
ആര്‍.എസ്.എസിന്‍റെ മുഖപത്രമായ “കേസരി”യുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് “ആഗോള മതപരിവര്‍ത്തനത്തിന്‍റെ നാള്‍വഴികള്‍” എന്ന ലേഖനം വായിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഇ.എസ്. ബിജു എന്ന വ്യക്തിയാണ് ലേഖനകര്‍ത്താവ്. ക്രൈസ്തവ സഭയുടെ ചരിത്രത്തെ സംബന്ധിച്ചും വിശ്വാസധാരയെക്കുറിച്ചും യാതൊരു ധാരണയുമില്ലാതെ, മുന്‍വിധികളുടെ മാത്രം അടിസ്ഥാനത്തില്‍ തന്‍റെയുളളിലെ ആവലാതികളും അസ്വസ്ഥതകളുമാണ് ഈ ലേഖനത്തില്‍ അദ്ദേഹം കുത്തിനിറച്ചിട്ടുള്ളത്. ലേഖനം വായിക്കുന്ന ഏവര്‍ക്കും ഇക്കാര്യം മനസ്സിലാകും (ലിങ്ക് കമന്‍റ് ബോക്സില്‍). പ്രസ്തുത ലേഖനത്തില്‍ അദ്ദേഹം ഉയര്‍ത്തുന്ന എല്ലാ വിഷയങ്ങളോടും പ്രതികരിക്കുന്നില്ല. പലതിനും രാഷ്ട്രീയമാനമുള്ളതിനാല്‍ അതിലേക്കൊന്നും കടക്കുന്നില്ല. എന്നാല്‍ ലേഖകന്‍റെ ഒരു പരാമര്‍ശത്തില്‍ മാത്രം വ്യക്തത വരുത്തേണ്ടതുണ്ട് എന്നു കരുതുന്നു. അതിനാല്‍ ആ വിഷയത്തോടു മാത്രമാണ് ഈ ലേഖനത്തില്‍ പ്രതികരിക്കുന്നത്.
ലേഖനത്തിലെ ഒരു ഖണ്ഡികയിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് “അടിമുടി സനാതന സംസ്കൃതി നിലനിന്നിരുന്ന ഭാരതത്തിലും മതത്തെ ഉപയോഗപ്പെടുത്തി ദൈവരാജ്യം ആക്കാനുള്ള പരിശ്രമങ്ങളും നിരവധി നടന്നു. ദൈവരാജ്യം എന്നാല്‍ ക്രൈസ്തവ രാജ്യം സ്ഥാപിക്കുക എന്നതാക്കി മാറ്റാനും വിദേശ മതത്തിനു കഴിഞ്ഞു”. ഇ.എസ്. ബിജുവിന്‍റെ ലേഖനത്തിലെ ഈയൊരു പരാമര്‍ശത്തെ സംബന്ധിച്ചു മാത്രം വ്യക്തത വരുത്തുവാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്.
ദൈവരാജ്യം, സ്വര്‍ഗ്ഗരാജ്യം, ക്രിസ്തുവിന്‍റെ രാജ്യം എന്നിങ്ങനെയുള്ള നാമങ്ങള്‍ ബൈബിളില്‍ പല സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ പ്രകടമായ വ്യത്യാസം തോന്നിയാൽപോലും അടിസ്ഥാനപരമായി ഈ മൂന്നു നാമങ്ങളും ഒരേ അര്‍ത്ഥമാണ് ധ്വനിപ്പിക്കുന്നത്. സര്‍വ്വത്തിന്‍റെയും സൃഷ്ടാവായ ദൈവത്തിന്‍റെ പരമാധികാരം ദൃശ്യവും അദൃശ്യവുമായ സകലത്തിന്മേലും വ്യാപരിക്കുന്നു എന്ന പ്രപഞ്ചവ്യാപ്തിയുള്ള ഒരു ദര്‍ശനമാണ് ദൈവരാജ്യ ദർശനം മുന്നോട്ടുവയ്ക്കുന്നത്.
