പ്രിയസുഹൃത്തും ധ്യാനഗുരുവുമായ സേവ്യർ വട്ടായിൽ അച്ചൻ്റെ ഒരു കുറിപ്പ് കണ്ടു. അട്ടപ്പാടി അഗളി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച വനിത പെട്ടെന്നു കൂറുമാറി എൽഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റായതിനെ വിമർശിച്ചു കൊണ്ടുള്ളതാണത്. ഏറെ സന്തോഷം തോന്നി. മാത്രമല്ല, ആ കുറിപ്പ് ഹൃദയസ്പർശിയായി ചിലർക്കു മാറിയെന്നും ഫലമുളവാക്കിയെന്നും മനസ്സിലായി.
സമൂഹത്തിൻ്റെ മനസ്സാക്ഷിയാകാനുള്ള സഭയുടെ ദൗത്യമാണ് ഇപ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു: “മനുഷ്യന്റെ മൗലികാവകാശങ്ങളോ ആത്മാക്കളുടെ രക്ഷയോ ആവശ്യപ്പെടുമ്പോഴെല്ലാം, രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും, ധാർമ്മിക വ്യക്തത നല്കേണ്ടത് സഭയുടെ കടമയാണ്” (ഗൗദിയും എത് സ്പെസ്, No. 76).
ധാർമികതയെ കൊഞ്ഞനം കുത്തിയും ജനാധിപത്യ മര്യാദകൾ തകിടം മറിച്ചും വോട്ടു ചെയ്തവരെ ചതിച്ചും നടത്തുന്ന ഇത്തരം കുതിരക്കച്ചവടങ്ങൾക്കെതിരേയോ സാമൂഹിക അനീതികൾക്കെതിരേയോ സാംസ്കാരിക ജീർണതയ്ക്കെതിരേയോ ആത്മീയ നേതാക്കളോ സമുദായ നേതാക്കളോ വിശ്വാസികളോ പൊതുവേ ശബ്ദമുയർത്താറില്ല. രാഷ്ട്രീയ വിഷയങ്ങളിലും പാർട്ടി വിഷയങ്ങളിലും നമുക്കെന്തു കാര്യം എന്ന ചിന്തയാണത്രേ അത്തരം നിശ്ശബ്ദതകൾക്കു പിന്നിൽ! “കൃപ നഷ്ടപ്പെടും” എന്നു ഭയന്നാണെന്നും കേൾക്കുന്നു! ‘ആത്മീയൻ’ എന്നാൽ ഒരു ഏകകോശക ജീവിയാണെന്നും ‘ആത്മീയത’ എന്നാൽ നിലംതൊടാത്ത എന്തോ ആണെന്നുമുള്ള തെറ്റിദ്ധാരണയിൽ നിന്ന് ഉളവാകുന്നവയാകണം അത്തരം നിശ്ശബ്ദതകൾ!
അതിനിടെ, ക്രൈസ്തവർക്കെതിരേ വർധിച്ചു വരുന്ന ആക്രമണങ്ങളിൽ പോലും നിശ്ശബ്ദതയോ, അതിനു തുല്യമായ നിവേദനങ്ങളോ കൊണ്ടു തൃപ്തിപ്പെട്ട് ‘ആത്മീയത’ കാത്തുസൂക്ഷിക്കാൻ തത്രപ്പെടുന്ന ഭാരത കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംവിധാനങ്ങളെ തിരുത്തുന്ന ഒരു എഡിറ്റോറിയൽ “വർഗീയത വാനോളം, നിവേദനം പോരാ” എന്ന ശീർഷകത്തിൽ ഇന്ന് ദീപിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്ങേയറ്റം ഭരണഘടനാ വിരുദ്ധവും ക്രൈസ്തവർക്ക് ദ്രോഹകരവും മതേതരത്വത്തിന് തുരങ്കം വയ്ക്കുന്നതുമായ മതപരിവർത്തന നിരോധനനിയമത്തിനെതിരേ കോടതിയിൽ ഒരു ഹർജി സമർപ്പിക്കാൻ പോലും ഭാരതകത്തോലിക്കാ മെത്രാൻ സമിതിയോ പ്രാദേശിക മെത്രാൻ സമിതികളോ ഇതുവരെ തയ്യാറായിട്ടില്ല എന്ന വസ്തുതയാണ് ദീപിക എഡിറ്റോറിയലിൽ വിമർശനാത്മകമായി പരാമർശിക്കുന്നത്. ആത്മീയത കാക്കാൻ എന്നതിനെക്കാൾ സ്ഥാപനങ്ങൾ കാക്കാനുള്ള ത്വര ഒന്നു മാത്രമാണ് നിസ്സാരവും നിഷ്ഫലവുമായ നിവേദനങ്ങളിൽ പ്രകടമാകുന്നത് എന്നതിൽ ചിന്താശീലമുള്ളവർക്ക് സംശയമുണ്ടാകാൻ ഇടയില്ല.
സ്വാഭാവികമായും ചില ചോദ്യങ്ങളാണ് ഇപ്പോൾ എൻ്റെ മനസ്സിനെ മഥിക്കുന്നത്: മൂല്യങ്ങളുടെ ആൾരൂപമായ യേശുക്രിസ്തുവിനെ (യോഹ 8,32.36; 14,6; വെളി 3,14) നാം മറക്കുന്നുവോ? കാല്പനികതയുടെ മുപ്പതു വെള്ളിക്കാശു കൊണ്ട് പ്രവാചകത്വത്തിൻ്റെ മകുടമായ ക്രിസ്തുവിനെ നാം ഒറ്റുകൊടുക്കുന്നുവോ?! ഒരു സത്യാനന്തര കാലത്തെ ക്രിസ്ത്വാനന്തര ജനക്കൂട്ടമായി “സത്യത്തിൻ്റെ തൂണും കോട്ടയുമായ” ദൈവത്തിൻ്റെ സഭ (1തിമോ 3,15) മാറിക്കൊണ്ടിരിക്കുകയാണോ?!! ആപേക്ഷികതയുടെ സർവാധിപത്യത്തിനെതിരേ പ്രവാചകശബ്ദമുയർത്തി, “സത്യത്തിലാണ് സ്നേഹം” (Caritas in Veritate) എന്ന് വീണ്ടും വീണ്ടും സഭയെ ഓർമിപ്പിക്കാൻ ശ്രമിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ ഇത്ര വേഗം വിസ്മൃതിയിൽ ആണ്ടോ?!!!
സ്വന്തം ജനത്തെ ഗുരുതരമായി ബാധിക്കുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ പോലും ‘കാറ്റത്തുലയുന്ന ഞാങ്ങണ’യായി സഭാസംവിധാനങ്ങൾ മാറുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്! സഭയ്ക്കുള്ളിൽ തന്നെ ഉളവാകുന്ന ജീർണതകൾക്കെതിരേ പോലും കൃത്യവും സമയബന്ധിതവുമായ പ്രവാചക നിലപാടെടുക്കാതെ, മുഴുവൻ സഭയും മുഴുവൻ കാലവും ജീർണിക്കാൻ ഇടയാകുന്നതും നേർക്കാഴ്ചയാകുന്നു. ചുരുക്കിപ്പറഞ്ഞാൽ, വല്ലാതെ നിലം തൊട്ടു കിടക്കുന്നതു കൊണ്ട് നമുക്ക് പ്രവാചകധീരത അന്യമായിക്കൊണ്ടിരിക്കുന്നു!
സ്വാമി വിവേകാനന്ദന് അമേരിക്കയില് നടത്തിയ വിശ്വപ്രസിദ്ധമായ പ്രസംഗത്തിൽ ക്രിസ്തുപ്രഘോഷണത്തിൻ്റെ സമഗ്രത സൂചിതമാണ്: “Bring the life of Christ to us and let it permeate every core of society and let Him be preached in every village and corner of India” (ക്രിസ്തുവിന്റെ പ്രകാശം ഞങ്ങള്ക്ക് തരുക. ആ പ്രകാശം സമൂഹത്തിലെമ്പാടും പ്രസരിക്കട്ടെ. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും എല്ലാ മുക്കിലും മൂലയിലും ക്രിസ്തു പ്രസംഗിക്കപ്പെടട്ടെ).
ഫാ. ജോഷി മയ്യാറ്റിൽ
