വിശ്വാസത്തെ അതിലളിതമായി ചിത്രീകരിക്കാനുള്ള പ്രവണത ഇന്നത്തെ കാലഘട്ടത്തിൽ പലപ്പോഴും ദൃശ്യമാണ്. പ്രത്യേകിച്ച്, ഇന്ന് സീറോ മലബാർ സഭയിൽ വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷമായ വിശുദ്ധ കുർബാനയിൽ കാർമികൻ എങ്ങോട്ട് തിരിഞ്ഞു നിൽക്കണം എന്നതിനെച്ചൊല്ലിയുള്ള വ്യത്യസ്താഭിപ്രായങ്ങൾ പലപ്പോഴും എത്തിനിൽക്കുന്നത് സഭയുടെ വിശ്വാസത്തെ അതിലളിതമായി ചിത്രീകരിക്കുന്നതിലാണ് .

തീർത്തും അതിലളിതമായി വിശ്വാസത്തെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മുന്നറിയിപ്പ് നൽകുന്നുണ്ട്. 2000 ൽ പ്രസിദ്ധീകരിച്ച “ലിറ്റർജിയുടെ ചൈതന്യം” എന്ന തന്റെ ഗ്രന്ഥത്തിലെ ‘അൾത്താരയും ലിറ്റർജിക്കൽ പ്രാർത്ഥനയുടെ ദിശയും’ എന്ന അധ്യായത്തിലാണ് ഇതിനെക്കുറിച്ചുള്ള സൂചന അദ്ദേഹം നൽകുന്നത്. വിശുദ്ധ കുർബാനയിൽ കാർമ്മികനും ജനങ്ങളും എങ്ങോട്ട് തിരിഞ്ഞു നിൽക്കണം എന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളെ പരിശുദ്ധ പിതാവ് ഇവിടെ വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം ഇപ്രകാരമാണ് :“വിശുദ്ധ കുർബാനയുടെ അർപ്പണ സമയത്ത് നമ്മൾ കിഴക്കോട്ടോ ക്രൂശിത രൂപത്തിന് നേരെയോ നോക്കേണ്ടതില്ല. പുരോഹിതനും വിശ്വാസികളും പരസ്പരം നോക്കി നിൽക്കുമ്പോൾ അവർ മനുഷ്യനിലുള്ള ദൈവത്തിന്റെ ഛായയെ ആണ് നോക്കുന്നത്. അതിനാൽ പരസ്പരം നോക്കി നിൽക്കുന്നതാണ് പ്രാർത്ഥനയ്ക്കുള്ള ശരിയായ ദിശ”.

മുകളിൽപ്പറഞ്ഞ ഈ അഭിപ്രായത്തെ വിശകലനം ചെയ്തുകൊണ്ട് ബെനഡിക്ട് മാർപാപ്പ ഇപ്രകാരം പറയുന്നു:” ഇത് ഗൗരവമായ ഒരു വാദമാണെന്ന് ഇത് ഉന്നയിച്ച ആൾ തന്നെ കരുതുമെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമുണ്ട്. കാരണം, ഇതുപോലെയുള്ള അതിലളിതമായ രീതിയിലല്ല ദൈവത്തിന്റെ ഛായ നാം മനുഷ്യനിൽ കാണുന്നത്. മനുഷ്യനിലെ ദൈവഛായയുടെ ഫോട്ടോ എടുക്കാനോ ഫോട്ടോഗ്രാഫിയിലേതു പോലുള്ള വീക്ഷണത്തിലൂടെ അതിനെ ദർശിക്കാനോ നമുക്ക് സാധിക്കുകയില്ല. വിശ്വാസത്തിന്റെ പുതിയ ദർശനത്തിലൂടെ മാത്രമാണ് നമുക്കത് കാണാൻ സാധിക്കുന്നത്. മനുഷ്യനിലെ നന്മ,സത്യസന്ധത,ആന്തരിക സത്യം, വിനയം,സ്നേഹം എന്നിവയെ കാണുന്നതുപോലെയാണ് അത്.ഇങ്ങനെ കാണാൻ സാധ്യമാകണമെങ്കിൽ പുതിയൊരു രീതിയിൽ കാണാൻ നാം പഠിക്കണം. അതിനുവേണ്ടിയാണ് പരിശുദ്ധ കുർബാന”.