പഴയനിയമ ബൈബിളില്‍ ‘ദൈവരാജ്യം’ എന്നൊരു വാക്ക് അപ്രകാരം കാണാന്‍ കഴിയില്ലെങ്കിലും ഇതിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിരവധി വാക്യങ്ങള്‍ കാണാന്‍ കഴിയും. ബൈബിളിലെ സൃഷ്ടിവിവരണത്തില്‍ പറയുന്നത് “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്‍പ്പത്തി 1:1) എന്നാണ്. കാലം അഥവാ സമയം എന്നര്‍ത്ഥമുള്ള “ആദി”, സ്ഥലം അഥവാ സ്പെയിസ് എന്നയര്‍ത്ഥത്തില്‍ “ആകാശം”, വസ്തു അഥവാ പദാര്‍ത്ഥം എന്ന അര്‍ത്ഥത്തില്‍ “ഭൂമി”. ഇപ്രകാരം ഈ മഹാപ്രപഞ്ചത്തിന് അടിസ്ഥാനമായ സമയം, സ്ഥലം, വസ്തു എന്നിവയുടെ സൃഷ്ടിയെ സംബന്ധിച്ച് ബൈബിള്‍ വിവരിക്കുന്നു. തുടര്‍ന്ന് തന്‍റെ സൃഷ്ടിജാലങ്ങളുടെമേല്‍ ദൈവത്തിനുള്ള പരമാധികാരം വ്യക്തമാക്കുന്നു. സൃഷ്ടപ്രപഞ്ചവും അതിന്മേല്‍ സൃഷ്ടാവിനുള്ള പരമാധികാരവും വിശദമാക്കേണ്ട സന്ദര്‍ഭങ്ങളിലാണ് പഴയനിയമ ബൈബിളില്‍ ദൈവരാജ്യമെന്ന ദര്‍ശനം കടന്നുവരുന്നത്.
ഉല്‍പ്പത്തി പുസ്തകത്തില്‍ നിത്യനായ ദൈവത്തെ അബ്രഹാം ആരാധിച്ചെന്നും (ഉല്‍പ്പത്തി 21:33) അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്ധനാണെന്നും (ഏശയ്യ 57:15). ദൈവം അനാദിമുതലേ ഉള്ളവനാണെന്നും (സങ്കീര്‍ത്തനങ്ങള്‍ 93:2) ദൈവത്തിന്‍റെ ആധിപത്യം അനന്തമാണ്; അവിടുത്തെ രാജ്യം തലമുറ തലമുറയായി നിലനില്‍ക്കുന്നവെന്നും (ദാനിയേല്‍ 4:34) രേഖപ്പെടുത്തിയിരിക്കുന്നു. “എല്ലാം അവിടുന്നില്‍നിന്ന്, അവിടുന്നുവഴി, അവിടുന്നിലേക്ക്..” (റോമാ 11 : 36). അതായത് ഈ പ്രപഞ്ചത്തില്‍ യാതൊന്നിനും ദൈവരാജ്യത്തിനു വെളിയില്‍ അസ്തിത്വമില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഈ വചനങ്ങളില്‍നിന്നും വ്യക്തമാകുന്നത്.
ലോകത്തിലുള്ള എല്ലാ മതങ്ങള്‍ക്കും മതരാജ്യം എന്നൊരു കാഴ്ചപ്പാട് നിലനില്‍ക്കുന്നതിനാല്‍ ബൈബിളിന്‍റെ ദൈവരാജ്യദര്‍ശനമെന്നത് ഭൂമിയില്‍ സൃഷ്ടിച്ചെടുക്കാന്‍ പോകുന്ന രാഷ്ട്രത്തെ സംബന്ധിച്ചാണു പറയുന്നതെന്നു തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്. ഹിന്ദുമതത്തില്‍ ഭൗമികമായി സ്ഥാപിതമാകേണ്ട “രാമരാജ്യ”മെന്ന സങ്കല്‍പ്പവും ഇസ്ലാമില്‍ “അള്ളാഹുവിന്‍റെ രാജ്യ” മെന്നുള്ള സങ്കല്‍പ്പവുമുണ്ടല്ലോ. എന്നാല്‍ ഭൂമിയില്‍ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥിതികളെ സുവിശേഷീകരണത്തിലൂടെ കീഴടക്കി സ്ഥാപിച്ചെടുക്കേണ്ട ഒരു ഭൗമികരാജ്യമാണ് ദൈവരാജ്യം എന്നയര്‍ത്ഥത്തല്‍ യാതൊരു സൂചനയും ബൈബിളില്‍ കാണില്ല. അപ്രകാരം ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കില്‍ യഹൂദര്‍ തന്നെ അതിനു പണ്ടുപണ്ടേ തുടക്കമിടുമായിരുന്നു. കഴിഞ്ഞ നാലായിരം കൊല്ലത്തെ ജൂതചരിത്രത്തില്‍ ഒരിടത്തും ജൂതമതത്തിന്‍റെ വ്യാപനത്തിനായി അവര്‍ യുദ്ധങ്ങള്‍ നടത്തുകയോ ജനങ്ങളെ കീഴടക്കി സകലരേയും യഹൂദരാക്കി യഹോവയുടെ സാമ്രാജ്യം സ്ഥാപിക്കുന്ന ഒരു ദൗത്യമോ നടപ്പാക്കിയിട്ടില്ല. തങ്ങളുടെ മതമോ മതനിയമങ്ങളോ ലോകത്ത് അടിച്ചേല്‍പ്പിച്ചുകൊണ്ട് ലോകത്തെ ജൂതവല്‍ക്കരിക്കണമെന്ന യാതൊരു ലക്ഷ്യവും യഹൂദമതചിന്തയില്‍ ഇല്ലെന്ന് അസന്നിഗ്ധമായി പറയാന്‍ കഴിയും.
