ദൈവം പഴയനിയമത്തില്‍ കൂരിരുട്ടിലും പുതിയനിയമത്തില്‍ ഉജ്വലപ്രകാശത്തിലും മാറിമാറിക്കഴിയുന്നുവെന്നുള്ള ചിലരുടെ നിരീക്ഷണങ്ങള്‍ ദൈവത്തെ സംബന്ധിച്ചു ദൈവവചനം നല്‍കുന്ന ഏകീകൃത സന്ദേശത്തിന് വിരുദ്ധമായ പാഷണ്ഡതയാണ്. പഴയനിയമത്തില്‍ ദൈവസാന്നിധ്യത്തില്‍ കാണപ്പെടുന്ന ഇരുട്ട് പൈശാചികതയുടെ അടയാളമാണെന്നു ചിലര്‍ പഠിപ്പക്കുന്നതും അത് വിശ്വസിക്കുന്നതും തികഞ്ഞ ദുരുപദേശമാണ്. പഴയനിയമത്തില്‍ ദൈവത്തെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളുടെ വളരെ ചെറിയൊരു വിവരണം മാത്രമേ കാണപ്പെടുന്നുള്ളൂ. അതിനാല്‍ പഴയനിയമ വെളിപാടുകളുടെ അടിസ്ഥാനത്തില്‍ ദൈവികതയെ വ്യാഖ്യാനിച്ചു വികൃതമാക്കുന്നവര്‍ക്കെതിരേ പല കാലഘട്ടങ്ങളിലും സഭാപിതാക്കന്മാര്‍ വ്യക്തതയാര്‍ന്ന പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട്.
“അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം” എന്നു പഴയനിയമത്തിലുടനീളം വിളിക്കുന്നത് “യഹോവയായ ദൈവത്തെ” ആയിരുന്നു. യഹോവയെത്തന്നെയാണ് പുതിയനിയമത്തില്‍ യേശുക്രിസ്തു “പിതാവ്” എന്നും വിളിച്ചത്. പഴയനിയമത്തില്‍ യഹോവയെന്നു വിളിക്കപ്പെടുന്നവനും പുതിയനിയമത്തില്‍ പിതാവ് എന്നു അഭിസംബോധന ചെയ്യപ്പെടുന്നവനുമായ ഏകനും നിത്യനും ജീവിക്കുന്നവനുമായ പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ രണ്ട് കാലഘട്ടങ്ങളില്‍ രണ്ടു വ്യത്യസ്ത വ്യക്തികളായി വേര്‍തിരിക്കുന്ന സമീപനം അപ്പൊസ്തൊല സഭയുടെ ഉപദേശമല്ല. “ദൈവം ഏകനാണ്” എന്നു പഴയനിയമവും (നിയമാവത്തനം 6:4) പുതിയനിയമവും (മര്‍ക്കോസ് 12:29) അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. “ദൈവം പ്രകാശമാണ്, അവനില്‍ അന്ധകാരമില്ല” (1 യോഹ 1:5) എന്നത് ബൈബിളിലെ തർക്കമറ്റ ദൈവാവിഷ്കൃത സത്യമാണ്. ദൈവികതയെ ചൂഴ്ന്നുനില്‍ക്കുന്ന ഈ മാറ്റമില്ലായ്മയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു വേണം പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവസാന്നിധ്യത്തില്‍ വെളിപ്പെടുന്ന “ഇരുട്ടും വെളിച്ചവും” എന്താണെന്നു മനസ്സിലാക്കേണ്ടത്.
