“ആത്മീയതയുടെയും, അനുസരണത്തിന്റെയും ഇടയൻ”
നാലു വർഷങ്ങൾക്കു മുൻപ് 2019 മാർച്ച് 9ന് നമ്മുടെ വികാരിയായി കടന്നുവന്ന ഫാദർ ആന്റണി മങ്കുറിയിൽ ഈ മാസം മാർച്ച് 11ന് തോപ്പിൽ ഇടവകയിലെ സേവനങ്ങൾ പൂർത്തീകരിച്ച് നമ്മിൽ നിന്ന് സ്ഥലം മാറി പോവുകയാണ്.


ഈ കഴിഞ്ഞ വർഷങ്ങളിൽ ഈ ഇടവകയുടെ ഹൃദയത്തുടിപ്പുകൾ അറിഞ്ഞ് നമ്മോടൊപ്പം എല്ലാ കാര്യങ്ങളിലും മുന്നിൽ നിന്ന് നയിച്ച വ്യക്തിയാണ് മാങ്കുറയിൽ അച്ചൻ. ആധ്യാത്മികവും ഭൗതികവുമായ തലങ്ങളിൽ അച്ചൻ വിശ്വസ്തതയോടെ ആത്മാർത്ഥതയോടെ ഉത്സാഹത്തോടെ വ്യാപരിച്ചു. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റവും മനോഹരവും സത്യസന്ധവും സുതാര്യവുമായി പൂർത്തിയാക്കിയാണ് അച്ചൻ നമ്മോട് യാത്ര പറയുന്നത്

ഏതുവിധത്തിൽ ആയാലും വേർപാടുകൾ വേദനാജനകമാണ്. നമ്മെ സംബന്ധിച്ചു അച്ചന്റെ സ്ഥലംമാറ്റം ഏറെ സങ്കടകരവും വേദന ഉളവാക്കുന്നതുമാണ്. പക്ഷേ സഭാ നിയമങ്ങളും അധികാരികളുടെ കൽപ്പനകളും അനുസരിക്കുക എന്ന പുരോഹിത ധർമ്മം ഉൾക്കൊള്ളണമല്ലോ.


അച്ചൻ ആദ്യമായി നമ്മുടെ ഇടവകയിലേക്ക് കടന്നുവന്നത് നിറപുഞ്ചിരിയോടെയാണ് എന്നും നിറഞ്ഞുനിൽക്കുന്ന പുഞ്ചിരി അച്ചന്റെ പ്രത്യേകതയാണ്. പ്രതിസന്ധികൾക്കിടയിലും അച്ചന്റെ മുഖത്തെ പുഞ്ചിരി മായാറില്ല.


തോപ്പിൽ ഇടവകയുടെ അജപാലകൻ എന്ന വിധത്തിൽ മാങ്കുറയലച്ചൻ നമ്മുടെ ആത്മീയ ഭൗതിക ജീവിതങ്ങളെ സമ്പുഷ്ടമാക്കാൻ പരിശ്രമിച്ചിട്ടുണ്ട്.


നമ്മുടെയെല്ലാം ആഗ്രഹത്തിനനുസരിച്ച് വർഷങ്ങളായി നാം ഭക്തിപൂർവ്വം വണങ്ങിപ്പോരുന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിന് വിശിഷ്ടമായ രൂപക്കൂട് നിർമിക്കാനും അത് നമ്മുടെ ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ പ്രതിഷ്ഠിക്കാനും കഴിഞ്ഞു.


