ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക?
അനിവാര്യമായ ഉത്തരവാദിത്വമായതിനാൽ ഒഴിഞ്ഞുമാറുന്നില്ല; ഹൃദയഭേദകമായ വ്യഥയോടെയാണ് ദീപിക ഈ മുഖപ്രസംഗമെഴുതുന്നത്. എന്നാൽ, മിശിഹായിലുള്ള പ്രത്യാശ അതിനു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
വിഷയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശുദ്ധ കുർബാന അർപ്പണം സംബന്ധിച്ച സിനഡിന്റെ തീരുമാനം നടപ്പാക്കുന്നതിൽ പുരോഹിതരും അല്മായരുമായ ഒരു വിഭാഗത്തിന്റെ വിയോജിപ്പിനെക്കുറിച്ചായതിനാലും നാം സഹോദരങ്ങളായതിനാലും ഇത്രനാളും അത് ഒഴിവാക്കുകയായിരുന്നു.
എന്നാലിപ്പോൾ, നമ്മുടെ വിയോജിപ്പുകൾ എത്ര ന്യായമെന്നു നമുക്കു തോന്നിയാലും, പ്രസ്തുത വിഷയത്തിൽ കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം അനുസരിക്കാൻ നാമെല്ലാം ഒരേ വിശ്വാസത്താൽ ബാധ്യസ്ഥരായിരിക്കുന്നതിനാൽ സഭയുടെ മുഖപത്രമെന്ന നിലയിൽ, സംഘർഷത്തിനുമേൽ ഐക്യം ഉറപ്പാണെന്ന പ്രത്യാശയിൽ, ദീപിക ഇതെഴുതുകയാണ്.ഇനിമുതൽ സീറോ മലബാർ മെത്രാൻ സിനഡിന്റെ തീരുമാനം അനുസരിച്ചുള്ള വിശുദ്ധ കുർബാന നമുക്കൊന്നിച്ച് അർപ്പിക്കാം. 1999ൽ സിനഡ് അംഗീകരിച്ച ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി ഉടനെ നടപ്പാക്കണമെന്ന് ഉപദേശിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സീറോ മലബാർ സഭയിലെ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അല്മായർ എന്നിവരെ അഭിസംബോധന ചെയ്ത് 2020 ജൂലൈ മൂന്നിനു കത്തെഴുതിയിരുന്നു.
എന്നാൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം അതിനോടു വിയോജിക്കുകയായിരുന്നു. സമവായം കണ്ടെത്താനും സമാധാനം നിലനിർത്താനുമുള്ള സിനഡിന്റെയും വത്തിക്കാന്റെയും നീക്കങ്ങളെയെല്ലാം തെറ്റായ വ്യാഖ്യാനങ്ങളിലൂടെയും പിടിവാശികളിലൂടെയും ചലർ പരാജയപ്പെടുത്താൻ ശ്രമിച്ചത്, പൊതുസമൂഹത്തിൽ സീറോ മലബാർ സഭ മാത്രമല്ല, ആഗോള കത്തോലിക്കാ സഭയും അവഹേളിക്കപ്പെടാൻ ഇടയാക്കി.
കോവിഡ് കാലത്ത് ഓൺലൈനായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനിടയായപ്പോഴാണ് വിവിധ രൂപതകളിലെ വിശുദ്ധ കുർബാനയർപ്പണത്തിന്റെ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടത്. ഇത് ഏകീകരിക്കണമെന്നഭ്യർഥിച്ച് പലരും വത്തിക്കാനിലേക്കു കത്തയയ്ക്കുകയും ചെയ്തു. തുടർന്നാണ് വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകരണ കാര്യത്തിൽ 1999ലെ സിനഡ് തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ സഭാംഗങ്ങളോട് കത്തിലൂടെ ആവശ്യപ്പെട്ടത്. 2016ൽ ചേർന്ന സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ഏകീകരണം വൈകരുതെന്ന് നിർദേശിച്ചിരുന്നതുമാണ്. പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്കും പഠനത്തിനും ശേഷമാണ് 1999ലെ സിനഡ് തീരുമാനം ഉണ്ടായതും.
