‘ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ!”

ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്ത്രീ’ എന്നത് അടുത്തകാലത്തു മലയാളത്തിൽ വളർത്തിയെടുത്ത ഒരു ബോധ നിർമ്മിതിയാണ്. ക്രിസ്ത്യൻ ‘സന്യാസത്തെ’ ബോധപൂർവം തമസ്കരിക്കുന്നതിനു മാത്രമല്ല, അതിനു മറ്റു പല ലക്ഷ്യങ്ങളുമുണ്ട് എന്നുവേണം കരുതാൻ. ഉദാഹരണമായി, അടുത്തസമയത്തു നടന്ന ‘ഹിജാബു’ ചർച്ചകളിൽ ഈ ‘നിർമ്മിതി’ ധാരാളമായി ഉപയോഗിക്കപ്പെടുകയുണ്ടായി. ‘ക്രിസ്ത്യൻ സ്ത്രീകളും’ മൂടുപടം ഉപയോഗിക്കുന്നുണ്ട് എന്നതായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്!

സന്ദർഭം അല്പമൊന്നു മാറ്റി, സ്വാതന്ത്ര്യമില്ലാത്ത ക്രിസ്ത്യൻ സ്ത്രീയായിട്ടും ഇതേ കന്യാസ്ത്രീ അവതരിപ്പിക്കപ്പെടുന്നു! അവിടെ കന്യാസ്ത്രീയുടെ വേഷം അസ്വാതന്ത്ര്യത്തിന്റെയും ചൂഷണത്തിന്റെയും വ്യാകുല പ്രതീകമാകുന്നു! ക്രിസ്ത്യൻ സ്ത്രീ സമം കന്യാസ്തീ എന്നു സ്ഥാപിച്ചിട്ടുവേണമോ കന്യസ്ത്രീകൾക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ!

കന്യാസ്ത്രീകൾക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ കുറെയധികം സംഘടനകൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്! മുസ്ലീം സമുദായത്തിലെ സ്ത്രീകളെ പർദ്ദയിടീക്കുന്നതിനു പിന്നിലും ഇതേ സംഘടനകളാണ് എന്നാണ്‌ മനസ്സിലാകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടികളുടെ വിദ്യാർത്ഥി വിഭാഗങ്ങളെ ആശയപരമായി നയിക്കുന്നതും ഇതേ സംഘടനകളാണ് എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്, ഈയിടെ ചില കലാലയങ്ങളിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ നടന്ന ക്രൈസ്തവ പ്രതീകങ്ങളുടെ അവഹേളനം എന്നാണ് മനസ്സിലാകുന്നത്.

സത്യം സ്വാതന്ത്ര്യം സമത്വം സാഹോദര്യം ഇവയെല്ലാം പരസ്പര പൂരകങ്ങളാണ്. സത്യത്തോട് ചേർന്നു മാത്രമേ സ്വാതന്ത്ര്യത്തിലേക്ക് മുന്നേറാൻ കഴിയൂ എന്ന് 1919 ൽ ഗാന്ധിജി ഇന്ത്യയിലെ ജനങ്ങളോടു പറഞ്ഞു. സത്യത്തോടു ചേർന്നു നിൽക്കുന്നവർക്കേ സ്വാതന്ത്ര്യം എന്തെന്നു മനസ്സിലാക്കാനും കഴിയൂ… കന്യാസ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ എന്നറിയാൻ, അവർ സത്യത്തോടു ചേർന്നു സഞ്ചരിക്കുന്നവരാണോ എന്നാണല്ലോ പരിശോധിക്കേണ്ടത്. അവരേക്കാൾ സത്യത്തോടു ചേർന്നു സഞ്ചരിക്കുന്നവർക്ക് അവരിലുണ്ടാകുന്ന വീഴ്ചകളും അവരുടെ കുറവുകളുംമറ്റും ചൂണ്ടിക്കാട്ടാനുള്ള അവകാശമുണ്ട് എന്നും സമ്മതിക്കാം.

