രണ്ടാം സ്ഥലം: ഈശോമശിഹാലോകത്തിന്‍റെ പാപങ്ങള്‍ ചുമക്കുന്നു

കുരിശിന്‍റെ വഴിയിൽ രണ്ടാം സ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ ലോകത്തിന്‍റെ പാപം ചുമന്നു നീങ്ങുന്ന ക്രിസ്തുവിന്‍റെ യാത്രയാണ് സ്മരിക്കുന്നത്. ചുറ്റിലും റോമാ പട്ടാളക്കാര്‍, സ്നേഹിതന്മാര്‍ ആരുമില്ല, യൂദാസ് ഒറ്റിക്കൊടുക്കുകയും പത്രോസ് തള്ളിപ്പറയുകയും മറ്റ് ശിഷ്യന്മാര്‍ ഓടിയൊളിക്കുകയും ചെയ്തു. സര്‍വ്വരാലും പരിത്യജിക്കപ്പെട്ടവനായി, തലേന്ന് രാത്രി മുതല്‍ പലകോടതികളും കയറിയിറങ്ങി, നിരവധി വിചാരണകളും പരിഹാസവും നേരിട്ട്, ക്ഷീണിതനും പീഡിതനുമായിരിക്കുന്ന സമയത്താണ് അവിടുത്തെ തോളില്‍ ഭാരമേറിയ കുരിശ് പടയാളികള്‍ വച്ചുകൊടുത്തത്. അതും വഹിച്ചു ഗാഗുല്‍ത്തായിലേക്ക് നീങ്ങുന്ന ലോകരക്ഷകന്‍ വാസ്തവമായി എന്താണ് വഹിച്ചത് എന്നാണ് ഈ യാത്രയില്‍ വിചിന്തനം ചെയ്യുന്നത്.

ആദം മുതല്‍ ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യവംശത്തിലും വ്യാപരിക്കുന്ന പാപം, അതിന്‍റെ സകലവിധ അക്രമഭാവവും അതിന്‍റെ വൈവിധ്യവും ആയിരുന്നു കുരിശും തോളിലേറ്റി നീങ്ങിയ ക്രിസ്തുവിനോട് ഗബ്ബത്താ മുതല്‍ ഗോൽഗോത്തയോളം പ്രകടിപ്പിച്ചത്. ക്രിസ്തുവിനോടു വിശ്വാസമില്ലായ്മ, അവിടുത്തോടു ഹിംസാത്മകമായ വിദ്വേഷം, നേതാക്കന്മാരും ജനവും നടത്തിയ തള്ളിപ്പറച്ചിലും പരിഹാസവും, പീലാത്തോസിന്‍റെ ഭീരുത്വം, പട്ടാളക്കാരുടെ ക്രൂരത, യൂദാസിന്‍റെ കയ്പ്പുനിറഞ്ഞ ഒറ്റിക്കൊടുക്കല്‍, പത്രോസിന്‍റെ തള്ളിപ്പറച്ചില്‍, ശിഷ്യന്മാര്‍ ഓടിയൊളിച്ചത്… ഇവയെല്ലാം പാപത്തിന്‍റെ വൈവിധ്യവും അതിന്‍റെ ഭീകരതയും വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളായിരുന്നു (സിസിസി 1851).

പാപപരിഹാരത്തിനായി യഹൂദര്‍ വിവിധ യാഗങ്ങള്‍ അര്‍പ്പിച്ചിരുന്നതായി ലേവ്യ പുസ്തകത്തിലും അതിന്‍റെ വ്യാഖ്യാനങ്ങള്‍ ഹെബ്രായലേഖനത്തിലും വായിക്കുന്നു. ഹോമയാഗം, പാപയാഗം, ഭോജനയാഗം, പാനീയയാഗം, സമാധാനയാഗം, അകൃത്യയാഗം എന്നിങ്ങനെ നിരവധി പേരുകളില്‍ യഹൂദരുടെ യാഗങ്ങള്‍ അറിയപ്പെട്ടു. ഈ ബലികളിലൂടെ യഹൂദൻ ആണ്ടുതോറും തങ്ങളുടെ പാപങ്ങളെ ഓര്‍മിക്കുന്നു. ലേവ്യയാഗങ്ങള്‍ പാപങ്ങളുടെ ഗൗരവത്തെ ഓര്‍മിപ്പിക്കുക മാത്രമേ ചെയ്തിരുന്നുളളൂ. “കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല” (ഹെബ്രായര്‍ 10:3,4). പക്ഷേ യാഗം കഴിച്ച യഹൂദര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. മനഃപൂര്‍വ്വം ചെയ്ത പാപങ്ങള്‍ക്ക് ലേവ്യയാഗങ്ങള്‍ പരിഹാരവുമായിരുന്നില്ല.

പാപപരിഹാരത്തിനായി യഹൂദര്‍ ചെയ്ത ലേവ്യയാഗങ്ങളുടെ ഫലം യഹൂദവംശത്തില്‍ പിറന്നവര്‍ക്കു മാത്രമായിരുന്നു ലഭിച്ചത്. വിജാതീയര്‍ക്ക് ഈ യാഗങ്ങള്‍ ഒന്നിന്‍റെയും ഫലം ലഭിക്കില്ലായിരുന്നു. ഈ യാഗങ്ങളെല്ലാം യേശുക്രിസ്തുവിന്‍റെ കാല്‍വരി യാഗത്തിന്‍റെ നിഴല്‍ മാത്രമായിരുന്നു. ക്രിസ്തുവിന്‍റെ കാല്‍വരിയാഗത്തിന് ശേഷം ജെറുസലേം ദേവാലയം തകര്‍ക്കപ്പെടുന്നതുവരെ, ഏതാണ്ട് നാല്‍പത് വര്‍ഷംകൂടി മാത്രമേ യഹൂദയാഗങ്ങള്‍ നിലനിന്നുള്ളൂ. ഈ കാലയളവില്‍ എഴുതിയ ഹെബ്രായലേഖനം ഈ കാര്യം വിശദമാക്കുന്നു ”പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു” (10:11,12). പാപമോചനം ഉള്ളിടത്തു ലേവ്യവിധിപ്രകാരം നടത്തുന്ന പാപപരിഹാരബലികള്‍ യാതൊന്നും ഇനി ആവശ്യമില്ല എന്ന് ഹെബ്രായലേഖനം പ്രത്യേകം എടുത്തുപറയുന്നുണ്ട് (10:18)

പാപപരിഹാരത്തിനായി നിയമപ്രകാരം യഹൂദര്‍ അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും വാസ്തവത്തില്‍ ദൈവം ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തിരുന്നില്ല. അതിനാല്‍ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുവാന്‍ ദൈവപുത്രന്‍ ശരീരം ധരിച്ച് വരേണ്ടിയിരുന്നു. “അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല. അപ്പോള്‍, പുസ്തകത്തിന്‍െറ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാര ബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്‍െറ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു (ഹെബ്രായര്‍ 10:5-10).

സകല മനുഷ്യര്‍ക്കും പാപമോചനത്തിനുള്ള അവസരമായിരുന്നു യേശുക്രിസതുവിന്‍റെ കാല്‍വരി യാഗത്തില്‍ സംലഭ്യമായത്. സകലമനുഷ്യരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായിരുന്നു. യേശുവില്‍ വിശ്വസിക്കുന്ന ഏതൊരുവനും ആ വിശ്വാസത്താല്‍ ദൈവമുമ്പാകെ പാപത്തില്‍നിന്ന് മോചനുവും അതേത്തുടര്‍ന്ന് നീതീകരണവും പ്രാപിക്കുന്നു എന്നതായിരുന്നു ദൈവത്തിന്‍റെ കുഞ്ഞാടായ ക്രിസ്തുവിന്‍റെ കാല്‍വരിയാഗത്തില്‍ മനുഷ്യവംശത്തിനുണ്ടായ മഹാഭാഗ്യം. സകലജനത്തിനും ഉണ്ടാകാന്‍ പോകുന്ന മഹാസന്തോഷമായിരുന്നു ക്രിസ്തുവിന്‍റെ ജനനം. സകലര്‍ക്കും പാപപരിഹാരം ഉണ്ട് എന്നു പറയുമ്പോള്‍ യഹൂദനും വിജാതീയനും ഈ മഹാഭാഗ്യത്തിന്‍റെ പരിധിയില്‍ വന്നു. വിശ്വാസം വഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു. അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത് (റോമ 3:25)

യേശുക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവന വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ് എന്നായിരുന്നു പൗലോസ് സഭയെ പഠിപ്പിച്ചത്. പാപിയുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നു വചനം മനുഷ്യനായി നമ്മുടെ ഇടയില്‍ പാര്‍ത്തത്; സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ അവിടുന്ന് നമുക്കുവേണ്ടി കുരിശും വഹിച്ച്, കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെ കാല്‍വരിയിലേക്ക് നടന്നു, അവിടെ യാഗമാക്കപ്പെട്ടു. ക്രിസ്തുവില്‍ നിറവേറിയ ഈ രക്ഷാകരസംഭവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് മനുഷ്യന്‍റെ പാപാവസ്ഥയും ദൈവം നല്‍കുന്ന സൗജന്യ രക്ഷയെയുമാണ്. ഇവിടെ പാപത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവാണ് രക്ഷയുടെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നത്. എന്താണ് പാപം എന്ന് ബൈബിള്‍ വിവക്ഷിക്കുന്നത്?

സങ്കീര്‍ത്തനം 15:4 പാപത്തെക്കുറിച്ച് വ്യക്തമായ നിര്‍വ്വചനം നല്‍കുന്നു “അങ്ങേക്കെതിരായി, അങ്ങേക്ക് മാത്രമെതിരായി ഞാന്‍ പാപം ചെയ്തു. അങ്ങയുടെ മുമ്പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു”. ഈ വാക്യത്തിന് വിശുദ്ധ അഗസ്തീനോസ് നല്‍കിയ വ്യാഖ്യാനം കൂടി ചേരുമ്പോള്‍ പാപം എന്നതിനെക്കുറിച്ചുള്ള നിര്‍വ്വചനം കൂടുതല്‍ വ്യക്തമാകുന്നു. അഗസ്റ്റിന്‍ എഴുതി “നിത്യനിയമത്തിന് എതിരായ വാക്കോ പ്രവൃത്തിയോ ആഗ്രഹമോ ആണ് പാപം”.

കടല്‍ത്തിരയ്ക്ക് സമാനമായരീതിയില്‍ പാപത്തിന്‍റെ ഓളങ്ങള്‍ നിത്യനിയമത്തിന് എതിരായ വാക്കും പ്രവൃത്തിയും ആഗ്രഹവുമായി മനുഷ്യനെ എപ്പോഴും തള്ളിക്കൊണ്ടിരിക്കുന്നുവെന്നാണ് മാര്‍തോമ്മാ സുവിശേഷകനായിരുന്ന ഇടയാറന്മുള മൂത്താമ്പാക്കല്‍ സാധു കൊച്ചുകുഞ്ഞ് എഴുതിയത്. പാപത്തിന്‍റെ ഈ തിരത്തള്ളലിനെ പ്രതിരോധിക്കാനായി കുരിശിലേ സ്നേഹത്തെ ഓര്‍മിക്കുക എന്നായിരുന്നു അദ്ദേഹം ക്രൈസ്തവസമൂഹത്തെ ഓര്‍മിപ്പിച്ചത്.

“പാപത്തിന്‍ ഓളങ്ങള്‍ സാധുവേ തള്ളുമ്പോള്‍ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍”

പാപത്തെക്കുറിച്ചുള്ള പഠനം ആദത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഏദെനിലെ പഴം ആസ്വാദ്യകരമായ ഭക്ഷണമായും, കൗതുകം നല്‍കുന്ന കാഴ്ചയായും, അറിവേകാന്‍ അഭികാമ്യവുമായി മനുഷ്യജീവിതത്തിന്‍റെ സര്‍വ്വമേഖലകളിലും സ്വാധീനശക്തിയായി ഇന്നും നിലനില്‍ക്കുന്നു. ഇത് പാപത്തിന്‍റെ സര്‍വ്വാധിപത്യമാണ് വെളിവാക്കുന്നത്. ഈ പഴത്തിന് വിധേയപ്പെടുന്നത് കേവലമൊരു പഴത്തോടുളള ആഗ്രഹം എന്നതിനേക്കാള്‍ അരുത് എന്നു പറഞ്ഞ സൃഷ്ടാവിന്‍റെ നിയമങ്ങളോടുള്ള ലംഘനമായിരുന്നു. ഒരു മനുഷ്യന്‍െറ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നു എന്നാണ് റോമാ ലേഖനത്തില്‍ (5:19) ഏദെനിലെ സംഭവങ്ങളെ വിവരിക്കുന്നത്.

