പെന്തകോസ്ത് സഭയിൽനിന്നും കാത്തോലിക്കാസഭയിലേയ്ക്ക് മടങ്ങിവന്ന ബ്രദർ സജിത്തിനെ സംശയദൃഷ്ടിയോടെയാണ് പല കത്തോലിക്കരും ഇപ്പോഴും കാണുന്നത്.
ഈ അടുത്തകാലത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ പരാമർശങ്ങൾ ഈ സംശയത്തെ പലരിലും ബലപ്പെടുത്തി. തന്മൂലം ചിലർ നിശബ്ദത പാലിച്ച് ഇദ്ദേഹത്തെ വീക്ഷിക്കുന്നു, (വീക്ഷിക്കുന്ന ഗണത്തിലായിരുന്നു ഞാനും) ചിലർ സ്നേഹത്തോടെ അദ്ദേഹത്തെ തിരുത്തുവാൻ ശ്രമിക്കുന്നു. എന്നാൽ മറ്റുചില കൂട്ടർ ഇദ്ദേഹം തട്ടിപ്പുവീരനാണെന്ന് പൂർണമായും വിധിയെഴുതി, പരസ്യമായും രഹസ്യമായും അപമാനിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ഇദ്ദേഹത്തിന്റെ ധ്യാനം കൂടുവാൻ, സാധാരണ ധ്യാനത്തോട് താല്പര്യമുള്ള ചിലർക്കെങ്കിലും താൽപര്യക്കുറവ് തോന്നുക മനുഷ്യസഹജം..
സാധാരണ പ്രസംഗിക്കുന്നതുപോലെ അഭിഷേകവുമില്ലാതെയും വചനം പ്രസംഗിക്കാം. പക്ഷേ അതുവഴി ആത്മാവിന്റെ ഫലം നമ്മിൽ കൂടുതൽ വെളിപ്പെടണമെന്നില്ല. ഒരനുഭവും തോന്നാത്ത, വിരസമായ പ്രസംഗം എന്നൊക്കെ ചിലപ്പോൾ നമുക്ക് തോന്നാറില്ലേ..? പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അവിടെ നടക്കാത്തതാവാം അതിന്റെ കാരണം. ബ്രദർ സജിത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടോ..? ധ്യാനം കൂടിയവർ എന്തുപറയുന്നു എന്നു നോക്കാം..
2022 നവംബർ 7 മുതൽ 10 വരെ കുവൈറ്റിലെ അഹ്മദി ദൈവാലയത്തിൽ (Our lady of Arabia Church) ബ്രദർ സജിത്ത് നയിച്ച ധ്യാനത്തെക്കുറിച്ച്, അതിൽ സംബന്ധിച്ച, അടുത്തറിയാവുന്ന ചിലരിൽനിന്നും ലഭിച്ച feed back ആണ് ഇത് മറ്റുള്ളവരിലേയ്ക്കും എത്തിക്കണമെന്ന് തോന്നിപ്പിച്ചത്. ധ്യാനത്തിൽ സംബന്ധിക്കുവാൻ സാധിക്കാത്തതുകൊണ്ട് സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നില്ല.
ആദ്യദിനത്തിലെ ധ്യാനം കൂടിയ, അമീരി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കുടുംബസുഹൃത്ത് പറഞ്ഞത്, ഇങ്ങനെയൊരു ധ്യാനം അടുത്തകാലത്ത് കൂടിയിട്ടില്ല എന്നാണ്. വി. കുർബാന ആയിരുന്നു ആദ്യദിനത്തിലെ വിഷയം. ആ ക്ലാസ്സ് കൂടിയതിനുശേഷം, വി. കുർബാന, ഈശോയുടെ ശരീരമായികണ്ട് സ്വീകരിക്കുവാൻ കൂടുതൽ കൃപ അവർക്കും കൂടെയുണ്ടായിരുന്നവർക്കും ലഭിച്ചുവെന്ന് വളരെ ആവേശത്തോടെ അവർ പ്രതികരിച്ചു. എങ്കിലും അതത്ര ഗൗരവമായി എടുക്കുവാൻ അപ്പോൾ തോന്നിയില്ല.
