പ്രിയ ജോളി തപ്പലോടത്തച്ചൻ നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്നേഹ പിതാവിൻ്റെ സന്നിധിയിലേക്ക് യാത്രയായി

വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.മൃതസംസ്കാരം ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും.

ബുധനാഴ്ച 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ പൊതുദർശനം. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകിട്ട് 7 മണിവരെ വള്ളുവള്ളി അമലോത്ഭവമാതാ ദൈവാലത്തിൽ പൊതുദർശനവും 4 മണിക്ക് ദിവ്യബലിയും നടത്തപ്പെടും. തുടർന്ന് രാത്രി  8 മണിമുതൽ ചിറ്റൂരുള്ള ജോളിയച്ചൻ്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കപ്പെടും.18-ാം തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ പൊതുദർശനം. തുടർന്ന് രാവിലെ 10 മണിക്ക് മൃതസംസ്ക്കാര ദിവ്യബലി അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. മാതാവ് ഫിലോമിന,സഹോദരങ്ങൾ ജോസി,ജോഷി,സിസ്റ്റർ സിന്ധു Ocarm.

ജീവിതത്തിൻറെ പല കാലഘട്ടങ്ങളിലും അച്ചന്റെ കൂടെ നിന്നിരുന്ന ആ കാലം പലപ്പോഴും മനസ്സിൽ കയറി വരും…

പ്ലസ് വൺ പ്ലസ് ടു പഠിക്കുന്ന കാലം.. ആ കാലഘട്ടത്തിൽ ആയിരുന്നു ബഹുമാനപ്പെട്ട ജോളി അച്ചൻ എന്റെ ഇടവക പള്ളിയായിരുന്ന കൊരട്ടി ലത്തീൻ പള്ളിയിൽ വികാരിയായി വരുന്നത്… അന്നുവരെ ഇടവക യുവജന സംഘടനയിൽ പ്രവർത്തിക്കുമായിരുന്നെങ്കിലും ആവശ്യങ്ങൾക്ക് മാത്രമായിരുന്നു ഞങ്ങൾ പള്ളിയിൽ വന്നിരുന്നത്. എന്നാൽ ജോളിയച്ചൻ വികാരിയച്ചനായി വന്നപ്പോൾ മുതൽ ഞങ്ങൾ കുറച്ച് യുവജനങ്ങളുടെ താമസവും ഉറക്കവും ഭക്ഷണവുമെല്ലാം പള്ളിമേടയിലായി..വീട് തൊട്ട് അടുത്തായിരുന്നിട്ടും അച്ചന്റെ മേടയിൽ നിന്നും മൂന്നുനേരവും ഭക്ഷണവും കഴിച്ച് പള്ളിമേടയിൽ കിടന്നുറങ്ങി അവിടെ അച്ചന്റെ കയ്യിൽ നിന്ന് ബസ് കാശും വാങ്ങി സ്കൂളിൽ പോയിരുന്ന ഒരു കാലം മറക്കുവാൻ സാധിക്കുന്നതല്ല..കാരണം എന്റെ മനസ്സിൽ പള്ളിയോടും സഭയോടും ഒരു സ്നേഹം വന്നത് ആ സമയത്തായിരുന്നു..

വലിയൊരു നൊവേന പള്ളി ആയിരുന്ന കൊരട്ടി ലത്തീൻ പള്ളിയുടെ കീഴിൽ ആയിരുന്നു അങ്കമാലി യൂദാപുരം പള്ളി..രണ്ടിനും കൂടി ഒരു വികാരി മാത്രം..ഒരു കൊച്ചച്ചൻ പോലും ഇല്ലാതിരുന്ന സമയം…യൂദാപുരം പള്ളിയിൽ വ്യാഴാഴ്ചയും ഞായറാഴ്ചയും മാത്രം കുർബാന ഉണ്ടണ്ടായിരുന്നടത്ത് അച്ചൻ എല്ലാദിവസവും കുർബാന ആക്കി..അതിനായി അച്ചൻ ചെയ്തത് കൊരട്ടിയിൽ നിന്നും 15 കിലോമീറ്റര് അകലെയുള്ള യൂദാപുരത്ത് രാവിലെ 6 മണിക്കും അവിടന്ന് കുർബാന കഴിഞ്ഞ ഉടനെ തിരികെ കൊരട്ടിയിൽ വന്നു 7 .15 ന് കുർബാനയും ചൊല്ലും..ഇതിനിടയിലുള്ള സമയം കൊണ്ട് എങ്ങനെ 15 കിലോമീറ്റര് ഒരു മാരുതി ഒമിനിയും കൊണ്ട് ഓടിയെത്തി എന്നത് ഇന്നും അൽഭുതമാണ്..അന്ന് കുർബാനയ്ക്ക് രാവിലെ കൊരട്ടി പള്ളിയിൽ ഇരിക്കുമ്പോഴേക്കും അച്ചൻ ഒമിനിയും കൊണ്ട് ചീറി പാഞ്ഞു വന്നു സങ്കീർത്തിയിൽ വണ്ടി നിർത്തുന്നത് ഇന്നും മനസ്സിൽ കിടക്കുന്നു..

