തണൽ മരങ്ങൾ’

‘അച്ചാ, പ്രാർത്ഥിച്ചതിന് നന്ദി. തിരിച്ച് പോകാനുള്ള ടിക്കറ്റ് വന്നു. അടുത്ത അവധിയ്ക്ക് വരുമ്പോൾ കാണാം.”

വളരെക്കാലത്തിനു ശേഷം വന്ന സുഹൃത്തിൻ്റെ ഫോണിൻ്റെ ഉള്ളടക്കം ഇങ്ങനെ ചുരുക്കാം.കൊറോണയ്ക്ക് മുമ്പ് നാട്ടിലെത്തിയതാണവൻ. തിരിച്ചു പോകേണ്ട ദിവസമടുത്തപ്പോഴാണ് ലോക്ഡൗൺ. അതോടെ വിമാനസർവീസുകൾ റദ്ദാക്കി.ആ നാളുകളിൽ നാട്ടിലെത്തിയ സന്തോഷമായിരുന്നു വാക്കുകളിൽ.

എന്നാൽ കാര്യങ്ങളുടെ ഗതി മാറിയത് വളരെ പെട്ടെന്നായിരുന്നു. തിരിച്ചു പോകാൻ പറ്റുമോ എന്നായിരുന്നു അപ്പോൾ സംശയം. ആ സന്ദേഹത്തിന് ആക്കം കൂട്ടിക്കൊണ്ട് പലരേയും ജോലിയിൽ നിന്നും പിരിച്ചുവിട്ട വാർത്തയുമെത്തി.അതു കൂടി കേട്ടപ്പോൾ ജീവിതം കൈവിട്ടു പോകുന്ന അവസ്ഥയായി. എപ്പോൾ ഫോൺ വിളിച്ചാലും:”അച്ചാ, പ്രാർത്ഥിക്കണം. വീടുപണിയ്ക്കെടുത്ത ലോൺ, മക്കളുടെ പഠനം…. അങ്ങനെ കാര്യങ്ങൾ പലതുണ്ട്. തിരിച്ചു പോകാനായില്ലെങ്കിൽ മുന്നോട്ടുള്ള യാത്ര എങ്ങനെയാകുമെന്ന് പറയാനാകില്ല”എന്നെല്ലാമായിരുന്നു നൊമ്പരങ്ങൾ.

എന്തായാലും തിരിച്ചു പോകുന്നു എന്നു കേട്ടപ്പോൾ അവനോടൊപ്പം കർത്താവിന് ഞാനും നന്ദി പറഞ്ഞു.കുടുംബത്തെ കരകയറ്റാൻ സ്വദേശത്തും വിദേശത്തുമായ് എല്ലുമുറിയെ പണിയെടുക്കുന്നവർ ഇല്ലെങ്കിൽ നമ്മുടെ നാടിൻ്റെ അവസ്ഥ എന്താകുമായിരുന്നു?

എത്രയെത്ര വ്യക്തികളാണ് ജീവിത പങ്കാളിയെ കാണാതെ, മക്കളോടൊപ്പം ആയിരിക്കാൻ കഴിയാതെ, പ്രിയപ്പെട്ടവരുടെ വേർപാടുകളിൽ ഓടിയെത്താൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ അധ്വാനിക്കുന്നത്?

എൻ്റെ ഒരു സുഹൃത്തിൻ്റെ വാക്കുകൾ ഇപ്പോഴും കാതുകളിൽ അലയടിക്കുന്നുണ്ട്:“അച്ചാ, ഒരു വിശേഷ ദിവസം വരുമ്പോൾ ഞങ്ങൾ പ്രവാസികൾ മുറിയിലിരുന്ന് കരയാറുണ്ട്. മക്കൾക്കും കുടുംബത്തിനും വേണ്ടി എത്രയോ ക്രിസ്മസുകളും, തിരുനാളുകളും മറ്റ് ആഘോഷങ്ങളുമാണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്? ഇത്രയൊക്കെ ചെയ്തിട്ടും ചിലപ്പോൾ വീട്ടുകാരിൽ നിന്ന് ലഭിക്കുന്ന അവഗണനയും കുത്തുവാക്കുകളുമെല്ലാം, വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്…”

അതെ, കുടുംബത്തിന് തണലാകാൻ മാത്രം വെയിൽ കൊള്ളുന്ന തണൽമരങ്ങളെ ഓർക്കാം.

അങ്ങനെയുള്ള തണൽമരങ്ങളായിരുന്നു വി.യൗസേപ്പിതാവും മാതാവും. ദൈവദൂതൻ്റെ വാക്കുകൾ ശ്രവിച്ച് ഈജിപ്തിലേയ്ക്ക് പലായനം ചെയ്യുന്ന യൗസേപ്പ്. മറുതലിക്കാതെ ഉണ്ണിയെ ഒക്കത്തിരുത്തി യാത്രതിരിക്കുന്ന മാതാവ് (Ref മത്താ: 2:13 -18).

എത്ര മനോഹരമായ ചിത്രം!ആ തണൽമരങ്ങൾ ഇല്ലായിരുന്നെങ്കിൽ ദൈവപുത്രനായ ക്രിസ്തുവിൻ്റെ ജീവൻ പോലും കുഞ്ഞുനാളിലെ നഷ്ടമാകുമായിരുന്നില്ലെ?

നാം ജീവിക്കാനായ് വെയിൽ കൊള്ളുന്നവരെ മറക്കാതിരിക്കാം. ഒപ്പം, തണൽ മരങ്ങളാകുവാനുള്ളകൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാംഎല്ലാവർക്കും കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്ഡിസംബർ 28-2020.

നിങ്ങൾ വിട്ടുപോയത്