സത്യതീരമണയുന്ന ബനഡിക്ട്
പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. കത്തോലിക്കാസഭയുടെ ശുശ്രൂഷ ഒരാളെ നയിക്കുന്നത് അധികാരത്തിന്റെ ഗർവിലേക്കോ സുഖലോലുപതയുടെ മന്ദിരങ്ങളിലേക്കോ അല്ല; മറിച്ച്, കർത്താവിന്റെ കുരിശിലേക്കാണെന്ന് പാപ്പാ ലോകത്തെ പഠിപ്പിച്ചു. ഈശോയുടെ ഹൃദയം സ്വന്തമാക്കിയ അജപാലകനെയും മുട്ടിന്മേൽ നിന്നു പ്രാർഥിക്കുന്ന ദൈവശാസ്ത്രജ്ഞനെയും ബനഡിക്ട് പാപ്പായിൽ നാം കണ്ടുമുട്ടുന്നു. കാൽസിഡോണ് കൗണ്സിലിൽ മഹാനായ ലെയോ മാർപാപ്പയെപ്പറ്റി പറഞ്ഞു: “പത്രോസ് ലെയോയുടെ നാവിലൂടെ സംസാരിച്ചു.’’ നമ്മുടെ കാലഘട്ടത്തിൽ പത്രോസ്, ബനഡിക്ടിലൂടെ ലോകത്തോടും നമ്മോടും സംസാരിച്ചു എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
ബനഡിക്ട് പാപ്പായുടെ വാക്കുകളും കൃതികളും നമ്മുടെ ജീവിതത്തെ സ്പർശിക്കുകയും ഹൃദയത്തിൽ തുളച്ചുകയറുകയും ചെയ്തു. ബനഡിക്ട് പിതാവിൽ ദൈവശാസ്ത്രത്തിന്റെ അനന്യമായ സന്പന്നതയും ആശയങ്ങളുടെ വ്യക്തതയും മനുഷ്യാനുഭവത്തിന്റെ ആഴവും നാം കണ്ടുമുട്ടുന്നു. ‘കാഴ്ചയുള്ള ഹൃദയം’ സ്വന്തമാക്കിയ പുരോഹിതശ്രേഷ്ഠനായിരുന്നു ബനഡിക്ട് പാപ്പാ. ദൈവശാസ്ത്രജ്ഞനായ വിശുദ്ധ കാർഡിനൽ ന്യൂമാൻ ഒരിക്കൽ എഴുതി: “ദൈവം പലപ്പോഴും നമ്മെ അപരിചിതമായ വഴിയിലൂടെ നയിക്കുന്നു, അവിടുന്ന് നമ്മുടെ സന്തോഷമാണു ലക്ഷ്യംവയ്ക്കുന്നതെന്നുനമുക്കറിയാം.
എന്നാൽ, എന്താണ് യഥാർഥ സന്തോഷമെന്ന് നമുക്കറിഞ്ഞുകൂടാ, അതുകൊണ്ടുതന്നെ വഴിയും. നാം അന്ധരായതിനാൽ നാം തെരഞ്ഞെടുക്കുന്ന വഴികൾ തെറ്റിപ്പോയേക്കാം. തെരഞ്ഞെടുപ്പ് ദൈവത്തിനു വിട്ടുകൊടുക്കുക. ദൈവകരങ്ങളിൽ പിടിച്ചുകൊണ്ട് അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുന്നതാണ് അദ്ഭുതകരമായ യാത്ര അഥവാ വഴി. നമ്മുടെ ഉറപ്പ് ദൈവം നമ്മെ ശരിയായ ദിശയിലേക്കു നയിക്കുമെന്നതാണ്. നാം ചിന്തിക്കുന്നതല്ല നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലത്, മറിച്ച്, ദൈവം നമുക്കുവേണ്ടി തെരഞ്ഞെടുത്തതാണ് ഏറ്റവും നല്ലതെന്ന് നാം മറക്കരുത്.’’ വിശുദ്ധനായ കർദിനാൾ ന്യൂമാന്റെ രണ്ടു ചിന്തകൾ ബനഡിക്ട് പാപ്പായെ ഏറെ സ്വാധീനിച്ചു. ഒന്ന് ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു; രണ്ട്, നിഴലിൽനിന്ന് യാഥാർഥ്യത്തിലേക്ക്. ബനഡിക്ട് പിതാവിന്റെ ജീവിതത്തിന്റെ സന്ദേശം ദൈവത്തിന്റെ അദ്ഭുതകരമായ വഴിയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു എന്നതാണ്.