സത്യം എന്നത് ക്രിസ്ത്യാനികൾക്ക് ഒരു ആശയംമാത്രമല്ല. യേശുക്രിസ്തു എന്ന ദൈവമനുഷ്യനിൽ സത്യത്തിന്റെ മൂർത്തരൂപം ദർശിക്കുകയും അതിനെ പിഞ്ചെല്ലുകയും ചെയ്യുന്നവരാണ്/അതിനു ശ്രമിക്കുന്നവരാണ്, ക്രിസ്ത്യാനികൾ. യേശുക്രിസ്തുവിനെ ‘അടുത്ത് അനുഗമിക്കാൻ’ ശ്രമിക്കുന്നവരാണ് ക്രൈസ്തവ സന്യാസികളും സന്യാസിനികളും. യേശുവാണ് അവരുടെ മാനദണ്ഡം: സത്യം! അതിനോടു ചേർന്നു നിൽക്കുന്നതാണ്, സഞ്ചരിക്കുന്നതാണ്, അതിനു സാധിക്കുന്നതാണ് സ്വാതന്ത്ര്യം. നിങ്ങൾ അവർക്ക് എന്തു സ്വാതന്ത്ര്യമാണ് വാഗ്ദാനം ചെയ്യുന്നത്? അതാരുടെ ആവശ്യമാണ്? അവരുടെയോ അതോ നിങ്ങളുടെയോ?

അധികാരവും പണവും കായിക ശേഷിയുംകൊണ്ട് സ്ഥാപിച്ചെടുക്കേണ്ടതാണ് സത്യം എന്നു കരുതുന്നവർക്കു കന്യാസ്ത്രീകളെയും ക്രിസ്ത്യൻ സ്ത്രീകളെയും എന്നല്ല, ഏതു സ്ത്രീയേയും മോശമായി ചിത്രീകരിക്കുന്നത് തുടരാം… അത്തരക്കാർക്ക് ആരെയെങ്കിലും സ്വാതന്ത്ര്യത്തിലേക്കോ സമഭാവനയിലേക്കോ സാഹോദര്യ ഭാവത്തിലേക്കോ നയിക്കാൻ കഴിയുകയുമോ എന്നാലോചിക്കുന്നതു കൊള്ളാം. അടിമക്കൂട്ടങ്ങളെ മാത്രമേ അധികാരംകൊണ്ടു സൃഷ്ടിച്ചെടുക്കാൻ കഴിയൂ എന്നു മറക്കാതിരിക്കുന്നത് നന്ന്!

സത്യം, നന്മ, സൗന്ദര്യം ഇവയെല്ലാം ആത്യന്തികമായി ദൈവികവും ആത്മീയവുമായ കാര്യങ്ങളാണ് എന്നറിയുന്നവരാണ് ഭാരതീയർ. സത്യത്തോടു കൂറു പുലർത്താത്ത കലാസൃഷ്ടികൾ സമൂഹത്തിനു വെളിച്ചം പകരും എന്നു കരുതുതാനാവില്ല. സത്യമല്ലാത്തതിനെ എത്ര ഗംഭീരമായി ആവിഷ്കരിച്ചാലും അതിനു മൂല്യം കുറവായിരിക്കും…രസിപ്പിക്കുന്നതെല്ലാം സത്യവും നന്മയും ആകണം എന്നില്ലല്ലോ.

അത്തരം ആവിഷ്കാരങ്ങൾ അപരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ആകാതിരിക്കുന്നതിനു പുലർത്തുന്ന ജാഗ്രതയുടെ പേരാണ് മര്യാദ! മര്യാദയും മാന്യതയുമൊന്നും ബലഹീനതയല്ല.

അന്താരാഷ്ട്ര വനിതാദിനത്തിൽ, കേരളത്തിലെ ‘സ്ത്രീപക്ഷ രാഷ്ട്രീയ’ത്തിലെ ചില കാര്യങ്ങൾ പറയേണ്ടിവന്നത്, പ്രധാനമായും ‘കക്കുകളി’ നാടകം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്ത്രീ സ്വാതന്ത്ര്യത്തിലെ മറച്ചുവച്ച ചില സത്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിനാണ്. നന്ദി!

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്