“ദൈവരാജ്യം സമീപിച്ചിരിക്കുന്നു”
ദൈവരാജ്യം ക്രൈസ്തവദര്‍ശനങ്ങളില്‍
യഹൂദമതത്തിന്‍റെ പിന്തുടര്‍ച്ചയെന്നോണം സ്ഥാപിതമായ ക്രൈസ്തവ വിശ്വാസത്തില്‍ ദൈവരാജ്യം എന്തെന്ന് പുതിയനിയമ ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍വ്വത്തിന്മേലും അധികാരമുള്ള ദൈവത്തിന്‍റെ ഭരണം മനുഷ്യവംശത്തില്‍ സ്ഥാപിതമാകുവാന്‍ പോകുന്നു എന്നതിന്‍റെ കാഹളം ബൈബിളില്‍ പുതിയ നിയമത്തിന്‍റെ ആരംഭത്തില്‍ തന്നെ നമുക്കു കാണുവാന്‍ കഴിയും. “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന ശുഭവാര്‍ത്തയോടെ ആയിരുന്നു യേശുക്രിസ്തുവിന്‍റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നത്. താന്‍ അയയ്ക്കപ്പെട്ടിരിക്കുന്നതു ദൈവരാജ്യം പ്രഘോഷിക്കാനാണെന്നു യേശുവിന് അറിയാമായിരുന്നു (ലൂക്ക 4:43). ദൈവരാജ്യമെന്നത് ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന തത്വചിന്താപരവും ആധ്യാത്മികവുമായ ഒരു വിഷയമാകയാല്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലും “നിൻ്റെ രാജ്യം (ദൈവരാജ്യം) ഭൂമിയില്‍ വരണമേ” എന്ന അഭ്യര്‍ത്ഥന ഉള്‍ക്കൊള്ളുന്നുണ്ട്. പുനഃരുത്ഥാനത്തിനു ശേഷം നാല്‍പ്പതു ദിവസം യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരെ ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു എന്ന് അപ്പൊസ്തൊല പ്രവൃത്തികൾ എന്ന പുസ്തകം 1:3-ല്‍ പറയുന്നു. ഈ പുസ്തകത്തിന്‍റെ ഒടുവിലത്തെ അധ്യായത്തില്‍ അവസാന വാക്യത്തില്‍ പൗലോസ് സ്ലീഹാ ദൈവരാജ്യത്തെ സംബന്ധിച്ച് രണ്ടുവര്‍ഷം റോമിലെ ജനതയെ പഠിപ്പിച്ചു എന്നാണ് രേഖപ്പെടുത്തയിരിക്കുന്നത് (28:30,31). ഇപ്രകാരം ബൈബിളില്‍ ഒരു രാജ്യനിര്‍മ്മിതിയെ സംബന്ധിച്ചു പറയുന്നതില്‍ ക്രൈസ്തവര്‍ ലോകരാജ്യങ്ങളെ കീഴടക്കി, ക്രൈസ്തവ നിയമങ്ങളിന്മേല്‍ അധിഷ്ഠിതമായ ഒരു രാജ്യനിര്‍മ്മിതിയാണ് ലക്ഷ്യമാക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഈ വിഷയത്തെ സംബന്ധിച്ചുള്ള മറ്റ് ബൈബിള്‍ വചനങ്ങളും സഭാപിതാക്കന്മാരുടെ പഠനങ്ങളും സഭയുടെ പഠിപ്പിക്കലുകളും ചേര്‍ത്തുവയ്ക്കുമ്പോള്‍ മാത്രമേ യേശുക്രിസ്തു പഠിപ്പിച്ച ദൈവരാജ്യം എന്തെന്നു വ്യക്തമാകുകയുള്ളൂ. ഭൂമുഖത്തുള്ള രാജ്യങ്ങളെയെല്ലാം സുവിശേഷവല്‍ക്കരിച്ചുകൊണ്ട് ഭൗമികമായി സൃഷ്ടിച്ചെടുക്കാന്‍ പോകുന്ന ഒരു രാജ്യദര്‍ശനമല്ല ഇതെന്നുള്ള യാഥാര്‍ത്ഥ്യം അപ്പോള്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.
