ലോകരാജ്യങ്ങൾക്കൊപ്പം പാലാ രൂപത ചിന്തിക്കുന്നു
…കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. 2000 -നു ശേഷം വിവാഹിതരായ ദമ്പതികളില്‍, അഞ്ച് കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1,500 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നതും നാലാമത്തെ കുട്ടി മുതല്‍ തുടര്‍ന്നുള്ള എല്ലാ കുട്ടികള്‍ക്കും ജനനവുമായി ബന്ധപ്പെട്ട സൗജന്യ ആശുപത്രി സേവനങ്ങളും സ്കോളര്‍ഷിപ്പോടുകൂടിയ പഠനവും തുടര്‍ന്ന് എന്‍ജിനീയറിംഗ് കോളജ് അഡ്മിഷനുമെല്ലാം ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
പാലാ രൂപതയുടെ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് മനുഷ്യസ്നേഹികളും ക്രൈസ്തസമൂഹവും കാണുന്നത്. യാഥാര്‍ത്ഥ്യബോധമില്ലാതെ ചിറിമലര്‍ത്തി ചിരിച്ചുകൊണ്ട് ഈ വാര്‍ത്തയെ പുഛിച്ചുതള്ളാനായിരുന്നു കുറെ കപടബുദ്ധിജീവികളും അരാജകവാദികളായ യുക്തിവാദികളും തയാറായത്. എന്നാല്‍, ഭൂമുഖത്ത് ജനനനിരക്ക് കുറയുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് യുണൈറ്റഡ് നേഷനും പല രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഗവേഷകരും മുന്നോട്ടു വന്നിരിക്കുന്ന വിവരം രവിചന്ദ്രൻ അടക്കമുള്ള യുക്തിവാദികൾ അറിഞ്ഞിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന പ്രാധാന്യത്തോടെ, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനായി വന്‍ ഓഫറുകളുമായി പല രാജ്യങ്ങളും ഇതിനോടകം പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിനുള്ളിൽ സംഭവിക്കാൻ പോകുന്ന “ജനസംഖ്യാ ശോഷണം” എന്ന വിപത്തിനെ നേരിടാൻ ലോകരാജ്യങ്ങളെല്ലാം ഒരുമിച്ച് മുന്നോട്ടു വരാൻ പോകുന്നതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നു
ഈ നൂറ്റാണ്ടന്റെ അവസാനത്തില്‍ ലോകജനസംഖ്യയില്‍ 200 കോടി ആളുകളുടെ കുറവ് ഉണ്ടാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്. 2100 ഓടെ 23 രാജ്യങ്ങളില്‍ ജനനനിരക്ക് പകുതിയായി കുറയുമെന്നാണ് 2020 ജൂലൈയില്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. 1950 കളില്‍ ശരാശരി ഒരു സ്ത്രീക്ക് 4.7 കുട്ടികള്‍ ഉണ്ടായിരുന്നത് 2017 ആയപ്പോള്‍ നേര്‍പകുതിയായി കുറഞ്ഞ് 2.4 കുറഞ്ഞിരിക്കുന്നു. ജനനനിരക്കിലുള്ള ഈ സ്ഥിതി തുടര്‍ന്നാല്‍ 2100 ആകുമ്പോഴേക്കും 1.7 എന്ന നിലയിലേക്ക് ജനനനിരക്ക് കുറയും. സ്ത്രീകള്‍ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കുന്നതും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ പ്രചാരത്തിലാകുന്നതും നഗരവത്കരണവും ആയിരിക്കും ജനസംഖ്യ ഗണ്യമായവിധത്തില്‍ കുറയാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. കോവിഡ് മഹാമാരി ഒരു വർഷത്തിനുളളിൽ ലക്ഷക്കണക്കിന് ആളുകളെയാണ് ഇല്ലാതാക്കിയത്. ഇതിൻ്റെ അനന്തരഫലമായി സാമ്പത്തികവും സാമൂഹികവും ശാരീരികവുമായി ഉണ്ടായ ആഘാതം ജനസംഖ്യയെ എപ്രകാരം ബാധിച്ചു എന്നതറിയാൻ കൊല്ലങ്ങൾ കഴിയേണ്ടി വരും.
