വിമത പുരോഹിതരുടെ കുർബാനയർപ്പണങ്ങളിൽ നിന്ന് ദൈവഭയമുള്ളവർ വിട്ടു നിൽക്കുക,
അവനെ ക്രൂശിക്കുക….
അവനെ ക്രൂശിക്കുക….
പീലാത്തോസിന്റെ മുൻപിൽ മുഴങ്ങിക്കേട്ട
ഈ ശബ്ദത്തിന് ഈശോ മശിഹായെ
കുരിശുമരണത്തിനു വിധിക്കുന്നതിൽ
അന്ന് പൊതുജനത്തെക്കൊണ്ടു
തങ്ങൾക്ക് ആവശ്യമായതു
വിളിച്ചുപറയിപ്പിച്ചത്
പുരോഹിതന്മാരായിരുന്നു.
“പരിശുദ്ധനും നീതിമാനുമായവനെ നിരാകരിച്ചുകൊണ്ട്, പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാന്‍” അപേക്ഷിച്ച പരീശപ്പരിഷകളുടെ അധമബോധത്തിന് വിധേയപ്പെട്ട്, ശരിതെറ്റുകൾ വിവേചിക്കാൻ കഴിയാത്തവിധത്തിൽ അഹരോന്യ പൗരോഹിത്യത്തിൻ്റെ പിന്തുടർച്ചക്കാർ അധഃപതനത്തിൻ്റെ ആഴങ്ങളിലേക്ക് നിപതിച്ച ദിനം!
ഇന്ന്, എറണാകുളത്ത് ചരിത്രം ആവർത്തിക്കുന്നു. വക്രബുദ്ധികളായ കുറെ പുരോഹിതന്മാർ തങ്ങൾക്ക് ആവശ്യമുള്ളത് പൊതുജനത്തിന്റ പേരിൽ പരസ്യപ്പലകയിൽ
എഴുതിവയ്ക്കുന്നു, ദൈവപുത്രൻ്റെ മാറിടം കുത്തിപ്പിളർക്കുന്നതിന് പുത്തൻ ആയുധങ്ങൾ രാകി മിനുക്കി അവർ പതിയിരിക്കുന്നു.
“സീറോ മലബാർ സഭയിൽ
ജനാഭിമുഖ്യ കുർബാന
ജനങ്ങളുടെ അവകാശ”മാണത്രെ! എറണാകുളം പട്ടണത്തിൽ ഉയർന്നിരിക്കുന്ന ഒരു പരസ്യബോർഡിലെ വാചകമാണിത്.
സുറിയാനി സഭാ പാരമ്പര്യമുള്ള ഏത് സഭയിലാണ് ജനാഭിമുഖ്യ കുർബാനയർപ്പണമുള്ളത് ? നിങ്ങൾ “സീറോ മലബാർ സഭ” എന്ന് അറിയപ്പെടുന്നതിൻ്റെ അടിസ്ഥാനം എന്താണ് ?
ഈ ഭൂമിയിലെ ഏറ്റവും പരിപാവനമായ ഇടമാണ് പരിശുദ്ധ മദ്ബഹ. പരിശുദ്ധ ത്രിത്വത്തിൻ്റെ മഹനീയ സാന്നിദ്ധ്യം പ്രകടമാകുന്ന ഇടം. ഈശോ മശിഹായുടെ കാൽവരിയാഗത്തിൻ്റെ
പവിത്രസ്മരണയിൽ പ്രോജ്വലമാകുന്ന ബലിവേദി നിലകൊള്ളുന്ന മദ്ബഹയെ തർക്കവേദിയാക്കുവാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം പുരോഹിതർ രംഗത്തിറങ്ങിയിരിക്കുന്നു. വാസ്തവത്തിൽ ഇവർ ഈശോ മശിഹായുടെ ശരീരമാകുന്ന തിരുസ്സഭയിലെ അംഗങ്ങളോ ?
“ഒരേ സമയം
കര്‍ത്താവിന്റെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും
കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്റെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല.
(1 കോറിന്തോസ് 10 : 21 )
കർത്താവിൻ്റെ മേശ താഴ്മയുടെയും വിധേയത്വത്തിൻ്റെയും അനുസരണത്തിൻ്റേതുമായിരുന്നു.
“അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അപമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവന് അവരോധിക്കപ്പെട്ടു” (ഹെബ്രാ 12 :2)
ദൈവദത്തമായ അധികാരത്തിനു കീഴ്പ്പെടാത്തവരും അനുസരണമില്ലാത്തവരുമായ വിമതപുരോഹിതർ ദൈവപുത്രൻ്റെ മേശയിലെ ശുശ്രൂഷകരോ ?
ഈശോ മശിഹാ “ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി 2 :8).
താഴ്മയുടെയും അനുസരണയുടെയും ആളത്വമായി കുരിശുമരണത്തോളം തന്നെത്താൻ സമർപ്പിച്ച ഈശോമശിഹായെ ബലിവേദിയിൽ പ്രതിനിധീകരിക്കുന്നവർക്ക് വിമതന്മാരാകാൻ കഴിയുമോ ?
“ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന് ക്രിസ്തുവിനുള്ളവനല്ല. (റോമാ 8 : 9)
അനുസരണമില്ലാത്ത പുരോഹിതനിൽ ക്രിസ്തുവിൻ്റെ ആത്മാവില്ലാതിരിക്കെ അവർ അർപ്പിക്കുന്ന ബലിയർപ്പണങ്ങൾ ക്രൈസ്തവികമോ പൈശാചികമോ ?
വിമത പുരോഹിതരുടെ കുർബാനയർപ്പണങ്ങളിൽ നിന്ന് ദൈവഭയമുള്ളവർ വിട്ടു നിൽക്കുക, വിമതനെ നയിക്കുന്ന ആത്മാവ്
(the spirit of rebellion – 2 Thess.2:3) പരിശുദ്ധാത്മാവല്ല, അത് ക്രിസ്തുവിൻ്റെ എതിരാളിയുടെ ( the spirit of the antichrist) ആത്മാവാണ്. വിമത പുരോഹിതൻ പിശാചിൻ്റെ മേശയിലെ ശുശ്രൂഷകനാണ്.
മാത്യൂ ചെമ്പുകണ്ടത്തിൽ