കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പറഞ്ഞു.
ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ ജനിക്കുന്നവരുടെ എണ്ണം കുറയുകയും, ഉള്ള യുവതിയുവാക്കൾ തൊഴിൽ തേടി വിദേശങ്ങളിൽപോയി തിരിച്ചുവരാതിരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നാടിന്റെ വികസനം മുരടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവിധ സാഹചര്യങ്ങൾ വിലയിരുത്തി പരമാവധി മക്കളെ സ്വീകരിക്കുവാൻ മാതാപിതാക്കൾ ശ്രമിക്കണമെന്നും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജീവസംരക്ഷണ സന്ദേശ കേരള യാത്ര ഉത്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരാണ് സമൂഹത്തിന്റെ പ്രധാന സമ്പത്തെന്നും, വരും തലമുറയുടെ സുരക്ഷിതത്വസന്ദേശവും പ്രഘോഷിക്കുന്ന മഹനീയ ശുശ്രുഷയാണ് കെസിബിസി പ്രൊ ലൈഫ് സമിതിനിർവഹിക്കുന്നതെന്നും, സംസ്ഥാന പ്രൊ ലൈഫ് മാർച്ച് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മനുഷ്യജീവന്റെ മഹത്വമാണ് എല്ലാ മതങ്ങളും പ്രഘോഷിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽകെസിബിസി ഫാമിലിയുടെയും പ്രൊ ലൈഫിന്റെയും കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു. അബോർഷൻ, കൊലപാതകം, ലഹരി എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കുന്ന പ്രൊ ലൈഫ് പ്രവർത്തനം ഗ്രാമങ്ങളിലും, ഇടവകളിലും സ്ഥാപന ങ്ങളിലും, പ്രസ്ഥാനങ്ങളിലും സജീവമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തമ കുടുംബങ്ങളിൽ നിന്നുമാത്രമേ നന്മകൾ നിറഞ്ഞ വ്യക്തികൾ വളർന്നുവരുകയുള്ളുവെന്നും,കുടുംബങ്ങളിലെ കേട്ടുറപ്പും കൂട്ടായ്മയുമാണ് രാഷ്ട്രത്തിന്റെ അടിത്തറയെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ കണ്ണൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. അലക്സ് വടക്കുതല പറഞ്ഞു. ഭ്രുണഹത്യയെന്ന ഓമനപേരിൽ അറിയപ്പെടുന്ന കൊലപാതകത്തിനെതിരെ സമൂഹമനസാക്ഷിയുണർത്താനുള്ള പ്രൊ ലൈഫ് ശുശ്രുഷകളിൽ എല്ലാ വിഭാഗം മനുഷ്യരും അണിചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പടന്നകാട് പാസ്ട്രൽ സെന്ററിൽ നടന്ന സമ്മേളനത്തിൽവെച്ച് കേരള മാർച് ഫോർ ലൈഫ് ടീം അംഗങ്ങളായഫാ. ക്‌ളീറ്റസ് കതിര്പറമ്പിൽ, ജോൺസൻ സി എബ്രഹാം,ജെയിംസ് ആഴ്ചങ്ങാടാൻ, സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,ആന്റണി പത്രോസ്, ജോയ്‌സ് മുക്കുടം, മാർട്ടിൻ ന്യൂനസ് എന്നിവർക്ക് പേപ്പൽ പതാകയും, വിശുദ്ധ രൂപങ്ങൾ, ഭക്തവസ്തുക്കൾ എന്നിവ മെത്രാൻമാർ കൈമാറി.

സമ്മേളനത്തിൽ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്‌ളീറ്റസ് വർഗീസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, മാർച്ച് ഫോർ ലൈഫ് ജനറൽ ക്യാപ്റ്റൻ ജെയിംസ് ആഴ്ചങ്ങാടൻ, ജനറൽ കോ ഓർഡിനേറ്റർ സാബു ജോസ്,സ്പിരിച്ചൽ കോഡിനേറ്റർ സിസ്റ്റർ മേരി ജോർജ്,വൈസ് ക്യാപ്റ്റൻമാരായആൻറണി പത്രോസ്,മാർട്ടിൻ ന്യൂനസ് , മോൺസിഞ്ഞൂർ ഫാ.മാത്യു ഇളംതുരുത്തി പടവിൽ, ഫാ.ആൻസിൽ പീറ്റർ, ഫാ.ജോർജ് കളപ്പുര, ഫാ.ജോബി കോവാട്ട്, ഫാ.പീറ്റർ കനീഷ്,സിസ്റ്റർ ജോസ്ന കൈ മാ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.ജോയിൻ്റ് കോഡിനേറ്ററും പ്രോ ലൈഫ് മജീഷ്യനുമായ ജോയ്സ് മുക്കുടത്തിന്റെ മാജിക് ഷോയും ഉണ്ടായിരുന്നു.


14 ജില്ലകളിലെ 32 കത്തോലിക്ക രൂപതകൾ സന്ദർശിച്ചശേഷം നാഷണൽ പ്രൊ ലൈഫ് മാർച് നടക്കുന്ന ഓഗസ്റ്റ് 10-ന് തൃശ്ശൂരിൽ സമാപിക്കും.മൂന്നുറ് കേന്ദ്രങ്ങളിൽ പ്രൊ ലൈഫ് സമ്മേളനങ്ങളും റാലിയും നടക്കും