മാർ ആലഞ്ചേരിയെ സഭയുടെ പ്രഥമ പാത്രിയാർക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താൽ അത്ഭുതപ്പെടേണ്ട
ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ് സ്ഥാനത്യാഗം ചെയ്ത വാർത്തകൾ നൽകിയിരിക്കുന്നു .
അദ്ദേഹത്തിൻെറ സവിശേഷമായ വ്യക്തിത്വം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .
സാർവത്രിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രസക്തവും സജീവവുമായ വ്യക്തിസഭയെക്കുറിച്ചും , മാർ ജോർജ് ആലഞ്ചേരി പിതാവിനെക്കുറിച്ചും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തും ,എറണാകുളം രൂപതയ്ക്ക് അയച്ച വീഡിയോ സന്ദേശവും സഭാഅംഗങ്ങളും സമൂഹവും വിലയിരുത്തുന്നു . പുറത്തുവരുന്ന നിരവധി ലേഖനങ്ങൾ വിലയിരുത്തലുകൾ അതീവ താത്പര്യത്തോടെ വിശ്വാസികൾ വായിക്കുന്നു .അവർ വേദനയിലും പ്രാര്ഥനയിലുമാണ് .
സഭയിലിലും സമൂഹത്തിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിരവധി നന്മകൾ ചെയ്തു .
നാടിൻെറ പുരോഗതിക്കും നാനാജാതി മനുഷ്യരുടെ നന്മകൾക്കുമായി അദ്ദേഹം ജീവിതം സമർപ്പിച്ചു .
അദ്ദേഹത്തിൻെറ ജീവിതം ഒരു തുറന്ന പുസ്തകമാണ് .കത്തോലിക്കാ വൈദികർ എങ്ങനെയൊക്കെ ആകരുത് എന്ന് എറണാകുളം രൂപതയിലെ ചില വൈദികർ ലോകത്തിന് വെളിപ്പെടുത്തിയപ്പോൾ ഈ പിതാവ് ആരും കാണാതെ ,അറിയാതെ പൊട്ടിക്കരഞ്ഞിട്ടുണ്ടാകും .
മക്കൾക്കുവേണ്ടി മാതാപിതാക്കൾ എന്തും ത്യജിക്കും .ജീവൻപോലും .
കുട്ടികളും കുടുംബവുമുള്ളവർക്ക് മനസ്സിലാകുന്ന ‘കുടുംബജീവിത വ്രതം ‘.
കത്തോലിക്കാ സഭയിലെന്നല്ല ഒരു വിശ്വാസ സന്യാസ സമൂഹത്തിലും ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത നികൃഷ്ട പ്രവർത്തനങ്ങളാണ് ചില വൈദികവേഷധാരികൾ കഴിഞ്ഞ ഏതാനും മാസങ്ങളായി ചെയ്തത് .ഉറച്ചദൈവാശ്രയമായിരിക്കും അദ്ദേഹം ഹൃദയംപൊട്ടിമരിക്കാതിരിക്കുവാൻ പ്രധാന കാരണം .
വൈദികർ അവരുടെ വ്രതങ്ങൾ മറന്ന് പ്രവർത്തിച്ചപ്പോൾ അവരെ പ്രോത്സാഹിപ്പിച്ചവർ ഇനിയെങ്കിലും വസ്തുതകൾ തിരിച്ചറിയട്ടെ ,തിരുത്തട്ടെ . .
മാർ ആലഞ്ചേരി സമാനതകളില്ലാത്ത ആത്മീയ വ്യക്തിത്വം .
ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വം .
എലിയെ തോല്പിക്കാൻ ഇല്ലം ചുട്ടവരോടു ദൈവം ക്ഷമിച്ചാലും ചരിത്രം പൊറുക്കുകയില്ല. എങ്കിലും ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു.
വിശ്വാസികൾക്ക് എപ്പോഴും മാർ ജോർജ് ആലഞ്ചേരിയെ സമീപിക്കാമായിരുന്നു . അദ്ദേഹത്തെ ആർക്കും ഫോണിൽവിളിക്കാമായിരുന്നു .അങ്ങനെ കേരളത്തിൽ എത്ര മെത്രാന്മാരുണ്ട് ?
