കൊച്ചി: ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിയായ സൗമ്യയുടെ ദാരുണമായ മരണത്തിൽ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയലക്ഷ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ നടത്തുന്ന ഇത്തരം യുദ്ധസമാനമായ സംഘർഷങ്ങളിൽ നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ ജീവനാണു ഹാനി സംഭവിക്കുന്നതെന്നും സൗമ്യയുടെ മരണം ഇതിനുദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇപ്രകാരം യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സഹിക്കേണ്ടിവരുന്ന യാതനകള്‍ ആർക്കു ഗ്രഹിക്കാന്‍ കഴിയും? യുദ്ധം ഏതു കക്ഷികള്‍ തമ്മിലായാലും മനുഷ്യന്‍ ചെയ്യുന്ന തിന്മയാണ്. യുദ്ധംകൊണ്ട് ആരും ഒന്നും നേടുന്നില്ല. അവശേഷിക്കുന്നത് നഷ്ടങ്ങള്‍ മാത്രം. സൗമ്യയുടെ മരണവും ഈ വസ്തുത തെളിയിക്കുന്നു. കാരുണ്യവാനായ കർത്താവു സൗമ്യയ്ക്കു നിത്യശാന്തിയും, സന്തോഷിനും അഡോണിനും, സൗമ്യയുടെയും സന്തോഷിന്റെയും മാതാപിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും, തുടര്‍ന്നുള്ള ജീവിതത്തില്‍ സംരക്ഷണവും നല്‍കുമാറാകട്ടെ. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രസ്താവനയില്‍ പറയുന്നു.

നിങ്ങൾ വിട്ടുപോയത്