Bp Thomas Elavanal: കല്യാണിന്റെ കർമയോഗി
നീണ്ട 28 വർഷങ്ങൾ കല്യാൺ രൂപതയെ മുന്നിൽ നിന്നും നയിച്ച തേരാളി. സന്ദേഹമില്ലാതെ പറയാം തോമസ് ഇലവനാൽ എന്നത് ഒരു പേര് മാത്രമല്ല; ഒരു പ്രാർത്ഥനയുടെ പ്രതിധ്വനിയാണ്, ഒരു ജീവിതത്തിന്റെ സുവിശേഷം ആണ്.
വെറും 8 വർഷം മാത്രം പ്രായമുള്ള കല്യാൺ എന്ന ബാല്യകാല ചാപല്യങ്ങൾ വിട്ടുമാറാത്ത രൂപതയെ 1997 Feb 8 ന് തന്റെ 48 ആം വയസ്സിൽ ഏറ്റെടുക്കുമ്പോൾ കൈ മുതലായുണ്ടായിരുന്നത് ദൈവാശ്രയ ബോധവും മുന്നിലുണ്ടായിരുന്നത് തീഷ്ണതയുള്ള ഒരു വലിയ ദൈവ ജനവും. അതുകൊണ്ട് തന്നെ ‘ To Live in Jesus To Lead to Jesus’ എന്ന തന്റെ മോട്ടോ തിരഞ്ഞെടുക്കുന്നതിൽ പിതാവിന് ഒത്തിരി ചിന്തിക്കേണ്ടി വന്നില്ല എന്നതാണ് സത്യം.

“വിശ്വാസം ഒരു തീപ്പൊരി ആണെങ്കിൽ, സേവനം അതിന്റെ ജ്വാലയാണ്.”
ആ ജ്വാലയിലാണ് കഴിഞ്ഞ 28 വർഷങ്ങൾ കല്യാൺ രൂപത തിളങ്ങി നിന്നത്.
ഭാഗ്യ സ്മാർണഹാനായ ചിറ്റിലേപ്പിള്ളി പിതാവ് ഒരു ഉറച്ച അടിത്തറ ഇട്ടിരിരുന്നത് അനുഗ്രഹമായിരുന്നു പണിതുയർത്താൻ എന്നത് നന്ദിയോടെ ഇവിടെ ഓർക്കുന്നു.
ഇലവനാൽ പിതാവ് രൂപതയുടെ ചരിത്രത്തിൽ വെറും ഒരു നാമം മാത്രമല്ല, അതിലേറെ ജീവിക്കുന്ന വിശ്വാസത്തിന്റെ തുറന്നുവച്ച അധ്യായമാണ്. അദ്ദേഹം വിരമിക്കുമ്പോൾ ബാക്കി വയ്ക്കുന്നത് വരും തലമുറയ്ക്ക് വിശ്വാസ തീഷ്ണതയുടെ നിറക്കൂട്ടുകൊണ്ട് തുടർന്നെഴുതാനായുള്ളൊരു പ്രചോദനമാണ്, നിയോഗമാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ മൃദുവായിരുന്നു;
തീരുമാനങ്ങൾ ഉറപ്പോടെയായിരുന്നു.
തിളക്കമുള്ള ബുദ്ധിയും, തണുത്ത ഹൃദയവുമുള്ള ഒരാൾ —
വിശ്വാസികൾക്കിടയിൽ ഒരാശ്രയമരമായി,
വൈദികർക്ക് ഒരു പിതാവായി,
ദൈവസഭയുടെ ഹൃദയത്തിൽ ഒരു സാക്ഷിയായി ജീവിച്ചയാൾ.