സീറോ മലബാർ സഭയെ നയിച്ച കർദിനാൾ മാർ ആൻറണി പടിയറ ,മാർ എബ്രഹാം കാട്ടുമന ,കർദിനാൾ മാർ വർക്കി വിതയത്തിൽ എന്നിവരെ പരിചയപ്പെടുവാനും ചിലരോടൊത്തു പ്രവർത്തിക്കുവാനും എനിക്ക്കഴിഞ്ഞിട്ടുണ്ട് .
സീറോ മലബാർ സഭയുടെ പൊതുകാര്യസമിതിയിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ പിതാവിൻെറ കൂടെ വര്ഷങ്ങളോളം പ്രവർത്തിക്കാനുള്ള ഭാഗ്യവും ഉണ്ടായി .
എറണാകുളം അങ്കമാലി അതിരൂപതയുടെ പാസ്റ്ററൽ കൌൺസിൽ എക്സിക്യൂട്ടീവ് സമിതിയിലും ,പൊതുകാര്യ സമിതിയുടെ കൺവീനറായും പ്രവർത്തിക്കുവാൻ കഴിഞ്ഞു .
പിന്നീട് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ജനറൽ സെക്രട്ടറി ,പ്രേസിടെണ്ട് ,സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ എക്സിക്യൂട്ടീവ് സെക്രട്ടറിയായും പ്രവർത്തിക്കുമ്പോൾ അഭിവന്ന്യ ആലഞ്ചേരി പിതാവിനെ അടുത്തറിയുവാനും ,നിർദേശങ്ങൾ സ്വീകരിച്ചു് പ്രവർത്തിക്കുവാനും സാധിച്ചതിൻെറ സംതൃപ്തിയുണ്ട് .
പ്രൊ ലൈഫ് ശുശ്രുഷകൾക്ക് അദ്ദേഹം വലിയ പ്രാധാന്യം നൽകി .
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ വലിയ കുടുംബങ്ങളെ ആദരിച്ച ജീവസമൃദ്ധി പദ്ധതി അദ്ദേഹം 2011 ൽ ഉത്ഘാടനം ചെയ്ത് അനുഗ്രഹിച്ചു .പിന്നീട് കാരുണ്യകേരള സന്ദേശയാത്രക്കും അദ്ദഹത്തിൻെറ വലിയ പിന്തുണ ലഭിച്ചു .
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ എല്ലാ ശുശ്രുഷകൾക്കും വലിയ പിതാവ് പ്രോത്സാഹനം നൽകി .
പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ആപ്തവാക്യമായി അദ്ദേഹം നിർദേശിച്ചത് ജറമിയ 1 ;5 -മാതാവിൻെറ ഉദരത്തിൽ നിനക്കുരൂപം നൽകുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു ;ജനിക്കുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു .; ;ജനിക്കുന്നതിന് മുമ്പേഞാൻ നിന്നെ വിശുദ്ധീകരിച്ചു ;ജനതകൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു .-എന്നായിരുന്നു .
സഭയുടെ കേരളത്തിൻെറ ചരിത്രത്തിൽ ആദ്യമായി മുക ബധിരർക്കും ,കാഴ്ച്ചപരിമിതിയുള്ളവർക്കും വേണ്ടി പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും കൂട്ടായ്മയും നടത്തുവാൻ എനിക്ക് എല്ലാ പിന്തുണയും വലിയ പിതാവ് നൽകി .
മുഴുവൻ സമയവും പങ്കെടുത്തു .പിന്നീട് അത്തരം കൂട്ടായ്മകൾ കേരളത്തിൻെറ വിവിധ നഗരങ്ങളിൽ നടത്തി .
ക്രിസ്മസ് -ഈസ്റ്റർ അവസരങ്ങളിൽ കിടപ്പുരോഗികളെ അവരുടെ വീടുകളിൽ എത്തി പ്രാർത്ഥിക്കുവാനും സമ്മാനങ്ങൾ നൽകുവാനും വലിയ പിതാവ് പ്രത്യേക താത്പര്യം കാണിച്ചു .അദ്ദേഹം ഇപ്പോഴും അത് തുടരുന്നു .
എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്താ എന്ന നിലയിലും വലിയ പിതാവ് നിരവധി കർമ്മപദ്ധതികൾ നടപ്പിലാക്കി .