മാര്‍സിയന്‍ പാഷണ്ഡതയ്ക്ക്
അടിമപ്പെട്ടവരുടെ വാദങ്ങള്‍
പഴയനിയമത്തില്‍ ദൈവം ഇരുട്ടില്‍ വസിക്കുന്ന ഒരു മൂർത്തിയാണെന്നു മാര്‍സിയന്‍ പാഷണ്‍ഡതയ്ക്ക് അടിമപ്പെട്ടവരും ആജ്ഞേയവാദികളും ഒരുപോലെ കരുതുന്നു. അതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നതു പുറപ്പാട് പുസ്തകത്തിലെ ഒരു സംഭവമാണ്. “ജനം അകലെ മാറിനിന്നു, ദൈവം സന്നിഹിതനായിരുന്ന കനത്ത മേഘത്തെ മോശ സമീപിച്ചു” ( പുറപ്പാട് 20:21). ഇവിടെ “കനത്ത മേഘം” എന്ന സ്ഥാനത്ത് കൂരിരുട്ട് എന്ന അര്‍ത്ഥത്തില്‍ Thick darkness എന്ന പദമാണ് കിംഗ് ജയിംസ്, Orthodox Jewish Bible, വിവിധ ഇംഗ്ലീഷ് കത്തോലിക്കാ ബൈബിളുകളിൽ എല്ലാം ഉപയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ 1 രാജാക്കന്മാര്‍ 8:12ല്‍ വായിക്കുന്നത് “നിറഞ്ഞ അന്ധകാരത്തിലാണ് താന്‍ വസിക്കുക എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ട്” എന്നാണ്. ഇതുകൂടാതെ സീനായ് പര്‍വ്വതത്തില്‍ ദൈവത്തിന്‍റെ പ്രത്യക്ഷതയില്‍ ആകാശത്തോളം ഉയര്‍ന്ന അഗ്നിജ്വാലയില്‍ ദൈവം പ്രത്യക്ഷമായപ്പോള്‍ അവിടെ അന്ധതമസ്സും കൂരിരുട്ടുള്ള മേഘസാന്നിധ്യവും ഉണ്ടായിരുന്നു എന്ന് ആവര്‍ത്തന പുസ്തക വ്യാഖ്യാനത്തിലും (4:11) രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവപ്രത്യക്ഷത സംഭവിച്ച ഈ പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തിലാണ് പഴയനിയമത്തിലെ ദൈവം ഇരുളില്‍ വസിക്കുന്ന ഒരു മൂര്‍ത്തിയാണെന്ന നിഗമനത്തില്‍ പലരും എത്തിച്ചേരുന്നത്.
ദൈവസാന്നിധ്യത്തിന്‍റെ പശ്ചാത്തലമായി കാണപ്പെടുന്ന “ഇരുട്ട്” എന്താണെന്നത് ആദിമസഭാപിതാക്കന്മാരുടെ സവിശേഷശ്രദ്ധ പതിഞ്ഞ വിഷയമാണ്. “അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന ദൈവത്തെ” സംബന്ധിച്ചുള്ള പൗലോസ് സ്ലീഹായുടെ ആത്മനിവേശിത വചനത്തിന്‍റെ (1 തിമോത്തി 6:16) അടിസ്ഥാനത്തിലാണ് ദൈവികതയിലെ ഇരുട്ടിനെ പിതാക്കന്മാര്‍ മനസ്സിലാക്കിയത്. ഇരുളടഞ്ഞ മുറിയിലിരിക്കുന്ന ഒരാള്‍ ജനല്‍പാളി തുറന്നു പുറത്തേക്കു നോക്കുമ്പോള്‍ മാനത്തു പെട്ടെന്നുണ്ടായ ഒരു മിന്നല്‍ വെളിച്ചത്തില്‍ താല്‍ക്കാലികമായി അല്‍പ്പസമയത്തേക്ക് ഉണ്ടാകുന്ന അന്ധതയോടു ഈ ഇരുട്ടിനെയും പ്രകാശത്തെയും ഉപമിക്കുന്നവരുണ്ട്. നിത്യപ്രകാശമായ ദൈവത്തെ തന്‍റെ സൃഷ്ടിയായ മനുഷ്യന്‍ കണ്ടുമുട്ടുമ്പോള്‍ ആ ദിവ്യപ്രകാശത്തിന്‍റെ തീവ്രതയില്‍ മാനുഷികമായി അനുഭവപ്പെടുന്ന അന്ധതയാണ് ഇരുട്ടെന്ന് പഠിപ്പിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതിലേറെ ആത്മീയ അര്‍ത്ഥം ദൈവസാന്നിധ്യത്തിൽ പ്രകടമാകുന്ന ഇരുട്ടിനുണ്ട് എന്ന് പിതാക്കന്മാരുടെ പല രചനകളും സാക്ഷിക്കുന്നു.
നമ്മുടെ പരിചിതമായ എല്ലാ ദൈവവിജ്ഞാനീയ ധാരണകള്‍ക്കും അപ്പുറത്തു നില്‍ക്കുന്ന ദൈവിക നിഗൂഢതയുടെ ശക്തിവിശേഷമാണ് ഇരുട്ടായി നമുക്കനുഭവപ്പെടുന്നതെന്നാണ് സഭാപിതാക്കന്മാര്‍ മനസ്സിലാക്കിയത്. കപ്പദോക്യന്‍ പാരമ്പര്യത്തില്‍ പിതാക്കന്മാര്‍ തങ്ങളുടെ ദൈവാന്വേഷണത്തിന്‍റെ മൂര്‍ദ്ധ്യന്യത്തെ വ്യക്തമാക്കുന്നതിനായി പറഞ്ഞത് “ദൈവമെന്ന ദിവ്യയാഥാര്‍ത്ഥ്യത്തെ കണ്ടുമുട്ടാന്‍ മനുഷ്യാത്മാവ് പ്രകാശത്തിനപ്പുറത്തുള്ള ഇരുളിലേക്കു കയറണം” എന്നായിരുന്നു. ദൈവത്തെ കണ്ടുമുട്ടുമ്പോള്‍ ദൈവികതയെ സംബന്ധിച്ചുള്ള നമ്മുടെ അറിവ്, ദൈവത്തെ സംബന്ധിച്ചുള്ള നമ്മുടെ അറിവില്ലായ്മയെ വെളിപ്പെടുത്തുന്നു എന്നതിന്‍റെ തെളിവായിട്ട് അന്ധതമസ്സിനെ അവര്‍ മനസ്സിലാക്കി.
അപ്പോഫാറ്റിക് ദര്‍ശനങ്ങളില്‍ ദൈവത്തെ “കാണുക” എന്നതിനെ മേഘത്തില്‍ പ്രവേശിക്കുക, അവിടുത്തെ “അറിയുക” എന്നാല്‍ അവിടുന്ന് എല്ലാ അറിവിനും അതീതനാണെന്ന് ഏറ്റുപറയുക എന്നതാണെന്ന് സ്യൂഡോ ഡയനീഷ്യസ് (Pseudo-Dionysius the Areopagite, Mystical Theology) നമ്മെ ഓര്‍മ്മിപ്പിക്കുന്നു. “ദൈവമെന്ന ദിവ്യയാഥാര്‍ത്ഥ്യവുമായി കണ്ടുമുട്ടാന്‍ ആത്മാവ് പ്രകാശത്തിനപ്പുറമുള്ള ഇരുളിലേക്കു പ്രവേശിക്കണം” എന്നായിരുന്നു അദ്ദേഹം എഴുതിയത്.
മോശയും ദൈവികതയിലെ ഇരുട്ടും
മോശയുടെ ജീവിതത്തില്‍ ദൈവത്തെ കണ്ടുമുട്ടുന്ന മൂന്നു പ്രധാന സന്ദര്‍ഭങ്ങള്‍ കാണാം. ഈ മൂന്നു സന്ദര്‍ഭങ്ങളും ദൈവികതയെ സംബന്ധിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട മൂന്നു സവിശേഷമായ സംഭവങ്ങളാണെന്ന് സഭാപിതാക്കന്മാര്‍ വിവരിക്കുന്നു. ആദ്യം മോശ ഹോരേബില്‍ ദൈവത്തെ കണ്ടുമുട്ടിയത് കത്തുന്ന മുള്‍പ്പടര്‍പ്പിലെ തീവ്രമായ പ്രകാശത്തിലാണ് (പുറ 3:2). തുടര്‍ന്ന് മേഘസ്തംഭത്തിന്‍റെ ഇരുളും അഗ്നിസ്തംഭത്തിന്‍റെ പ്രകാശവും ഇടകലര്‍ന്ന് ഭാഗികമായി ഇരുളാര്‍ന്ന ഒരനുഭവമായിരുന്നു (പുറപ്പാട് 13:21). തുടര്‍ന്ന് മൂന്നാമത്തെ നാഴികക്കല്ലായി സീനായ് മലയില്‍ വച്ചു മോശ ദൈവത്തെ കണ്ടുമുട്ടിയപ്പോള്‍ കട്ടിയുള്ള ഇരുട്ടാണ് അനുഭവപ്പെട്ടത്.
