ചങ്ങനാശേരി: എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിൽ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ചങ്ങനാശേരി ആർച്ച്ബിഷപ്‌സ് ഹൗസിലെ മാർ ജോസഫ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് സെന്ററിൽ നടന്ന യോഗത്തിൽ സീറോ മലബാർ, ലത്തീൻ, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മ, സിഎസ്‌ഐ, അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്, തൊഴിയൂർ എന്നീ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികളായ മെത്രാൻമാർ പങ്കെടുത്തു. ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസേലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനേയും മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയേയും അഭിനന്ദിച്ച് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്കാ ബാവാ സംസാരിച്ചു. പേട്രിയാർക്കൽ അഡ്മിനിസ്‌ട്രേറ്റർ മാർ ഔഗിൻ കുര്യാക്കാസ് നന്ദി പറഞ്ഞു. ഇന്റർചർച്ച് കൗൺസിൽ ജോയിന്റ് സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ പരിപാടികൾക്ക് നേതൃത്വം നൽകി. മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഇന്റർ ചർച്ച് കൗൺസിൽ സ്ഥാപക ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനു യോഗം അഭിനന്ദനം അർപ്പിച്ചു.

ക്രിസ്ത്യൻ വിവാഹ രജിസ്‌ട്രേഷൻ ബില്ലിന്റെ ആശങ്കകൾ പരിഹരിക്കണം: ഇന്റർ ചർച്ച് കൗൺസിൽ ചങ്ങനാശേരി: നിയമ പരിഷ്‌കരണ കമ്മീഷൻ രൂപീകരിച്ചിരിക്കുന്ന ക്രിസ്ത്യൻ വിവാഹ രജിസ്‌ട്രേഷൻ ബില്ല് 2020 ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ്‌സ് ഹൗസിൽ ചേർന്ന ഇന്റർ ചർച്ച് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. 2008ലെ പൊതു രജിസ്‌ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമായിരിക്കെ ക്രൈസ്തവർക്ക് മാത്രമായി നിയമം നിർമ്മിക്കുന്ന സാഹചര്യം സംശയമുണർത്തുന്നതാണ്. ക്രൈസ്തവ സഭകളുടെ വ്യക്തി നിയമങ്ങൾ മാനിക്കാതെ സിവിൽ വിവാഹം ക്രിസ്തീയാചാരപ്രകാരം നടത്തിക്കൊടുക്കണമെന്ന നിയമം അസ്വീകാര്യമാണ്.

ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ വിവാഹത്തിന്റെ കൗദാശികതയും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും നിഷേധിക്കുന്ന ബില്ല് നടപ്പാക്കരുതെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു. പുതിയ ബില്ലിന്റെ ഡ്രാഫ്റ്റും സമ്മേളനത്തിൽ ചർച്ച ചെയ്തു. വിവാഹത്തെപ്പറ്റിയുള്ള പുതിയ ബില്ലിനെ അധികരിച്ച് റവ. ഡോ. ജോർജ് തെക്കേക്കര പ്രബന്ധം അവതരിപ്പിച്ചു.

നിങ്ങൾ വിട്ടുപോയത്