യേശുക്രിസ്തുവിന്‍റെ മരണത്തിനും പുനഃരുത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം ക്രിസ്തുശിഷ്യന്മാര്‍ സഭയുടെ സാരഥ്യമേറ്റെടുത്തപ്പോള്‍ മുതല്‍ ഭൂമിയില്‍ ദൈവരാജ്യ സംസ്ഥാപനം എന്ന നവദര്‍ശനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നതായി കാണാം. ക്രിസ്തു ഒരു മതസ്ഥാപകനായിട്ടല്ല ഒരു രാജ്യത്തിന് അടിത്തറയിടുകയായിരുന്നു എന്ന് ഇവിടെ കാണാൻ കഴിയുന്നു. അതിനാല്‍ ബൈബിളില്‍ രാജ്യം, രാജാവ്, രാജകുമാരന്‍, ഭരണം, അധികാരം, സിംഹാസനം, ചെങ്കോല്‍, കിരീടം, നീതി, ധര്‍മ്മം, പൗരത്വം, സ്ഥാപനപതി, നിയമനം, ന്യായപീഠം, ന്യായവിധി, The Commonwealth of Israel (Ephesians 2:12), പുതിയ നഗരം, നിത്യമായ രാജ്യം, നികുതി എന്നിങ്ങനെയുള്ള പദങ്ങള്‍ കാണാം. ലോകമതങ്ങളുടെ ഇടയില്‍നിന്നു നോക്കുമ്പോഴാണ് ക്രൈസ്തവികതയെ പലരും മറ്റൊരു മതമായി തെറ്റിദ്ധരിക്കുന്നത്. ക്രിസ്തുദര്‍ശനങ്ങള്‍ മതകേന്ദ്രീകൃതമല്ല, രാജ്യകേന്ദ്രീകൃതമാണ് എന്നതാണ് ഇതില്‍നിന്ന് ഗ്രഹിക്കേണ്ടത്.
പുതിയനിയമ ബൈബിളില്‍ ദൈവരാജ്യം (68 തവണ), സ്വര്‍ഗ്ഗരാജ്യം (32 തവണ) എന്നീ വാക്കുകള്‍ ഏകദേശം നൂറു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട് എന്നു കണക്കാക്കുന്നു. എന്നാല്‍ സകലരും മനസ്സിലാക്കേണ്ട ഒരു കാര്യം ഇവിടെ എടുത്തുപറയട്ടെ, ക്രൈസ്തവ ജനസംഖ്യ ഏതുവിധേനയും വര്‍ദ്ധിപ്പിച്ച് രാജ്യാധികാരം പിടിച്ചടക്കി സ്ഥാപിതമാക്കേണ്ട ഒരു ഭൗമിക രാഷ്ട്രീയ വ്യവസ്ഥിതിയാണ് ദൈവരാജ്യം എന്നു പറയുന്ന ഒരു വാക്കുപോലും ബൈബിളിലോ അപ്പൊസ്തൊല പ്രസംഗങ്ങളിലോ പ്രവൃത്തികളിലോ കാണില്ല. “എന്‍റെ രാജ്യം ഐഹികമല്ല” (യോഹ 18:36) എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച ഗുരുവിനെയാണ് അപ്പൊസ്തൊലന്മാര്‍ കാണിച്ചു തന്നതും സഭ പിന്‍പറ്റുന്നതും. അതിനാല്‍ ഈ ഭൂമിയില്‍ ഒരു ക്രിസ്ത്യന്‍ രാജ്യം സ്ഥാപിച്ച് അതിന്മേല്‍ ക്രിസ്ത്യന്‍ മതനേതൃത്വം മതശാസനങ്ങളിറക്കി ഭരണം നടത്തുന്ന ഒരു ഭൗമികവ്യവസ്ഥിതിയാണ് ദൈവരാജ്യം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി എന്ന് സ്നേഹത്തോടെ ചൂണ്ടിക്കാണിക്കട്ടെ.
