തൃശൂർ: മനുഷ്യാവകാശ പ്രവർത്തകനും പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ ഭൗതിക അവശിഷ്ടത്തിന് തൃശ്ശൂർ അതിരൂപത തലത്തിൽ പ്രാർത്ഥനാ സ്വീകരണ० നൽകി.
രാവിലെ കോഴിക്കോടുനിന്ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ എത്തിച്ച ഭൗതികവശിഷ്ടം വെച്ച് വികാരി ജോസ് ചാലക്കൽ നേതൃത്വത്തിൽ വി. കുർബാന നടന്നു. തുടർന്ന് അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഒപ്പീസും പ്രത്യേക പ്രാർത്ഥനയും നടത്തി. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തുസ്നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും മനുഷ്യഹൃദയങ്ങളിൽ ഫാ. സ്റ്റാൻ സാമി കാലാകാലങ്ങോളം ജീവിക്കുമെന്നും സമൂഹത്തിലെ അനീതിക്കും അക്രമത്തിനും എതിരെ ശബ്ദമുയർത്താൻ ഫാ. സ്റ്റാൻ സ്വാമി അനേകർക്ക് പ്രചോദനവും പ്രതീക്ഷയുമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ മോൺ. തോമസ് കാക്കശ്ശേരി, മോൺ. ജോസ് വല്ലൂരാൻ, കത്തീഡ്രൽ വികാരി ജോസ് ചാലക്കൽ എന്നിവരുടെയും, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീമതി മേരി റെജീന തുടങ്ങിയ അല്മായ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രാർത്ഥനാ സ്വീകരണ० നൽകിയത്. ബാംഗ്ലൂരിൽനിന്ന് ഭൗതികാവശിഷ്ടം വഹിച്ചുള്ള യാത്രയ്ക്ക് രണ്ട് ഈശോസഭാ വൈദികൻ അനുഗമിച്ചു.
കോഴിക്കോട് പ്രാർത്ഥന സ്വീകരണത്തിനുശേഷം തൃശൂരിലെത്തിച്ച ഭൗതികാവശിഷ്ടം പിന്നീട് എറണാകുളത്തേക്ക് കൊണ്ടുപോയി. ശേഷം ഫാദർ സ്റ്റാൻ സ്വാമിയുടെ ഭൗതിക അവശിഷ്ടം ജന്മനാടായ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകുമെന്ന് അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താത്ത് പറഞ്ഞു.