പള്ളി സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് അച്ചൻ കടന്നുവന്നത്. സാമ്പത്തികം മെച്ചപ്പെടുത്തുന്നതിന് വളരെ നാളുകളായി ഇടപ്പള്ളി പള്ളിയുമായി തർക്കത്തിൽ കിടന്നിരുന്ന കരിമക്കാട് ഒരേക്കർ ഭൂമി തർക്കങ്ങൾ അവസാനിപ്പിച്ച് ഇടപ്പള്ളി പള്ളിയുമായി ചേർന്ന് നിന്നുകൊണ്ട് വിൽക്കുവാനും, ലഭിച്ച തുകയിൽ നിന്ന് തോപ്പിൽ പള്ളിയുടെ അവകാശമായ അഞ്ചു കോടി രൂപ നമ്മുടെ പള്ളിക്ക് ലഭ്യമാക്കാനും അച്ചൻ നേതൃത്വം നൽകി.
അതുകൊണ്ട് ബാങ്കിൽ നിന്ന് പള്ളിപണിക്ക് വേണ്ടി ലോൺ എടുത്തിരുന്ന ഒരു കോടി രൂപയും പള്ളി പണിക്കുവേണ്ടി ഇടപ്പള്ളി പള്ളിയിൽ നിന്ന് വായ്പയെടുത്ത ഒന്നേകാൽ കോടി രൂപയും പാരിഷ് ഹാൾ പണിയുന്നതിന് ഇടവക ജനങ്ങൾ നൽകിയ 67 ലക്ഷം രൂപയും കൊടുത്തു തീർക്കുവാൻ സാധിച്ചു. നാലു വർഷത്തിനുള്ളിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ അച്ചന്റെ മേൽനോട്ടത്തിൽ സാധിച്ചു. ഇപ്പോൾ ഒരുകോടി 80 ലക്ഷം രൂപ നീക്കിയിരുപ്പു വെച്ചാണ് അദ്ദേഹം സ്ഥലം മാറി പോകുന്നത്.

മിനി എ സി പാരീഷ് ഹാൾ എന്ന നമ്മുടെ സ്വപ്നം സഫലീകരിക്കാനും പുതിയ കല്ലറകൾ രൂപപ്പെടുത്തുന്നതിനും ഈ കാലയളവിൽ സാധിച്ചു.നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചിരുന്ന ചെറിയ പാരിഷ് ഹാൾ നവീകരിക്കാനുള്ള ആശയം മുന്നോട്ട് വെച്ചതും അത് പ്രാവർത്തികമാക്കിയതും അച്ചനാണ്.

വലിയ പാരിഷ് ഹാളിൽ കൂടുതൽ തുക കൊടുത്തു പരിപാടികൾ നടത്താൻ കഴിയാത്തവർക്ക് ഗുണകരമാകണമെന്ന ആശയമാണ് അച്ചൻ മുന്നോട്ടുവച്ചത്.
എക്കാലത്തും പാവപ്പെട്ടവരോടും സാധാരണക്കാരോടും അച്ചൻ പ്രത്യേക സ്നേഹം പുലർത്തിയിരുന്നു. കോവിഡ് മൂലം നാടാകെ ദുരിതമനുഭവിച്ച ഘട്ടത്തിൽ എത്രയോ പേർക്കാണ് നാം ആശ്വാസമായത്. പിന്നീട് ചാരിറ്റി ഫണ്ട് രൂപീകരിച്ച് രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും മാസംതോറും സഹായം നൽകുന്ന പദ്ധതി നടപ്പിലാക്കാനും അച്ചന് കഴിഞ്ഞു. കൈക്കാരന്മാർക്കും, പാരിഷ് കൗൺസിൽ അംഗങ്ങൾക്കും പൂർണ്ണ അധികാരം നൽകിക്കൊണ്ട് തികച്ചും ജനാധിപത്യമായ രീതിയിലാണ് അച്ചൻ ഇവിടെ തന്റെ പ്രവർത്തനങ്ങൾ നടത്തിയത്.


സാമ്പത്തികം കൈകാര്യം ചെയ്യൽ അച്ചന്റെ വിഷയമല്ല. പണ സംബന്ധമായ കാര്യങ്ങളെല്ലാം പള്ളി ഓഫീസ് വഴി കൈക്കാരന്മാരുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്.അതിൽ കൃത്യതയും സുതാര്യതയും ഉണ്ടാകണമെന്ന നിഷ്കർഷ അച്ചനുണ്ടായിരുന്നു .


