മതിലുകൾ പൊളിക്കുന്ന പരിശുദ്ധാത്മാവ്

അഥവാ ഒരു ലത്തീൻ സീറോമലബാർ മലങ്കര പ്രണയഗാഥ

പണ്ടൊരിക്കൽ ഒരു കോളേജ് പ്രിൻസിപ്പലിന്റെ അടുക്കൽ പെണ്കുട്ടികളിടെ മാതാപിതാക്കൾ സങ്കടവുമായി എത്തി. കോളേജ് വിട്ടുപോരുമ്പോൾ ചില കോളേജ് കുമാരന്മാർ അവരുടെ മക്കളെ കമന്റടിക്കുന്നത്രെ. പ്രിൻസിപ്പൽ അവർക്ക്ർതിരെ നടപടിയെടുക്കണം

ആരാണവർ ? പ്രിൻസിപ്പൽ ചോദിച്ചു

ഞാൻ അവന്മാരുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ഒരു പിതാജി പറഞ്ഞു. ഫോട്ടോയും കാണിച്ചു

ആരാണിവർ ? ഞാനിവരെ അറിയില്ലല്ലോ ? പ്രിൻസിപ്പൽ അന്തം വിട്ടു. ജീൻസും പാന്റുമിട്ട് കോളേജിന്റെ മുന്പിൽ പത്രാസ് കാണിക്കുന്നവരെല്ലാം കോളേജ് പിള്ളേർ ആണെന്ന് കരുതല്ലേ ?

എന്തിനാണിത് പറഞ്ഞെന്നോ ? റീത്തു വിരോധം പങ്കുവെക്കുന്ന ആളുകൾക്കെല്ലാം തങ്ങളോട് മോശമായി പെരുമാറിയ ചിലരുടെ കഥകൾ പറയാനുണ്ടെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അവരെ വേദനിപ്പിച്ച ആ മനുഷ്യരാണ് ആ റീത്ത്. അങ്ങനെയെങ്കിൽ ഞാൻ ഇനി പറയുന്നത് ഒന്ന് കേട്ട് നോക്കൂ

കേരളത്തിൽ അങ്ങോളം ഇങ്ങോളം പരിശുദ്ധാത്മാവ് ആഞ്ഞു വീശി രൂപപ്പെട്ട കരിസ്മാറ്റിക് നവീകരണത്തിൽ പലർക്കും കൂടെ പ്രവർത്തിക്കുന്നവന്റെ റീത്ത് അറിയില്ലായിരുന്നു. അറിഞ്ഞാലും അതൊരു വിഷയമല്ലായിരുന്നു

ജീസസ് യൂത്ത് കരിസ്മാറ്റിക് നവീകരണ മുന്നേറ്റങ്ങളിൽ എല്ലാ റീത്തുകാരും ഇടകലർന്നു പ്രവർത്തിക്കുന്നതിന്റെ ആനന്ദവും ഭംഗിയും ഒന്ന് വേറെ തന്നെയായിയുന്നു. എന്നാൽ ഇവരെല്ലാവരും അവരുടെ രൂപതകളിലും റീത്തിലും മറ്റാരേക്കാളും സജീവം ആയിരുന്നു താനും

ശാലോം ടി വി യെ ഒരു വൻ വിജയമാക്കിയത് മൂന്നു റീത്തുകളും ഒരുമിച്ചല്ലേ ? പോട്ടയിലേക്കു ഒഴുകിയെത്തിയത് ഏതു റീതെന്നു നോക്കാതെയല്ലേ ? ലത്തീനിലും മലങ്കരയിലുമുള്ള മനുഷ്യർ ഹൃദയത്തിൽ കൊണ്ടുനടന്ന ഇതര റീത്തുകളിലെ വൻ സുവിശേഷ സംരംഭങ്ങൾ എത്രയെണ്ണം ആണ് ?

കൊച്ചി രൂപതകാരനായ വി വി അഗസ്റ്റിൻ കേരളസഭയുടെ ഇടുക്കി തങ്കച്ചനായത് ഇടുക്കി ഭാഗത്തുള്ള സീറോ മലബാറുകാർ അദ്ദേഹത്തെ നെഞ്ചിലേറ്റിയതു കൊണ്ടല്ലേ ? മറ്റൊരു ലത്തീൻകാരനായ എഡ്വേർഡ് എടേഴത് ലോകം മുഴുവനുമുള്ള സമസ്ത റീത്തിലും പെട്ട ജീസസ് യൂത്തുകാരുടെ എഡ്ഡി ചേട്ടൻ ആണെന്ന് നിങ്ങള്ക്ക് അറിയുമോ ? ഡാനിയൽ അച്ചൻ മലങ്കരയാണെന്നു പലരും അറിഞ്ഞത് തന്നെ എത്രയോ കഴിഞ്ഞാണ്. സീറോ മലബാറും ലത്തീനും ഒരുപോലെ അച്ചനെ സ്വീകരിച്ചു

കൃപാസനത്തിലേക്കു ഒഴുകിയെത്തുന്നത് ലത്തീൻകാർ മാത്രമല്ലല്ലോ? അധികം പുറത്തുപോയി പ്രസംഗിക്കാൻ താത്പര്യം കാണിക്കാതിരുന്ന ജോസഫ് അച്ചന്റെ ആദ്യത്തെ യൂറോപ്പ് പ്രോഗ്രാം അയർലണ്ടിൽ സംഘടിപ്പിച്ചത് അവിടുത്തെ സീറോ മലബാർ സഭയല്ലേ?