ജോസഫ് റാറ്റ്സിംഗർ ജനിച്ചത് 1927 ഏപ്രിൽ 16, ഒരു ദുഃഖശനിയാഴ്ചയായിരുന്നു. ജനിച്ച് ഏതാനും മണിക്കൂറിനുള്ളിൽ ഈസ്റ്റർ ജഗരണത്തിൽ കുർബാനയ്ക്കിടെ മാമ്മോദീസാ സ്വീകരിച്ചു. അന്നുമുതൽ ജീവിതത്തിലുടനീളം പ്രാർഥനയുടെ മനുഷ്യനായിരിക്കുവാൻ റാറ്റ്സിംഗറിനു സാധിച്ചു. കൊളോൺ അതിരൂപതയുടെ മെത്രാനായിരുന്ന കർദിനാൾ ഫ്രിംഗ്സിന്റെ ഉപദേഷ്ടാവായി വന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസിൽ വിദഗ്ധൻ ആയി. 1997ൽ മ്യൂണിക്- ഫ്രൈസിങ് അതിരൂപതയുടെ അധ്യക്ഷനായി. 1982ൽ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ട്. 2005 മുതൽ 2013 വരെ സാർവ്വത്രികസഭയുടെ തലവനും.
ശരിയായ പ്രാർഥനാജീവിതമാണ് ആധ്യാത്മികതയുടെ അടിസ്ഥാനമെന്ന് ബനഡിക്ട് പിതാവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. പ്രാർഥനയില്ലാത്ത സമൂഹത്തിന്റെയും വ്യക്തികളുടെയും ജീവിതത്തിന്റെ ദിശ മാത്രമല്ല, ജീവന്റെ ഉറവിടവും നഷ്ടപ്പെടുന്നുവെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. “ദൈവവുമായി ബന്ധമില്ലാതെയായാൽ ഭ്രമണപഥം നഷ്ടപ്പെട്ട ഉപഗ്രഹങ്ങളെപ്പോലെയാകും, ശൂന്യതയിലേക്കു നിപതിക്കുകയും അവ സ്വയം നശിക്കുകയും മാത്രമല്ല, മറ്റുള്ളവർക്കുകൂടി ഭീഷണിയായിത്തീരുകയും ചെയ്യുന്നു’’ എന്ന ബെനഡിക്ട് പിതാവിന്റെ വാക്കുകൾ ആത്മീയത നഷ്ടപ്പെട്ട സമൂഹത്തിനും വ്യക്തികൾക്കുമുള്ള ഒരു പ്രവാചകന്റെ മുന്നറിയിപ്പാണ്.
വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാന പുരോഹിതൻ (ഹെബ്ര 2:17)
ക്രൈസ്തവൻ എന്ന നിലയിലുള്ള എല്ലാ പ്രവൃത്തികളുടെയും ഉറവിടം വിശ്വാസമായിരിക്കണമെന്ന് ബെനഡിക്ട് പാപ്പാ പഠിപ്പിക്കുന്നു. ആധുനികലോകത്തെ ഈശോയുമായി ഗാഢ ബന്ധമുള്ളതാക്കാൻ ബനഡിക്ട് പിതാവിന്റെ ചിന്തകൾക്കും പ്രസംഗങ്ങൾക്കും ജീവിതസാക്ഷ്യത്തിനും സാധിച്ചിട്ടുണ്ട്. ബനഡിക്ട് പിതാവിന്റെ ശിഷ്യനായിരുന്നു വിയന്നായിലെ കർദിനാൾ ക്രിസ്റ്റോഫ് ഷോണ്ബോണ് അഭിപ്രായപ്പെട്ടതുപോലെ, “ബനഡിക്ട് പാപ്പായെ ശ്രവിക്കാൻ കഴിയുക ഒരു വലിയ അവസരമായിരുന്നു. കാരണം, പാപ്പാ എല്ലാവർക്കും പ്രതീക്ഷ നൽകുന്നു.
അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിനൊപ്പം സാക്ഷ്യവും വ്യക്തതയും നൽകുന്നു. എളിമയോടുകൂടി സത്യത്തിന്റെ മനോഹാരിതയെ പാപ്പാ വ്യക്തമാക്കിത്തരുന്നു.’’ ഈശോയാകുന്ന ‘അമൂല്യരത്നത്തെ’ ആധുനികലോകത്തിനു നൽകാൻ പാപ്പായ്ക്കു കഴിഞ്ഞു. ഈശോയുമായുള്ള കണ്ടുമുട്ടലാണ് വിശ്വാസവളർച്ചയുടെ അടിസ്ഥാനമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ബനഡിക്ടയിൻ ആധ്യാത്മികതയുടെ മർമമായ ‘എല്ലാറ്റിനും ഉപരിയായി മിശിഹാ’ എന്ന ചിന്ത പാപ്പായുടെ പ്രവർത്തനശൈലിയായിരുന്നു. യുക്തിയുടെ ലോകവും വിശ്വാസത്തിന്റെ ലോകവും പരസ്പരം പോരടിക്കേണ്ടതോ ഭയപ്പെടേണ്ടതോ അല്ല; മറിച്ച്, ആഴമേറിയതും തുടർച്ചയായതുമായ സംവാദങ്ങളിലൂടെ ഒരു നല്ല സംസ്കാരത്തെ രൂപപ്പെടുത്തേണ്ടതാണ് എന്ന ബനഡിക്ട് പിതാവിന്റെ വാക്കുകൾ അദേഹത്തിന്റെ ബൗദ്ധിക-ആത്മീയ-ആധ്യാത്മികതയുടെ തെളിവാണ്.
സഭയുടെ കാരുണ്യത്തിന്റെ ശുശ്രൂഷയെ ദൈവവചനശുശ്രൂഷപോലെ പ്രാധാന്യമുള്ളതായിക്കണ്ട അജപാലകനായിരുന്നു ബനഡിക്ട് പാപ്പാ. വിശുദ്ധ ഗ്രന്ഥത്തിലെ മനോഹരമായ സ്നേഹത്തിന്റെ ആവിഷ്കാരമാണ് ദാനധർമം. ഇതു വെറും മനുഷ്യസ്നേഹമല്ല. ഇത് സ്നേഹത്തിന്റെ കൃത്യമായ പ്രകടനമാണ്. ദാനധർമത്തെ ഒരു ദൈവികപുണ്യമെന്നാണ് പാപ്പാ വിളിക്കുന്നത്. “ദൈവവുമായുള്ള നമ്മുടെ ബന്ധം-തന്റെ പുത്രനായ ഈശോയിലൂടെ കാരുണ്യമുള്ള തന്റെ മുഖം ദൈവം നമുക്കു വെളിപ്പെടുത്തി- ഇത് വിശപ്പും, ദാഹവും അനുഭവിക്കുന്നവരെ സഹായിക്കുവാൻ നമ്മെ ബാധ്യസ്ഥരാക്കുന്നുണ്ട്’’ എന്ന ബെനഡിക്ട് പിതാവിന്റെ വാക്കുകൾ സഭ കാരുണ്യത്തിന്റെ കൂദാശയാകേണ്ടത് സ്നേഹത്തിന്റെ പ്രവൃത്തികളിലൂടെയാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു.
ദൈവവചനത്തിന്റെ കാവൽക്കാരൻ
കർത്താവിന്റെ വാക്കനുസരിച്ച് വലയിറക്കിയ (ലൂക്കാ 5:5) പത്രോസിനെപ്പോലെ ദൈവവചനത്തിന്റെ കാവൽക്കാരനാണ് ബനഡിക്ട് പാപ്പാ. “വചനം കേൾക്കപ്പെടാവുന്നതു മാത്രമല്ല, അതിനു ശബ്ദം മാത്രമല്ല ഉള്ളത്. വചനത്തിന് ഒരു മുഖമുണ്ട്- നമുക്കു കാണാവുന്ന മുഖം: നസ്രത്തിലെ ഈശോ’’ എന്ന പാപ്പായുടെ വാക്കുകൾ ബനഡിക്ട് പിതാവിന്റെ വചനബന്ധിതജീവിതത്തിന്റെ പ്രകാശനമാണ്. വിശുദ്ധ ബൊനവഞ്ചർ പറഞ്ഞു: “ദൈവത്തെ പ്രഘോഷിക്കുന്നതുകൊണ്ട് ഓരോ സൃഷ്ടിയും ദൈവത്തിന്റെ വചനമാണ്.’’ വിശുദ്ധ ലിഖിതമാണ് ദൈവശാസ്ത്രത്തിന്റെ ആത്മാവ് എന്ന് പാപ്പാ പഠിപ്പിക്കുന്നു. ബനഡിക്ട് പിതാവ് വലിയ ഒരു ദൈവ ശാസ്ത്രജ്ഞനാണ്. ക്രൈസ്തവ പാരന്പര്യത്തിലെ ക്ലാസിക്കൽ ദൈവശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടാൻ അർഹതയുള്ളവനാണ്.