മിനി പാരീഷ് ഹാളിന് മുന്നിലും വശങ്ങളിലും ടൈൽ വിരിച്ചും,ദേവാലയ പരിസരത്ത് ചെടികൾ വച്ച് പിടിപ്പിച്ചും, ചുറ്റുപാടുകൾ വൃത്തിയാക്കി സംരക്ഷിക്കാൻ അച്ചൻ ശ്രദ്ധ ചെലുത്തുകയുണ്ടായി .
നമ്മുടെ ദേവാലയത്തിനോടനുബന്ധിച്ച് പരിശുദ്ധ മാതാവിന്റെ ഒരു ഗ്രോട്ടോ നിർമ്മിക്കണമെന്ന ആഗ്രഹം സഫലമായത് അച്ചന്റെ താല്പര്യത്തിലാണ്. പള്ളിയുടെ മുൻവശത്ത് അതിമനോഹരമായ ഗ്രോട്ടോ നിർമ്മിച്ച് അവിടെ ലൂർദ് മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കാനായി.

പള്ളിയിലെ ഭക്തസംഘടനകൾക്ക് വലിയൊരു പ്രചോദനമാണ് മാങ്കുറയിൽ അച്ചൻ.അൾത്താര ബാലന്മാരുടെ വലിയൊരു സംഘം രൂപീകരിക്കപ്പെട്ടത് അച്ചന്റെ വരവോടെയാണ്. ഇടവകയിലെ എല്ലാ ഭക്ത സംഘടനകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി പ്രവർത്തനസജ്ജമാക്കാൻ അച്ചൻ ശ്രമിച്ചിട്ടുണ്ട്. ഇടവക ദിനാഘോഷം,ഇടവക തിരുനാൾ, ശ്രാദ്ധം തുടങ്ങിയ അവസരങ്ങളിൽ എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും സഹകരണവും ഉറപ്പിക്കാനും എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാനും പരിശ്രമിച്ചു.
ഇടവകയിലെ മതബോധന വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് പിന്നിൽ അച്ചന്റെ മേൽനോട്ടമുണ്ട് നമ്മുടെ മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിനും വളർത്തിക്കൊണ്ടു വരുവാനുള്ള പ്രയത്നങ്ങൾക്കാണ് അച്ചൻ മുൻതൂക്കം നൽകുന്നത്.

സാധാരണക്കാരിൽ സാധാരണക്കാരായ ഒരു വൈദികനാ യിട്ടാണ് അച്ചനെ പലരും കാണുന്നത്. ആരോടും പരിഭവമില്ലാതെ എല്ലാവരെയും ചേർത്തു നിർത്താൻ അച്ചന് കഴിയുന്നു.

എല്ലാവരുടെയും ആവശ്യങ്ങളിൽ സഹായമാകുവാനും സാന്ത്വനമേകാനും അച്ചന് സാധിക്കുന്നു. വർഷങ്ങളായി നമ്മുടെ ഇടവകയിൽ സേവനം ചെയ്ത കപ്യാർ ദാസൻ ചേട്ടന്റെയും നമ്മുടെ ഇടവകാംഗം ചെറിയാൻ നേരവീട്ടിൽ അച്ചന്റെയും അവിചാരിതമായ വേർപാടുകൾ നമ്മൾ ഏവരെയും ദുഃഖത്തിലാഴ്ത്തുകയുണ്ടായി ആ ഘട്ടത്തിൽ മരണാനന്തര ചടങ്ങുകൾക്കും മറ്റുകാര്യങ്ങൾക്കും നേതൃത്വം നൽകാനും സമയോചിതമായി കാര്യങ്ങൾ നിർവഹിക്കാനും അച്ചൻ ആത്മാർത്ഥമായി പരിശ്രമിച്ചു.

ഞാൻ ദീർഘിപ്പിക്കുന്നില്ല അച്ചനിൽ വിളങ്ങി നിൽക്കുന്ന വിശിഷ്ടമായ ദാനം എന്തെന്ന് ചോദിച്ചാൽ നമുക്കറിയാം — വിശുദ്ധ കുർബാനയാണത്. അച്ചൻ അർപ്പിക്കുന്ന ദിവ്യബലി ആത്മീയതയുടെ ആനന്ദത്തിലേക്കാണ് നമ്മെ നയിക്കുന്നത് അത്രമാത്രം ഭക്തിനിർഭരവും ഹൃദ്യവുമാണത്.അച്ചന്റെ ദിവ്യബലിയിൽ പങ്കുകൊള്ളാൻ ഇടവകാംഗങ്ങൾ അല്ലാത്ത എത്രയോ പേരാണ് ഇവിടെ വരുന്നത്.


