ലോകാവസാനം വരെ കൂടെ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തവൻ, തന്റെ വാഗ്‌ദാനപൂർത്തീകരണത്തിനായി സ്വീകരിച്ച ഉപാധി ആയിരുന്നു അപ്പമായി തീരുക എന്നത്. “ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായി”( Jn:10:10) വന്നവൻ അപ്പമായി മാറി. മനുഷ്യനെ നിത്യജീവന് അർഹനാക്കുവാൻ അവൻ തന്നെത്തന്നെ പകുത്തുകൊടുത്തു.

മുറിക്കപ്പെട്ട അപ്പത്തെ ‌ ബൗദ്ധികതയിലേക്ക് ഒതുക്കാനും ചുരുക്കാനും തീക്ഷ്ണതയാൽ വിജ്രംഭിതരായ ക്രിസ്തു സ്നേഹികൾ തുടങ്ങിയപ്പോൾ വി. കുർബ്ബാന അപഹാസ്യങ്ങൾക്കും അവഹേളനങ്ങൾക്കും കാരണമായി മാറി.വി. കുർബ്ബാന ‘ people friendly’ ആക്കാനുള്ള പരിശ്രമങ്ങൾ ‘തുടങ്ങിയപ്പോൾ ബലിയർപ്പണത്തിലെ വ്യതിരക്തതയും കൂദാശാ മൂല്യവും ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. സ്വന്തം കഴിവും മികവും പ്രകടിപ്പിക്കാനുള്ള സ്ഥലമായി ബലിവേദികളെ മാറ്റിയവർക്ക് തങ്ങൾ സാധാരണ വിശ്വാസികൾക്ക് ഉതപ്പിന്‌ കാരണമായി മാറുകയാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല.

വി. കുർബ്ബാനയിൽ ജീവിതത്തിന്റെ അർത്ഥവും ആഴവും കണ്ടെത്തി, തങ്ങളുടെ സാന്നിദ്ധ്യം തന്നെ അനുഗ്രഹമാക്കാൻ വിളിക്കപ്പെട്ടവരും, ദാഹത്തോടും തീക്ഷ്ണതയോടും കൂടി മുറിക്കപ്പെടുന്ന വചനവും അപ്പവും ഭക്ഷിക്കുന്നതിനായി ബലിവേദിയാകുന്ന തീന്മേശയ്ക് ചുറ്റും കൂടേണ്ടവരും ഒരുപോലെ ക്രിസ്തുവിന്റെ ശരീരത്തെ ലേലം വിളിക്കാൻ തുടങ്ങിയപ്പോൾ … അപചയങ്ങളും അന്തഃഛിദ്രങ്ങളും ഉണ്ടായി, അസ്വാരസ്യങ്ങളും അപസ്വരങ്ങളും ഉയർന്നു കേട്ടു. വിശുദ്ധമായതു പന്നിക്കൂട്ടിലേക്കു വലിച്ചെറിയപ്പെട്ടു.

” നിങ്ങൾ പ്രാവുകളെ പോലെ നിഷ്കളങ്കരും സർപ്പങ്ങളെ പോലെ വിവേകികളുമായിരിക്കാൻ” ഓർമിപ്പിച്ചവന്റെ വാക്കുകൾ തങ്ങൾക്കുള്ളതല്ലായെന്നു ചിന്തിക്കുക മാത്രമല്ല, തിരുവചനങ്ങൾ ആപേക്ഷികമായി വ്യാഖ്യാനിക്കാനും തല്പര സഭാസ്നേഹികൾ തയ്യാറായപ്പോൾ വീണ്ടും അവൻ തെരുവീഥിയിൽ നഗ്നനാക്കപ്പെടുന്നു.എന്നിട്ട് മടി കൂടാതെ പറയുന്നു : എല്ലാം സഭയ്ക്കു വേണ്ടി , ക്രിസ്തുവിനെ പ്രതി ; ക്രിസ്ത്യാനിയുടെ നവോദ്ധാനത്തിന് വേണ്ടി !!!

“……… തിരുനാമത്തിൽ ചേർന്നീടാം ഒരുമയോടീബലി അർപ്പിക്കാം “എന്ന് പാടി തകർക്കുന്നവർത്തന്നെ സാഹോദര്യം മറന്നും അവനവനിസത്തെ പ്രണയിച്ചും ചേരി തിരിഞ്ഞും വെല്ലുവിളികളുതിർക്കുമ്പോൾ ‘ നിങ്ങളിലൊരുവൻ എന്നെ ഒറ്റികൊടുക്കുമെന്നു’ സെഹിയോൻ ഊട്ടു ശാലയിൽ മുഴങ്ങിക്കേട്ട ശബ്ദം ഇന്ന് വീണ്ടും അവർത്തിക്കപ്പെടുന്നു.

വിശ്വാസത്തോടും ആചാരാനുഷ്ഠനങ്ങളോടും പ്രതിലോമ പ്രതികരണങ്ങൾ നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിൽ വി. കുർബ്ബാനയുടെ തിരുനാളിനു പതിവിലും കൂടുതൽ പ്രാധാന്യവും പരിശുദ്ധിയുമുണ്ട് .

അപ്പമായി മാറിയവൻ ഇന്നും ക്ഷണിക്കുന്നു, നീട്ടിപ്പിടിച്ച കാരങ്ങളോടെ; അവനെ അറിയാൻ അവനെ അനുഭവിക്കാൻ അവന്റേതായി മാറാൻ അവനെ പകർന്നു നല്കാൻ

മുറിക്കപ്പെട്ട അപ്പത്തിന്റെ ഈ തിരുനാൾ ഒരു ആത്മശോധനയ്ക്കും അവബോധത്തിനും കാരണമാകട്ടെ. സമൂഹത്തെ/ സഹോദരനെ നന്നാക്കാൻ വ്യാപൃതനായിരിക്കുന്നതിനിടയിൽ ഒരു നിമിഷം കണ്ണാടി സ്വന്തം മുഖത്തിന് നേരെ തിരിക്കാം. തെളിമയുടെ അഞ്ജനം അക്ഷികളിൽ പുരട്ടാം . കാഴ്ചയും കാഴ്ചപ്പാടും മാറട്ടെ.ആവശ്യമെങ്കിൽ കണ്ണടകൾ മാറ്റാനുള്ള ആർജ്ജവത്വം തരണേ എന്ന് വിഴുങ്ങുന്ന അപ്പത്തിനൊപ്പം അർത്ഥനയായി സമർപ്പിക്കാം.

അപ്പം ഭക്ഷിച്ചപ്പോൾ കണ്ണുകൾ തുറക്കപ്പെട്ട ശിക്ഷ്യരെ പോൽ, തുറക്കട്ടെ മുറിക്കപ്പെട്ട അപ്പത്തിൽ പങ്കുകാരാകുന്ന ഏവരുടെയും കണ്ണുകൾ .വി. കുർബ്ബാനയുടെ മഹത്വവും പൂർണതയും നേരുന്നു ഏവർക്കും.

✍️ Fr. Ben Joseph

Catholic Priest at Diocese of Kalyan

നിങ്ങൾ വിട്ടുപോയത്