കുർബാനയർപ്പണത്തിൽ എത്ര സമയം കാർമികൻ ജനാഭിമുഖമായി നിൽക്കണമെന്നതാണ് ഏകീകൃത കുർബാനയിലെ പ്രധാന തർക്കം.
നിസാരമായതിനാൽ അത്തരമൊരു മാറ്റമുണ്ടായത് തിരിച്ചറിയാൻപോലും വിശ്വാസികളിൽ ഏറെപ്പേർക്കും കഴിഞ്ഞില്ലെന്നതു മറ്റൊരു കാര്യം.പൂർണമായും അൾത്താരയ്ക്ക് അഭിമുഖമായ കുർബാനയാണു വേണ്ടതെന്നു വാദിക്കുന്നവർ ഉണ്ടെങ്കിലും, സഭയോടൊത്തു ചിന്തിക്കുന്നതിനാലാണ് അവർ തങ്ങളുടെ താത്പര്യങ്ങളെ മാറ്റിവച്ചത്.
പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ലെയോനാർദോ സാന്ദ്രി, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പിനയച്ച കത്തിൽ, ഏകീകൃത കുർബാനയുടെ കാര്യത്തിൽ സിനഡിന്റെ ഭാഗത്തുനിന്നു സംയോജിതമായും മെത്രാന്മാരുടെ ഭാഗത്തുനിന്നു വ്യക്തിപരമായും പ്രതിബദ്ധതയുണ്ടാകണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ, മേജർ ആർച്ച്ബിഷപ്പാകട്ടെ, സിനഡാകട്ടെ, വത്തിക്കാൻ പ്രതിനിധിയാകട്ടെ, മാർപാപ്പയാകട്ടെ, ആരുടെ നിർദേശവും അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്ന മട്ടിൽ പ്രവർത്തിക്കുന്നവരെ എത്രകാലം സഭയ്ക്ക് കണ്ടില്ലെന്നു നടിക്കാനാകും? പൊതുനിരത്തുകളിലും തെരുവുകളിലും പള്ളിപ്പരിസരത്തും അൾത്താരയിലുമൊക്കെ വൈദികരുൾപ്പെടെയുള്ളവർ നടത്തിയ പ്രതിഷേധങ്ങൾ അച്ചടക്കത്തിന്റെയും അവഹേളനത്തിന്റെയും സകല സീമകളും ലംഘിച്ചിരിക്കുകയാണ്.
സഭയ്ക്കു മാത്രമല്ല, സർക്കാരിനോ രാഷ്ട്രീയ പാർട്ടികൾക്കോ സംഘടനകൾക്കോ മാധ്യമസ്ഥാപനങ്ങൾക്കോ, എന്തിനധികം, ഒരു കുടുംബത്തിനുപോലും ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല. ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക?
മാർപാപ്പയോ പ്രബോധനാധികാരമുള്ളവരോ പഠിപ്പിക്കുന്നവയോടുള്ള വിധേയത്വം, പൂർണമായ അറിവോടും സമ്മതത്തോടുംകൂടി സത്യപ്രതിജ്ഞയിൽ ഏറ്റുപറഞ്ഞുകൊണ്ട് പൗരോഹിത്യം സ്വീകരിച്ചവർക്ക് എങ്ങനെയാണ് ഈവിധം പെരുമാറാനാകുന്നത്? ദീർഘനാളത്തെ പഠനത്തിനും വിശകലനത്തിനും ശേഷം സഭയുടെ പരമാധികാരിയായ മാർപാപ്പ തന്റെ ഔദ്യോഗിക മുദ്രയുള്ള ലെറ്റർപാഡിലാണ് കത്ത് എഴുതിയിട്ടുള്ളത്. ഇതിന്മേൽ ഇനി ഒരപ്പീലിനും പ്രസക്തിയില്ല.“നിങ്ങൾ മാർപാപ്പയുടെ കൂടെയാണോ അതോ അദ്ദേഹത്തിന് എതിരാണോ?’’എന്ന്, മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ചോദിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർക്കും വിശ്വാസികൾക്കും മുന്നിലുണ്ട്. ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിൽ മുന്പും ഉന്നയിക്കപ്പെട്ടിട്ടുള്ള ആ ചോദ്യം സീറോ മലബാർ സഭയിൽ ഇദംപ്രഥമമായി ഉത്തരമന്വേഷിച്ചു നിൽക്കുകയാണ്. ഇത് ചരിത്രമുഹൂർത്തമാണ്.
