കോട്ടയം: പൊതുസമൂഹത്തിന് നിയമ സഹായം എത്തിക്കാന്‍ കോട്ടയം ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബെന്നി കുഴിയടിയില്‍ ഇന്നു അഭിഭാഷക ഗൗണ്‍ അണിയും. ഇന്നു രാവിലെ 10ന് ഓണ്‍ലൈനില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ ചൊല്ലി കൊടുക്കുന്ന സത്യ പ്രതിജ്ഞ ഫാ. ബെന്നി കുഴിയടിയില്‍ ഏറ്റുചൊല്ലും. കോവിഡ് നിയന്ത്രണങ്ങള്‍ വന്നതിനുശേഷം ഓണ്‍ലൈനായി നടക്കുന്ന മൂന്നാമെത്തെ എന്‍റോള്‍മെന്റ് ചടങ്ങാണ് ഇന്നത്തേത്. 631 പേരാണ് ഇന്നു പുതുതായി എന്‍റോള്‍ ചെയ്യുന്നത്. 25 പേരടങ്ങുന്ന 11 ഗ്രൂപ്പുകളായി തിരിച്ചാണ് ചടങ്ങുകള്‍. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിനുശേഷം നിശ്ചിത സമയത്ത് ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ എന്‍റോള്‍ ചെയ്യും.

കുടമാളൂര്‍ ഫൊറോനയുടെ ഡിഎഫ്‌സി ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. ബെന്നി കുഴിയടിയില്‍ എംജി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നിന്നാണ് നിയമ ബിരുദം പൂര്‍ത്തിയാക്കിയത്. ഡിഎഫ്‌സി ചങ്ങനാശേരി അതിരൂപത പ്രഥമ ഡയറക്ടര്‍, കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടര്‍, കേരള ലേബര്‍ മൂവ്‌മെന്റ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഡിസിഎംഎസ് ഡയറക്ടര്‍, കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലേബര്‍ മൂവ്‌മെന്റ് ഡയറക്ടറായിരിക്കെയാണ് സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ പഠനത്തിനു ചേര്‍ന്നത്. തൊഴിലാളികള്‍ക്കും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നിയമസഹായം നല്‍കുകയാണ് ഈ ഉദ്യമത്തിനു പിന്നിലെന്ന് ഫാ. ബെന്നി കുഴിയടിയില്‍ പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്