സ്വവർഗ ദമ്പതികളുടെ വിഷയവുമായി ബന്ധപ്പെട്ടു മാർപ്പാപ്പയെ ദൈവ വിരുദ്ധനായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നു. ഇത്തരം വിഷയങ്ങൾ ഞാൻ ശ്രദ്ധയോടെ വീക്ഷിക്കും എന്നുറപ്പുള്ള എന്റെ സുഹൃത്തുക്കൾക്കായി ആണ് ഞാൻ ഇത് എഴുതുന്നത്. ആരുമായും തർക്കിക്കാൻ അല്ല. ശ്രദ്ധയോടെ വായിക്കുക. (ഞാൻ പറയുന്ന വിഷയങ്ങൾ BBC റിപ്പോർട്ട് ചെയ്തതിന്റെ ലിങ്കുകൾ ഞാൻ ഇവിടെ കൊടുക്കും. ഇംഗ്ളീഷ് വായിക്കാൻ അറിയുന്നവർ അതുകൂടി വായിക്കണമേ)
മാർപ്പാപ്പ ഈ വിഷയത്തിൽ എടുത്തിട്ടുള്ള കടുത്ത നിലപാടുകൾ എന്തൊക്കെയാണ് .
1 വിവാഹം എന്നത് ഒരു സ്ത്രീയും പുരുഷനുമായി മാത്രം നടക്കുന്നതാണ് എന്നതാണ് കത്തോലിക്കാ സഭയുടെ പഠനം എന്ന് മാർപ്പാപ്പ തറപ്പിച്ചു പറയുന്നതായി bbc റിപ്പോർട്ട് ചെയ്യുന്നു
2 സ്വവർഗ വിവാഹത്തെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല എന്ന് 2021 ൽ ഇതേ മാർപ്പാപ്പ തന്നെ തറപ്പിച്ചു പറഞ്ഞതായി bbc പറയുന്നു
3 സ്വവർഗാനുരാഗം ഒരു കുറ്റകൃത്യമല്ല എന്നാൽ പാപമാണ് എന്ന് ഫ്രാൻസിസ് മാർപ്പാപ്പ പഠിപ്പിച്ചു. പല രാജ്യങ്ങളിലും വ്യഭിചാരം കുറ്റകൃത്യമല്ല എന്നാൽ സഭയ്ക്ക് പാപമാണ് എന്നതുപോലെ ഇതും നമ്മൾ മനസിലാക്കണം. (homosexuality is not a crime but a sin ) ഒരു രാജ്യം കുറ്റകൃത്യമല്ല എന്ന് പറയുന്നതനുസരിച്ചു പാപം പാപമല്ലാതാകില്ല എന്നും അതൊരു പാപമാണ് എന്ന് കരുതി രാഷ്ട്രങ്ങൾ ക്രൂരമായ ശിക്ഷകൾ എപ്പെടുത്തി അവരെ പീഡിപ്പിക്കരുത് എന്നും ഒരേപോലെ പഠിപ്പിക്കാൻ മാർപ്പാപ്പ ശ്രമിച്ചു എന്നാണ് അന്ന് നമ്മൾ മനസിലാക്കിയത്
4 സഭയ്ക്ക് സ്വവർഗ വിവാഹത്തെ ആശീര്വദിക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ട് മാർപ്പാപ്പ പറഞ്ഞ കാരണം ബി ബി സി പറയുന്നു .. സഭയ്ക്ക് പാപത്തെ ആശീർവദിക്കാൻ ആകില്ല
അതോടൊപ്പം മാർപ്പാപ്പ ഉറപ്പിച്ചു പറയുന്നു വിവാഹത്തിന് പുറമെ നടക്കുന്ന എല്ലാ ലൈംഗീക പ്രവർത്തികളും പാപമാണ്. സ്വവർഗ ഇണകളെ മാത്രം പാപികൾ എന്നും നികൃഷ്ടർ എന്നും പറയുന്ന കാതോലിക്കാരിലെ പരിഷ്കൃത സമൂഹം വെറുതെ വിടുന്ന ‘സാദാ ‘ വ്യഭിചാരങ്ങളെക്കൂടെ മാർപ്പാപ്പ ശകാരിക്കുകയായിരുന്നു
ഇത്രയും കൃത്യമായി മാർപ്പാപ്പ പറയുമ്പോൾ പാപം എന്ന് സഭ പഠിപ്പിക്കുന്നത് പാപം തന്നെയാണ് എന്ന് തറപ്പിച്ചു പറയുന്ന മാർപ്പാപ്പയെ എനിക്ക് കാണാൻ പറ്റുന്നു. ഇത്രയും സ്പഷ്ടമായി പറഞ്ഞിട്ടും മാർപ്പാപ്പയുടെ നിലപാട് മനസിലാക്കാൻ പറ്റാത്ത ആളുടെ മനോ നില എന്തായിരിക്കും എന്ന് ഞാൻ അതിശയിക്കുന്നു
ഇനി ആശയക്കുഴപ്പം ഉണ്ടായതു എവിടെയാണ് എന്ന് ഞാൻ മനസിലാക്കി തരാം. ഈ ആശയക്കുഴപ്പത്തെ വേർതിരിച്ചു മനസിലാക്കി തരാൻ മാധ്യമങ്ങൾ ശ്രമിക്കാത്തത് എന്തുകൊണ്ടാണ് ? അതും പറയാം
യഥാർത്ഥ ആശയക്കുഴപ്പം
ഇവിടെ രണ്ടു കാര്യങ്ങളാണ് ചർച്ചയ്ക്കു വിധേയമാകുന്നത്
1 സ്വവർഗ വിവാഹം സഭ അംഗീകരിച്ചു ആശീർവദിക്കുമോ ?
