവിടെയാണ് ക്രിസ്തു
തൻ്റെ ശിഷ്യന്മാർക്കു വേണ്ടി നടത്തിയ പ്രാർത്ഥനയ്ക്ക് പ്രധാന്യമേറുന്നത്:

”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും
ഞാന്‍ അങ്ങയിലും
ആയിരിക്കുന്നതുപോലെ
അവരും നമ്മില്‍ ആയിരിക്കുന്നതിനു വേണ്ടി…..
ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”
(യോഹ 17:21).

പങ്കുവയ്പിൻ്റെയും ഒരുമയുടെയും വക്താക്കളാകാനുള്ള
ശ്രമമായിരിക്കട്ടെ ഇനിയുള്ള നാളുകൾ !

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്