അദ്ധ്യാപക നിയമനത്തിൽ വലിയതുക നിർബന്ധ സംഭാവന വാങ്ങുന്നതടക്കം പൊതുകാര്യസമിതി കൺവീനർ എന്ന നിലയിൽ പൊതുയോഗത്തിൽ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം അതിനെ അടിച്ചമർത്താൻ ശ്രമിച്ചില്ല .
എല്ലാവര്ക്കും സംസാരിക്കുവാൻ അദ്ദേഹം സമയം അനുവദിച്ചു .എല്ലാ പാസ്റ്ററൽ കൌൺസിൽ യോഗവും നിരവധി ചർച്ചകളുടെയും സംവാദത്തിൻെറയും വേദികളായിരുന്നു .
പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വൈദിക സമിതിയുടെ സെക്രട്ടറിയടക്കം എല്ലാ പ്രസ്ഥാനങ്ങളുടെയും പ്രധാന ഭാരവാഹികളുണ്ട് . പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് സമിതിയിലോ ,പൊതുയോഗത്തിലോ അതിരൂപതയുടെ ഭൂമിവില്പനയെക്കുറിച്ചോ ,സാമ്പത്തിക ബാധ്യതയെക്കുറിച്ചോ ആരും പരാമർശം നടത്തിയിരുന്നില്ല .
പ്രൊക്യുറേറ്റർ ഫാ .ജോഷി പുതുവ വാർഷിക ബജറ്റുപോലും അവതരിപ്പിച്ചിരുന്നു .
പിന്നെ എന്തുകൊണ്ട് ചില വൈദികർ വലിയ പിതാവിനെതിരെ മാധ്യമങ്ങളിൽ പരാതിയുമായി വന്നുവെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല .
അതുകൊണ്ടാണ് വൈദികസമിതിയുടെ വിവാദ യോഗം മാറ്റിവെയ്ക്കുവാൻ രേഖാമൂലം ആവശ്യപ്പെട്ടത് …ഏറെകാര്യങ്ങൾ എഴുതുവാനുണ്ട് .അത് മറ്റൊരവസരത്തിൽ ആകട്ടെ .
ഒരേ കേന്ദ്രങ്ങൾ നിരവധി കേസുകൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നൽകിയപ്പോൾ അവരുടെ പിന്നിലെ വ്യക്തികളും ശക്തികളും ആരാണെന്ന് ആരെങ്കിലും അന്വേഷിച്ചോ ?
മാധ്യമങ്ങളിൽ സ്ഥിരമായി വരുന്ന വ്യക്തികളെ മുന്നിൽ നിർത്തുന്നവരുടെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കി അത് വെളിപ്പെടുത്തുവാനും ബന്ധപ്പെട്ടവർക്ക് കഴിയാതെ പോയി ….എഴുതുവാൻ ഏറെയുണ്ട് .അതിന്സമയമേറെയുണ്ടല്ലോ .
സ്ഥാനത്യാഗം വഴി കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലും സമൂഹത്തിലും കൂടുതൽ കരുത്തനാണ് .കൂടുതൽ കുതിപ്പിന് മുമ്പുള്ള കിതപ്പായി മാത്രം ഈ സ്ഥാനത്യാഗത്തെ കാണുന്നവരുണ്ട് .
സീറോ മലബാർ സഭയുടെ വലിയപിതാവായി ഡിസംബർ 8 മുതൽ തുടരുന്ന അദേഹത്തെ ഭാവിയിൽ സഭയുടെ പ്രഥമ പാത്രിയാർക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താൽ അത്ഭുതപ്പെടേണ്ട .
മാർ ആലഞ്ചേരി
മാന്യത നിറഞ്ഞ മെത്രാൻ
,വിശുദ്ധി നിറഞ്ഞ പിതാവ് ,
രാജ്യത്തിൻെറ പുരോഗതിക്കായി പ്രവർത്തിക്കുന്ന സാമൂഹ്യപരിഷ്കർത്താവ് ,
അദ്ദേഹം കരുത്തും കൃപയും നിറഞ്ഞ ആത്മീയആചാര്യനായി നമ്മോടൊപ്പമുണ്ടാകും .
സാബു ജോസ് ,എറണാകുളം .