🙏🌷 ശാന്തിയരുളുക നാഥാ നിത്യശാന്തിയരുളുക നീനിത്യ വെളിച്ചമിയാളിൽ സദയം തുകണമേ ജഗദീശാ… തുകണമേ ജഗദീശാ🙏

ബ്രദർ കെ.ജെ ജോസഫ് ഇന്ന്( മെയ് 22) പുലർച്ചേ മുന്ന് മണിക്ക് ദൈവസന്നിധിയിലേക്ക് കടന്ന് പോയി. കർത്താവ് അങ്ങിനെയാണല്ലോ വേണ്ടപ്പെട്ടവരെ പെട്ടെന്നങ്ങ് വിളിക്കും. അത്രേ ഞാൻ കരുതുന്നുള്ളു. എന്നെ സംബന്ധിച്ചിടത്തോളം ഒരു ജേഷ്ഠ സഹോദരൻ്റെ ആത്മബന്ധം ഉണ്ടായിരുന്നു.

അതിൻ്റെ ഒരു ദുഃഖമാകും കണ്ണ് നനയിക്കുന്നത്. ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ പോലെ. ഒരിക്കൽ, ഒരു മുപ്പത് കൊല്ലം ആയിക്കാണും ഒരു ദിവസം രാവിലെ 7.30 ആയപ്പോൾ ഞാൻ ബ്രദറിൻ്റെ വീട്ടിൽ ചെന്നു. ഞങ്ങൾ താമസിച്ചിരുന്നത് പോണേക്കരയിൽ ഏതാണ്ട് ഒരു കിലോമീറ്റർ ദുരത്തിനുള്ളിൽ ആയിരുന്നു. ബ്രദർ പുലർച്ചെ എഴുന്നേൽക്കുന്ന സ്വഭാവക്കാരനാണ്.പിന്നെ, പ്രാർത്ഥന, ബൈബിൾ വായന, പത്രപാരായണം, ഫോൺ വിളി (അന്ന് ലാൻ്റ് ലൈനാണ്) അങ്ങിനെ പലതുമുണ്ട്. ഇതൊക്കെ അറിയാവുന്നത് കൊണ്ട് ആവശ്യം വരുമ്പോൾ ഞാൻ പലപ്പോഴും സംസാരിക്കാൻ സമയം കണ്ടെത്തുക രാവിലെ വീട്ടിൽ ചെന്നാണ്. മോളി ചേച്ചി ഒരു ഗ്ലാസ്സ് കട്ടൻ കാപ്പിയും തരും.സംഭവ ദിവസം ഞാൻ ചെന്ന് പതിവ് പോലെ കുശലങ്ങൾ എല്ലാം പറഞ്ഞെങ്കിലും സംസാര മദ്ധ്യേ മനസ്സിൽ ഞാൻ കരുതി വന്ന കാര്യം പറയാൻ കഴിഞ്ഞില്ല. യാത്ര പറയാൻ തുടങ്ങുമ്പോൾ ബ്രദർ പറഞ്ഞു,ആൻ്റണി പോകല്ലേ.. ഒരു കാര്യം തരാനുണ്ട്. മേശവലിപ്പ് തുറന്ന് ഏതാനും നോട്ടുകൾ എടുത്ത് എൻ്റെ കൈയ്യിൽ തന്നു. എന്നിട്ട് പറഞ്ഞു ,ഇതിരിക്കട്ടെ. എൻ്റെ കണ്ണ് നിറഞ്ഞു പോയി അത് 250 രൂപ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ 150 രൂപ കടം ചോദിക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു എൻ്റെ അന്നത്തെ സന്ദർശനം. കുടെയായിരിക്കുന്നവരുടെ മനസ്സറിയാനുള്ള ഒരു കഴിവ് ബ്രദറിന് ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചിറ്റുർ ധ്യാനകേന്ദ്രം സ്ഥാപകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.1991 ൽ എന്നെ ആദ്യമായി ചിറ്റുർ ധ്യാനകേന്ദ്രത്തിലേക്ക് കുട്ടിക്കൊണ്ട് പോയതും പിന്നെ വർഷങ്ങളോളം അവിടെ ശുശ്രുഷ ചെയ്യാൻ അവസരം ഒരുക്കിയതും ബ്രദർ തന്നെയായിരുന്നു. ചിറ്റുർ ധ്യാനകേന്ദ്രം സീറോ മലബാർ സഭ എറ്റെടുക്കുകയും റവ.ഫാ.തദ്ദേവുസ് അരവിന്ദത്ത് ഡയറക്ടർ ആയി ചുമതല ഏറ്റെടുത്ത് വളരെ നാളുകൾക്ക് ശേഷമാണ് ബ്രദർ അവിടുത്തെ ശുശ്രുഷ അവസാനിപ്പിച്ച്, പുറത്ത് കരിസ്മാറ്റിക് ധ്യാനങ്ങൾ സംഘടിപ്പിച്ച് തുടങ്ങിയത്. കരിയാട്, അങ്കമാലി, കാക്കനാട്, വടുതല, എറണാകുളം ഉണ്ണിമിശിഹ പള്ളി, എറണാകുളം സെൻ്റ് മേരീസ് ബസിലിക്ക തുടങ്ങി നിരവധി സ്ഥലങ്ങളിൽ സ്ഥിരമായി അദ്ദേഹം വചനം പ്രസംഗിച്ചിരുന്നു. ഇപ്പോൾ, എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൾ ആയിരിക്കുന്ന റവ.ഫാ.ജോസ് പുതിയേടത്ത് ആയിരുന്നു ജോസഫ് ബ്രദറിൻ്റെ ആത്മീയ ഉപദേഷ്ടാവ് എന്ന് ബ്രദർ എന്നോട് പറഞ്ഞിട്ടുണ്ട്.

