കേരളത്തിലെ വിവിധ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളെ ക്രൈസ്‌തവ സഭാവിഭാഗമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പെന്തക്കോസ്ത് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയ വാർത്ത കഴിഞ്ഞ ആഴ്ച കണ്ടിരുന്നു. പെന്തക്കൊസ്തർക്ക് ആരാധനാലയം നിർമ്മിക്കാനുള്ള തടസങ്ങൾ മാറ്റുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ ആനുപാതികമായി പെന്തക്കോസ്തർക്ക് നൽകുക, ദലിത് ക്രൈസ്തവ സംവരണം അനുവദിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുക, പാസ്റ്റർമാർക്കും സൺഡേസ്കൂൾ അധ്യാപകർക്കും ക്ഷേമനിധി ഏർപ്പെടുത്തുക, സർക്കാർ ബോർഡുകളിലും ന്യൂനപക്ഷ കമ്മീഷനിലും പ്രാതിനിധ്യം ഉറപ്പാക്കുക, തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.

ഈ നിവേദനത്തിൻ്റെ ഫലമായി “കേരളത്തിലെ പെന്തക്കോസ്ത് വിഭാഗങ്ങളെ ക്രൈസ്‌തവ സഭയായി അംഗീകരിക്കും” എന്നൊരു വാർത്ത മാധ്യമങ്ങളിൽ കണ്ടു. കേരളത്തിലെ പെന്തക്കോസ്ത് വിഭാഗങ്ങൾക്ക് സർക്കാർ തലത്തിൽ ചില ആനുകൂല്യങ്ങളോ പരിഗണനകളോ ലഭിക്കുന്നത് തികച്ചും സ്വാഗതാർഹമാണ്. എന്നാൽ പെന്തക്കോസ്‌ത് പ്രസ്ഥാനങ്ങളെ ക്രൈസ്‌തവ സഭയായി പ്രഖ്യാപിക്കാൻ കേരള സർക്കാരിന് അധികാരമുണ്ടോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.സർക്കാർ പ്രഖ്യാപിച്ചാലുടൻ പ്രസ്ഥാനങ്ങൾ “തിരുസ്സഭ”യായി മാറുമോ എന്നു പ്രസ്ഥാനത്തിൻ്റെ വക്താക്കൾ പരിശോധിക്കേണ്ട വിഷയമാണ്.

🔷 സഭയുടെ ശില്പി ക്രിസ്തുവാണ്,

മനുഷ്യനല്ല.

മത്തായി 16:18-ൽ യേശു പറയുന്നത്, “ഞാൻ എന്റെ സഭയെ പണിയും” എന്നാണ്. ഇവിടെ ‘ഞാൻ’ എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്. സഭയുടെ ശില്പി യേശു ക്രിസ്തുവാണ്, മനുഷ്യനല്ല. അതിനാൽ ദൈവവചന പ്രകാരം ‘സഭ’ എന്നത് വെറുമൊരു കെട്ടിടമോ, ഒരു രജിസ്റ്റർ ചെയ്ത സംഘടനയോ, അല്ലെങ്കിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ ഉണ്ടായ ആത്മീയ ഉണർവോ അല്ല.

ബൈബിൾ സഭയെ വിശേഷിപ്പിക്കുന്നത് വളരെ ആഴമേറിയ അർത്ഥതലങ്ങളിലാണ്. സഭ തിരഞ്ഞെടുക്കപ്പെട്ട ജനസമൂഹമാണ്

സഭ ക്രിസ്തുവിന്റെ ശരീരമാണ്, സഭ ക്രിസ്തുവിന്റെ മണവാട്ടിയാണ്, സഭ സത്യത്തിന്റെ തൂണും അടിസ്ഥാനവുമാണ്, സഭ ഒരു ആത്മീയ മന്ദിരമാണ്. സഭ എന്നത് ക്രിസ്തു സ്ഥാപിച്ചതും, അപ്പസ്തോലന്മാർ വളർത്തിയതും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതുമായ ഒരു ദൈവിക സ്ഥാപനമാണ്. തിരുവചനാധിഷ്ഠിതമായ ഈ നിർവ്വചനങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ, ദൈവം ഈ പ്രപഞ്ചത്തിൽ സൃഷ്ടിച്ചിരിക്കുന്ന അനിതരസാധാരണമായ ഒരു ജീവത്ഘടനയായി വേണം തിരുസ്സഭയെ മനസ്സിലാക്കാൻ.

