പ്രിയപ്പെട്ട അനിയൻ അച്ചാ…അങ്ങയുടെ ഒരു തിരുനാൾ പ്രസംഗം സോഷ്യൽ മീഡിയയും ക്രൈസ്തവ വിരുദ്ധ അജൻഡയുള്ള ചില വാർത്താ ചാനലുകളും ഏറ്റെടുത്തു അങ്ങയെ ഒരു വലിയ ആളാക്കി, റോൾ മോഡൽ ആക്കി മുകളിലേക്ക് ഉരുട്ടി കയറ്റുന്നത് കണ്ടു.. അത് അങ്ങ് പ്രസംഗത്തിൽ പറഞ്ഞ സഹോദര സ്നേഹത്തിന്റെയും ക്ഷമയുടെയും ആശയങ്ങൾ കേട്ട് അവരാരും പ്രബുദ്ധരായത് കൊണ്ടോ ക്രിസ്തീയ മൂല്യങ്ങളിൽ ആകൃഷ്ടരായി മാറിയത് കൊണ്ടോ അല്ല എന്ന് തിരിച്ചറിയുക…
അത് അങ്ങ് ഈശോയുടെ പരിശുദ്ധ നാമത്തെ സിനിമാ പേരാക്കുന്നവരെയും പിയാത്ത പോലുള്ള ക്രിസ്തീയ ചിത്രങ്ങളെ അവഹേളിക്കുന്നവരേയുമൊക്കെ തങ്ങളുടെ പാവനമായ വിശ്വാസത്തിന്റെ പേരിൽ എതിർപ്പ് പ്രകടിപ്പിച്ചവരെ ക്രിസംഗി എന്ന് വിളിച്ചു ഒതുക്കാൻ ശ്രമിച്ചതിനെ ആഘോഷിക്കാൻ വേണ്ടി മാത്രമാണ് എന്ന് അങ്ങ് തിരിച്ചറിയുക. അവർക്ക് ആവശ്യം പ്രതികരികുന്ന ക്രിസ്ത്യാനിയെ നിശ്ശബ്ദരാക്കുക എന്നത് മാത്രമാണ് എന്ന് പ്രിയപ്പെട്ട അനിയാ അങ്ങു തിരിച്ചറിയുക… അതിനായി അങ്ങയെ അവർ ഉപയോഗിക്കുകയാണ്…
പ്രതികരിക്കേണ്ട സമയങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കുക എന്നത് ഒരു ക്രിസ്താനിയുടെ ധർമ്മം തന്നെയാണ്… അവിടെ അവൻ ക്രിസ്തുവിന്റെ സ്നേഹപ്രമാണത്തിനു എതിരായല്ല പ്രവർത്തിക്കുന്നത്.. മറിച്ചു കാരണമില്ലാതെ തന്റെ കവിളത്ത് അടിച്ചവന്റെ കണ്ണിൽ നോക്കി നീ തെറ്റു പറയാത്ത എന്തിന് എന്നെ അടിച്ചു എന്ന് ചോദിക്കുന്ന ക്രിസ്തുവിന്റെ അതേ തീക്ഷണതയോടെ ആണ്. ആ ശക്തമായ പ്രതികരണത്തെ എതിർത്തു നിൽക്കാൻ ധാർമികമായി കഴിവില്ലാത്ത എതിരാളികൾ ക്രിസ്താനിക്ക് പല പേരുകളും നല്കിയെക്കാം..സഭക്ക് വേണ്ടിയും വിശ്വാസ സംരക്ഷണത്തിന് വേണ്ടിയും നിലകൊള്ളുന്ന നല്ല അപ്പന് പിറന്ന ക്രിസ്ത്യനിക്ക് അവൻ കേൾക്കുന്ന പരിഹാസപേരിൽ വേദന ഉണ്ടാവില്ല… കാരണം സത്യത്തിന് വേണ്ടി നിലകൊണ്ട ദൈവപുത്രനായ ഈശോയുടെ പേരിലാണ് തങ്ങൾക്ക് പുതിയ പേരുകൾ ചാർത്തപ്പെടുന്നത് എന്ന് അവർക്ക് അറിയാം… ഇനിയും ഒത്തിരി മുന്നോട്ട് സഹിക്കേണ്ടി വരുമെന്നും അവർക്ക് അറിയാം...
പ്രിയപ്പെട്ട അനിയാ, ക്രിസ്തുവിന്റെ സ്നേഹത്തെ കുറിച്ചും ക്ഷമയെക്കുറിച്ചും സഹനത്തെ കുറിച്ചുമൊക്കെ അങ്ങ് ഇനിയും നൂറ് കണക്കിന് പ്രസംഗങ്ങൾ നടത്തും.. നടത്തണം.. അത് അങ്ങയുടെ വിളിയാണ്.. പക്‌ഷേ ഒരിക്കലും മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യില്ല… കാരണം അവിടെ അങ്ങു പറയുന്ന ദൈവസ്നേഹവും കരുണയും അല്ല അവർക്ക് കേൾക്കേണ്ടത്… അവർക്ക് വേണ്ടത് ഇപ്പോൾ കിട്ടിയ ക്രിസംഗി പേര് പോലെ സഭയെ അടിക്കാൻ, കളിയാക്കാൻ, മാറ്റി നിർത്താൻ ഉള്ള ഒരു വടി ആണ്. അത് അങ്ങയുടെ നാവിൽ നിന്ന് ഇനിയും ഉതിർന്നു വീഴാത്തടത്തോളം കാലം അങ്ങ് അവർക്ക് വെറും ഒരു പള്ളിലച്ചൻ മാത്രം ആണെന്ന് മറക്കാതിരിക്കുക..
അങ്ങേക്ക് ജീവന് ഭീഷണി ഉണ്ടായി എന്ന രീതിയിൽ ഒക്കെ ചില ചാനൽ വാർത്തകളും അങ്ങയുടെ ഇന്റർവ്യൂകളും ഒക്കെ കണ്ട്… പേടിക്കണ്ട… അങ്ങു പറഞ്ഞ ആ ‘ക്രിസംഗികൾ’ അങ്ങയെ ഒന്നും ഒരിക്കലും ചെയ്യില്ല… എന്നാലും അങ്ങ് ചെറുതായി ഭയക്കണം… ഈശോയുടെ നാമം ദുരുപയോഗം ചെയ്യുന്നത് തെറ്റാണ് എന്നും ക്രൈസ്തവ വിരുദ്ധമായ സിനിമകളും മറ്റും നിരോധിക്കണം എന്നും അങ്ങു പറയുന്നത് വരെ അങ്ങു സുരക്ഷിതനായിരിക്കും.. മറിച്ച് അങ്ങ് അതിനെതിരെ ഒരു നല്ല ക്രിസ്താനി എന്ന നിലയിൽ പ്രതികരിച്ചാൽ പേടിക്കേണ്ടി വരും. ചോദ്യപേപ്പറിൽ ഒരു വ്യക്തിയുടെ പേര് വന്നത് കൊണ്ട് കൈ വെട്ടി മാറ്റിയ ആളുകൾ ഇപ്പോഴും ഇവിടെ ഉണ്ട്.. അത് കൊണ്ട് ഇപ്പോൾ ആയിരിക്കുന്നത് പോലെ എപ്പോഴും അനിയൻ സേയ്ഫ് സോണിൽ തന്നെ ആയിരിക്കുക.
.. ഈശോ അനുഗ്രഹിക്കട്ടെ..
സ്നേഹത്തോടെ,ഒരു ചേട്ടനച്ചൻ
Fr. Roy Svd