ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നത് കാലഘട്ടത്തിന്റെ നിയോഗമായി ഓരോ മനുഷ്യനും ഏറ്റെടുക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ. അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ പരിസ്ഥിതി സംരക്ഷണാർത്ഥം സംഘടിപ്പിക്കുന്ന ജീവിതശൈലി ക്രമീകരണ പദ്ധതിയെ കാർബൺ ഫാസ്റ്റിംഗ് കാംപയിന്റെ ഭാഗമായി നടത്തിയ സൈക്കിൾ റാലിയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഹാളിൽ സംഘടിപ്പിച്ച യോഗം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സിനിമാ താരം സാജു നവോദയ സൈക്കിൾ റാലിയിൽ പങ്കെടുത്തവർക്ക് സര്ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, റിട്ട. ജസ്റ്റീസ് വേണു കരുണാകരൻ, റാലി ക്യാപ്റ്റൻ റിജോ, ലാൽ കുരിശിങ്കൽ എന്നിവർ സംസാരിച്ചു.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നിന്ന് രാവിലെ 5-ന് പുറപ്പെട്ട സൈക്കിൾ റാലിക്ക് മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ നല്കിയ സ്വീകരണ സമ്മേളനം കാരിത്താസ് ഇന്ത്യ നാഷണൽ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വർഗീസ് മണവാളൻ അധ്യക്ഷത വഹിച്ചു. ആറാം ക്ലാസിൽ പഠിക്കുന്ന ഐസക് ജെയിംസ് മുതൽ റിട്ട. ജഡ്ജ് വേണു കരുണാകരൻ ഉൾപ്പെടെ നൂറിലേറെ പേർ സൈക്കിൾ റാലിയിൽ പങ്കെടുത്തു.

നിങ്ങൾ വിട്ടുപോയത്