പെന്തക്കോസ്ത് നാളിൽ പരിശുദ്ധാത്മാവിനാൽ അപ്പസ്തോലന്മാരിലൂടെയാണ് സഭ സ്ഥാപിതമായത്. ഇതിന് 2000 വർഷത്തെ അഖണ്ഡിതമായ ചരിത്രമുണ്ട്. യേശുക്രിസ്തു ‘സഭകൾ’ (Churches) എന്ന ബഹുവചനത്തിലല്ല, ‘സഭ’ (The Church) എന്ന ഏകവചനത്തിലാണ് സഭയെ സൃഷ്ടിച്ചിരിക്കുന്നത്. പന്ത്രണ്ട് അപ്പസ്തോലന്മാരിലൂടെയാണ് വ്യത്യസ്ത ദേശങ്ങളിൽ, വ്യത്യസ്ത മനുഷ്യ സംസ്കാരങ്ങളിലാണ് സഭ സ്ഥാപിതമെങ്കിലും അത് ഏകശരീരമായി നിലകൊള്ളുന്നു. അതിനാൽ സഭ ഒന്നേയുള്ളൂ. യേശുക്രിസ്തു സഭയാകുന്ന ശരീരത്തിന്റെ തലയുമാകുന്നു” (കൊലോസ്യർ 1:18). സഭയിലെ ഓരോ അംഗവും ആ ശരീരത്തിലെ ഓരോ അവയവങ്ങളാണ്. തലയായ ക്രിസ്തുവിൽ നിന്ന് ജീവനും അധികാരവും സ്വീകരിക്കുന്നതുമായ ഒരു ജൈവഘടനയാണ് സഭയുടേത്.ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും സഭയെ ക്രിസ്തുവിൽ നിന്നു വേർപെടുത്താനോ മറ്റൊന്നിനെ ഇപ്രകാരം സൃഷ്ടിച്ചെടുക്കാനോ കഴിയില്ല.

🔷 പെന്തക്കൊസ്ത് എന്നത് ഒരു പ്രസ്ഥാനമാണ്; സഭയല്ല

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1901-ൽ അമേരിക്കയിൽ കാൻസസിലും 1906-ൽ ലോസാഞ്ചലസിലെ അസൂസാ സ്ട്രീറ്റിലും ഒരു ആത്മീയ പ്രസ്ഥാനമായിട്ടാണ് പെന്തകൊസ്ത് മൂവ്മെൻ്റ് ആരംഭിക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ പ്രസ്ഥാനം അമേരിക്കയിലുടനീളവും പല രാജ്യങ്ങളിലുമായി വ്യാപിച്ചു.

കേരളത്തിലെ പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ ചരിത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആരംഭിക്കുന്നത്. 1911-ൽ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോബർട്ട് എഫ്. കുക്ക് (കുക്കു സായിപ്പ്) എന്ന അമേരിക്കൻ മിഷനറിയുടെ പ്രവർത്തനങ്ങളിലൂടെ ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. കേരളത്തിലെ പാരമ്പര്യ അപ്പസ്തോലിക സഭകളിൽ നിന്ന് വേർപെട്ടു വന്ന വിശ്വാസികൾ ആണ് വിവിധയിടങ്ങളിൽ പിന്നീട് ഈ മൂവ്മെൻ്റ് ആരംഭിച്ചത്.

ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയെ (IPC) കൂടാതെ, അസംബ്ലീസ് ഓഫ് ഗോഡ് (AG), ചർച്ച് ഓഫ് ഗോഡ് തുടങ്ങിയ അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുടെ ബ്രാഞ്ചുകളും കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ഇന്ത്യൻ സൊസൈറ്റി ആക്ട്, കമ്പനീസ് ആക്ട്, ചാരിറ്റബിൾ ആക്ട് എന്നീ നിയമങ്ങളുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനകളാണ് കേരളത്തിലെ വിവിധ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ. കേരളത്തിലെ സഹകരണ സംഘം തെരഞ്ഞെടുപ്പു പോലെ സ്ഥാനാർത്ഥി നിർണ്ണയവും വരണാധികാരിയും ബാലറ്റ് ഇലക്ഷനും വോട്ടു പിടിത്തവും സംഘർഷങ്ങളും ഈ സംഘടനാ തെരഞ്ഞെടുപ്പിലും പതിവാണ്.

🔷 കേരള മന്ത്രിസഭ പ്രഖ്യാപിച്ചാലും

പെന്തക്കൊസ്ത് സഭയാകില്ല,

എന്തുകൊണ്ട്?

♦️ കേരളത്തിലെ പെന്തക്കോസ്ത് വിഭാഗങ്ങൾക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങളും നിയമപരമായ പരിഗണനകളും നൽകാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ, ദൈവശാസ്ത്രപരമായി ഒരു ജനക്കൂട്ടത്തെ “ഈശോ മിശിഹായുടെ ശരീരമായ സഭ” എന്ന് പ്രഖ്യാപിക്കാൻ ഭൂമിയിലുള്ള ഒരു സർക്കാരിനും യേശുക്രിസ്തു അധികാരം നൽകിയിട്ടില്ല. അതിനാൽ ഭരണകൂടം നൽകുന്ന അംഗീകാരത്തിലൂടെ സഭ സ്ഥാപിക്കപ്പെടില്ല.

♦️ ​ ബൈബിൾ പ്രകാരം സഭയുടെ (The Church) ശില്പി ക്രിസ്തുവാണ് (മത്തായി 16:18). സഭ എന്നത് മനുഷ്യനിർമ്മിതമായ ഒരു സംഘടനയോ രജിസ്റ്റർ ചെയ്ത സ്ഥാപനമോ അല്ല; മറിച്ച് ക്രിസ്തു സ്ഥാപിച്ചതും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതുമായ ഒരു ദൈവിക വ്യവസ്ഥിതിയാണ്. പെന്തക്കോസ്തിൻ്റെ പേരിൽ ഓരോ വ്യക്തിയും സ്വന്തമായി സഭകൾ ഉണ്ടാക്കിയെടുക്കുമ്പോൾ, അത് ക്രിസ്തു വിഭാവനം ചെയ്ത ‘സഭ’ എന്ന സങ്കല്പത്തിന് വിരുദ്ധമാകുന്നു.

♦️ യേശു വിഭാവനം ചെയ്തത് ‘സഭ’ (The Church) ഏകമാണ്, എന്നാൽ പെന്തക്കോസ്ത് വിഭാഗങ്ങൾ ആയിരക്കണക്കിന് സ്വതന്ത്ര ഗ്രൂപ്പുകളായും സെക്റ്റുകളായും ചിതറിക്കിടക്കുന്നു. വിശ്വാസ വിഷയങ്ങങിൽ ഏകീകരണമോ ഏകീകൃത ഭരണസംവിധാനമോ ഐക്യമോ വിശ്വാസപ്രമാണമോ ഇല്ലാത്ത ഇത്തരം കൂട്ടായ്മകളെ ‘ഏക സഭ’ എന്ന് വിളിക്കുന്നത് സാങ്കേതികമായിപ്പോലും തെറ്റാണ്.

♦️ പെന്തക്കോസ്ത് ഉൾപ്പെടെ പല ആധുനിക പ്രസ്ഥാനങ്ങളും സ്ഥാപകരായ വിവിധ വ്യക്തികളുടെ താല്പര്യപ്രകാരമോ, പ്രത്യേക ഉപദേശങ്ങളുടെ അടിസ്ഥാനത്തിലോ ഉപദേശ ഭിന്നതകളുടെ പേരിലോ വേർപിരിഞ്ഞുണ്ടായവയാണ്. മനുഷ്യർ തങ്ങൾക്കിഷ്ടമുള്ള പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചാൽ അത് ‘സഭ’ എന്നതിലുപരി ഒരു ‘സംഘടന’ (Organization) മാത്രമായിട്ടേ നിലനിൽക്കൂ.

♦️ ക്രിസ്തീയ സഭയ്ക്ക് 2000 വർഷത്തെ ചരിത്രമുണ്ട്. എന്നാൽ പെന്തക്കോസ്ത് എന്നത് 1901-ൽ അമേരിക്കയിൽ ആരംഭിച്ച ഒരു ആധുനിക ആത്മീയ ഉണർവ് പ്രസ്ഥാനമാണ് (Movement). 1911-ലാണ് ഇത് കേരളത്തിലെത്തുന്നത്. ചരിത്രപരവും കാലപരവുമായിട്ടുള്ള ഈ വിടവ് വ്യക്തമാക്കുന്നത്, “പെന്തക്കൊസ്ത് സഭകൾ” ആദിമ പന്തക്കുസ്താ മുതൽ നിലനിൽക്കുന്ന സഭയല്ല എന്നതിന് തെളിവാണ്.

♦️ സഭയുടെ പ്രധാന ലക്ഷണം അത് അപ്പസ്തോലന്മാരാൽ സ്ഥപിതവും അപ്പസ്തോലിക അടിത്തറയുള്ളതുമായിരിക്കും എന്നതാണ്. അപ്പസ്തോലന്മാരിൽ നിന്നു കൈവെപ്പ് വഴി കൈമാറിവന്ന അധികാരത്തിൽ (Apostolic Succession) അധിഷ്ഠിതമായിരിക്കണം സഭ. പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് പന്ത്രണ്ട് അപ്പസ്തോലന്മാരുമായി നേരിട്ടോ ചരിത്രപരമായോ എന്തെങ്കിലും ബന്ധമോ തുടർച്ചയോ അവകാശപ്പെടാനില്ല.

♦️ സഭ എല്ലാ കാലഘട്ടത്തിലും എല്ലാ സ്ഥലത്തും നിലനിൽക്കുന്നതാണ്. എന്നാൽ കഴിഞ്ഞ 1900 വർഷത്തെ ക്രൈസ്തവ ചരിത്രത്തിന് ശേഷം ഉദയം ചെയ്ത പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്കു ഈ സാർവത്രിക സ്വഭാവം അവകാശപ്പെടാനാവില്ല. അത് ചില ആത്മീയ അനുഭവങ്ങൾക്ക് മുൻഗണന നൽകുന്ന ‘ആത്മീയ പ്രസ്ഥാനം’ മാത്രമാണ്.

♦️ യേശു സ്ഥാപിച്ചത് ലോകാവസാനത്തോളം നിലനിൽക്കുന്ന സഭയെയാണ്. പെന്തക്കോസ്ത് ആ സഭയ്ക്കു പുറത്തുണ്ടായ ഒരു പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ സർക്കാർ അംഗീകാരം ലഭിച്ചാലും ഒരു ‘പ്രസ്ഥാനം’ (Movement) ഒരുകാരണവശാലും ‘സഭ’ (The Church) എന്ന പദവിയിൽ എത്തില്ല.

♦️ യേശുക്രിസ്തു സ്ഥാപിച്ച സഭയ്ക്ക് സമാന്തരമായി മനുഷ്യർ പുതിയ സഭകൾ ഉണ്ടാക്കുന്നത് ബൈബിൾ പ്രകാരം ശരിയായ നടപടിയല്ല. “മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല” (1 കൊരിന്ത്യർ 3:11) എന്ന് വചനം വ്യക്തമാക്കുന്നു. അപ്പസ്തോലന്മാരിലൂടെ സ്ഥാപിച്ചിരിക്കുന്ന ഈ അടിസ്ഥാനത്തിന് പുറത്ത് പണിയപ്പെടുന്നതെല്ലാം കേവലം മനുഷ്യനിർമ്മിത സംരംഭങ്ങൾ മാത്രമാണ്. മനുഷ്യർ തങ്ങൾക്കിഷ്ടമുള്ള പേരിൽ രൂപീകരിക്കുന്ന കൂട്ടായ്മകൾ കേവലം ‘സംഘടനകൾ’ (Organizations) മാത്രമാണ്. സഭ എന്ന പദവി അവയ്ക്ക് ആത്മീയമായി ചേരില്ല.