Kuwait Nurses Ministry യുടെ ചുമതലകൾ വഹിക്കുന്ന സഹോദരി മൂന്നാം ദിവസം പങ്കുവച്ച ചില കാര്യങ്ങൾ കേട്ടപ്പോൾ, നേരത്തെ കേട്ട അഭിപ്രായത്തിൽ കാര്യമുണ്ടെന്നു തോന്നി.
അവരുടെ ഭർത്താവിനോട് ധ്യാനത്തിനു പോകുന്ന കാര്യം ഒരു മാസം മുൻപ് പറഞ്ഞപ്പോൾ, “ആ കള്ളന്റെ ധ്യാനത്തിന് നീ ഒറ്റയ്ക്ക് പോയാൽ മതി; ഞാൻ വരില്ല; മക്കളെയും വിടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാത്രമല്ല കുവൈറ്റിൽ ബ്രദർ സജിത്തിനെ എതിർക്കുന്ന ചിലരുടെ അഭിപ്രായങ്ങളും അദ്ദേഹം പങ്കുവച്ചു. എങ്കിലും ദൈവകൃപയാൽ കുടുംബത്തിന്റെ നിർബന്ധത്തിനുവഴങ്ങി രണ്ടാം ദിനം അദ്ദേഹം മനസ്സില്ലാമനസ്സോടെ കുടുംബത്തോടൊപ്പം ധ്യാനം കൂടി. സഹനത്തെകുറിച്ചായിരുന്നു അന്നത്തെ ക്ലാസ്. ആ ഒറ്റ ദിവസത്തെ ധ്യാനത്തോടുകൂടി, ബ്രദർ സജിത്തിനോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പൂർണമായും മാറി. അഭിഷേകത്താൽ നിറഞ്ഞ അദ്ദേഹം, പിറ്റേദിവസം ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നിട്ടുകൂടി, ഭാര്യയെക്കൂടാതെ, മക്കളെയും കൂട്ടി, സാൽമിയയിൽനിന്നും 35km അകലെയുള്ള അഹ്മദി ദൈവാലയത്തിലേയ്ക്ക് ധ്യാനത്തിൽ സംബന്ധിക്കുവാൻ പോയി എന്നുകേട്ടപ്പോൾ, അദ്ദേഹത്തെ അറിയാവുന്ന എനിക്ക് അവിശ്വനീയമായി തോന്നി.
വളരെയധികം കൃപ നിറഞ്ഞ variety ധ്യാനം എന്നായിരുന്നു ധ്യാനത്തിൽ സംബന്ധിച്ച sister in law (ചേട്ടന്റെ ഭാര്യ) എന്നോട് പറഞ്ഞത്.വ്യാഴാഴ്ച, നഴ്സസ് മിനിസ്ട്രിക്കു വേണ്ടിയും ഒരു ശുശ്രൂഷ 9 am മുതൽ 1 pm വരെ ബ്രദർ സജിത്ത് ചെയ്തിരുന്നു. ഒരുമണി ആയത് അറിഞ്ഞതേയില്ല എന്നാണ് ഭാര്യയുടെകൂടെ ജോലി ചെയ്യുന്ന, ആ ശുശ്രൂഷയിൽ സംബന്ധിച്ച ഒരാൾ ഭാര്യയോട് പറഞ്ഞത്.
പ്രധാനമായും രണ്ടുകാര്യങ്ങൾ സൂചിപ്പിക്കുവാനാണ് ഒരന്വേഷണവും ഇതേകുറിച്ച് നടത്താതെ ലഭിച്ച വിശ്വസനീയമായ കാര്യങ്ങൾ ഇവിടെ വിവരിച്ചത്.