അതിനെക്കുറിച്ചു നിങ്ങള്ക്ക് എന്ത് മനസിലായി ? ഒരിക്കലും ഇല്ല. സ്വവർഗ വിവാഹം എന്നൊരു വിവാഹമേ ഇല്ല എന്നതാണ് മാർപ്പാപ്പയുടെ നിലപാട് എന്ന് ഞാൻ മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ നിന്നു മനസിലായില്ലേ ?
അപ്പോൾ ഒന്നാമത്തെ വിഷയം കഴിഞ്ഞു. ഇനി പറയുന്ന രണ്ടാമത്തെ വിഷയം ഒന്നാമത്തേതാണ് എന്ന തെറ്റിദ്ധരിപ്പിക്കലാണ് ഇപ്പോൾ നടക്കുന്നത്
2 ഏതെങ്കിലും രീതിയിൽ ഒരുമിച്ചു താമസിക്കുന്ന സ്വവർഗ സുഹൃത്തുക്കൾ പള്ളിയിൽ പ്രാർത്ഥനകൾ നടക്കുമ്പോൾ കടന്നു വരുന്നു. അല്ലെങ്കിൽ ഒരു പുരോഹിതന്റെ അടുക്കൽ വരുന്നു. അവർ പ്രാർത്ഥിക്കാൻ വൈദീകനെ സമീപിച്ചാൽ അവർക്കുവേണ്ടി പ്രാർത്ഥിക്കാമോ ?
ഇതിന്റെ ഉത്തരം മനസിലാക്കാൻ ശ്രമിക്കുന്നതിനു മുൻപ് നമ്മൾ മറ്റൊരു ചോദ്യത്തിന് ഉത്തരം പറയണം. വിവാഹം കഴിച്ചവർ എന്ന് ഉറപ്പില്ലാത്ത ഒരു വീട്ടിൽ താമസിക്കുന്ന ഒരു സ്ത്രീയും പുരുഷനും ദേവാലയത്തിൽ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന വൈദീകനെ സമീപിക്കുന്നു. നിങ്ങൾ പറയൂ ? വൈദീകൻ അവർക്കുവേണ്ടി പ്രാർത്ഥിക്കാമോ ? അഥവാ കേരളത്തിൽ അങ്ങനെ ഒരു വൈദീകൻ പ്രാർത്ഥിച്ചാൽ നിങ്ങൾ ആ വൈദീകനെ കുറ്റപ്പെടുത്തുമോ ? ഓ കല്യാണമൊന്നും നടത്തിയതല്ലല്ലോ വെറുതെ പ്രാർത്ഥിച്ചതല്ലേ എന്നല്ലേ നിങ്ങളും പറയൂ .. ഇനി ചിന്തിക്കൂ … വ്യഭിചാരത്തിൽ കഴിയുന്ന ഈ ആണിനും പെണ്ണിനും സ്വവർഗ വ്യക്തികളേക്കാൾ എന്ത് മേന്മയാണ് നമ്മൾ കൊടുക്കുന്നത്. അപ്പോൾ വ്യഭിചാരം നമുക്ക് നിസാരമായ പാപമാണ് അല്ലെ ? ഈ കാപട്യമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നത് എന്ന് മനസിലാക്കാം. ദൈവത്തിന്റെ കരുണ എല്ലാവർക്കും അവകാശപ്പെട്ടതാണ്. എന്നാൽ യൂറോപ്പിൽ പോലും ഈ വിഷയത്തിൽ ചിലർ കടുത്ത നിലപാടെടുത്തു എന്ന് നമ്മൾ കരുതണം. പാപം പാപമാണ് എന്ന് പഠിപ്പിക്കുന്ന ശരിയായ സുവിശേഷ പ്രഘോഷണമാണ്, തെറ്റ് മനസ്സിലാക്കിക്കൊടുക്കാൻ സഭയ്ക്ക് വേണ്ടത്, അല്ലാതെ പാപിയെ ആട്ടി പായിക്കുന്ന ക്രൂരതയല്ല എന്നതാണ് മാർപ്പാപ്പ നമ്മളോട് പറയുന്നത്.