♦️ സഭ കാതോലികമാണ് (സാർവത്രികം). എല്ലാ കാലഘട്ടത്തിലും, എല്ലാ സ്ഥലത്തും, എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ് സഭ. എന്നാൽ പെന്തക്കോസ്ത് പ്രസ്ഥാനം 20-ാം നൂറ്റാണ്ടിൽ മാത്രം ഉദയം ചെയ്ത ഒന്നാണ്. അതിന് മുൻപുള്ള 1900 വർഷത്തെ ക്രൈസ്തവ ചരിത്രത്തിൽ ഈ പ്രസ്ഥാനമില്ല. ചരിത്രപരമായ ഈ വിടവ് അത് സാർവത്രികമല്ല എന്നതിന് തെളിവാണ്.

♦️ പെന്തക്കോസ്ത് മൂവ്‌മെൻ്റിനു കേന്ദ്രീകൃതമായ ഒരു ഭരണസംവിധാനമില്ല. അത് വ്യത്യസ്ത ഗ്രൂപ്പുകളുടെയും സ്വതന്ത്ര സംഘടനകളുടെയും ഒരു കൂട്ടായ്മയാണ്. സർക്കാർ ഒരു വിജ്ഞാപനം ഇറക്കിയാൽ ഉടൻ എല്ലാ പെന്തക്കോസ്ത് സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘സഭ’യായി മാറ്റാനാകില്ല.

♦️ അപ്പസ്തോലന്മാരിൽ നിന്ന് കൈവെപ്പ് വഴി കൈമാറിവന്ന അധികാരം (Apostolic Succession) സഭയുടെ അവിഭാജ്യ ഘടകമാണ്. ഇതിന് കൃത്യമായ ഒരു ചരിത്രരേഖയുണ്ട്. ​പെന്തക്കോസ്ത് പ്രസ്ഥാനത്തിന് അത്തരമൊരു ചരിത്രപരമായ തുടർച്ച അവകാശപ്പെടാനില്ല. അതിനാൽ പല ദൈവശാസ്ത്രജ്ഞരും പെന്തക്കോസ്തിനെ ഒരു ‘സഭ’ എന്നതിലുപരി ഒരു ‘സഭാന്തര പ്രസ്ഥാനം’ (Inter-denominational movement) മാത്രമായിട്ടാണ് കാണുന്നത്.

🔷 ചുരുക്കത്തിൽ, കേരള സർക്കാർ പെന്തക്കോസ്ത് വിഭാഗങ്ങളെ ‘സഭ’യായി അംഗീകരിക്കുന്നതിലൂടെ അവയിലെ അംഗങ്ങൾക്കു സാമൂഹികവും നിയമപരവുമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സഹായിച്ചേക്കാം. എന്നാൽ, ബൈബിളും ക്രൈസ്തവ ദൈവശാസ്ത്രവും വിഭാവനം ചെയ്യുന്ന ‘ഏകവും പരിശുദ്ധവും സാർവത്രികവും അപ്പസ്തോലികവുമായ’ സഭ എന്ന പദവിയിലേക്ക് ഉയരാൻ കേവലം ഒരു സർക്കാർ വിജ്ഞാപനം മതിയാകില്ല. സഭ എന്നത് ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്ന ജൈവഘടനയാണ്; അത് ഭരണകൂടങ്ങൾ തെരഞ്ഞെടുപ്പിന് വോട്ടു ലഭിക്കാൻ വേണ്ടി തട്ടിക്കൂട്ടിയെടുക്കുന്ന ഒന്നല്ല.

മാത്യു ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്