ദൃശ്യമായ പ്രകാശത്തില്‍നിന്ന് അദൃശ്യവും രഹസ്യാത്മകവുമായ ഒരു ആരോഹണമായിരുന്നു ദൈവവുമായുള്ള മോശയുടെ കണ്ടുമുട്ടലുകളുടെ പ്രത്യേകത. ഗ്രിഗറി ഓഫ് നിസ്സ പറയുന്നത് മോശയുടെ ദൈവദര്‍ശനം പ്രകാശത്തില്‍ ആരംഭിച്ചുവെങ്കിലും ദൈവത്തോടു കൂടുതല്‍ അടുക്കുംതോറും ദൈവികരഹസ്യങ്ങളുടെ ആഴം കൂടിക്കൂടി വരുന്നതായി മോശ തിരിച്ചറിയുന്നു എന്നാണ്. കൂരിരുട്ടിന്‍റെയും അവ്യക്തതകളുടെയും മധ്യത്തിലും അവന്‍ ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞു. അതായത് സീനായ് മലയില്‍ മോശ ദര്‍ശിച്ചത് വെറും കൂരിരുട്ടായിരുന്നില്ല, അത് ദിവ്യമായ ഒരു ഇരുട്ടായിരുന്നു. അവിടെ ദൈവത്തിന്‍റെ അസാന്നിധ്യമല്ല, ദൈവത്തിന്‍റെ അവാച്യവും ആത്യന്തികവുമായ മഹാസാന്നിധ്യമാണ് കാണപ്പെട്ടത്. മാനുഷികമായ എല്ലാ ധാരണകളും അതിരുകളും അതിലംഘിച്ച് അതിനപ്പുറത്ത് നിലകൊള്ളുന്ന ദൈവികതയെ വ്യക്തമാക്കുന്ന ഏറ്റവും നല്ലൊരു ഉദാഹരണമായിട്ടാണ് മോശയുടെ ജീവിതത്തിലെ കരിമേഘത്തിലുള്ള ദൈവിക സാന്നിധ്യത്തെ പിതാക്കന്മാര്‍ കണ്ടത്.
അബ്രഹാമിന്‍റെ ജീവിതിയാത്രയിലെ
അവ്യക്തമായ ലക്ഷ്യം
മോശയുടെ ജീവിതത്തിലെന്നപോലെ അബ്രഹാമിന്‍റെ ജീവിതത്തിലും ദൈവത്തോടു കൂടെ സഞ്ചരിച്ചപ്പോള്‍ ഇത്തരമൊരു ഇരുട്ടിന്‍റെ അനുഭവമുണ്ടായതായി കാണാം. എന്നാലിത് മോശയുടെ അനുഭവത്തില്‍നിന്നും വ്യത്യസ്തമായിരുന്നു. പൂര്‍വ്വികരുടെ ദേശമായ കല്‍ദയരുടെ ഊര്‍ പട്ടണത്തില്‍നിന്നും അബ്രാഹം ദൈവശ്ശബ്ദം കേട്ടിറങ്ങുന്നു. വിശ്വാസത്തോടെ ആരംഭിച്ച ഈ യാത്ര തികച്ചും അജ്ഞാതമായ ഒരിടത്തേക്കുള്ള പുറപ്പാടായിരുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ഈ അജ്ഞത മോശയ്ക്കുണ്ടായ അന്ധതമസ്സുമായി പിതാക്കന്മാര്‍ ബന്ധിപ്പിക്കുന്നു. ലക്ഷ്യത്തേക്കുറിച്ചുള്ള അറിവിനേക്കാള്‍ തന്‍റെ മുന്നോട്ടുള്ള ഗമനത്തിനു വിശ്വാസത്തോടെയുള്ള മുന്നേറ്റം മാത്രമായിരുന്നു അബ്രാഹത്തിന്‍റെ മുന്നിലുണ്ടായിരുന്നത്. “കാഴ്ചയാലല്ല, വിശ്വാസത്താല്‍” (2 കൊരി 5:7) എന്ന തത്വം വിശ്വാസലോകത്തിന് പകര്‍ന്നുനല്‍കിയ പൗലോസ് സ്ലീഹാ അബ്രാഹമില്‍നിന്നാണ് ഈ തത്വം രൂപപ്പെടുത്തിയത് എന്ന് കരുതാം.
