റീത്തുവൈരാഗ്യങ്ങൾ അവസാനിപ്പിക്കുവാൻ ഒരു ഹിറ്റ്ലർ
=============================
കേരളത്തിലെ പ്രതിഭാസമായി റീത്തു വൈരാഗ്യം എന്ന് അവസാനിക്കും എന്നറിയാമോ ? എന്നാൽ കേട്ടോളൂ
പണ്ട് എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ വീട്ടിൽ അമ്മയുമായി വഴക്കു കൂടുമ്പോൾ പറയുന്ന ഒരു വാചകം ഉണ്ട്. “അമ്മച്ചി ഞാനെങ്ങാനും ഹിറ്റ്ലർ ആയാൽ ഈ ലോകത്തിലെ അമ്പത് വയസിനു മുകളിൽ പ്രായമുള്ള എല്ലാവരെയും കൊന്നു കളയാൻ ഉത്തരവിടും കേട്ടോ !” …
അതെന്താ നീ അങ്ങനെ പറയുന്നത് ?
ഈ അമ്പതുവയസിനു മുകളിലുള്ളവരെല്ലാം തീർന്നുകിട്ടിയാൽ പിന്നെ ഈ ലോകത്തു ഒരു കുഴപ്പവും ഉണ്ടാകില്ല
കക്ഷിയുടെ വാദത്തിൽ കഴമ്പില്ലെങ്കിലും അമ്മയെ അത് പൊട്ടി ചിരിപ്പിച്ചെങ്കിലും ചിലപ്പോഴൊക്കെ അത് ശരിയാണോ എന്ന് തോന്നി പോകുന്ന നിമിഷങ്ങൾ ഉണ്ട്. റീത്തുകൾ തമ്മിലുള്ള വഴക്കു കാണുമ്പോഴാണ് അങ്ങനെ തോന്നുന്ന ഒരു നിമിഷം. സോഷ്യൽ മീഡിയയിൽ വൈരാഗ്യ പോസ്റ്റുകൾ ഇടുന്നവർക്കെല്ലാം ഏതാണ്ട് അതാണ് പ്രായം ..സരസമയാണെങ്കിലും അതിലൊരു സത്യമുണ്ടെന്നും ഇന്നത്തെ യുവ തലമുറ വളർന്നു വരുന്ന കാലമാണ് നമുക്ക് പ്രത്യാശ തരുന്നതെന്നും വിചാരിക്കാം. ഇവർ വളർന്നു വരുമ്പോൾ ആരെങ്കിലും ഏതെങ്കിലുമൊക്കെ റീത്തിൽ നിന്ന് ഈശോയെ ആരാധിക്കുന്നുണ്ടെങ്കിൽ റീത്തു വൈരാഗ്യങ്ങൾക്കൊക്കെ റീത്തുവച്ചിട്ടായിരിക്കും അവരുടെ നിൽപ്പ്.
കാലം എന്നൊരു ഹിറ്റ്ലർ ഉണ്ടല്ലോ .. മറക്കരുത് നമ്മൾ
ഇപ്പോൾ തന്നെ അന്യ മതസ്ഥരെ വിവാഹം കഴിച്ചാൽ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്ന യുവാക്കളുടെ എണ്ണം കൂടി കൂടി വരുന്നു. മതത്തിന്റെ വേലി പൊളിക്കുന്നു പിന്നാണ് റീത്തു !!!
അതുകൊണ്ടു സകല ലോക റീത്തു വൈരാഗ്യമുള്ള മക്കളെ … റീത്തിനെ സ്നേഹിക്കാനും റീത്തിൽ അഭിമാനിക്കാനും വിശുദ്ധമായ എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി അതൊക്കെ പറഞ്ഞു പഠിപ്പിക്കൂ. അപ്പുറത്തെ റീത്തിന്റെ തോളിൽ കയ്യിട്ടു ഒരു ഒന്നായിഹ ഒന്നായി പാടൂ.. നമ്മുടെ സ്വത്വബോധം ഒരു ഭീകര സത്വമാണെന്നു കുട്ടികൾക്ക് തോന്നരുത്. പകരം ക്രിസ്തുവിന്റെ സത്തയാണെന്നു തോന്നണം. അല്ലെങ്കിൽ സർവസത്തോ പോത്തോ എന്ന് പറഞ്ഞു എല്ലാം കൂടെ ഇടിഞ്ഞു വീഴും. അഥവാ നമ്മുടെ കുഞ്ഞുങ്ങൾ അതുപൊളിക്കും. അന്ന് അതിനൊരു ചേലും കാണില്ല കാണാൻ
മധ്യവയസ്കർക്കും വയസ്‌ക്കർക്കുമായി ഞാൻ ഒരു കാര്യം പറഞ്ഞു തരാം. യുവാക്കളുമായി നന്നായി കൂട്ടുകൂടി രസം പറയാൻ കഴിവുള്ള എന്റെ ഒരു ഗുരു നാഥൻ ഉണ്ട്. ജോസി സാർ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. ഒരു കൂട്ടായ്മ സ്നേഹത്തിൽ പോകണം എങ്കിൽ എന്ത് ചെയ്യണം എന്ന് സാർ ഞങ്ങളെ പഠിപ്പിച്ച ഒരു ചെറിയ ഉപദേശം .. കേട്ടോളൂ
എല്ലാം കാണണം .. ചിലതൊക്കെ കണ്ടില്ലെന്നു നടിക്കണം
എല്ലാം കേൾക്കണം .. ചിലതൊക്കെ കേട്ടില്ലെന്നു നടിക്കണം
എല്ലാം അറിയണം … ചിലതൊക്കെ അറിഞ്ഞില്ലെന്ന് നടിക്കണം
എന്റെ ജീവിതത്തിൽ പലതവണ പ്രയോഗിച്ചു നോക്കി വിജയിച്ചിട്ടുള്ള കാര്യമാണ്. ചേട്ടനിയന്മാർ ഒരേ പുരയിടത്തിൽ വീട് വച്ച് മാറുമ്പോൾ ഇടയ്ക്കുള്ള മതിലിൽ ഒരു ഗേറ്റ് പിടിപ്പിക്കും. ഇങ്ങനൊരു ഗേറ്റ് കണ്ടാൽ മീറ്റർ റീഡിങ്ങിന് വരുന്നയാൾ ചോദിക്കും ..നിങ്ങൾ ഒരു കുടുംബക്കാരാണോ ?
എന്റെ സഹോദരങ്ങളെ .. ആ ചോദ്യം നാട്ടുകാർ ചോദിക്കണം .. റീത്തുകൾ കാണുമ്പോൾ .. അല്ലെങ്കിൽ റീത്തു വക്കുന്നത് അവരായിരിക്കും.
റീത്തുകൾ വേണം .. റീത്തുകൾ നല്ലതാണു .. പക്ഷെ അതെങ്ങനെ വേണം എന്ന് വിശുദ്ധമായി അവതരിപ്പിക്കുന്നതിലേക്കാണ് നമ്മുടെ യുവാക്കൾ ഉറ്റു നോക്കുന്നതെന്നു മറക്കാതിരിക്കട്ടെ
സ്നേഹത്തോടെ
ജോസഫ് ദാസൻ
കുറിപ്പ് :മാർപ്പാപ്പ പൗരസ്ത്യ സഭകളെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്. അന്ന് മാർപ്പാപ്പ പറഞ്ഞത് സ്നേഹം വിഭാഗീയതയെ ഇല്ലാതെയാക്കുന്നു എന്നാണ്. ആ വാർത്തയുടെ ലിങ്ക് കമന്റിൽ കൊടുക്കാം.