പള്ളിയിൽ ഊട്ടു തിരുനാളിന് ഫ്ലക്സ് കെട്ടാനുള്ള ചുമതല ഞങ്ങൾ യുവജനങ്ങൾക്കായിരുന്നു.. ഇടവകയിലെ ഒരു ചേട്ടന്റെ പണ്ടത്തെ മാറ്റഡോർ ലോറിയിൽ രാത്രി ഫ്ലക്സുകൾ എല്ലാം കെട്ടി ഒരു എട്ടു മണിയോടുകൂടി ഞങ്ങൾ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് പോകും.. അന്ന് ഒരു പഴയ ഫ്ലക്സും എടുത്തു കൊണ്ട് ലോറിയുടെ പുറകിൽ കയറി അച്ചനും വന്നു കിടക്കുമായിരുന്നു..ഞങ്ങളോടൊപ്പം ഫ്ളക്സ് കെട്ടാൻ വരാനായിട്ട്.അച്ചന്റെ രാവിലെ മുതലുള്ള കഷ്ടപ്പാടുകൾ കണ്ടിട്ടുള്ള ഞങ്ങൾ അച്ചൻ വരണ്ട എന്ന് എത്രവട്ടം പറഞ്ഞാലും അത് കുഴപ്പമില്ല എന്ന് പറഞ്ഞ് ഞങ്ങളോടൊപ്പം ആ ലോറിയിൽ ഷർട്ടും പാന്റും ഇട്ട് അച്ചൻ കിടക്കും.. തിരിച്ചുവരുന്നത് വെളുപ്പിന് രണ്ടു മൂന്നു മണിയൊക്കെയാവും.. പിറ്റേദിവസം രാവിലെ വീണ്ടും വെളുപ്പിന് അങ്കമാലിയിലേക്ക് തന്റെ ഒമിനിയും ആയി കുർബാന ചൊല്ലാൻ പോകുകയും ചെയ്യും…..പലപ്പോഴും അച്ചന്റെ ആ ഒരു ഒമിനി കൊണ്ടുള്ള ഓട്ടം കാണുമ്പോൾ മനസ്സിൽ ചെറുതായിട്ടെങ്കിലും ഒരു ഭയം വന്നിരുന്നു… പ്രാർത്ഥിച്ചിരുന്നു ദൈവമേ അച്ചനെ കാത്തോളണേ എന്ന്…

സത്യത്തിൽ തീപിടിച്ച ഒരു ആത്മാവിനെ പോലെയായിരുന്നു അച്ചൻ ഇടവകയിൽ സേവനം ചെയ്തിരുന്നത്. കാലം ഏറെ മാറി വികാരിയച്ചന്മാർ പലരും മാറി.. ഞാൻ പള്ളിയും മാറി.. എങ്കിലും ഇന്ന് പലപ്പോഴും ജീവിതത്തിൻറെ പല കാലഘട്ടങ്ങളിലും അച്ചന്റെ കൂടെ നിന്നിരുന്ന ആ കാലം പലപ്പോഴും മനസ്സിൽ കയറി വരും… സുഹൃത്തുക്കളോട് പലപ്പോഴും ആ കാലഘട്ടത്തെക്കുറിച്ച് ഷെയർ ചെയ്തിട്ടുമുണ്ട്… കാരണം ഇത്തരത്തിൽ ഒരു തീപിടിച്ച ആത്മാവുള്ള ഒരു വൈദികനെ ഞാൻ പിന്നീട് കണ്ടിട്ടില്ല.. ഒരായുസ്സ് കൊണ്ട് തീർക്കേണ്ട കാര്യങ്ങളെല്ലാം 54 വയസ്സിനുള്ളിൽ അച്ചൻ ചെയ്തു തീർത്തു… അതുകൊണ്ടാണല്ലോ ഇപ്പോൾ ഈശോയുടെ അടുത്തേക്ക് നിത്യ സമ്മാനത്തിനായി ഈശോ അച്ചനെ വിളിച്ചത്…

Dijo John 

നിങ്ങൾ വിട്ടുപോയത്