2017ല്‍ പതിമൂന്നു കോടി ജനസംഖ്യയുള്ള ജപ്പാനില്‍ 2100 -ല്‍ ജനങ്ങള്‍ അഞ്ച് കോടിയായി കുറയും, 2017 -ല്‍ ഇറ്റലിയില്‍ ആറരക്കോടി ജങ്ങളുണ്ടെങ്കില്‍ 2100 -ല്‍ അത് മൂന്നുകോടിയായി കുറയും. കൂടാതെ സ്പെയിന്, പോര്‍ച്ചുഗല്‍, തായ്ലാന്ഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെല്ലാം ഇപ്രകാരം ജനസംഖ്യ പകുതിയായി കുറയുന്ന ഗണത്തിലുണ്ട്.
2064 ഓടെ ലോകജനസംഖ്യ അതിന്റെ ഏറ്റവും ഉയര്‍ന്ന നമ്പറായ 970 കോടിയില്‍ എത്തിച്ചേരും. എന്നാല്‍ തുടര്‍ന്നുള്ള നാല്പത് വര്‍ഷത്തിനകം 880 കോടിയായി കുറയുകയും ചെയ്യുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്. (കോവിഡ്- 19 ബാധ ലോകത്തെ കീഴടക്കുന്നതിനു മുമ്പുള്ള കണക്കാണിത് )
അടുത്ത 80 കൊല്ലത്തിനുള്ളില്‍ ജനസംഖ്യയില്‍ ഉണ്ടാകുന്ന ക്രമരഹിതമായ ഉയര്‍ച്ച -താഴ്ചകള്‍ ലോകരാജ്യങ്ങളെ പലനിലയില്‍ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉദാഹരണത്തിന് ചൈനയില്‍ തൊഴിലെടുക്കുന്നവര്‍ 2017ല്‍ 95 കോടിയാണെങ്കില്‍ 2100ല്‍ അത് 36 കോടിയായി കുറയുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ 2017ല്‍ തൊഴില്‍ ചെയ്യുന്നവര്‍ 76.2 കോടിയാണെങ്കില്‍ 2100ല്‍ ഇത് 58 കോടിയായി കുറയും.
2050 ഓടെ ഭക്ഷ്യോത്പന്നങ്ങളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും നിര്‍മാണം അതിന്റെ ഉച്ചകോടിയിലെത്തും. എന്നാല്‍ തുടര്‍ന്നുള്ള അമ്പത് വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ വലിയതോതില്‍ കുറയുന്നതോടെ വ്യവസായ സ്ഥാപനങ്ങളെല്ലാം വലിയ പ്രതിസന്ധി നേരിടുമെന്നും തൊഴിലാളിക്ഷാമം ഗുരുതരമായിരിക്കുമെന്നും ലോകരാജ്യങ്ങള്‍ ഭയപ്പെടുന്നു.
ജനസംഖ്യ ഏറ്റവുമധികമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ചൈന, ഇന്ത്യ, അമേരിക്ക എന്നനിലയിലാണെങ്കില്‍, 2100 ഓടെ ജനസംഖ്യ ശോഷണത്തിലൂടെ ചൈന നാലാംസ്ഥാനത്തേക്ക് പോകുമെന്നാണ് കണക്കാക്കുന്നത്. യു.എന്നിന്റെയും അനുബന്ധ സംഘടനകളുടെയും ഇടപെടലിലൂടെ ആഫ്രിക്കന്‍ രാജ്യത്ത് ജനജീവിതം കൂടുതല്‍ സുഖമമാകുന്നതിന്റെ ഫലമായി ആഫ്രിക്കന്‍ ജനസംഖ്യ 2100ഓടെ വളരെ വര്‍ദ്ധിച്ച് നൈജീരിയ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്നും ഗവേഷണങ്ങള്‍ പറയുന്നു.
ജനസംഖ്യയില്‍ വലിയതോതില്‍ കുറവു നേരിടുന്ന യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും ജനനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങളാണ് കുഞ്ഞുങ്ങളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നത്. കൂടാതെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുവാനും ഇവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ജനസംഖ്യയില്‍ വരാന്‍പോകുന്ന മാറ്റം നേരത്തെ തിരിച്ചറിഞ്ഞ് ഓസ്ട്രേലിയയും കാനഡയും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
കേരളജനസംഖ്യയില്‍ 1951 മുതലുള്ള സെന്‍സസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രൈസ്തവ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. 1901 -ല്‍ കേരള ക്രൈസ്തവ ജനസംഖ്യ 14 ശതമാനമായിരുന്നുവെങ്കില്‍ 1951ല്‍ ഇത് 20.9 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നുള്ള ഓരോ പത്തുവര്‍ഷത്തിലും കേരള ക്രൈസ്തവജനസംഖ്യ കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2051ല്‍ കേരളത്തില്‍ ക്രൈസ്തവജനസംഖ്യ 16 ശതമാനമായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ സ്ഥാനത്ത് ഹിന്ദു ജനസംഖ്യ 49.3 ശതമാനവും മുസ്ലിം ജനസംഖ്യ 34.6 ശതമാനവുമായിരിക്കുമെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ പ്രഫ. കെ.സി. സഖറിയായുടെ പഠനറിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി 2016ലെ മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.
യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലേക്ക് കേരള ക്രൈസ്തവസമൂഹത്തില്‍നിന്നുള്ള കുടിയേറ്റം തുടര്‍ന്നുള്ള കാലങ്ങളില്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. അതോടൊപ്പം ജനനനിരക്കില്‍ ഓരോ പത്തുവര്‍ഷത്തിലും രണ്ട് ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയാല്‍ 2100 ഓടെ കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ പത്ത് ശതമാനത്തില്‍ താഴെയത്തുമെന്നും കണക്കാക്കുന്നു. ഇതാണ് ക്രൈസ്തവസഭകളെ ആശങ്കയിലാക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ അവിവാഹിതരായ ക്രൈസ്തവയുവാക്കളുടെ എണ്ണം മറ്റിതര മതങ്ങളിലേതിനേക്കാള്‍ വളരെയധികമാണ്. സീറോമലബാര്‍ കത്തോലിക്കാ സഭയില്‍ മാത്രം 30 വയസിനുമേല്‍ പ്രായമുള്ള, അവിവാഹിതരായ ഒരുലക്ഷത്തിലേറെ യുവാക്കളുണ്ടെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം 2019 ഒക്ടോബറില്‍ എഴുതിയ ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. കേരളസംസ്ഥാനം രൂപംകൊള്ളുമ്പോള്‍ ക്രൈസ്തവര്‍ കേരളത്തിലെ രണ്ടാമത്തെ വലിയ സമൂഹമായിരുന്നുവെന്നും ഇപ്പോള്‍ 18.38 ശതമാനവും ജനനനിരക്ക് 14 ശതമാനവുമായി കുറഞ്ഞതായും ഇടയലേഖനം ചൂണ്ടിക്കാണിക്കുന്നു.
ഗവേഷണങ്ങളും കണക്കുകളും നല്കുന്ന ഈ വ്യക്തതകളുടെ വെളിച്ചത്തിലാണ് പാലാരൂപത പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെ കാണേണ്ടോത്. ജനങ്ങളുടെ എണ്ണത്തില്‍ സംഭവിക്കാന്‍ പോകുന്ന കുറവ് വലിയ ഭീഷണിയായി ഐക്യരാഷ്ട്രസംഘടനയ്ക്കും ലോകരാജ്യങ്ങള്‍ക്കും ഇതിനോടകം ബോധ്യപ്പെട്ടു. ഇതിനേ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ അവര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. വാസ്തവത്തില്‍ ഇത്തരമൊരു പ്രതിസന്ധിയാണ് കേരളത്തില്‍ ക്രൈസ്തവസമൂഹവും നേരിടുന്നത്. പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ജനച്ചുരുക്കം എന്ന ഭീഷണി ഈ നിലയില്‍ മുന്നോട്ടു പോയാല്‍ ഒരുനൂറ്റാണ്ടിന് അപ്പുറത്ത് കേരളത്തില്‍ ക്രൈസ്തവജനത നാമമാത്രമായി ചുരുങ്ങുകയും രണ്ട് നൂറ്റാണ്ടിനപ്പുറത്ത് ഇല്ലാതാവുകയും ചെയ്തേക്കാം.
ക്രൈസ്തവസമൂഹം നേരിടുന്ന നിലനില്‍പ്പ് ഭീഷണിയെ മറികടക്കാന്‍ പാലാ രൂപത കൈക്കൊണ്ട തീരുമാനങ്ങള്‍ക്ക് അഭിനന്ദനാർഹമാണ്. ഇന്ത്യയിലെ എല്ലാ ക്രൈസ്തവ രൂപതകളും ഈ വിധത്തില്‍ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ഈ ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാന്‍ കേരളത്തിലെ എല്ലാ ക്രൈസ്തവസമൂഹങ്ങളും പദ്ധതികള്‍ തയാറാക്കണം.
മാത്യൂ ചെമ്പുകണ്ടത്തിൽ
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .