ജീവിതം ഒരു ദീർഘയാത്രയാണ്. ആ യാത്രയിൽ ഒരാളോടൊപ്പം കൈകോർത്തുനടക്കാൻ ഒരാളെ തിരഞ്ഞെടുക്കുന്നത് ജീവിതത്തിലെ ഏറ്റവും ഗൗരവമേറിയ തീരുമാനങ്ങളിലൊന്നാണ്. വിവാഹം ഒരു സാമൂഹിക ക്രമീകരണമാത്രമല്ല; അത് ജീവിതം മുഴുവൻ നീളുന്ന ഒരു ദൈവവിളിയുമാണ്.

  1. ആദ്യം സ്വയം അറിയുക

ഉചിതമായ ജീവിതപങ്കാളിയെ തേടുന്നതിന് മുമ്പ് സ്വയം മനസ്സിലാക്കണം.
എന്റെ ജീവിതലക്ഷ്യം എന്താണ്?
എനിക്ക് പ്രധാനമാകുന്നത് എന്താണ്—വിശ്വാസമോ, കുടുംബമോ, സേവനമോ, കരിയറോ?
സ്വയം അറിയുന്നവർക്കാണ് മറ്റൊരാളെ ശരിയായി തിരിച്ചറിയാൻ കഴിയുക.

  1. മൂല്യങ്ങളിലെ ഐക്യം

വ്യക്തിത്വങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ മൂല്യങ്ങളിൽ ഐക്യം വേണം.
ജീവിതത്തോടുള്ള സമീപനം, വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, കുട്ടികളെ വളർത്തുന്ന രീതി, വിശ്വാസജീവിതം—ഇവയിൽ സമാനത ഉണ്ടെങ്കിൽ ദാമ്പത്യജീവിതം ശക്തമാകും.

  1. വിശ്വാസവും ആത്മീയതയും

ക്രൈസ്തവ ജീവിതത്തിൽ വിവാഹം ഒരു വിളിയാണ്.
ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രത്തിൽ വയ്ക്കുന്നവരോടൊപ്പം ജീവിതം പങ്കിടുമ്പോൾ പ്രതിസന്ധികളിലും ബന്ധം തളരാതെ നിലനിൽക്കും.
അതുകൊണ്ട് വിവാഹനിർണ്ണയം പ്രാർത്ഥനയിലൂടെയും ആത്മീയ വിവേചനത്തിലൂടെയും ആയിരിക്കണം.

  1. സംവാദവും കേൾവിയും

നല്ല ജീവിതപങ്കാളി നല്ല സംസാരക്കാരനാകണമെന്നില്ല; നല്ല കേൾവിക്കാരനായിരിക്കണം.
വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കാനും, പ്രശ്നങ്ങൾ ശാന്തമായി സംസാരിച്ച് പരിഹരിക്കാനുമുള്ള മനസാണ് ദീർഘകാലബന്ധത്തിന്റെ അടിസ്ഥാനം.

  1. പൂർണത തേടരുത്

പൂർണരായ മനുഷ്യർ ഇല്ല.
നമ്മുടെ ദൗർബല്യങ്ങളെ അംഗീകരിക്കാനും, പരസ്പരം വളരാൻ അവസരം നൽകാനും കഴിയുന്ന ഒരാളാണ് ഉചിതമായ ജീവിതപങ്കാളി.

  1. കുടുംബ പശ്ചാത്തലത്തെയും ബന്ധങ്ങളെയും വിലമതിക്കുക

ഒരു വ്യക്തിയെ മാത്രമല്ല, അവൻ/അവൾ വളർന്നുവന്ന കുടുംബപരിസരത്തെയും ബന്ധങ്ങളെയും മനസ്സിലാക്കണം.
കുടുംബത്തെ ആദരിക്കുന്ന ഒരാൾ സാധാരണയായി ജീവിതപങ്കാളിയെയും ആദരിക്കും.

  1. മാറിയ കാലവും മാറിയ യാഥാർത്ഥ്യങ്ങളും

ഇന്ന് ലോകം വളരെ വിശാലമാണ്.
പണ്ട് മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ, സഹപാഠികൾ—എല്ലാവരും ചേർന്ന് ഉചിതമായ പങ്കാളിയെ കണ്ടെത്തുവാൻ സഹായിച്ചിരുന്ന കാലമുണ്ടായിരുന്നു.
ഒരു ഗ്രാമത്തിൽ പഠിക്കുകയും, അധികം ദൂരെയല്ലാതെ ജോലി ലഭിക്കുകയും ചെയ്ത ആ കാലം ഓർക്കുമ്പോൾ തന്നെ സന്തോഷം തോന്നും.
അത് ഇനി തിരികെ കിട്ടുമോ എന്നത് ചോദ്യം തന്നെ.

ഇന്ന് വീടും പഠനസ്ഥലങ്ങളും തമ്മിൽ വലിയ അകലമാണ്.
ഹോസ്റ്റലുകളിൽ പഠനം, ദൂരദേശങ്ങളിലെ ജോലി, വിദേശ ജീവിതം—
ഇവയൊക്കെ ബന്ധങ്ങളെ അകറ്റിയിരിക്കുന്നു.

  1. “ആർക്കും ആരെയും അറിയില്ല” എന്ന അവസ്ഥ

ഇന്ന് പല മാതാപിതാക്കൾക്കും അവരുടെ മക്കളുടെ സഹപാഠികളെയോ, സഹപ്രവർത്തകരെയോ, അവരുടെ കുടുംബ പശ്ചാത്തലങ്ങളെയോ അറിയാൻ പോലും അവസരമില്ല.
ആർക്കും ആരെയും അറിയാത്തതും, അറിയുവാൻ ശ്രമിക്കാത്തതുമായ ഒരു സംസ്കാരം വളർന്നു വരുന്നു.

അങ്ങനെയിരിക്കെ,
വ്യക്തിയെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും അറിയാതെ എങ്ങനെ ഒരു കുടുംബജീവിതം ആരംഭിക്കും?

  1. വിവാഹത്തിന്റെ ഗൗരവം മറക്കരുത്

മരണം വരെ തുടരേണ്ടതും, തലമുറകൾക്ക് ജന്മം നൽകേണ്ടതുമായ ബന്ധമാണ് വിവാഹം.
അതുകൊണ്ട് അതിനെ വളരെ ഗൗരവത്തോടെ കാണണം.

ഏതെങ്കിലും ചടങ്ങിൽ കണ്ടതോ, ആരെങ്കിലും പറഞ്ഞതോ മാത്രമാകരുത് ബന്ധങ്ങളുടെ അടിസ്ഥാനം.
ബാഹ്യമായ വസ്ത്രധാരണമോ, ജോലി സ്ഥാനമോ, വരുമാനമോ മാത്രം നോക്കി “യെസ്” പറയുന്നത് അപകടകരമാണ്.

  1. ദൈവവിളിയും മനുഷ്യശ്രമവും

വിവാഹം ദൈവത്തിന്റെ തിരഞ്ഞെടുപ്പും അനുഗ്രഹവുമാണ്.
പക്ഷേ അതിന്റെ പേരിൽ കയ്യും കെട്ടി കാത്തിരുന്നാൽ ഉചിതമായ വ്യക്തി വീട്ടിലെത്തുകയില്ല.

പ്രാർത്ഥന അനിവാര്യമാണ്.
അതോടൊപ്പം സ്വയം വിലയിരുത്തലും വേണം:
എനിക്ക് എങ്ങനെയൊരു ജീവിതപങ്കാളിയാണ് വേണ്ടത്?
ഈ തീരുമാനത്തിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, വിശ്വസനീയരായവർ—എല്ലാവരുടെയും അഭിപ്രായം മാനിക്കണം.
നമ്മുടെ മികവും കുറവും ഏറ്റവും നന്നായി അറിയുന്നവരാണ് അവർ.

  1. അന്വേഷണ മാർഗങ്ങൾ

നമ്മെ നന്നായി അറിയുന്ന കുടുംബങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുക.
മാറിയ സാഹചര്യങ്ങളിൽ വിശ്വസ്തവും മൂല്യബോധമുള്ളതുമായ മാട്രിമോണികളുടെ സഹായം തേടാവുന്നതാണ്.

മാട്രിമോണി വഴിയായി ഒരാളെ കണ്ടെത്തുമ്പോഴും യഥാർത്ഥ അന്വേഷണം നമ്മുടെ ഉത്തരവാദിത്വമാണ്.
ആവശ്യമെങ്കിൽ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ വിശദമായ അന്വേഷണം നടത്താം.

  1. ജാഗ്രത അനിവാര്യമാണ്

വ്യാജ അവതരണങ്ങൾ, സത്യം മറച്ചുവെയ്ക്കൽ,
മാനസിക രോഗങ്ങൾ, ഗുരുതര രോഗങ്ങൾ, കടബാധ്യതകൾ, കേസുകൾ—
ഇവ ഒളിച്ചുവെച്ച് വിവാഹത്തിലേക്ക് കടക്കുന്ന സംഭവങ്ങൾ വർധിക്കുന്നു.

വിദേശങ്ങളിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സമയത്ത്
താൽക്കാലിക വിവാഹം, കൂടെയിരിപ്പ്, കുട്ടികൾ ഉള്ള കാര്യം മറച്ചുവെക്കൽ—
ഇത്തരത്തിലുള്ള വഞ്ചനാനുഭവങ്ങൾ ഇന്ന് അപൂർവമല്ല.

  1. ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്

“ഇത് ദൈവം കൂട്ടിച്ചേർത്തതാണ്; മനുഷ്യൻ വേർപിരിക്കരുത്.” (മത്തായി 19:6)
“ബുദ്ധിയുള്ള ഭാര്യ കർത്താവിൽ നിന്നുള്ള അനുഗ്രഹമാണ്.” (സദൃശ്യവാക്യങ്ങൾ 19:14)
“സ്നേഹം സഹനശീലമാണ്; ദയാപരമാണ്.” (1 കൊരിന്ത്യർ 13:4)

വിവാഹം ഒന്നുമാത്രമാണ്.
അതിനാൽ തിരഞ്ഞെടുപ്പ് വലിയ പ്രാധാന്യമുള്ളതാണ്.
വിവാഹത്തിനുള്ള യഥാർത്ഥ വിളിയും, കുടുംബജീവിതത്തിനുള്ള മനോഭാവവും ആദ്യമേ തിരിച്ചറിയണം.

ഉപസംഹാരം

മികച്ച ജീവിതപങ്കാളിയെ കണ്ടെത്തുവാൻ ഇത് വായിക്കുന്ന ഓരോ വ്യക്തിക്കും കഴിയട്ടെ.
പ്രാർത്ഥനയോടെയും വിവേചനത്തോടെയും മുന്നോട്ട് പോകുന്നവർ ഒരിക്കലും പരാജയപ്പെടുകയില്ല.

പ്രാർത്ഥന ഉറപ്പുനൽകുന്നു.
ആശംസകൾ.

സാബു ജോസ്
9446329343 🙏🏽

നിങ്ങൾ വിട്ടുപോയത്