ഏദെനിലെ പഴമായിരുന്നില്ല പാപം, ദൈവകൽപ്പനയെ നിരസിച്ച് അത് പറിച്ചുതിന്നുന്നതിലേക്ക് നയിച്ച അനുസരണക്കേടായിരുന്നു പാപത്തിന് കാരണമായത്. അനുസരണക്കേടുകാണിച്ച പ്രവൃത്തി ലഘുവോ ഗുരുതരമോ എന്നതുമല്ല പ്രശ്നം, സൃഷ്ടാവിനെ ആത്യന്തികമായി വിശ്വസിക്കേണ്ട മനുഷ്യന്‍, സാത്താനെ പൂർണ്ണമായി വിശ്വസിക്കുകയും പാപത്തിന് വിധേയപ്പെടുകയും ചെയ്തു എന്നതായിരുന്നു പ്രശ്നം.

സൃഷ്ടാവായ ദൈവം “അരുത്” എന്നു പറഞ്ഞതിനെ പിശാച് അനുവദനീയമാക്കി മനുഷ്യനു മുന്നില്‍ അവതരിപ്പിക്കുന്നു. സര്‍പ്പത്തില്‍ മറഞ്ഞിരുന്ന സാത്താനും ഹവ്വയും തമ്മിലുള്ള സംഭാഷണം ഇതു വെളിപ്പെടുത്തുന്നു: “സര്‍പ്പം: തോട്ടത്തിലെ ഒരു വൃക്ഷത്തിന്‍െറയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ? ഹവ്വ: തോട്ടത്തിലെ വൃക്ഷഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍, തോട്ടത്തിന്‍െറ നടുവിലുള്ള മരത്തിന്‍െറ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. സര്‍പ്പം: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

മനുഷ്യന് “ദൈവത്തേപ്പോലെ ആയിത്തീരുവാന്‍ കഴിയും” എന്ന സാത്താന്‍റെ വഞ്ചനയ്ക്ക് മനുഷ്യന്‍ വിധേയപ്പെട്ടു എന്നതാണ് ഏദെനിലെ വീഴ്ചയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് Dr Gordon Fee (ഡോ ഗോര്‍ഡന്‍ ഫീ) യുടെ വ്യാഖ്യാനം വായിച്ചപ്പോഴായിരുന്നു വിഷയത്തന്‍റെ ഗൗരവം ഏറെ ബോധ്യപ്പെട്ടത്. അദ്ദേഹം എഴുതുന്നു “You will be able to decide what is good and what is evil” എന്താണ് നന്മയും തിന്മയുമെന്ന് ദൈവത്തെപ്പോലെ തീരുമാനിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ലഭിക്കും. നന്മയെക്കുറിച്ചും തിന്മയെക്കുറിച്ചും ദൈവം വച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി, നന്മയും തിന്മയും എന്തെന്ന് തീരുമാനിക്കാന്‍ മനുഷ്യന്‍ സ്വയം തയാറാകുന്നു എന്നതാണ് പാപത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. അതിനാല്‍ ഡോ ഫീയുടെ ഈ വ്യാഖ്യാനം വളരെ ശ്രദ്ധേയമാണ്.