മറ്റു ദൈവശാസ്ത്ര കുലപതികളെപ്പോലെ ബനഡിക്ട് പിതാവും ദൈവവചനത്താൽ ആവരണം ചെയ്യപ്പെട്ട്, തുളച്ചുകയറപ്പെട്ട ഒരു വ്യക്തിയാണ്. ദൈവവചനത്തിൽ ജീവിച്ചവനാണ്. വചനം ബനഡിക്ട് പിതാവിന്റെ ദൈവശാസ്ത്രത്തിന്റെ മജ്ജയാണ്. അദ്ദേഹത്തിന്റെ ആത്മീയതയെ പോഷിപ്പിക്കുന്നത് ഈ ദൈവവചനമാണ്. അദ്ദേഹം ദൈവവചനത്തിന്റെ സമുന്നത പ്രഘോഷകനാണ്. കണ്ണും ഹൃദയവും വിശുദ്ധ ജറോമിനെപ്പോലെ ജറുസലേമിലേക്കു തിരിച്ച് സ്വർഗീയ ജറുസലേമിനുവേണ്ടി ആഗ്രഹിച്ചു ജീവിച്ച തീർത്ഥാടകനായിരുന്നു ബനഡിക്ട് പാപ്പാ. ദൈവവചനം വിശ്വാസത്തിൽ സ്വീകരിച്ച് സഭയോടൊത്ത് അതു വായിച്ച് ദൈവത്തോടൊപ്പം ഏദൻ തോട്ടത്തിൽ നടക്കുന്നതാണ് ക്രിസ്തീയജീവിതത്തിന്റെ മനോഹാരിതയെന്ന് ബനഡിക്ട് പാപ്പാ നമ്മെ ഓർമിപ്പിക്കുന്നു.
പരീക്ഷകളിൽ ഈശോയോടൊപ്പം നിന്ന ശിഷ്യൻ
സഭയോടും ക്രിസ്തുവിനോടുമൊപ്പം ജീവിതകാലം മുഴുവൻ നിരന്തരം സഞ്ചരിക്കാൻ സാധിച്ച ക്രിസ്തുവിന്റെ വികാരിയായിരുന്നു ബനഡിക്ട് പാപ്പാ. “എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണ് നിങ്ങൾ’’ (ലൂക്കാ 27:28) എന്ന ഈശോയുടെ ശ്ലീഹന്മാരെക്കുറിച്ചുള്ള സാക്ഷ്യം ബനഡിക്ട് പിതാവിനെപ്പറ്റിയും നമുക്കു പറയുവാൻ സാധിക്കും. വലിയ മുക്കുവന്റെ സ്ഥാനം ഏറ്റെടുത്തപ്പോൾ പാപ്പാ പറഞ്ഞു: “ചെന്നായ്ക്കളെ പേടിച്ച് ഓടിപ്പോകാതിരിക്കുവാൻ എനിക്കുവേണ്ടി പ്രാർഥിക്കണം.’’ നിർഭയം സഭയോടൊത്തു യാത്രചെയ്ത ഇടയനാണ് ബനഡിക്ട് പാപ്പാ. കോണ്സ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയായിരുന്ന ഗ്രിഗറി നസിയാൻസൻ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ വിശ്വാസികളെ പ്രബോധിപ്പിച്ചു: “എന്റെ കുഞ്ഞുങ്ങളേ, ഞാൻ നിങ്ങളെ ഓർമിപ്പിക്കുന്നു, മറ്റുള്ളവർക്ക് അസൂയ തോന്നത്തക്കവിധം നിങ്ങളുടെ വിശ്വാസത്തിന്റെ നിക്ഷേപം കാത്തുസൂക്ഷിക്കുവിൻ.’’ബനഡിക്ട് പിതാവിന്റെ പ്രധാനാചാര്യ ശുശ്രൂഷയുടെ മുഖമുദ്രയും പരീക്ഷകളിൽ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതായിരുന്നു.