എന്നാൽ അങ്ങനെ പ്രാർത്ഥിക്കാം എന്ന് പറയുമ്പോൾ ചില വൈദീകർ ഒരു പക്ഷെ അത് സ്വവർഗ വിവാഹത്തിന് സമാനമായ ഒരു പ്രവർത്തിയായി മാറ്റാൻ വിദൂര സാധ്യതയുണ്ടെന്ന് കണ്ട മാർപ്പാപ്പ ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ വിവാഹം എന്ന് തോന്നിപ്പിക്കുന്ന പ്രാര്ഥനകളോ വേഷവിധാനങ്ങളോ സാഹചര്യങ്ങളോ അവിടെ ഉണ്ടാകാൻ പാടില്ല എന്ന് തറപ്പിച്ചു പറയുമ്പോൾ നിങ്ങള്ക്ക് മാർപ്പാപ്പ എന്താണ് പറയുന്നത് എന്ന് മനസിലായില്ലേ ?
ഇനി കത്തോലിക്കർ അനുഭവ പൂർവം ചില സാഹചര്യങ്ങൾ മനസിലാക്കണം
1 എന്തെങ്കിലും ഒരു പ്രസ്താവന കിട്ടിയാൽ എങ്ങനെയെങ്കിലും വളച്ചൊടിച്ചു കത്തോലിക്കാ സഭ സ്വവർഗ വിവാഹത്തെ അനുകൂലിക്കാൻ പോകുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള അവസരമാക്കി മാറ്റുന്ന ഒരു സംഘം ലോകമെങ്ങും ഉണ്ട്. നേരത്തെ പറഞ്ഞ രണ്ടു വിഷയങ്ങളിൽ രണ്ടാമത്തെ വിഷയത്തെക്കുറിച്ച മാർപ്പാപ്പ പറയുമ്പോൾ ഒന്നാമത്തെ വിഷയമാണെന്ന് തോന്നിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത് അവരാണ് . ഇത്തരം ഉത്തരം കിട്ടാൻ വേണ്ടി loaded questions ചോദിച്ചു കൊണ്ടിരിക്കുന്നതും അവരാണ്.
2 മാർപ്പാപ്പയുടെ ശത്രുക്കളായി സഭയുടെ ഉള്ളിൽ പ്രവർത്തിക്കുന്നവർ മാർപ്പാപ്പ ഒരു മഹാപാപിയാണ് എന്ന ധാരണ സഭയ്ക്കുള്ളിൽ പടർത്തി വിശ്വാസികളെ പാപ്പയിൽ നിന്നു അകറ്റാം എന്ന് കരുതി പ്രവർത്തിക്കുന്നുണ്ട് . അവർ ഇടയനെ അടിച്ചു ആടുകളെ ചിതറിക്കാൻ നോക്കുന്നവരാണ്
ഈ രണ്ടു കൂട്ടരുടെ തെറ്റിദ്ധാരണ പടർത്തുന്ന പ്രചാരണങ്ങൾക്കിടയിൽ വിവാഹമെന്നത് സ്ത്രീയും പുരുഷനുമായി മാത്രമുള്ളതാണെന്നും സ്വവർഗ വിവാഹം കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ ആശീർവദിക്കാൻ സാധിക്കാത്ത പാപ പ്രവർത്തി ആണെന്നും ശക്തമായി പഠിപ്പിക്കുന്ന നമ്മുടെ മാർപ്പാപ്പയെ മനസിലാക്കുകയും വ്യാജ പ്രചാരകരിൽ നിന്നു സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ് എന്ന് മനസിലാക്കാൻ ഡാനിയൽ പ്രവാചന്റെ മേൽ പ്രവർത്തിച്ച ദൈവത്തിന്റെ ആത്മാവ് നമ്മെ എല്ലാവരെയും സഹായിക്കട്ടെ . ഒരു വാർത്ത അതിന്റെ ശരിയായ രൂപത്തിൽ മനസിലാക്കാൻ ഉള്ള അവകാശം നമുക്കുണ്ട്. അതിനാണ് ഞാൻ ഇത്രയും വിശദീകരിച്ചത്.
ജോസഫ് ദാസൻ