1.) കത്തോലിക്കാ സഭയിലേയ്ക്ക് മടങ്ങിവന്നുവെങ്കിലും, കത്തോലിക്കാ സഭയിലൂടെ പകർന്നുകിട്ടുന്ന പരിശുദ്ധാത്മ അഭിഷേകം ബ്രദർ സജിത്തിൽ ഇല്ല എന്നു വിചാരിച്ച് ധ്യാനത്തിൽ സംബന്ധിക്കുവാൻ മടികാണിക്കുന്നവരുണ്ടെങ്കിൽ, ഒരു പുനർചിന്തയ്ക്കായി ഇത് വിട്ടുതരുന്നു. (തീർച്ചയായും നിങ്ങളും ഇതേപ്പറ്റി കുവൈറ്റിലെ ധ്യാനം കൂടിയവരോട് അന്വേഷിക്കുക.) അദ്ദേഹത്തിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുള്ളതുകൊണ്ടുതന്നെയാണ് Divine Retreat Center ൽ തന്റെ പ്രധാനപ്പെട്ട ശുശ്രൂഷകൾ ചെയ്യുവാൻ ബ്രദർ സജിത്തിനെ ഇപ്പോഴും അനുവദിച്ചിട്ടുള്ളത്.
2.) ഇദ്ദേഹത്തിലൂടെയുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ ദുഷിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ ചാനലുകാരനോടും കുവൈറ്റിലടക്കം അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തിയ ബൈബിൾ വായിച്ചിട്ടുള്ള ക്രിസ്ത്യാനികൾക്കുള്ള മുന്നറിയിപ്പ്: നിങ്ങൾക്ക് ദുരിതം..!! നിങ്ങൾ ദുഷിച്ചത് ഒരു വ്യക്തിയെ അല്ല; പരിശുദ്ധാത്മാവിനെയാണ്. നിങ്ങൾക്ക് ബ്രദർ സജിത്തിലോ മറ്റേതെങ്കിലും ശുശ്രൂഷകരിലോ സംശയമുണ്ടെങ്കിൽ വിവേകപൂർവം നിശബ്ദത പാലിക്കുകയായിരുന്നു വേണ്ടിയിരുന്നത്. തട്ടിപ്പുവീരൻ എന്നദ്ദേഹത്തെ വിശേഷിപ്പിച്ചവരും, യേശു പിശാചിന്റെ തലവനെക്കൊണ്ടാണ് രോഗശാന്തി നൽകിയതെന്ന് പറഞ്ഞവരും ഒരേ ഗണത്തിലാണ് പെടുക. അങ്ങനെ ദുഷിച്ചവരോട് കർത്താവ് എന്താണ് പറഞ്ഞതെന്ന് ബൈബിളിൽ വായിച്ചിട്ടില്ലേ?പരിശുദ്ധാത്മാവിനെതിരെ അവർ ചെയ്യുന്ന ഇത്തരം പാപം പരലോകത്തിൽപോലും ക്ഷമിക്കപ്പെടില്ല എന്നാണ് കർത്താവ് മുന്നറിയിപ്പ് നൽകിയത്.
“മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് ക്ഷമിക്കപ്പെടും; എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.” (മത്തായി 12:32) എത്ര വലിയ മാരകപാപത്തിലാണ് മഹാപാണ്ഡിത്യം ചമയുന്ന നിങ്ങൾ പെട്ടുപോയിരിക്കുന്നതെന്നറിയാമോ.?
ചുരുങ്ങിയപക്ഷം നിശബ്ദത പാലിച്ച് അപമാനിക്കാതിരുന്നെങ്കിൽ, ദൈവം ക്ഷമിക്കാത്ത ഈ പാപത്തിൽനിന്നും രക്ഷപെടാമായിരുന്നില്ലേ..?
പക്ഷേ, സാത്താന്റെ സ്വാധീനംമൂലം നിങ്ങളിൽ രൂപംകൊണ്ട അഹങ്കാരവും വാശിയും പരിഹാസവും ദൈവത്തെപ്പോലെ എല്ലാമറിയാമെന്ന ചിന്തയും നിങ്ങളെ വീഴിച്ചു. ഇപ്പോൾ നിങ്ങൾ എന്തുനേടി..?
പശ്ചാത്തപിക്കുക; ദൈവം കരുണ ചൊരിഞ്ഞേക്കാം..
“ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:10 -11)
“ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും വിധിദിവസത്തിൽ കണക്കുകൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” (മത്തായി 12: 36 -37)
ദൈവനാമം മഹത്വപ്പെടട്ടെ..ആമേൻ
കടപ്പാട്.FB പോസ്റ്റ്
(Renit AlexSt. Therese Parish,Salmiya, Kuwait)
Jose Sebastian Devasia