വരാപ്പുഴകാരി അജ്ജ്‌നയെപ്പറ്റി ലോകം മുഴുവൻ ഏറ്റവുമധികം പാടി നടന്നത് സീറോ മലബാർ യുവാക്കളാണ്. അവളെക്കുറിച്ചു ഏറെ പറഞ്ഞുനടന്ന മെത്രാന്മാരിൽ ഒരാൾ തട്ടിൽ പിതാവും

മാർപ്പാപ്പയെക്കുറിച്ചു ഏറ്റവുമധികം വാഴ്ത്തിപ്പാടുന്നതിലും മിഷനറിമാരെക്കുറിച്ചു പഠിച്ചു ആവേശത്തോടെ പ്രചരിപ്പിക്കുന്നതിലും ലത്തീൻകാരെക്കാൾ മുന്നിൽ നിൽക്കുന്നത് സീറോമലബാർ യുവാക്കൾ.

ലത്തീൻ ആധ്യാത്മികതയുടെ ഭാഗമായി രൂപപ്പെട്ട ജപമാല, കരുണ കൊന്ത ഏറ്റവും അധികം ചൊല്ലുന്ന പുരുഷന്മാരും സ്ത്രീകളും കുടുംബങ്ങളും ഏതെന്നു ഓരോ റീത്തിലും നിങ്ങൾക്കറിയാവുന്ന നൂറു കുടുംബങ്ങളെവച്ചു താരതമ്യം ചെയ്തു നോക്കൂ. ഒരു റിസർച് നടത്താൻ നിങ്ങളോടു തന്നെ അഭ്യർത്ഥിക്കുകയാണ്.

അതെ …മതിലുകൾ തകർക്കുന്നവനാണ് പരിശുദ്ധാത്മാവ്

ലത്തീനിൽ കരിസ്മാറ്റിക് നവീകരണം പച്ചപിടിച്ചതു വളരെ പതുക്കെ ആയിരുന്നതുകാരണം ആദ്യകാലത്തു വളർന്നു വന്നു നിങ്ങൾ അറിയുന്ന ലത്തീൻ ശുശ്രൂഷകരെയെല്ലാം ലോകമെമ്പാടും കൊണ്ട് നടന്നതും സ്നേഹിച്ചതും സീറോ മലബാറിലെ സഭാധികാരികൾ ആയിരുന്നു.

ല്തത്തീൻകാരും മലങ്കരയും ഒരുപോലെ ഷാലോമും വചനോത്സവും വിറ്റുനടന്നു. ഫിയാത്തതിനെ പ്രോത്സാഹിപ്പിച്ചു. ക്രിസ്‌റ്റീനെ വിജയിപ്പിച്ചു

ഇതാണ് ഞാൻ കണ്ട ലത്തീൻ.

ഇതാണ് ഞാൻ കണ്ട സീറോ മലബാറും മലങ്കരയും

പരിശുദ്ധാത്മാവിന്റെ നറുമണം തൂകുന്ന ക്രിസ്തുവിന്റെ സ്നേഹം പരത്തുന്ന ദൈവത്തിന്റെ റീത്തിൽ പെട്ടവർ

മറ്റത് ആരാണ് ? എനിക്കറിയില്ല

അവരാകണം നമ്മുടെ പ്രിൻസിപ്പലായ ഈശോ എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറയാൻ പോകുന്നത്. അവരെ കണ്ടാണോ നിങ്ങൾ റീത്തതിനെ അളക്കാൻ പോകുന്നത്. എനിക്ക് നിങ്ങളോടു സഹതാപം തോന്നുന്നു നിങ്ങൾ ക്രിസ്ത്യാനികളോടൊപ്പം ജീവിച്ചിട്ടില്ല. ഞാൻ ഈ പറഞ്ഞതുപോലുള്ളവരോടൊപ്പം റൂഹായിൽ മുങ്ങി ഹൃദയം തുറന്നു ഒരു യാത്ര നടത്തു. അപ്പസ്തോലന്മാരുടെ സാമ്പിൾ യൂദാസും കൂട്ടരുമല്ല … പതിനൊന്നുപേർ വേറെയുണ്ട്

ജോസഫ് ദാസൻ

നിങ്ങൾ വിട്ടുപോയത്