പുതിയൊരു രീതിയിലാണ് നാം ദൈവത്തിന്റെ ഛായ മനുഷ്യനിൽ കാണേണ്ടത് എന്ന് ഓർമിപ്പിക്കുന്ന മാർപാപ്പ അതിനുവേണ്ടിയാണ് പരിശുദ്ധ കുർബാന നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നു .പരിശുദ്ധ കുർബാനയെ ലളിതവൽക്കരിക്കാനും നിസ്സാരവൽക്കരിക്കാനുമുള്ള നമ്മുടെ കാലഘട്ടത്തിലെ ബാഹ്യ- ആന്തരിക ശ്രമങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പായി പരിശുദ്ധ പിതാവിന്റെ ഈ വാക്കുകൾ നമുക്ക് മനസ്സിലാക്കാം.

അതിലളിതമായ വിധത്തിൽ പലരും വിശ്വാസത്തെ നോക്കിക്കാണുമ്പോൾ വിശ്വാസവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും പ്രസക്തി നഷ്ടപ്പെടുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ് . ദൈവം എല്ലായിടത്തുമില്ലേ, പിന്നെയെന്തിനാണ് ഒരു ദിക്കിലേക്ക് മാത്രം നോക്കി പ്രാർത്ഥിക്കുന്നത്? വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽ പോരേ,എന്തിനാണ് പള്ളിക്കെട്ടിടങ്ങൾ? തുടങ്ങിയ ചോദ്യങ്ങൾ ഇതിനുദാഹരണമാണ്. ക്രൈസ്തവ കാഴ്ചപ്പാടിൽ, മിശിഹായുടെ രണ്ടാമത്തെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടാണ് കാർമികനും ജനങ്ങളും ഒരേ ദിക്കിലേക്ക് തിരിഞ്ഞ് പ്രാർത്ഥിക്കുന്നത്. ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തിയതു (Revelation of God) കൊണ്ടാണ് നമുക്ക് അവിടുത്തെ അറിയാൻ സാധിക്കുന്നതെന്ന് ബെനഡിക്ട് മാർപാപ്പ ഓർമ്മിപ്പിക്കുന്നു .ദൈവം സർവ്വവ്യാപിയാണെന്ന അറിവ് നമുക്ക് ലഭിച്ചതു തന്നെ അവിടുത്തെ വെളിപ്പെടുത്തലിന്റെ ഫലമായിട്ടാണ്. അതിനാൽ വെളിപ്പെടുത്തപ്പെട്ട ദൈവത്തോടുള്ള നമ്മുടെ ആഭിമുഖ്യം പ്രാർത്ഥനകളിൽ നാം പ്രദർശിപ്പിക്കേണ്ടത് മനുഷ്യാവതാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.അതായത്, മാംസമായിത്തീർന്ന വചനത്തിലൂടെ ത്രിത്വൈക ദൈവത്തിലേക്ക് നോക്കിക്കൊണ്ടായിരിക്കണം നമ്മുടെ പ്രാർത്ഥനയെന്ന് കാർമ്മികനും ജനങ്ങളും ഒരേ ദിശയിലേക്ക് തിരിഞ്ഞ് പ്രാർത്ഥിക്കുന്നതിന്റെ അർത്ഥം വ്യക്തമാക്കിക്കൊണ്ട് മാർപാപ്പ പറയുന്നു.

