അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു
‘കക്കുകളി’ എന്ന പേരിൽ ഇടതുപക്ഷ സാംസ്കാരിക സംഘടനകൾ കത്തോലിക്കാസഭയിലെ സന്യാസിനികളെയും വൈദികരെയും അധിക്ഷേപിക്കുകയും സമൂഹമധ്യത്തിൽ താറടിക്കുകയും ചെയ്യുന്ന ഒരു നാടകം വ്യാപകമായി അവതരിപ്പിക്കുകയാണ്. ഈ നാടകത്തിന് വഴിവിട്ട രീതിയിൽ പല മത്സരങ്ങളിലും ഒന്നാംസ്ഥാനം നൽകി ഉന്നതമായ ഒരു കലാസൃഷ്ടിയാണെന്ന തെറ്റിദ്ധാരണ പരത്താൻ സർക്കാരിന്റെ സാംസ്കാരിക വകുപ്പുതന്നെ മുൻകൈയെടുത്തു പ്രവർത്തിക്കുന്നതു ദുഃഖകരവും അപലപനീയവുമാണ്.
ഉത്തമകലയും അധമകലയും
മനുഷ്യനിലെ അസുരഭാവത്തെ ഇല്ലാതാക്കി, സുരഭാവത്തെ വളർത്താൻ മനുഷ്യൻ കണ്ടുപിടിച്ച സാംസ്കാരിക ഉപകരണമാണ് കല. അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ ഉത്തമകല മനുഷ്യനെ സംസ്കാരസന്പന്നനാക്കുന്നു. എന്നാൽ മനുഷ്യനെ അധമനാക്കുന്ന കലാസൃഷ്ടികളും ചിലർ സൃഷ്ടിക്കാറുണ്ട്. പ്രസ്തുത കലാസൃഷ്ടികൾ രാവണന്മാരെ വളർത്തി സംസ്കാരത്തെ ദുഷിപ്പിക്കുമെന്നതിനാൽ വിവിധ കാലഘട്ടങ്ങളിൽ നാടകം, സിനിമ, കഥ, നോവൽ എന്നിവയിലെ അധമരൂപങ്ങളെ നിയമപരമായി നിരോധിക്കുന്നു.
ഉദാഹരണമായി നീലച്ചിത്രങ്ങൾ സാങ്കേതികമായി വളരെ മികവുള്ളതാണെന്നും അതു കലാകാരന്റെ ആവിഷ്കാരമാണെന്നും കലാനിരൂപകർ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, അത്തരം സൃഷ്ടികൾ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിന്റെ സാധ്യത വർധിപ്പിക്കുന്നുവെന്നു തിരിച്ചറിഞ്ഞ് പല രാജ്യങ്ങളും അത്തരം കലാസൃഷ്ടിയെ നിയമം മൂലം നിരോധിക്കുന്നു.
നീലച്ചിത്രത്തോട് കിടപിടിക്കുന്ന ഡി.എച്ച്. ലോറൻസിന്റെ കൃതിയായ ‘ലേഡി ചാറ്റർലീസ് ലവർ’, മതത്തെ കളിയാക്കുന്ന സൽമാൻ റുഷ്ദിയുടെ കൃതിയായ ‘സാത്താനിക് വേഴ്സസ്’ തുടങ്ങിയ ഇന്ത്യയിൽ നിരോധിക്കപ്പെട്ട അനേകം കൃതികളിൽ ചിലതാണ്. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സംഘടനയായ എൻജിഒ യൂണിയൻ എന്ന ഇടതുപക്ഷ സംഘടനയുടെ വെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുന്ന ഈ നാടകം കാണുന്നതുതന്നെ ക്രിമിനൽ കുറ്റമാണ്.