ദൈവരാജ്യം തന്നില്‍ വിശ്വസിക്കുന്ന വ്യക്തിയുടെ ഉള്ളില്‍ (ലൂക്ക 17:21) സംജതമാകുന്ന ഒരു ആധ്യാത്മികാവസ്ഥയാണെന്നു യേശുക്രിസ്തു വ്യക്തമാക്കിയിരുന്നു. ഈയര്‍ത്ഥത്തില്‍ ഏതൊരു രാജ്യത്തും ഏതൊരവസ്ഥയിലും ഒരു മനുഷ്യന് ദൈവരാജ്യത്തിന്‍റെ ഭാഗമാകുവാനും തന്‍റെയുള്ളില്‍ ക്രിസ്തുവിന്‍റെ പരമാധികാരമുള്ള രാജ്യം സൃഷ്ടിക്കാനും സാധിക്കും. അതായത്, ഓരോ ക്രിസ്തുവിശ്വാസിയും ഒരു രാജ്യമാണ്; ക്രിസ്തുവിന്‍റന്‍റെ രാജത്വം നിലനില്‍ക്കുന്ന രാജ്യം. ഒന്നാം നൂറ്റാണ്ടു മുതല്‍ (അപ്പ പ്രവൃത്തി 17:7) ഈ രാജ്യകേന്ദ്രീകൃത ക്രൈസ്തവജീവിതം നയിക്കുന്ന വ്യക്തികളെയാണ് ബൈബിളിലും സഭാചരിത്രത്തിലും കാണുന്നത്. ഏതു പ്രതിസന്ധിയുടെ മധ്യത്തിലും അതിനെയെല്ലാം നേരിട്ടുകൊണ്ട് ദൈവരാജ്യത്തില്‍ നിലനില്‍ക്കണമെന്നാണ് (അപ്പ പ്രവൃത്തി 14:22) അപ്പൊസ്തൊലന്മാര്‍ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചത്.
ഭൗതിക സൗകര്യങ്ങളായ തീനും കുടിയുമല്ല ദൈവരാജ്യം, അത് നീതിയും സമാധാനവും ദൈവികമായ സന്തോഷവുമാണ് (റോമ 14:17). ഇതായിരുന്നു കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളായി ക്രൈസ്തവ സഭ മനുഷ്യവംശത്തോടു പ്രഘോഷിച്ച രാജ്യത്തിന്‍റെ സുവിശേഷം. ഭൗതികവസ്തുക്കളും പണവും പാൽപ്പൊടിയും പാരിതോഷികങ്ങളും നല്‍കി ഒരുവ്യക്തിയില്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കാവുന്ന ഒന്നല്ല ദൈവരാജ്യം. ഇസ്ലാമിക തീവ്രവാദികളുടെ വംശഹത്യകള്‍ക്കും മതമൗലികവാദികളുടെ ഭീഷണികള്‍ക്കും കമ്യൂണിസ്റ്റ് ഭ്രാന്തന്മാരുടെ പീഡനങ്ങള്‍ക്കും മുന്നില്‍ കഴുത്തുനീട്ടിക്കൊടുത്തുകൊണ്ട് ജനകോടികള്‍ ഇതിനോടകം പ്രവേശിച്ചത് നിത്യതയോളം വ്യാപിച്ചുകിടക്കുന്ന ദൈവരാജ്യത്തിന്‍റെ അഭൗമികമായ അവസ്ഥയിലേക്കായിരുന്നു.