നന്മയും തിന്മയും എന്തെന്ന് സ്വന്ത ഇഷ്ടപ്രകാരം നിർവ്വചിക്കുവാനും അതിൻ്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുവാനും മനുഷ്യൻ തയാറാകുന്നതാണ് ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും എക്കാലത്തും കാരണമാകുന്നത്. യുദ്ധവും കൊലപാതകവും തട്ടിപ്പുകളും വ്യഭിചാരവും ഗര്‍ഭഛിദ്രവും സ്വവര്‍ഗ്ഗവിവാഹവും തുടങ്ങി എല്ലാത്തരം തിന്മകളെയും നന്മയായി കണക്കാക്കാന്‍ കഴിയുന്ന ഒരു ലോകത്തില്‍ ജീവിക്കുന്ന നമുക്ക് നന്മയും തിന്മയും തീരുമാനിക്കാനുള്ള മനുഷ്യന്‍റെ പ്രാപ്തിയുടെ ഗൗരവം ശരിക്കും മനസ്സിലാകുന്നുണ്ട്. ഏദെന്‍ ചരിത്രാതീതകാലത്ത് നിലനിന്ന ഏദെന്‍തോട്ടം ഇന്ന് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും നിത്യസംഭവമാണ്.

ഏദെൻ പൂങ്കാവനത്തെ ബന്ന് അതിന്‍റെ പൗരാണിക അവശിഷ്ടങ്ങളിൽ മാത്രം അന്വേഷിക്കുന്നത് ബുദ്ധിയല്ല.

ഏശയ്യാ പ്രവചനത്തില്‍ വായിക്കുന്നു: “ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്‍െറ മേല്‍ ചുമത്തി” (53:6). ദൈവിക പദ്ധതിയില്‍നിന്നും വ്യവസ്ഥിയില്‍നിന്നും അകന്നുമാറി ആടുകളെപ്പോലെ സ്വന്ത ഇഷ്ടപ്രകാരമുള്ള വഴികളിലൂടെ അലഞ്ഞുനടക്കുന്ന മനുഷ്യനെ പത്രോസിന്‍റെ ലേഖനത്തിലും (1 പത്രോസ് 2:25) വായിക്കുന്നു. സ്വന്തവഴികളില്‍ സഞ്ചരിക്കുന്നവന്‍ ഇടയനും പാലകനുമായവന്‍െറ അടുത്തേക്കു മടങ്ങിവരുമ്പോൾ, അവിടുന്ന് തുറന്നു തന്നിരിക്കുന്ന നവീനവും സജീവവുമായ പാതയിലൂടെ (ഹെബ്രായര്‍ 10:19) സഞ്ചരിക്കാൻ ഭക്തനു സാധിക്കുന്നു. കുരിശിന്‍റെ വഴികളുടെ ഒടുവിൽ നാം എത്തിച്ചേരുന്നത് ജീവൻ്റെ പുതുവഴിയിലാണ്..

പാപം ചെയ്യുന്ന വ്യക്തിക്ക് പാപക്ഷമ നല്‍കുന്നവനാണ് ക്രിസ്തു. ബൈബിള്‍ പ്രഘോഷിക്കുന്ന മറ്റൊരു സദ്വാര്‍ത്തയാണിത്. “അവിടുത്തെ പുത്രനായ യേശുവിന്‍െറ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹന്നാന്‍ 1:7-9)

പാപിയെ വിശുദ്ധനാക്കുവാനായിരുന്നു ക്രിസ്തു കുരിശു വഹിച്ചത്. യേശുക്രിസ്തുവിലും അവിടുത്തെ കന്യകാജനനത്തിലും പരിശുദ്ധജീവിതത്തിലും കാല്‍വരി യാഗത്തിലും ശരീരത്തോടെയുള്ള പുനഃരുത്ഥാനത്തിലും സ്വര്‍ഗ്ഗാരോഹണത്തിലും മടങ്ങിവരവിലും അന്തിമന്യായവിധിയിലും നിത്യജീവനിലും വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തംമൂലം പ്രാശ്ചിത്തമാകുവാന്‍ ദൈവം തന്‍റെ പുത്രനെ പരസ്യമായി നിറുത്തിയിരിക്കുന്നു; ഇതാണ് സുവിശേഷത്തിന്‍റെ സംക്ഷിപ്തരൂപം. ഈ വിശ്വാസമുള്ളവരുടെ നീതീകരണമാണ് കുരിശിന്‍റെ വഴികളിലൂടെ പുരോഗമിക്കുന്നത്.

മാത്യൂ ചെമ്പുകണ്ടത്തില്‍

നിങ്ങൾ വിട്ടുപോയത്