പ്രായപൂർത്തിയാകാതെ മഠത്തിൽ ചേർത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നതിനെതിരേ എന്ന പേരിൽ നിർമിച്ച ഒരു നാടകം കണ്ട് ആ ‘രതി’ ആസ്വദിക്കുന്നവരുടെ ഹൃദയം എത്രയോ മലീമസമാണ്. ബ്രഹ്മപുരത്ത് തള്ളിയ മാലിന്യക്കൂന്പാരത്തേക്കാൾ ഹീനമാണ് ഇടതുപക്ഷ സാംസ്കാരിക ബോധം എന്നറിയുന്നതിൽ കേരളം ലജ്ജിക്കുന്നു. ഇത്തരം സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർഥികളെ ഇലക്ഷനുകളിൽ ജയിപ്പിച്ച് അധികാരത്തിൽ കയറ്റണമോയെന്നു നിങ്ങൾ മനഃസാക്ഷിയോടു ചോദിക്കണം.
കന്യകാമഠങ്ങൾ സ്ത്രീവിരുദ്ധമോ?
കന്യകാമഠങ്ങൾ സ്ത്രീവിരുദ്ധമാണെന്നു പ്രചരിപ്പിക്കാനുള്ള ഹീനതന്ത്രത്തിന്റെ ഭാഗമാണ് കക്കുകളി എന്ന നാടകം മുന്നോട്ടുവയ്ക്കുന്ന പ്രമേയം. കന്യാസ്ത്രീമഠത്തിന്റെ സ്ത്രീവിരുദ്ധത ക്രിസ്തുമതത്തിന്റെ അടിസ്ഥാനസ്വഭാവമാണെന്ന് സൂചന നൽകാനാണ് ഇതിന്റെ അണിയറശില്പികൾ ശ്രമിക്കുന്നത്.
എന്നാൽ വാസ്തവം എന്താണ്? ലോകത്തിൽ ഒരു വിധവയ്ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ച വ്യക്തിയാണ് വിശുദ്ധ പൗലോസ്. പുരുഷനും സ്ത്രീയും വിവാഹം കഴിക്കുന്നതിനു മുന്പ് ‘സ്ത്രീയിൽനിന്ന്’ സമ്മതം വാങ്ങണമെന്നും അല്ലാത്ത വിവാഹങ്ങൾ അസാധുവാണെന്നും നൂറ്റാണ്ടുകൾക്കു മുന്പ് നടപ്പിലാക്കിയ മതമാണ് ക്രിസ്തുമതം. സ്ത്രീകൾ വിവാഹം കഴിക്കാതെ ജീവിക്കുന്നത് അപശകുനമായി കണ്ടിരുന്ന കാലത്ത് യേശുക്രിസ്തുവിന്റെ ആദർശത്തിൽ പ്രചോദിപ്പിക്കപ്പെട്ട് മനുഷ്യസേവനമെന്ന ഏകലക്ഷ്യത്തിനായി ഇറങ്ങിത്തിരിച്ചവരാണ് കത്തോലിക്കാസഭയിലെ സന്യാസിനികൾ.
സംഘം ചേർന്ന് വനിതകൾ, ഞങ്ങൾക്ക് ആണുങ്ങളുടെ സഹായമില്ലാതെ ജീവിക്കാനറിയാം എന്നു പ്രഖ്യാപിക്കുന്ന സ്ത്രീകളേക്കാൾ പുരോഗമനക്കാരായി ആരെയാണ് കണ്ടെത്താൻ കഴിയുക? പ്രിയ സന്യാസിനികളേ.. നിങ്ങളുടെ ധൈര്യത്തിനും വീരോചിതമായ സാക്ഷ്യത്തിനും ഞങ്ങൾ നന്ദിപറയുന്നു. കാമപൂർത്തിക്കുവേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണ് സ്ത്രീയെന്ന പുരുഷകേന്ദ്രീകൃത ചിന്തയ്ക്കേൽപ്പിക്കുന്ന പ്രഹരമാണ് ഓരോ കന്യാസ്ത്രീമഠങ്ങളും.