വാസ്തവത്തില്‍, അബ്രഹാത്തിന്‍റെയും മോശയുടെയും ജീവിതത്തില്‍ അവ്യക്തതയും ഇരുളിമയും കെട്ടുപിണഞ്ഞു കിടക്കുന്നു. ഇരുവരും സകല വിശ്വാസികളുടെയും ആത്മീയജീവിതത്തിന്‍റെ ആദിരൂപങ്ങളായിരുന്നു. മോശയുടെ ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ ഈ അവ്യക്തതകള്‍ വ്യക്തമാക്കുന്നതായി പൗലോസ് സ്ലീഹാ സാക്ഷ്യപ്പെടുത്തുന്നുണ്ട്. “മൂടുപടമിട്ടു വായിക്കുന്ന ഒരവ്യക്തതയെന്നാണ്” പൗലോസ് സ്ലീഹാ ഇതിനെ വിശേഷിപ്പിക്കുന്നത്. (2 കൊരി 3:14,15). ദൈവികതയെ സംബന്ധിച്ച് മോശയുടെ ഗ്രന്ഥത്തിലുടനീളം കാണപ്പെടുന്ന ഈ അവ്യക്തതയെ ആധാരമാക്കി ഉപദേശം സ്ഥാപിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. ദൈവത്തെ സംബന്ധിച്ചുള്ള താരതമ്യേന കുറഞ്ഞ അറിവു വച്ചുപുലര്‍ത്തുന്ന പഴയനിയമവും നിത്യമായ ദൈവികയാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വിടവ് അതിനാല്‍ ബ്രഹത്തായിരിക്കും. ദൈവികതയെ സംബന്ധിച്ചുള്ള മോശയുടെയും അബ്രഹാമിന്‍റെയും അവ്യക്തതകള്‍ ക്രിസ്തുവിൽ ആണ് പരിഹരിക്കപ്പെടുന്നത്. “ക്രിസ്തുവിലാണ് ഈ മൂടുപടം നീങ്ങിയത്” എന്ന് പൗലോസ് സ്ലീഹാ വ്യക്തമാക്കുന്നു (2 കൊരി 3:15) അതായത്, ക്രിസ്തുവില്‍ നിന്നുകൊണ്ട് അബ്രഹാമിന്‍റെ അജ്ഞാതലക്ഷ്യവും മോശ കണ്ട കൂരിരുട്ടിനെയും മനസ്സിലാക്കണമെന്നര്‍ത്ഥം. അപ്പോള്‍ മാത്രമാണ് ഈ സംഭവങ്ങള്‍ക്കു പിന്നിലുള്ള ആത്മീയാര്‍ത്ഥം നമ്മെ വിസ്മയിപ്പിക്കുന്നത്.
അബ്രാഹം അജ്ഞാതദേശത്തേക്ക് ഇറങ്ങിപ്പുറപ്പെട്ടുവെങ്കിലും അത് ശാശ്വതമായ അവകാശങ്ങളിലേക്കുള്ള അദ്ദേഹത്തിന്‍റെ മഹത്തായ യാത്രയായിരുന്നുവെന്ന് ഇന്ന് നമുക്കറിയാം, അതുപോലെ, പ്രകാശത്തില്‍നിന്ന് കൂരിരുട്ടിലേക്ക് മോശ സഞ്ചരിച്ചപ്പോള്‍ ദൈവിക രഹസ്യങ്ങളുടെ ആഴങ്ങളിലേക്കാണ് അദ്ദേഹം കടന്നുപോയതെന്നും മനസ്സിലാക്കാം. അബ്രാഹമിനെപ്പോലെ അജ്ഞാതമായ പാതയിലൂടെ കടന്നുപോകുമ്പോഴും മോശയെപ്പോലെ ഇരുണ്ടമേഘങ്ങള്‍ക്കു മധ്യത്തിലും ദൈവസാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്ന വിശ്വാസമാണ് ഇവിടുത്തെ പ്രധാന പ്രമേയം.
പുതിയനിയമത്തിലെ ദിവ്യപ്രകാശം
ദൈവം സമ്പൂര്‍ണ്ണ പ്രകാശമാണെന്ന യാഥാര്‍ത്ഥ്യം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പഴയനിയമ ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ദൈവം പ്രകാശത്തിന്‍റെ ഉറവിടമായതിനാലാണ് സൃഷ്ടി വിവരണത്തില്‍ ദൈവത്തിന്‍റെ ആദ്യത്തെ പ്രവൃത്തിയായി പ്രകാശം സൃഷ്ടിക്കപ്പെട്ടത്. ദൈവം സ്വയം പ്രകാശമായിരിക്കുമ്പോള്‍ മറ്റൊരു പ്രകാശത്തെ സൃഷ്ടിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉയരാം. എന്നാല്‍ ഈ ചോദ്യത്തെ മറ്റൊരു വചനത്തിലൂടെ പഠിക്കുമ്പോഴാണ് ഉല്‍പ്പത്തി വിവരണം മനസ്സിലാവുക. “എല്ലാം അവിടുന്നില്‍നിന്നാണ് ഉണ്ടായിരിക്കുന്നത്” (റോമ 11:36). സ്വയം പ്രകാശമായിരിക്കുന്നവനു വീണ്ടുമൊരു പ്രകാശത്തെ സൃഷ്ടിക്കേണ്ട ആവശ്യമില്ല. അതിനാല്‍ ദൈവം തന്നില്‍നിന്നുള്ള പ്രകാശത്തെയാണ് മനുഷ്യമക്കള്‍ക്കായി വേര്‍തിരിച്ചു നല്‍കിയത്. ഇതാണ് ഉല്‍പ്പത്തിയിലെ സൃഷ്ടിവിവരണത്തെ ആസ്പദമാക്കി നാം മനസ്സിലാക്കേണ്ടത്.
നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിച്ചത്, പുത്രന്‍ “പ്രകാശത്തില്‍നിന്നുള്ള പ്രകാശം” എന്നായിരുന്നു. അതായത്, പ്രകാശം എന്നത് പുതിയനിയമം അവതരിപ്പിക്കുന്ന ദൈവികതയുടെ ഒരു പുത്തന്‍ പ്രതിഭാസമല്ല, അത് നിത്യമായ ദൈവികതയുടെ സ്വഭാവമാണ് എന്നര്‍ത്ഥം. “യഹോവ എന്‍റെ വെളിച്ചവും രക്ഷയുമാകുന്നു” (സങ്കീര്‍ത്തം 27:1) എന്നായിരുന്നു ദാവീദ് രാജാവ് എഴുതിയത്. പ്രകാശത്തിന്‍റെ ഉറവിടമായ ദൈവത്തിന്‍റെ വചനങ്ങള്‍ കാലുകള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമായി സങ്കീര്‍ത്തനം 119:105 -ലും എഴുതിയിരിക്കുന്നു.
ദൈവം ഇരുട്ടില്‍ വസിക്കുന്നു എന്നു പറയുമ്പോള്‍ അവന്‍ മനുഷ്യബുദ്ധിക്ക് അതീതനാണെന്നു അര്‍ത്ഥമാക്കണമെന്നും ക്രിസ്തുവില്‍ ഇതേ ദൈവം വെളിച്ചമായി പ്രത്യക്ഷപ്പെട്ടു എന്നുമാണ് വിശുദ്ധ അഗസ്തീനോസ് പഠിപ്പിച്ചത്. ദൈവത്തിന്‍റെ ശാശ്വതരൂപമാണ് വെളിച്ചം. അതിനാല്‍ അവനില്‍ ഇരുട്ടില്ല (1 യോഹ 1:5). മാറ്റമില്ലായ്മ എന്ന ദൈവിക ശാശ്വതസ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ (മലാക്കി 3:6, യാക്കോബ് 1:7) ബൈബിള്‍ അവതരിപ്പിക്കുന്ന ദൈവം ഇരുട്ടിലാണെന്നല്ല അര്‍ത്ഥമാക്കുന്നത്. ദൈവം മനുഷ്യബുദ്ധിക്ക് അതീതനാകയാല്‍ അത് കാണപ്പെടുന്ന പ്രകാശത്തിനപ്പുറമുള്ള ഒരു ആത്മീയവസ്ഥയാണെന്ന് സഭാപിതാക്കന്മാരായ ഗ്രിഗറി ഓഫ് നൈസ്സയും ഒരിജിനും പഠിപ്പിക്കുന്നു.
മാത്യൂ ചെമ്പുകണ്ടത്തിൽ
