‘ജോൺ ഇരുപത്തിമൂന്നാമൻ’ എന്നത് ചരിത്രത്തിൽ ഇത്തിരി ദുഷിക്കപ്പെട്ട ഒരു പേരാണ്.

പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഊർബൻ ആറാമൻ പാപ്പായുടെ കാലത്ത് അദ്ദേഹത്തെ എതിർത്തു കൊണ്ട് സഭയിൽ മറ്റൊരു മാർപാപ്പ രംഗത്തു വന്നു. ഒരേ സമയം ഒരേ സഭയിൽ രണ്ടു മാർപാപ്പമാർ. വളരെ പ്രതിസന്ധി നിറഞ്ഞ ഒരു സാഹചര്യം! സ്ഥിതിഗതികൾ സങ്കീർണ്ണമായപ്പോൾ പിന്നീടു പാപ്പാമാരുടെ എണ്ണം മൂന്നു വരെയായി എന്നും ചരിത്രം പറയുന്നു.

നാലു പതിറ്റാണ്ടോളം നീണ്ടു നിന്ന വേദനാജനകമായ ആ ഉതപ്പിന്റെ ചരിത്രത്തിലെ അവസാന കണ്ണികളിൽ ഒരാളായ ഒരു മനുഷ്യനുണ്ട്. Anti-Pope എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ മനുഷ്യൻ 1410 ൽ പത്രോസിന്റെ പിൻഗാമിയായി സ്വയം വിശേഷിപ്പിച്ചപ്പോൾ തന്റെ സ്ഥാനിക നാമമായി സ്വീകരിച്ചത് ജോൺ ഇരുപത്തിമൂന്നാമൻ എന്ന പേരാണ്. സഭ ഒരിക്കലും ഓർമ്മിക്കാനാഗ്രഹിക്കാത്ത ആ അധികാരത്തർക്കങ്ങൾക്കൊടുവിൽ 1417 ൽ സഭയിൽ നിന്നു പുറത്താക്കപ്പെട്ട് അയാൾ ചരിത്രത്തിലെവിടെയോ മറഞ്ഞു.

അഞ്ചു നൂറ്റാണ്ടുകൾ കടന്നു പോയി; അനേകം പാപ്പാമാരും. മുറിവുകളൊക്കെ ഉണങ്ങി. പക്ഷെ പിന്നീടു വന്ന മാർപാപ്പമാരാരും ജോൺ എന്നൊരു പേരു സ്വീകരിക്കാൻ തയ്യാറായില്ല. പേപ്പസിയുടെ ചരിത്രത്തിലെ ദുഷിച്ച പേരുകളിലൊന്നായി ആ നാമം കരുതപ്പെട്ടു.

1958 ൽ പ്രഗൽഭനായ പന്ത്രണ്ടാം പീയൂസ് പാപ്പാ കാലംചെയ്തു. സഭയെ നയിക്കാൻ അത്രത്തോളം യോഗ്യനായ ഒരു പിൻഗാമിയെ കണ്ടെത്താനാവാതെ കർദ്ദിനാൾമാർ ആശയക്കുഴപ്പത്തിലായി. ഒടുവിൽ തൽസ്ഥിതി തുടർന്നു കൊണ്ടു പോകാൻ വേണ്ടി മാത്രം പ്രായംചെന്ന സാധാരണക്കാരനായ ഒരാളെ അവർ കണ്ടെത്തി. എഴുപത്തിയെട്ടുകാരനായ കർദ്ദിനാൾ റൊൺകാലി! മിടുക്കനായ പുതിയൊരാളെ കണ്ടെത്തുംവരെയുള്ള ഒരു ‘താൽക്കാലിക ക്രമീകരണം!’

ഒരു ‘Stop-Gap Pope’ എന്നൊക്കെ മാധ്യമങ്ങൾ അദ്ദേഹത്തെ ഇകഴ്ത്തി.

കൊൺക്ലേവിനൊടുവിൽ എന്തു പേരാണ് സ്വീകരിക്കുന്നത് എന്നു കർദ്ദിനാൾമാർ ചോദിച്ചപ്പോൾ കർദ്ദിനാൾ റൊൺകാലി പറഞ്ഞു: ‘I will be called John!’

എല്ലാവരുടേയും നെറ്റി ചുളിഞ്ഞു. 500 വർഷങ്ങൾക്കു ശേഷം പഴയ Anti-Pope ന്റെ പേരിന് മറ്റൊരവകാശി വന്നെത്തിയിരിക്കുന്നു. പക്ഷെ അവർ സമ്മതിച്ചു. ‘സ്റ്റാറ്റസ്കോ മെയിന്റൈൻ’ ചെയ്യാൻ വേണ്ടി മാത്രം തെരഞ്ഞെടുക്കപ്പെട്ട ഒരു സാധാരണ മനുഷ്യന് ഏതു പേരായാലെന്ത്!

1958 ൽ കർദ്ദിനാൾ റൊൺകാലി ജോൺ ഇരുപത്തിമൂന്നാമൻ എന്ന പേരിൽ പത്രോസിന്റെ പിൻഗാമിയായി സ്ഥാനമേറ്റു.

വിജ്‌ഞാനികളെ ലജ്‌ജിപ്പിക്കാന്‍ ലോക ദൃഷ്‌ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്‌തമായവയെ ലജ്‌ജിപ്പിക്കാന്‍ ലോകദൃഷ്‌ടിയില്‍ അശക്‌തമായവയെയും’ (1 കോറിന്തോസ്‌ 1:27) എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ അന്വർത്ഥമാകാൻ പോകുകയാണെന്ന് അപ്പോഴാരുമറിഞ്ഞില്ല.

കർദ്ദിനാൾ റൊൺകാലി അവരാരും കരുതിയ ഒരു മനുഷ്യനായിരുന്നില്ല. അദ്ദേഹത്തെ തെരഞ്ഞെടുത്തത് പരിശുദ്ധാത്മാവായിരുന്നു.

ഒരൽപ്പം ഫ്ലാഷ്ബാക്ക്!

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ആൽക്കഹോളിക് ആയ ഒരു പുരോഹിതനെ വെനീസിലെ സഭ പുറത്താക്കി. പക്ഷെ ആ ശിക്ഷ അയാളുടെ പോക്ക് കൂടുതൽ വഷളാക്കി.

ഒരു ദിവസം ബാറിലിരുന്ന് മദ്യപിക്കുമ്പോൾ ഒരാൾ വന്ന് ഒരു സ്വകാര്യം പറഞ്ഞു. പുതിയ മെത്രാൻ അയാളെ അന്വേഷിച്ച് പുറത്തു നിൽക്കുന്നു എന്ന്.

ആദ്യം വിശ്വസിച്ചില്ല. അവിടെത്തന്നെയിരുന്നു. പക്ഷെ മെത്രാൻ വിട്ടില്ല. ബാറിനകത്തേക്കു വന്നു. കയ്യോടെ പിടികൂടി നേരേ പള്ളിയിലേക്കു കൊണ്ടുപോയി. ഒരു കസേരയിലിരുത്തി മുന്നിൽ മുട്ടുകുത്തി മെത്രാൻ പറഞ്ഞു:

‘എനിക്കൊന്നു കുമ്പസാരിക്കണം!’

വൈദികൻ ഞെട്ടിപ്പോയി. അയാളിലെ ലഹരി മുഴുവൻ ഒറ്റനിമിഷം കൊണ്ട് ആവിയായി. മുന്നിൽ മുട്ടുകുത്തിയ മെത്രാൻ പാപക്ഷമ ചോദിക്കാൻ തുടങ്ങി. ‘എന്റെ പിഴ’ എന്നു നിലവിളിച്ച് നെഞ്ചത്തടിച്ചപ്പോഴൊക്കെ പിളർന്നു നുറുങ്ങി രക്തം കിനിഞ്ഞത് കുമ്പസാരം കേട്ടുകൊണ്ടിരുന്നവന്റെ ഹൃദയത്തിൽനിന്നായിരുന്നു.

അപ്പന്റെ ശിരസ്സിലേക്ക് മകന്റെ ഹൃദയം നുറുങ്ങിയ ചോര കണ്ണുകളിലൂടെ ഇറ്റുവീണു. ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ട് അയാൾ മെത്രാനെ ആശീർവദിച്ചു. അനുതാപക്കണ്ണീരാൽ കാഴ്ച മറഞ്ഞ ആ കണ്ണുകളിലേക്കു മുഖമുയർത്തി മെത്രാൻ പറഞ്ഞു: ‘മോനേ ദൈവം നിന്നെ വിളിച്ചത് ഇതിനു വേണ്ടിയാണ്!’

അപ്പോൾ ദൈവം സ്വർഗ്ഗത്തിന്റെ താക്കോൽക്കൂട്ടത്തിൽ ഒരു മെത്രാന്റെ പേരെഴുതി ടാഗു ചെയ്തു:

ആഞ്ചലോ ജൂസെപ്പി റൊൻകാലി! ഇനിയാ താക്കോൽ അദ്ദേഹത്തിനുള്ളതാണ്.

ആ മെത്രാൻ പിന്നെ കർദ്ദിനാളും മാർപാപ്പയുമൊക്കെയായി. അദ്ദേഹമാണ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ. അവസാനത്തെ പാപിക്കും തന്റെ ഹൃദയത്തിൽ ഇടം കൊടുത്ത അദ്ദേഹമെങ്ങെനെയാണ് വെറുമൊരു സാധാരണക്കാരനാകുന്നത്?

അദ്ദേഹത്തിലൂടെ പരിശുദ്ധാത്മാവിന്റെ കാറ്റ് സഭയിൽ വീശിയടിച്ചു. സഭയുടെ ചരിത്രത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്കു വഴിതെളിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ 1962 ൽ വിളിച്ചു ചേർത്തത് അദ്ദേഹമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടി സഭയെ സജ്ജമാക്കിയ സുപ്രധാനമായ തീരുമാനം!

1963 ൽ അദ്ദേഹം സ്വർഗ്ഗത്തിലേക്കു മടങ്ങി. 2014 ൽ സഭ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ജോൺ ഇരുപത്തിമൂന്നാമൻ എന്ന പേര് ഇപ്പോൾ സഭയിൽ ഒരു വിശുദ്ധന്റേതാണ്!

അഞ്ചു നൂറ്റാണ്ടു മുമ്പ് ജോൺ ഇരുപത്തിമൂന്നാമൻ എന്ന നാമത്തിനേറ്റ കളങ്കം തന്റെ ജീവിതം കൊണ്ടു മായിച്ചു കളഞ്ഞ അതിവിശുദ്ധൻ.

പറഞ്ഞുവന്നത്,ദുഷിച്ചതും ദുഷിക്കപ്പെട്ടതുമായ പേരുകളാലും പിടിവാശിയാലുമൊക്കെ തെരുവിൽ അപമാനിക്കപ്പെടുന്ന സഭാമാതാവിന്റെ കളങ്കം, ജീവിതം കൊണ്ടു കഴുകിക്കളയാൻ ആയമ്മയ്ക്ക് വിശുദ്ധരായ മക്കളെ വേണം!

നിങ്ങൾക്ക് ചങ്കുറപ്പുണ്ടോ…?

Sheen Palakkuzhy

നിങ്ങൾ വിട്ടുപോയത്