Manipulator concept vector illustration. Puppet master hands manipulate man mind, silhouette. Domination exploitation background. Mental control ropes.

വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും ,മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട് .

ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല . ജനപ്രീയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും രോഗമുള്ളവരെയും സ്വാധീനിക്കുമെന്ന ചിന്തയും ഉണ്ടാകാറില്ല .കഥയെ പൊലിപ്പിച്ചെടുക്കാൻ എന്തെങ്കിലുമൊക്കെ അബദ്ധങ്ങൾ സൃഷ്ടിച്ചെടുക്കും .

മരണാനന്തര അവയവ ദാനത്തെ കുറിച്ച് തെറ്റായ ധാരണകൾ പടർത്തിയ ഒരു സിനിമയുണ്ടാക്കിയ കോട്ടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. ഉറങ്ങാൻ നൽകുന്ന ഒരു ഔഷധവുമായി ബന്ധിപ്പിച്ചുണ്ടാക്കിയ ക്രൈം തില്ലർ കേരളത്തിൽ ഹിറ്റായി. ആ മരുന്ന് നിർദ്ദേശിക്കുമ്പോൾ ആളുകൾ നെറ്റി ചുളിക്കുന്ന അവസ്ഥയും അന്നുണ്ടായി.

മനസ്സിന്റെ രോഗങ്ങളാണ് ഇപ്പോൾ ജനപ്രീയ സിനിമകളിലെ പ്രധാന ഇനം.അടുത്ത കാലത്ത് ഇറങ്ങിയ ധാരാളം സിനിമകളിൽ സൈക്കോളജിക്കൽ തലം ഉണ്ടാക്കിയെടുക്കാനുള്ള ആവേശം കാണാം. സെൻസേഷൻ ഉണ്ടാക്കാനായി കുത്തി തിരുകുന്ന

ഇത്തരം ട്വിസ്റ്റുകളിൽ ശാസ്ത്രയുക്തി ഉണ്ടാവില്ല .ഞങ്ങൾക്കറിയാവുന്നതിലും അപ്പുറം എന്ത് മനഃശാസ്ത്രമാണ് വിദഗ്ധർക്ക് അറിയാവുന്നതെന്ന മട്ടിലാണ് ആവിഷ്കാരങ്ങൾ .പൊതുവിൽ മനോരോഗ ചികിത്സയെ കുറിച്ച് സമൂഹത്തിൽ നില നിൽക്കുന്ന അബദ്ധ ധാരണകളിൽ തന്നെ പല പ്രമേയങ്ങളും ചുറ്റി തിരിയുന്നു.

മനോരോഗ ചികിത്സയിൽ ഫലപ്രദമായും സുരക്ഷിതമായും ഉപയോഗിക്കുന്ന വിലക്കുറവുള്ള ഒരു ഔഷധത്തിനെ കുറിച്ച് തെറ്റായ ധാരണ പടർത്തുന്ന ഒരു മലയാള സിനിമ ഇപ്പോൾ ഇറങ്ങിട്ടുണ്ട്.ഈ ഔഷധം കൊല്ലാൻ പ്രയോഗിക്കാമെന്നാണ്

കണ്ട് പിടുത്തം .അതും നേരിയ അളവിൽ. ഈ ഔഷധം കഴിക്കുന്നത് കൊണ്ട് രോഗ നിയന്ത്രണം വന്നിട്ടുള്ള വ്യക്തിയുടെ മനസ്സിൽ ആശയക്കുഴപ്പം ഉണ്ടാകാൻ ഇത് മതി. ഇതിന് മുമ്പ് ഒരു ജനപ്രീയ നടൻ അഭിനയിച്ച ഒരു സിനിമയിൽ ഇത് പോലെയൊരു പരാമർശം ഉണ്ടായപ്പോൾ അത് വിശ്വസിച്ചു മരുന്ന് നിർത്തി ബുദ്ധിമുട്ടിലായ വ്യക്തികളെ കണ്ടിട്ടുണ്ട് .ഈ വക കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അപേക്ഷിച്ചു കൊണ്ട് തിരുവനന്തപുരത്തെ സെൻസർ ഓഫീസർക്ക് കത്തയച്ചുവെങ്കിലും മറുപടി ഉണ്ടായില്ല .ശാസ്ത്രീയമായി പരിശോധിക്കേണ്ട കാര്യങ്ങളെങ്കിലും സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണ്ടേ? മരുന്നുകളെ കുറിച്ചും ചികിത്സകളെ പറ്റിയും സിനിമകളിലും വെബ് സീരീസുകളിലും പറയുന്ന കാര്യങ്ങൾ അതാത് വിദഗ്ധരോട് ചോദിച്ചു ഉറപ്പ്‌ വരുത്തുന്ന പ്രോട്ടോകോൾ സെൻസർ ബോർഡ് സ്വീകരിച്ചാൽ രചയിതാക്കളും സംവിധായകരും ജാഗ്രതപുലർത്തും .

വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന സമീപനം മാറും. അശാസ്ത്രീയതയുടെയും അബദ്ധങ്ങളുടെയും വൈറസ് പടരാതിരിക്കാൻ ഇത് ചെയ്തേ മതിയാകൂ .ഭീഷണി നേരിടുന്നത് മാനസികാരോഗ്യമാണ്‌ .

തെറ്റായതും അശാസ്ത്രീയമായതുമായ ആവിഷ്കാരങ്ങളിൽ ചാഞ്ചാടുന്ന മനസ്സുള്ളവർ സമൂഹത്തിൽ ധാരാളമുണ്ട്. മാനസികാരോഗ്യ സാക്ഷരതയിൽ പിന്നോക്കം നിൽക്കുകയും, പരിഹസിക്കപ്പെടുമെന്ന പേടിയിൽ രോഗ ലക്ഷണങ്ങളെ കുറിച്ച് തുറന്ന്‌ പറയാതിരിക്കുകയും ചെയ്യുന്ന ഒരു നിസ്സഹായ സമൂഹമാണ് മനോരോഗമുള്ളവർ .അവരെ തെറ്റ് ധരിപ്പിക്കുന്നത് കുറ്റകരമാണ് . ക്രൈമിൽ രോഗ ആംഗിൾ ഉണ്ടാക്കി ഇവരൊക്കെ സൈക്കോ ക്രിമിനലെന്ന ധാരണ ഉണ്ടാക്കരുത് .മരുന്നുകളെ സിനിമയിൽ ഒരു ട്വിസ്റ്റ് ഉണ്ടാക്കാനായി അപകടകരമെന്ന് ചിത്രീകരിക്കരുത്.ലക്ഷകണക്കിന് ആളുകൾ ഇത് കൊണ്ട് സാധാരണ മനോനിലയിൽ രോഗത്തെ കീഴടക്കി ജീവിക്കുന്നു . മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താൻ ഒന്നും ചെയ്തില്ലെങ്കിലും വേണ്ട. എന്നാൽ ഇവരെ ആശയക്കുഴപ്പത്തിൽ തള്ളരുത്. ദ്രോഹിക്കരുത്

ഡോ. സി ജെ ജോൺ

നിങ്ങൾ വിട്ടുപോയത്