സന്യാസിനികളും കേരള നവോത്ഥാനവും
കേരളജനതയുടെ സാംസ്കാരിക ഉന്നമനത്തിന്റെയും സാമൂഹിക വികസനത്തിന്റെയും പിതൃത്വം ഇടതുപക്ഷം സ്വയം ഏറ്റെടുക്കുകയാണ്. വല്ലവന്റെ കുട്ടിയെയും ചുമന്നുനടക്കാൻ നിങ്ങൾക്കു നാണമില്ലേ? വിവാഹം കഴിക്കാതെ വീടിന്റെ മുഴുവൻ ഐശ്വര്യത്തിനായി ജീവൻ ഹോമിച്ച അനേകം സഹോദരിമാർ നമ്മുടെ വീടുകളിലുണ്ട്. അതുപോലെ സ്വന്തം സുഖങ്ങൾ മാറ്റിവച്ച് കേരളസമൂഹത്തിന്റെ ഉന്നമനത്തിനായി സ്കൂളുകൾ, കലാലയങ്ങൾ, ആശുപത്രികൾ മുതലായവ സ്ഥാപിച്ച് കേരളത്തെ പടുത്തുയർത്തിയവരാണ് കേരളത്തിലെ സന്യാസിനികൾ.
കേരളത്തിലെ സന്യാസിനീ മഠങ്ങളിൽ ദരിദ്രരുടെ മക്കളല്ല എന്നു പൊതുസമൂഹം തിരിച്ചറിയണം. വിശുദ്ധ അൽഫോൻസയും വിശുദ്ധ എവുപ്രാസ്യയും ധനാഢ്യകളായിരുന്നു. ഇന്നു കാണുന്ന പല മഠങ്ങളുടെയും ആസ്തി അവരുടെ പിതാക്കന്മാർ നൽകിയ സന്പത്താണ്. തൃശൂർ സെന്റ് മേരീസ്, വിമല, ചാലക്കുടി സേക്രഡ് ഹാർട്ട്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്, എറണാകുളം സെന്റ് തെരേസാസ്, തിരുവനന്തപുരം ഓൾ സെയ്ന്റ്സ്, പാലാ അൽഫോൻസാ, കോഴിക്കോട് പ്രൊവിഡൻസ് എന്നിങ്ങനെ നൂറുകണക്കിനു കലാലയങ്ങളിൽ നമ്മൾ ആസ്വദിച്ചത് കന്യാസ്ത്രീകളുടെ വിയർപ്പും ചോരയുമാണ്. അനേകം ആശുപത്രികളിൽ നഴ്സുമാരായി സേവനം ചെയ്യുന്ന സിസ്റ്റർമാരാണ് കേരളത്തിന്റെ ആരോഗ്യ നിലവാരത്തിന്റെ അടിത്തറയെന്നതും മറക്കുന്നത് തലമറന്ന് എണ്ണതേയ്ക്കുന്നതിനു തുല്യമാണ്.
ജില്ലാ കളക്ടർമാരോട് ഒരുവാക്ക്
ഒരു കലാവിഷ്കാരം സംസ്കാരത്തെ ദുഷിപ്പിക്കുന്നതാണെങ്കിൽ അതു നിരോധിക്കാനുള്ള അധികാരം ഇന്ത്യൻ നിയമവ്യവസ്ഥ ജില്ലാ കളക്ടർമാർക്ക് നൽകുന്നു. മനുഷ്യത്വവിരുദ്ധവും സ്ത്രീവിരുദ്ധവും ക്രിസ്തുമതവിരുദ്ധവുമായ ഭാവനകൾ അധമവികാര സൃഷ്ടികളിലൂടെ വളർത്തുന്ന ‘കക്കുകളി’ നാടകം നിരോധിക്കാനുള്ള ധൈര്യം നിങ്ങൾ പ്രകടിപ്പിക്കണം.
ഈ നാടകം ക്രൈസ്തവവിരുദ്ധം മാത്രമല്ല, ചരിത്രത്തിൽ നിലനിൽക്കുന്ന ഇന്ത്യൻ സംസ്കാരത്തിനെതിരേകൂടിയുള്ളതാണെന്നു തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്നു ഞങ്ങൾ അഭ്യർഥിക്കുന്നു.
ഡോ. കെ.എം. ഫ്രാൻസിസ്
(കെസിബിസി ലെയ്റ്റി കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ)