*ഇനിയൊരിക്കലും എഴുതരുത് എന്ന് ആഗ്രഹിച്ച വിഷയമാണ് ഇത്. നിവർത്തികേട് കൊണ്ട് വീണ്ടും എഴുതി പോകുന്നു…

എന്താണ് നമ്മുടെ സഭയിൽ, പ്രത്യേകമായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഇപ്പോൾ നടക്കുന്ന വളരെ വേദനജനകമായ കാര്യങ്ങളുടെ പിന്നിൽ ഉള്ളത്.

പുറമെ നിന്ന് നോക്കുമ്പോൾ വിശുദ്ധ കുർബാനയുടെ ഏകീകരണത്തെ തുടർന്ന് ഉടലെടുത്ത സംഭവങ്ങൾ എന്നോ, ഭൂമി വിവാദം എന്നോ, തിരുസഭയേയോ, സീറോ മലബാർ സിനഡിനെയോ അനുസരിക്കാൻ തങ്ങളുടേതായ ന്യായങ്ങൾ നിരത്തി മടി കാണിക്കുകയും പരസ്യമായി തന്നെ എതിർക്കുകയും ചെയ്യുന്ന ഞങ്ങളിൽ ചില വൈദികരുടെ അനുസരണക്കേടെന്നോ അഹങ്കാരം എന്നോ ഒക്കെ പറയാം..

എന്നാൽ സത്യത്തെ നേരെ നിന്ന് ഇത്ര പൈശാചികതയോടെ എതിർക്കാൻ എങ്ങനെ ഞങ്ങളിൽ കുറെ പേർക്ക് ധൈര്യം വന്നു.

അതിനുള്ള കാരണം അറിയണമെങ്കിൽ ഇത്തിരി പുറകോട്ട് പോണം.

കർത്താവിന്റെ ബലിയെ, വിശുദ്ധ കുർബാനയെ എന്ന് മുതൽ നമ്മൾ വിലകുറച്ചു കാണാൻ തുടങ്ങിയോ അന്ന് മുതൽ,

എന്ന് മുതലാണോ വിശുദ്ധ കുർബാനയെ തിരുസഭ നിർദേശിക്കുന്ന രീതികൾക്ക് പ്രാധാന്യം കൽപ്പിക്കാതെ, പ്രാർത്ഥനകൾ വെട്ടിച്ചുരുക്കിയും തക്സയിലെ അർത്ഥപൂർണമായ ആത്മീയ ഗീതങ്ങൾക്ക് പകരമായി ആത്മീയതയില്ലാത്ത പാട്ടുകൾ, സിനിമ പാട്ടുകളുടെ രീതിയിൽ പോലും തള്ളിക്കയറ്റുകയും ചെയ്യുവാൻ തുടങ്ങിയോ അന്ന് മുതൽ,

പരിശുദ്ധരായ സഭാ പിതാക്കന്മാരിലൂടെ നമുക്ക് ലഭിച്ച പരിശുദ്ധമായ അനഫോറ പ്രാർത്ഥനകളെ നമ്മുടെ ഇഷ്ടത്തിന് വെട്ടിച്ചുരുക്കാനും,

ദൈവജനം കേൾക്കേണ്ട, ദൈവിക രഹസ്യങ്ങൾ നിറഞ്ഞ പ്രാർത്ഥനകളെ ഓടിച്ചു ചൊല്ലിയും മനസ്സിൽ ചൊല്ലിയും ആ സമയത്ത് ഏതെങ്കിലും ഒക്കെ പാട്ടുകൾ കുത്തി കയറ്റി, ആളുകൾക്ക് ശ്രവണസുഖം നൽകുന്നതിന്നെന്ന പോലെ കർത്താവിന്റെ ബലിയെ ഇകഴ്ത്തി കാട്ടിയും നമ്മളിൽ ചിലർ ബലിയർപ്പിക്കാൻ തുടങ്ങിയോ അന്ന് മുതൽ,

പരിശുദ്ധ കുർബാനയിൽ സഭയെ നയിക്കുന്ന മെത്രാന്മാരുടെ പേരുകൾ പറഞ്ഞു പ്രാർത്ഥിക്കാതെ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അവഗണിച്ചു ബലിയർപ്പിക്കാൻ തുടങ്ങിയ അന്ന് മുതൽ,