വിശുദ്ധ ബൈബിൾ പഴയതും പുതിയതുമടങ്ങിയ ഗ്രന്ഥം അദ്ദേഹത്തിന് മനപ്പാടം ആയിരുന്നു. ഏത് സമയത്തും ഏത് വചനത്തെക്കുറിച്ച് ചോദിച്ചാലും വളരെ കൃത്യമായി പറഞ്ഞു തരുമായിരുന്നു. സഭയോട് ചേർന്നുള്ളതായിരുന്നു ബൈബിൾ വ്യാഖ്യാനങ്ങൾ.ഓരോ മനുഷ്യൻ്റെയും ഹൃദയത്തിൽ ആഴത്തിൽ ദൈവവചനംപതിക്കും വിധത്തിലായിരുന്നു ബ്രദറിൻ്റെ പ്രസംഗങ്ങൾ. ഞാൻ പലപ്പോഴും, ബൈബിളിലെ സംശയങ്ങൾക്ക് ഉത്തരം തേടിയിരുന്നത് ബ്രദറിനോടാണ്. സൗമ്യമായിരുന്നു ഭാവം.16 വർഷം മുൻപ് ഞാൻ ചാലക്കുടിയിലേക്ക് താമസം മാറിയതിന് ശേഷം നേരിലുള്ള സന്ദർശനം അപുർവ്വം ആയിരുന്നെങ്കിലും തുടർച്ചയായി ഫോൺ ബന്ധം ഉണ്ടായിരുന്നു. ഊഷ്മളമായ സൗഹൃദവും. കുടുംബങ്ങൾ തമ്മിലും അത് തുടർന്ന് വരുന്നു.

രണ്ട് മാസങ്ങൾക്ക് മുൻപ് Goodness tv യുടെ”കാഹളം” പ്രോഗ്രാമിലേക്ക് അഥിതിയായി ഞാൻ ക്ഷണിച്ചിരുന്നു. ബഹുമാനപ്പെട്ട വൈദീകർക്കൊപ്പം അതിഗംഭീരമായ പെർഫോമൻസ് ആയിരുന്നു ബ്രദർ നടത്തിയത്.കാരണം, ബൈബിൾ അത്ര ഹൃദ്യസ്ഥമായിരുന്നു ബ്രദറിന്. ചാനലിൽ അത്തരം ഒരവസരം നൽകിയതിന് ഒരു പാട് നന്ദിയും എന്നോട് പറഞ്ഞു. എൻ്റെ വീട്ടിൽ വന്ന് വൈഫിനോടും മക്കളോടും ഒക്കെ സംസാരിച്ചിട്ടാണ് തിരിച്ചു പോയത്.പിന്നീടും, ഫോണിലുടെ ബന്ധപ്പെട്ടിരുന്നു.

. രണ്ടാഴ്ച മുൻപ് ബ്രദറിൻ്റെ മുത്തമകൻ ജോമോൻ ഫോൺ വിളിച്ചു പറഞ്ഞു.ആൻ്റണി ചേട്ടാ… പോസിറ്റീവായി… പപ്പയും മമ്മിയും പോസിറ്റീവാണ്.ജോമോൻ്റെ ഫോൺ കട്ട് ചെയ്ത ഉടൻ ഞാൻ ബ്രദറിനെ ഫോണിൽ വിളിച്ചു.ശബ്ദത്തിൽ നേർത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഞാൻ പറഞ്ഞു… ബ്രദറെ പേടിക്കേണ്ട.. പിന്നെ, എൻ്റെ കോവിഡ് എക്സ്പീരിയൻസും ഒക്കെ പറഞ്ഞ് ഏതാണ്ട് 20 മിനിറ്റിലധികം സംസാരിച്ചു.ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന് പറഞ്ഞാണ് സംഭാഷണം നിറുത്തിയത്.കഴിഞ്ഞ രണ്ട് മുന്ന് ദിവസമായി, ബ്രദറിനെ ഒന്ന് കുടിവിളിച്ച് വിവരം അന്വോഷിച്ചില്ലല്ലോ എന്ന് മനസ്സ് വല്ലാതെ പറഞ്ഞു കൊണ്ടിരിന്നു.ഓരോ തിരക്കുകൾ… നമ്മൾ അങ്ങിനെയാണല്ലോ ശീലം. പിന്നെയാകട്ടെ,നാളെയാകട്ടെ. ഇന്നലെ വീണ്ടും ആ.. ഓർമ്മ വന്നു.ഫോൺ എടുത്ത് ബ്രദറിൻ്റെ നമ്പർ നോക്കുന്നതിനിടയിൽ മറ്റൊരു കോൾ വന്നു. ജോലി സംബന്ധമായ അത്യാവശ്യമായതിനാൽ പിന്നെ അതിൻ്റെ പിന്നാലെ പോയി. ബ്രദറിനെ വിളിക്കുന്ന കാര്യം മറന്നു.

ഇന്ന് പുലർച്ചെ 3.30 ന് ജോമോൻ്റെ കോൾ കണ്ടതും മനസ്സിൽ വല്ലാത്ത ഒരു ഉൾക്കിടിലം. അസമയത്ത് വിളിക്കേണ്ട കാര്യം ഇല്ലല്ലോ… ജോമോനേ…. ഞാൻ മെല്ലെ വിളിച്ചു….. ആൻ്റണി ചേട്ടാ പപ്പ പോയി…. ങേ.. അതൊരു ഞടുക്കം ആയിരുന്നു. ഇന്നലത്തെ മറവി ഇന്ന് എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട്. ഇപ്പോഴും അന്നത്തെ 250 രൂപയുടെ കടം ബാക്കി.ഇത്രയെങ്കിലും എഴുതണമെന്ന് തോന്നി.കർത്താവേ ഈ ആത്മാവിന് നിത്യശാന്തി നൽകേണമേ🙏

Antony Kandamparambil

നിങ്ങൾ വിട്ടുപോയത്