കോവിഡ് കാലത്ത് തുടങ്ങിയ ഓൺലൈൻ ദിവ്യബലിയിൽ ഇന്നും അനേകർ പങ്കാളികളാകുന്നുണ്ട്.
ഹ്രസ്വവും ലളിതവുമായ അച്ചന്റെ വചന സന്ദേശം ഏറെ മനോഹരമാണ്. സമയബന്ധിതമായി എല്ലാ കാര്യങ്ങളും ക്രമീകരിക്കാനുള്ള കഴിവ് അച്ചന്റെ പ്രത്യേകതയാണ്.

ദിവ്യബലിയെ കുറിച്ച് പറയുമ്പോൾ നമ്മുടെ ഇടവകയിൽ അർപ്പിക്കപ്പെടുന്ന ഏകീകൃത വിശുദ്ധ കുർബാന ആരംഭിച്ചതിനു പിന്നിൽ അച്ചന്റെ ത്യാഗപൂർണമായ അനുസരണത്തിന്റെയും അച്ചടക്കത്തിന്റെയും തലം കാണേണ്ടതുണ്ട്. പാരിഷ് കൗൺസിലുകളുടെ തീരുമാനത്തോടെ ആരംഭിച്ച ഏകീകൃതകുർബാനയ്ക്ക് മറ്റ് എതിർപ്പുകൾ നേരിട്ടപ്പോൾ ഇവിടെ അച്ചന് പിന്തുണയുമായി നിൽക്കാൻ നമുക്ക് കഴിഞ്ഞു കാരണം അധികാരികളെ അനുസരിക്കുക അച്ചടക്കം പാലിക്കുക എന്ന വിധേയത്വത്തിന്റെ പാഠമാണ് അച്ചൻ പകർന്നു നൽകിയത്.

ഏകീകൃത കുർബാനയുടെ പേരിൽ ചില അസ്വസ്ഥതകൾ ഉണ്ടായപ്പോൾ അതിൽ കുറെ വിഷമങ്ങളും അച്ചനുണ്ടായി. കാരണം എല്ലാവരെയും ഒപ്പം നിർത്താൻ ആഗ്രഹിക്കുന്ന അച്ചൻ നുറ് ആടുകളിൽ ഒരെണ്ണം വഴിമാറി പോയാൽ അതിനെ തേടിപ്പോകുന്ന നല്ല ഇടയന്റെ മാതൃകയാണ് പിന്തുടരുന്നത്.


ഇത്തരത്തിൽ നല്ലൊരു സ്നേഹിതനും, സഹോദരനും,ഗുരുനാഥനും, അജപാലകനുമായി കഴിഞ്ഞ നാല് വർഷക്കാലം നമ്മോടുത്തായിരുന്ന അച്ചന് നിങ്ങളുടെ എല്ലാവരുടെയും പേരിലും തോപ്പിൽ ഇടവകയുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഏറ്റവും ഹൃദ്യമായി നന്ദി അർപ്പിക്കുന്നു. പുതിയ ഇടവകയിൽ അച്ചന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും പ്രാർത്ഥിച്ചുകൊണ്ടും യാത്രാമംഗളങ്ങൾ നേർന്നുകൊണ്ടും നിർത്തുന്നു.
നന്ദി നമസ്കാരം…..

(തോപ്പിൽ മേരി ക്വീൻ ദേവാലയം വികാരി ഫാദർ ആന്റണി മാങ്കുറിയിലിന്റെ ഔദ്യോഗികമായ യാത്രയയപ്പ് സമ്മേളനത്തിൽ കൈക്കാരനായ സണ്ണി നേരേവീട്ടിൽ നടത്തിയ പ്രസംഗം )

നിങ്ങൾ വിട്ടുപോയത്