ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ ഇന്ന്അഭിഷിക്തരാകും.

ഷംഷാബാദ്: സീറോമലബാർ സഭയുടെ ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ ഇന്ന് രാവിലെ ഒന്പതിന് ഷംഷാബാദിനടുത്തുള്ള ബാലാപൂരിലെ കെടിആർ ആൻഡ് സികെആർ കൺവൻഷൻ ഹാളിൽവച്ച് അഭിഷിക്തരാകും. പാലാ രൂപതാംഗമായ മാർ ജോസഫ് കൊല്ലംപറന്പിൽ, ചങ്ങനാശേരി അതിരൂപതാംഗമായ മാർ തോമസ് പാടിയത്ത് എന്നിവരാണ് നിയുക്ത സഹായമെത്രാന്മാർ. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ എന്നിവർ സഹകാർമികത്വം വഹിക്കും. വചനസന്ദേശം നൽകുന്നത് അദിലാബാദ് ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടനാണ്. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ തെലുങ്കാന ബിഷപ്സ് കോൺഫറൻസ് സെക്രട്ടറിയും ഏലൂരു ബിഷപ്പുമായ ജയറാവു പോളിമെറാ അധ്യക്ഷനായിരിക്കും.
പാലാ രൂപതയിലെ നീറന്താനം ഇടവകാംഗമായ റവ.ഡോ. ജോസഫ് കൊല്ലംപറന്പിൽ ഷംഷാബാദ് രൂപതയുടെ ഗുജറാത്ത് സബർമതി മിഷന്റെ വികാരി ജനറാളായി ശുശ്രൂഷ ചെയ്തുവരവെയാണ് സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് മുതൽ ഡാമൻ, ഡ്യൂ നാഗർഹവേലി ദ്വീപുകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ അജപാലന അധികാരപരിധിയിൽ വരും. ചങ്ങനാശേരി അതിരൂപതയിലെ വെട്ടിമുകൾ ഇടവകാംഗമാണ് റവ.ഡോ. തോമസ് പാടിയത്ത്. അതിരൂപത വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഉത്തർപ്രദേശിലെ 17 ജില്ലകളും രാജസ്ഥാൻ മുഴുവനും അദ്ദേഹത്തിന്റെ അജപാലന അധികാരപരിധിയിൽ വരും.