വിശ്വാസം എന്നത് സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു കൊടുക്കുന്ന ഉത്തരമാണെന്ന് ബോധ്യമുള്ള ഒരു ക്രൈസ്തവൻ ഒരിക്കലും തന്റെ വിശ്വാസത്തെ അതിലളിതമായി സമീപിക്കില്ല.പള്ളിയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന എന്നത് ഒരു സ്വകാര്യപരിപാടിയല്ലെന്നും സഭാകൂട്ടായ്മയുടെ വലിയ അനുഭവമാണെന്നും സഭ നിശ്ചയിക്കുന്നതുപോലെയാണ് നാം അതിൽ പങ്കുകൊള്ളേണ്ടതെന്നുമുള്ള കാഴ്ചപ്പാട് നഷ്ടപ്പെടുമ്പോഴാണ് വിശുദ്ധ കുർബാന ഒരു വിവാദ വിഷയമോ ഏതെങ്കിലും ഒരു രൂപതയുടെ ആഭ്യന്തര കാര്യമോ ആയി മാറുന്നത്.ഫ്രാൻസിസ് മാർപാപ്പ 2022 ജൂൺ 29ന് പ്രസിദ്ധീകരിച്ച”ഞാൻ അത്യധികം ആഗ്രഹിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു:”ആരാധനക്രമം വ്യക്തികേന്ദ്രീകൃതമായ ദൈവികരഹസ്യത്തിന്റെ അറിവിലേക്ക് നമ്മെ വിടുന്നില്ല.മറിച്ച്, അത് ഒരുമിച്ച് ഒരു കൂട്ടായ്മയായി വചനത്തിലൂടെയും കൗദാശിക പ്രതീകങ്ങളിലൂടെയും നമുക്ക് വെളിപ്പെടുത്തിത്തരുന്ന രഹസ്യത്തിന്റെ ആഴത്തിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു” (No.19).

അതിലളിതമായി വിശ്വാസം അവതരിപ്പിക്കപ്പെടുമ്പോൾ യുക്തി അവിടെ മാറ്റിനിർത്തപ്പെടുകയാണ് ചെയ്യുന്നത്.യുക്തിയെ മാറ്റിനിർത്തുന്ന വിശ്വാസത്തെക്കുറിച്ച് ജോൺപോൾ രണ്ടാമൻ മാർപാപ്പ മുന്നറിയിപ്പ് നൽകുന്നുണ്ട്.1998 സെപ്തംബർ 14ന് അദ്ദേഹം പ്രസിദ്ധീകരിച്ച “വിശ്വാസവും യുക്തിയും” എന്ന ചാക്രിക ലേഖനത്തിൽ യുക്തിപരമായ അറിവിന്റെയും തത്വചിന്താപരമായ വാദപ്രതിവാദത്തിന്റെയും പ്രാധാന്യത്തെ അംഗീകരിക്കാത്ത വിശ്വാസവാദത്തെ (Fideism)ക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. സഭ ഇതിനെ തള്ളിക്കളയുന്നു. സഭയുടെ വിശ്വാസത്തിന്റെ പ്രത്യേകതയെക്കുറിച്ച് ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പ്രസ്താവിക്കുന്നു: “സഭയുടെ വിശ്വാസത്തിന്റെ പരമമായ നിയമം വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും സഭയുടെ പ്രബോധനാധികാരവും തമ്മിൽ പരിശുദ്ധാത്മാവ് സൃഷ്ടിച്ചിട്ടുള്ള പരസ്പര പൂരകമായ ഒരു ഐക്യത്തിൽ നിന്നുണ്ടാകുന്നു”(No. 55).

അതിനാൽ, ഇന്ന് വിശ്വാസം പലപ്പോഴും അതിലളിതവത്ക്കരിക്കപ്പെടു മ്പോൾ സഭയുടെ വിശ്വാസത്തെ സ്വന്തമാക്കാനും മുറുകെപ്പിടിക്കാനും ഓരോ വിശ്വാസിക്കും സാധിക്കണം.

ഫാ. ജോസഫ് കളത്തിൽ,

താമരശ്ശേരി രൂപത.

നിങ്ങൾ വിട്ടുപോയത്