ടോള്‍സ്റ്റോയിയുടെ ദൈവരാജ്യം
ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ അടിത്തറ
ദൈവരാജ്യമെന്ന ആത്മീയദര്‍ശനത്തിന്‍റെ ഭൗമികതലത്തെ സൂക്ഷ്മമായി വിശകലനം ചെയ്ത് അവതരിപ്പിച്ചത് റഷ്യന്‍ നോവലിസ്റ്റായിരുന്ന ലിയോ ടോള്‍സ്റ്റോയ് ആയിരുന്നു. ടോള്‍സ്റ്റോയിയുടെ വിഖ്യാതമായ “The Kingdom of God Is Within You” എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നത് “ഓരോ വ്യക്തിയുടെയും ജീവിതത്തിന് ഒരേയൊരര്‍ത്ഥമേയുള്ളൂ, അത് തന്നില്‍ ദൈവരാജ്യത്തിന്‍റെ സ്ഥാപനമാണ്. അതിനായി ഓരോ മനുഷ്യനും സത്യത്തെ തിരിച്ചറിയുകയും അതിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ മാനവരാശിയെ സേവിക്കുകയും വേണം” എന്നാണ്. വാസ്തവത്തില്‍ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സത്യാന്വേഷണത്തിനും അഹിംസാ ദര്‍ശനങ്ങള്‍ക്കും അടിത്തറയിട്ടത് ടോള്‍സ്റ്റോയിയുടെ കിംഗ്ഡം ഓഫ് ഗോഡിലെ പ്രതിപാദനമാണെന്ന് അദ്ദേഹം തന്‍റെ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട് (അധ്യായം രണ്ടിലെ ഏറ്റവും ഒടുവിലത്തെ വാചകം).
കത്തോലിക്കാ സഭയും
ദൈവരാജ്യ ദര്‍ശനവും
കത്തോലിക്കാ സഭയുടെ തലവന്‍ മാര്‍പ്പാപ്പാ ഒരു രാജ്യത്തിന്‍റെ അധികാരിയും അതോടൊപ്പം സഭയുടെ തലവനും ആയതിനാല്‍, റോമാ സഭയുടെ ഈ രാജ്യാധികാര ഘടനയാണ് ലോകത്തെല്ലായിടത്തും സ്ഥാപിതമാക്കുവാന്‍ പോകുന്നത് എന്ന് കരുതുന്നവരുണ്ട്. ലോകരാജ്യങ്ങളെ മുഴുവന്‍ ക്രൈസ്തവ വല്‍ക്കരിച്ചുകൊണ്ട് വത്തിക്കാനു തുല്യമായ ഒരു ഭരണസമ്പ്രദായത്തിലേക്ക് കൊണ്ടുവരുവാനുള്ള ഒരു നിഗൂഡ അജണ്ട നടപ്പാക്കുവാന്‍ പോകുന്നു എന്നു ഭയപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ മാര്‍പാപ്പാ വത്തിക്കാന്‍റെ തലവനും യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ സ്വാധീനമുള്ള വ്യക്തിയും ആയിത്തീര്‍ന്നതിനുള്ള ചരിത്രപരമായ കാരണങ്ങള്‍ വ്യത്യസ്തമാണ്. കൂടാതെ, റോമിലെ സഭയ്ക്കു തുല്യസ്ഥാനത്തു നിൽക്കുന്ന മറ്റ് നാല് അപ്പൊസ്തൊലിക സിംഹാസനങ്ങളും ( Holy See) അവയില്‍ മാര്‍പാപ്പായ്ക്ക് തുല്യരായ നാല് സഭാതലവന്മാരും (Patriarch) ലോകത്തുണ്ട് എന്ന വസ്തുതയും വിസ്മരിക്കരുത്. ജെറുസലേമിലേയും അലക്സാണ്ട്രിയായിലേയും അന്ത്യോഖ്യായിലേയും കോണ്‍സ്റ്റാന്‍റിനോപ്പിളിലേയും സഭാതലവന്മാര്‍ക്കു തുല്യമായ സ്ഥാനം മാത്രമേ റോമിലെ സഭയ്ക്കും തലവനും ഉള്ളൂ. എന്നാല്‍ ചരിത്രപരമായ കാരണങ്ങളാല്‍ റോമാ സഭ വ്യത്യസ്തമായി എന്നുമാത്രം. റോം ഒഴികെയുള്ള മറ്റ് നാല് സഭാ ആസ്ഥാനങ്ങളിലെയും സഭാതലവന്മാര്‍ ആരും രാഷ്ട്രതലവന്മാരല്ല എന്നോര്‍ക്കണം. ഈ സഭകളില്‍നിന്നും തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ കാരണമാണ് റോമിലെ മെത്രാനെ ഒരു രാഷ്ട്രത്തലവനാക്കി മാറ്റിയത്.
റോമിലെ മെത്രാൻ വത്തിക്കാൻ
രാഷട്രത്തലവൻ ആയത് എങ്ങനെ ?
നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെ റോമാ സാമ്രാജ്യത്തില്‍ ക്രൈസ്തവ സഭയ്ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചു. സഭാപ്രവേശനത്തിനു ശേഷം ചക്രവര്‍ത്തിതന്നെ സഭയ്ക്ക് നിരവധി സ്വത്തുക്കള്‍ നല്‍കി. കൂടാതെ ഇറ്റലിയിലെ പ്രഭുക്കന്മാരും ഭൂവുടമകളും സഭയ്ക്ക് വലിയ തോതില്‍ സ്വത്തുക്കളും പണവും ദാനംചെയ്തു. അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും റോമിലെ സഭ ഇറ്റലിയിലെ ഏറ്റവും വലിയ ഭൂവുടമയുമായി മാറി.
എ.ഡി 330 ഓടെ ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം ബൈസാന്‍റിയത്തിലേക്കു (കോണ്‍സ്റ്റാന്‍റിനോപ്പിള്‍) മാറ്റിയതോടെ റോമിനു ചക്രവര്‍ത്തിയില്‍നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതായി. ഇത് രാജ്യത്തിന്‍റെ സുരക്ഷയെവരെ ബാധിച്ചു. ലംബാര്‍ഡുകളുടെ ഭീഷണി ഇറ്റലിക്കു നേരേ ഉയര്‍ന്നപ്പോള്‍ ഇവരുടെ ആക്രമണത്തില്‍നിന്നു ജനങ്ങളെ സംരക്ഷിക്കുന്നതിനായി അന്നത്തെ മാര്‍പാപ്പാ ഗ്രിഗറി ഒന്നാമന്‍ (ഗ്രിഗറി ദ ഗ്രേറ്റ്) ലംബാര്‍ഡുകളുമായി ചര്‍ച്ച നടത്തുകയും രാജ്യത്ത് സമാധാനമുണ്ടാവുകയും ചെയ്തു. ഈ സംഭവത്തോടെ പാപ്പാ ഇറ്റാലിയന്‍ ജനതയുടെ പുതിയ നേതാവായി മാറി.
അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാന കാലത്ത്, റോമാ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് യൂറോപ്പില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയാണ് വാസ്തവത്തില്‍ മാര്‍പാപ്പായുടെ പ്രസക്തി യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണമായത്. ഇറ്റലിയിലും യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മാര്‍പാപ്പായ്ക്ക് സഭാതലവന്‍ എന്ന അര്‍ത്ഥത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. റോമാ സാമ്രാജ്യത്തില്‍നിന്നും സ്വതന്ത്രമായശേഷം രാഷ്ട്രീയമായി ശക്തിപ്പെടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിച്ചതോടെ സഭയ്ക്കു രാഷ്ട്രങ്ങളുടെമേലുള്ള സ്വാധീനം വര്‍ദ്ധിക്കുന്നതിന് കാരണമായി. തല്‍ഫലമായി ഇറ്റലിയില്‍ മാത്രമല്ല റോമാ സാമ്രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും പാപ്പാ ക്രൈസ്തവസഭയുടെ തലവനായും ശക്തനായ ഒരു രാഷ്ട്രത്തലവനായും അറിയപ്പെട്ടു. വാസ്തവത്തില്‍ ഇതിനെയാണ് ക്രൈസ്തവ സാമ്രാജ്യം എന്നു പലരും തെറ്റിദ്ധരിച്ചത്.
ഇറ്റലിയില്‍ പാപ്പായുടെ സ്വാധീനം ഏറെ ശക്തമായതോടെ ഇറ്റലിയുടെ ഒരു ഭാഗം പാപ്പല്‍ സ്റ്റേറ്റായി മാറി. ഈ സ്ഥിതി 19-ാം നൂറ്റാണ്ടുവരെ നീണ്ടുനിന്നു. പിന്നീട് ഇറ്റലിയുടെ ഏകീകരണത്തിന്‍റെ ഭാഗമായി ഈ സ്ഥലങ്ങളെല്ലാം സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയും ലാറ്ററന്‍ കരാറിലൂടെ മാര്‍പാപ്പായ്ക്ക് റോമാ നഗരത്തിന്‍റെ നടുവില്‍ വത്തിക്കാനില്‍ 49 ഹെക്ടര്‍ സ്ഥലം (121 ഏക്കര്‍) അനുവദിച്ചു നല്‍കുകയും ചെയ്തു. ഇവിടെയാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്ക ഉള്‍പ്പെടെയുള്ള ദേവാലയവും മാര്‍പാപ്പായുടെ കൊട്ടാരവും എല്ലാം സ്ഥിതിചെയ്യുന്നത്.
ലാക്റ്റാന്‍റിയസ് മുതല്‍ ഇന്നുവരെയുള്ള
സഭയുടെ രാഷ്ട്രീയം
എഡി 250-325 കാലത്ത് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഉപദേശകനായിരുന്നു ക്രൈസ്തവനായിരുന്ന ലാക്റ്റാന്‍റിയസ്. രാജാക്കന്മാരെയും രാജകുടുംബാംഗങ്ങളെയും ഉയര്‍ന്ന ഉദ്യോഗത്തില്‍ പരിശീലിപ്പിക്കുവാനായി അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ആ അവസരങ്ങളിലൊന്നും ജനങ്ങളെ എപ്രകാരം ഭരിക്കണമെന്നതിനു നിലവിലുള്ള ഭരണരീതികളൊന്നുമല്ല അദ്ദേഹം അഭ്യസിപ്പിച്ചത്. “ദൈവത്തോടും സജീവികളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റി രാജ്യധര്‍മ്മത്തില്‍ എപ്രകാരം പങ്കാളിയാകാം” എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പാഠ്യപദ്ധതി. കൊട്ടാരത്തിനുള്ളിലുള്ള വിദ്യാസമ്പന്നരായ രാജകുടുംബാംഗങ്ങളിലൂടെ മാത്രമേ ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമായിരുന്ന ലാക്റ്റാന്‍റിയസ് വിശ്വസിച്ചിരുന്നത്. അല്ലാതെ, ജനങ്ങളെ മനുഷ്യാവകാശം, സ്വാതന്ത്ര്യം, വിപ്ലവം എന്നിവയില്‍ പ്രചോദിപ്പിച്ച് അക്രമവും സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളുടെയും മാര്‍ഗ്ഗത്തില്‍ വ്യവസ്ഥിതികളെ തകിടംമറിച്ച് രാഷ്ട്രീയാധികാരം കൈയടക്കി ക്രൈസ്തവ സാമ്രാജ്യം സ്ഥാപിക്കുക എന്നതായിരുന്നില്ല ക്രൈസ്തവ സഭയുടെ അടിസ്ഥാന ലക്ഷ്യം. ഇന്നുള്ള സഭ പിന്തുടരുന്നതും ഇതേ പാരമ്പര്യമാണ്. അതിനാൽ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടോ നേതാവിനോടോ പ്രത്യയശാസ്ത്രത്തോടോ കൂറോ കൂറില്ലായ്മയോ പ്രകടിപ്പിച്ചുകൊണ്ട് സ്റ്റേറ്റില്‍ അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചടക്കുന്ന “പൊളിറ്റിക്കല്‍ ക്രിസ്റ്റ്യാനിറ്റി” എന്നത് ക്രൈസ്തവ പ്രബോധനങ്ങളില്‍ കാണില്ലെന്ന് കഴിഞ്ഞ2000 കൊല്ലത്തെ ചരിത്രത്തെ ആസ്പദമാക്കി പറയാന്‍ കഴിയും.
ദൈവരാജ്യം എന്നാല്‍ ക്രൈസ്തവ രാജ്യം സ്ഥാപിക്കുക എന്ന ഇ.എസ്. ബിജുവിന്‍റെ കണ്ടെത്തല്‍ സ്വന്തം തോന്നലുകള്‍ വികസിപ്പിച്ചെടുത്ത ആശയം മാത്രമാണ്. “ക്രൈസ്തവ രാജ്യം” എന്നൊരു വിദൂരലക്ഷ്യം പോലും ഒരു ക്രൈസ്തവ സഭയ്ക്കും ഇല്ല. താങ്കൾ ഭയപ്പെടുന്ന പോലെ “ക്രൈസ്തവ രാജ്യം” എന്നൊരു ചിന്തയുടെ ചെറിയൊരംശംപോലും ക്രൈസ്തവ വിശ്വാസത്തില്‍ ഉള്‍പ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യംകൂടെ അങ്ങു ഗ്രഹിക്കുമെന്ന് കരുതുന്നു.

മാത്യൂ ചെമ്പുകണ്ടത്തിൽ
