എല്ലാ തൊഴിലും ഒരു വിധത്തിൽ സേവനമാണ്. എന്നാൽ, ചില തൊഴിലുകൾ സേവനം മാത്രവുമാണ്. അത്തരത്തിൽ പ്രാധാന്യമേറിയ ഒന്നാണ് ഭിഷഗ്വരന്‍ അഥവാ ഡോക്ടർ. താൻ നിയോഗിക്കപ്പെട്ടിരിക്കുന്നതു ജനങ്ങൾക്ക് ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കുന്നതിനാണെന്നും പണ സമ്പാദനമല്ല തന്റെ ലക്ഷ്യമെന്നും ഉറച്ച ബോധ്യമുള്ളവരും ആ ബോധ്യത്തിൽ ജീവിക്കുന്നവരും സമൂഹത്തിൽ എക്കാലത്തും ഉണ്ട് എന്നതിന്റെ മികച്ച ഒരു സാക്ഷ്യമാണ് നമ്മുടെ പ്രിയ ഡോക്ടർ ആദരണീയനായ മാത്യു തെക്കേക്കര.

എഞ്ചിനീയറായിരുന്ന ഡോക്ടർ ആണ് മാത്യു തെക്കേക്കര. അധികമൊന്നും പള്ളിയിൽ പോകാത്ത എന്നാൽ ‘ഈശ്വരോ രക്ഷതു’ എന്ന മന്ത്രം നിരന്തരം ഉരുവിട്ടുകൊണ്ടിരുന്ന യോഗിയാണ് ഡോക്ടർ ആണ് മാത്യു തെക്കേക്കര. ചികിത്സിക്കാൻ തന്നെ തേടിയെത്തുന്നരെയും താൻ തേടിച്ചെല്ലുന്നവരെയും ആശ്വാസ വാക്കുകളും ആവശ്യമെന്നു തോന്നിയാൽ ധനസഹായവും ശുപാർശകളും മറ്റു സഹായങ്ങളും ചെയ്യുന്നതിൽ യാതൊരു കുറവും വരുത്താത്ത കാരുണ്യവാനായിരുന്നു ഡോക്ടർ മാത്യു തെക്കേക്കര. തന്നെ ആശ്രയിക്കുന്നവർ എന്തെങ്കിലും ഭീഷണി നേരിടുന്നുവെന്നറിഞ്ഞാൽ നെഞ്ചു നിവർത്തിനിന്നു അവർക്കുവേണ്ടി പോരാടാൻ ചങ്കുറപ്പുള്ള വ്യക്തിയായിരുന്നു ഡോക്ടർ മാത്യു തെക്കേക്കര.

ക്രിസ്‌തുശിഷ്യനായ ജോൺ ക്രിസ്‌തുവിന്റെ വക്ഷസിലേക്കു ചാരികിടന്നുകൊണ്ട് ഗുരുവിന്റെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെയാണ് മാത്യുഡോക്ടർ ആതുരരെ കേൾക്കുന്നത്. തത്സമയം തൻ്റെ ദൈവത്തോടുള്ള ചികിത്സാ ആലോചനകളും ആ അന്തരംഗത്തിൽ നടക്കുന്നുണ്ടാകും. ‘ഈശ്വരോ രക്ഷതു’ എന്നു പറഞ്ഞുകൊണ്ടാണ് നിവർന്നിരിക്കുന്നത്. തുടർന്ന് വീട്ടുവിശേഷങ്ങളും മറ്റും ചോദിച്ചു മരുന്ന് നൽകുമ്പോഴേക്കും രോഗാതുരന്റെ രോഗത്തിനു ശമനം ആരംഭിച്ചിട്ടുണ്ടാകും. കൈപുണ്യമുള്ള ഡോക്ടറെ ഒന്നു കണ്ടാൽ തന്നെ രോഗം മാറുമെന്ന് പറയുന്നവരാണ് ഏറെപ്പേരും.

പ്രിയ ഡോക്ടർ.. അങ്ങയുടെ വേർപാട് ഞങ്ങളുടെ നാടിന് ഒരു തീരാനഷ്‌ടം തന്നെയാണ്.

അങ്ങയ്ക്ക് ഞങ്ങളുടെ കണ്ണീർ പ്രണാമം 🙏🙏🙏❤🌹

ഷാജി ജോസഫ്

നിങ്ങൾ വിട്ടുപോയത്