വിശുദ്ധ കുർബാനയേക്കാൾ പ്രാധാന്യം വിശുദ്ധരുടെ നൊവേനകൾക്കും ഊട്ടു തിരുന്നാളുകൾക്കും മറ്റ് ആഘോഷങ്ങൾക്കും കൊടുക്കുവാൻ തുടങ്ങിയ അന്ന് മുതൽ,

എല്ലാറ്റിനും ഉപരിയായി ദൈവത്തിന് കൊടുക്കേണ്ട സ്തുതിയേക്കാൾ, മഹത്വത്തെക്കാൾ പ്രാധാന്യം നമ്മുടെയും ദൈവജനത്തിന്റെയും ഇഷ്ടങ്ങൾക്ക് നൽകാൻ തുടങ്ങിയ അന്ന് മുതൽ,

ലത്തീൻ പള്ളിയിലെ കുർബാന പെട്ടെന്ന് തീരുന്നത് കൊണ്ട് ആളുകൾ അങ്ങോട്ട് പോകുമെന്ന് കാരണം നിരത്തി, ആഘോഷമായി അർപ്പിക്കേണ്ട വിശുദ്ധ ബലികളെ വെട്ടിച്ചുരുക്കി അര മണിക്കൂറിലും ഇരുപതു മിനിറ്റിലും ഒക്കെ കുറുക്കിയെടുത്തു പള്ളിയിൽ ആളെ കൂട്ടാൻ തുടങ്ങിയ അന്ന് മുതൽ,

പരിശുദ്ധമായ മദ്ബഹയുടെ മുന്നിൽ സെമിനാറുകളും ആട്ടവും പാട്ടും നൃത്തവും തുടങ്ങിയത് മുതൽ,

പവിത്രമായ കാര്യങ്ങൾ മാത്രം സംസാരിക്കേണ്ട ഇടങ്ങളിൽ, തിരുവചനം ധ്യാനിച്ചു പ്രാർത്ഥിച്ചു ഒരുങ്ങി അത് ദൈവ ജനത്തിനായി പങ്ക് വെയ്ക്കേണ്ടിയിരുന്ന ബേമ്മകളെയും അൽത്താരകളെയും വെറുപ്പും കുറ്റം പറച്ചിലും ദേഷ്യം തീർക്കലുനിമൊക്കെയുള്ള സ്ഥലങ്ങളായി മാറ്റാൻ തുടങ്ങിയത് മുതൽ….

ഇങ്ങനെ വിശുദ്ധ സ്ഥലത്തേയും വിശുദ്ധ വസ്തുക്കളെയും നമ്മുടെ കർത്താവിന്റെ രക്ഷകരമായ വിശുദ്ധ ബലിയേയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അപമാനിക്കാൻ തുടങ്ങിയത് മുതൽ നമ്മുടെ സഭയുടെ മാറ്റ് കുറയാൻ തുടങ്ങി..

നമ്മുടെ ദൈവജനം ദൈവിക കാര്യങ്ങളിൽ നമ്മെ പോലെ തന്നെ ഉദാസീനരായി…

നമ്മുടെ യുവജനങ്ങൾ അന്യ മതസ്ഥരുടെ പിന്നാലെ പോകാൻ തുടങ്ങി.

നമ്മുടെ കുടുംബങ്ങളിൽ നിന്ന് നമുക്ക് ലഭിച്ച ഏറ്റവും നല്ല പൈത്രുകമായ കുടുംബ പ്രാർത്ഥനകൾ പടിയിറങ്ങാൻ തുടങ്ങി…

എല്ലാറ്റിനും കാരണം ഒന്ന് മാത്രം..

ജീവജലത്തിന്റെ ഉറവായായവനെ തള്ളിക്കളഞ്ഞു പൊട്ടകുളങ്ങൾ കുഴിക്കുന്നവരായി നമ്മൾ മാറി…

നമ്മുടെ വൈദികരുടെയും മെത്രാന്മാരുടെയും ഇടയിലെ പിണക്കങ്ങളും പരസ്യമായ ചില പ്രകടനങ്ങളും നമ്മുടെ ആധികാരികതയെ ഇല്ലാതാക്കി, പരിശുദ്ധമായ പൗരോഹിത്യത്തെ പൊതുജന മധ്യത്തിലും സോഷ്യൽ മീഡിയയിലും ഇട്ട് തട്ടി കളിക്കുവാൻ വേണ്ടി നമ്മൾ തന്നെ ഇട്ട് കൊടുത്തു.

പ്രിയപ്പെട്ട മെത്രന്മാരെ, വൈദിക സഹോദരങ്ങളെ, പ്രിയപ്പെട്ട ദൈവ ജനമേ, നമുക്ക് തിരിച്ചു വരാം…

ഒരുമയോടെ പ്രാർത്ഥിക്കുന്നവരായി, അനുസരണയോടെ ദൈവത്തിന്റെയും സഭാധികാരികളുടെയും മുന്നിൽ നിൽക്കുന്നവരായി, തിരുസഭയുടെ പ്രബോധനങ്ങൾ അനുസരിക്കുന്നവരായി നമുക്ക് മാറാം.

ക്രിസ്തു നമുക്കായി അർപ്പിച്ച ബലി യോഗ്യതയോടെ അർപ്പിക്കുന്നവരായി നമുക്ക് മാറാം.

നമ്മുടെ കർത്താവ് നമ്മോട് കരുണ തോന്നി നമ്മുടെ സീറോ മലബാർ സഭയെ അതിന്റെ യഥാർത്ഥ ഒന്ന്നത്യത്തിലേക്കു തിരികെയെത്തിക്കാൻ നമുക്ക് എളിമയോടെ പ്രാർത്ഥിക്കാം. ഒരുമയോടെ ബലിയർപ്പിക്കാം…

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക്കാരോട് ക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.

തിരു സഭയോട് അകന്നു പോകാതെ ചേർന്നു നിൽക്കണേ.

നമ്മുടെ ഉള്ളിലെ വെറുപ്പും ഈഗോയും ഒക്കെ ഒന്ന് ഏറ്റു പറഞ്ഞു കുമ്പസാരിച്ചു, മാർപാപ്പ അംഗീകരിച്ച, സിനഡ് പ്രഖ്യാപിച്ച, സീറോ മലബാർ സഭയുടെ ഏകവും യഥാർത്ഥവുമായ വിശുദ്ധ കുർബാന ഈ ഞായറാഴ്ച മുതൽ അർപ്പിക്കണേ.

ഇനിയും ക്രിസ്തുവിനെ വേദനിപ്പിക്കരുതേ.

തിരുസഭയെ വിജാതീയർക്കു മുന്നിൽ ചവിട്ടി കൂട്ടാൻ ഇട്ട് കൊടുക്കരുതേ.

എറണാകുളം അങ്കമാലി അതിരൂപതയിലെ ദൈവ ജനമേ, നിങ്ങളോടും ഞാൻ യാചിക്കുന്നു.

നിങ്ങളുടെ രൂപതയിലെ ദൈവിക അധികാരത്തെ ധിക്കരിക്കുന്ന, ഞങ്ങളിൽ ചില വൈദികരുടെ കൂടെ ചേർന്നു മാർപ്പായെയും സിനഡിനെയും ഇനിയും തള്ളി പറയരുതേ. ആ വൈദികർക്ക് നിങ്ങൾ ഒരു തിരുത്തൽ ശക്തി ആകേണമേ.

തിരുസഭയെയും പരിശുദ്ധ പിതാവിനെയും സിനഡിനെയും അംഗീകരിക്കാൻ നിയമപരമായ, നിങ്ങളുടെ അവകാശമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ നിങ്ങൾ തന്നെ അവരോട് പറയണമേ.

അല്ലെങ്കിൽ അവരെ പോലെ നിങ്ങളും അറിയാതെ എങ്കിലും ദൈവത്തെ ധിക്കരിക്കുന്നവരാകും. അതിന് ഇടവരുത്തരുതേ എന്ന് യാചിക്കുന്നു. പ്രാർത്ഥിക്കുന്നു.

തിരുസഭയോട് ചേർന്നു നില്കുവാനുള്ള കൃപ നമുക്കെല്ലാവർക്കും പ്രത്യേകമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്കും ദൈവജനത്തിനും ലഭിക്കാനായി നിങ്ങളെ എല്ലാവരെയും എന്റെ വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നു.

കർത്താവ് നമ്മോട് കരുണ കാണിക്കുകയും തന്റെ സ്നേഹത്തിൽ നമ്മെ നിലനിർത്തുകയും ചെയ്യട്ടെ🌹

ഒത്തിരി സ്നേഹത്തോടെറോയിച്ചൻ

Roychen Sdv

നിങ്ങൾ വിട്ടുപോയത്