ഓരോ ദിവസവും ദീപിക മുഖപ്രസംഗത്തിന്റെ വിഷയം മാറുമെങ്കിലും അതിനു മുകളിലുള്ള ബൈബിൾ വചനത്തിനു മാറ്റമില്ല.
അതിപ്രകാരമാണ്: “സമാധാനത്തിന്റെ ബന്ധത്തിൽ ആത്മാവിന്റെ ഐക്യം നിലനിർത്താൻ ജാഗരൂകരായിരിക്കുവിൻ’’ (എഫേ 4:3). ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പൗലോസ് ശ്ലീഹാ എഫേസോസിലെ സഭയ്ക്കെഴുതിയത് ഇങ്ങനെയാണ്:“കർത്താവിനുവേണ്ടി തടവുകാരനായിത്തീർന്നിരിക്കുന്ന ഞാൻ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങൾക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിൻ. പൂർണമായ വിനയത്തോടും ശാന്തതയോടും ദീർഘക്ഷമയോടുംകൂടെ നിങ്ങൾ സ്നേഹപൂർവം അന്യോന്യം സഹിഷ്ണുതയോടെ വർത്തിക്കുവിൻ. സമാധാനത്തിന്റെ ബന്ധത്തിൽ ആത്മാവിന്റെ ഐക്യം നിലനിർത്താൻ ജാഗരൂകരായിരിക്കുവിൻ.’’
ശിഷ്യന്മാരുടെ കാലുകൾ കഴുകി സ്നേഹത്തിന്റെ മാതൃക കാട്ടിയതിനുശേഷം മിശിഹാ സ്ഥാപിച്ച വിശുദ്ധ കുർബാന അൾത്താരയിൽ അർപ്പിക്കുന്നതിനെക്കുറിച്ചാണ് നാം തർക്കിക്കുന്നത്.“എന്റെ അപ്പം ഭക്ഷിക്കുന്നവൻ എനിക്കെതിരേ കുതികാലുയർത്തി’’ എന്ന് യൂദാസിനെക്കുറിച്ചു മിശിഹാ പറഞ്ഞത് എന്നെക്കുറിച്ചു പറയാനിടയാക്കില്ലെന്നു നമുക്കു പ്രതിജ്ഞയെടുക്കാം. എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ 2022 മാർച്ച് 25ന് എഴുതിയ കത്ത് നാളെ നമുക്കു വായിക്കാം.
സിനഡിന്റെ തീരുമാനമനുസരിച്ചു ബലിയർപ്പിക്കാം. ഇനിയൊരവസരമില്ലാത്തതിനാലല്ല, മിശിഹായ്ക്കും മാർപാപ്പയ്ക്കും സീറോ മലബാർ സഭയ്ക്കും ഒപ്പമുണ്ടെന്ന് ഉറപ്പാക്കാനും ലോകത്തിനു മാതൃകയാകാനും നാളത്തെ വിശുദ്ധ കുർബാന നമ്മുടെ ഐക്യത്തിന്റെ പ്രഘോഷണമാക്കാം. നാം മിശിഹായുടെ ബലിയർപ്പിക്കാൻ ഒരുമിച്ചു കൂടുന്നതിനാൽ നമുക്കിടയിൽ വിജയിയോ പരാജിതനോ ഇല്ല.
ഫാ.ഡോ. ജോർജ് കുടിലിൽ
(ചീഫ് എഡിറ്റർ)