ഇലവനാൽ പിതാവിന്റെ കാലഘട്ടം കല്യാൺ രൂപതയെ സംബന്ധിച്ചിടത്തോളം ഒരു കുതിപ്പിന്റെ കാലമായിരുന്നു; ബാല്യം വിട്ട് യൗവ്വനത്തിലേക്കും പക്വതയിലേക്കുമുള്ള വളർച്ചയുടെ കാലം. നഗരത്തിന്റെ തിരക്കിലും പ്രവാസികളുടെ ജീവിതസംഘർഷങ്ങളിലും,
അദ്ദേഹം രൂപതയെ ഹൃദയത്തോട് ചേർത്തുവച്ചു, ഒരു കുടുംബമായി കെട്ടിപ്പടുത്തു. ഇന്ന് രൂപതയ്ക്ക് സ്വന്തമായി 102 വൈദികർ, 39 ഓളം സെമിനാരിക്കാർ, രൂപതയിൽ നിന്നുമുള്ള ദൈവവിളികൾ, St. Thomas Minor Seminary, കല്യാൺ കത്തിഡ്രൽ, Animation and Renewal Centre ( ARC) Panvel, Ashraya & Anugraha Homes (Old Age Home & Boys Home) Kalyan, 7 സ്കൂളുകൾ ഇങ്ങനെ നേട്ടങ്ങളുടെ പട്ടിക അങ്ങനെ നീളുന്നു. എടുത്തുപറയേണ്ട കാര്യം പ്രാദേശിക ദൈവവിളി തന്നെ. 102 വൈദികരിൽ 19 പേരും 39 ശെമ്മാശന്മാരിൽ 34 പേരും കല്യാൺ രൂപതയിൽ ജനിച്ചു വളർന്നവർ എന്നുപറയുമ്പോൾ അഭിമാനം ഇരട്ടിയാകുന്നു. ഇവർക്ക് പുറമേയാണ് വിവിധ സന്യാസസമൂഹങ്ങളിലായി 30 സിസ്റ്റർസും 5 അർത്ഥിനികളുമായി കല്യാൺ രൂപതയുടെ മക്കൾ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നത്.
സഭയെ , രൂപതയെ സ്നേഹിക്കുന്ന ഒരു പിടി അച്ചന്മാരും സ്ഥാപിത താല്പര്യങ്ങളില്ലാതെ ദൈവനാമത്തെ പ്രതി തീഷ്ണതയോടെ പ്രവർത്തിക്കുന്ന നല്ല ഒരു അൽമായ സമൂഹവും കല്യാൺ രൂപതയുടെ അനുഗ്രഹമായും തോമസ് പിതാവിന്റെ നേട്ടമായും അന്നും ഇന്നും നിലനിൽക്കുന്നു.
അദ്ദേഹം തന്റെ ജനത്തോട് സംവദിച്ചത് വാക്കുകളേക്കാൾ ജീവിതത്തിലൂടെയായിരുന്നു.
അതുകൊണ്ടുതന്നെ ഇന്ന് അദ്ദേഹം തന്റെ ഔദ്യോഹിക ജീവിതത്തിൽ നിന്നും പടിയിറങ്ങുമ്പോഴും രൂപതയിലും നമ്മുടെ ഹൃദയങ്ങളിളും സ്ഥിരതാമസം എടുക്കുന്നു.
പിതാവേ നന്ദി, അങ്ങയുടെ സ്നേഹത്തിനും ലാളിത്യത്തിനും,
പിതാവേ നന്ദി, അങ്ങയുടെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും ,
പിതാവേ നന്ദി, അങ്ങയുടെ സത്യനിഷ്ഠയ്ക്കും ദൃഢവിശ്വാസത്തിനും,
പിതാവേ നന്ദി, കല്യാൺ രൂപതയെന്ന വലിയ വെല്ലുവിളിയെ ചെറുപ്രായത്തിൽ ഒരു നറു പുഞ്ചിരിയോടെ ഏറ്റെടുത്തതിന്.
ശാന്തിയുടെയും ആരോഗ്യത്തിന്റെയും നല്ല നാളുകൾ ദൈവം നൽകട്ടെ.
ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റാനുള്ള കൃപയും ശക്തിയും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ദൈവസന്നിധിയിലും അവിടുന്ന് ഏല്പിച്ച കർമഭൂമിയായ കല്യാൺ രൂപതയിലും വിശ്വാസ്തനായിരുന്നുവെന്ന ചരിതാർഥ്യത്തോടെ പിതാവിന്റെ ജീവിതസന്ധ്യ പ്രാർത്ഥനയുടെ വെളിച്ചത്തിൽ തെളിഞ്ഞിരിക്കട്ടെ.
അങ്ങനെ, ഒരു ഇടയന്റെ വഴിയിൽ നിന്നൊരു പ്രകാശം ഇനിയും തലമുറകളെ വഴികാട്ടട്ടെ

കല്യാൺ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവിന് സഹർഷം സ്വാഗതവും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വൈദികരെ ചേർത്ത് പിടിച്ച്, അജഗണത്തെ വിശ്വാസത്തിലെടുത്ത്, പ്രകാശം നിറഞ്ഞ വിശ്വാസ പാതയിലേക്ക് നയിക്കാൻ , ഒരു പുത്തൻ അദ്ധ്യായത്തിന് തുടക്കം കുറിക്കാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു. സമുദായത്തിന് അനുഗ്രഹവും സമൂഹത്തിന് മാതൃകയുമായി കല്യാൺ അതിരൂപത മലമുകളിൽ തെളിയിച്ചുവച്ച ചിരാതായി മാറട്ടേയെന്നു പ്രാർത്ഥിക്കുന്നു.
ബെൻ ജോസഫ്