“കർത്താവേ, ഞങ്ങൾ ആരുടെ പക്കലേക്കു പോകും’’ എന്ന പത്രോസിന്റെ ചോദ്യംതന്നെയായിരുന്നു സഭയുടെ പ്രതിസന്ധികളിലും വേദനകളിലും ബനഡിക്ട് പിതാവിന്റെ ശരണവും പ്രാർഥനയും. ബനഡിക്ട് പാപ്പാ തന്റെ കൃതികളിലൂടെ ദൈവശാസ്ത്രത്തിനും വിശുദ്ധ ഗ്രന്ഥത്തിനും നൂതനവും തനതുമായ ഒരു ആത്മീയവ്യാഖ്യാനം നൽകിയെന്നത് ചരിത്രപരമായ വസ്തുതയാണ്. ദൈവത്തെയും ദൈവികസത്യങ്ങളെയും മനുഷ്യന്റെ അറിവുകൊണ്ടും മാനദണ്ഡങ്ങൾക്കൊണ്ടും അളക്കുന്പോൾ നമുക്കൊരിക്കലും ശിഷ്യത്വത്തിലേക്ക് കടന്നുവരാൻ കഴിയുകയില്ലെന്ന് പാപ്പാ പഠിപ്പിക്കുന്നു. ദൈവത്തെ, ‘മനുഷ്യന്റെ ഛായ’ ആക്കുവാൻ പരിശ്രമിക്കുന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ അപകടമെന്നും മനുഷ്യൻ ‘ദൈവത്തിന്റെ ഛായ’യാണെന്നു മറക്കരുതെന്നും ബനഡിക്ട് പിതാവിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.
സഭാത്മക മനുഷ്യൻ; അതുല്യനായ ദൈവശാസ്ത്രജ്ഞൻ
സഭയെ സ്നേഹിക്കാനാണ് ബനഡിക്ട് പാപ്പാ നമ്മെ പഠിപ്പിച്ചത്. സഭയെ സ്നേഹിക്കാത്ത ഒരാൾക്ക് ഒരു നല്ല കത്തോലിക്കനാവാൻ സാധിക്കുകയില്ലെന്ന് പാപ്പായ്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. “അധരത്തിലെ തേൻപോലെയും കാതുകളിലെ സംഗീതംപോലെയും ഹൃദയത്തിന്റെ സന്തോഷംപോലെയുമാണ്’’ വിശ്വാസജീവിതമെന്ന ക്ലയർവോയിലെ ബർണാഡിന്റെ വാക്കുകൾ ബനഡിക്ട് പിതാവിന്റെ സഭാത്മക ജീവിതത്തിന്റെ വ്യാഖ്യാനമാണ്. പോൾ ആറാമൻ പാപ്പാ പറഞ്ഞതുപോലെ, “ചിന്തയുടെ അഭാവത്താൽ ലോകം പ്രതിസന്ധിയിലാണെന്നത്’’ മനസിലാക്കി ദർശനങ്ങൾകൊണ്ടും ആശയങ്ങൾകൊണ്ടും സഭയെ സന്പന്നയാക്കിയ ദൈവശാസ്ത്രജ്ഞനായിരുന്നു ബനഡിക്ട് പാപ്പാ. “മനുഷ്യരുടെ ആത്മാവിലാണ് സഭ മനോഹരിയായിരിക്കുന്നത്.’’ എന്ന വിശുദ്ധ അംബ്രോസിന്റെ അഭിപ്രായം ബനഡിക്ട് പാപ്പാ ഉൾക്കൊണ്ടിരുന്നു. എപ്പോഴും ആത്മാക്കളെ വെടിപ്പും സൗന്ദര്യവുമുള്ളതാക്കുന്നതിൽ സഭ ശ്രദ്ധചെലുത്തണമെന്ന് ബനഡിക്ട് പാപ്പായ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഉള്ളിൽ സന്പന്നമായ ഒരു ദൈവശാസ്ത്ര കലാലയം കൊണ്ടുനടന്നവനാണ് റാറ്റ്സിംഗർ പിതാവ്. ഒരേസമയം ഉയരവും ആഴവും വേഗവും ഇഴുകിച്ചേരുന്ന ദൈവശാസ്ത്ര കേസരിയായിരുന്നു അദ്ദേഹം. ദൈവവചനവും ദൈവാരാധനയും സഭാശാസ്ത്രവുമാകുന്ന ത്രിമാനനെടും തൂണുകളിലാണു പാപ്പാ ദൈവശാസ്ത്രം രചിച്ചതും പ്രചരിപ്പിച്ചതും.
ദൈവശാസ്ത്രത്തിന്റെ കടലാഴമറിയുന്ന രചനകളാണ് അവയെല്ലാം. പരിശുദ്ധ ത്രിത്വം, ഈശോമിശിഹാ, പരിശുദ്ധ റൂഹാ, കൂദാശകൾ, യുഗാന്ത്യശാസ്ത്രം, പരിസ്ഥിതിദൈവശാസ്ത്രം തുടങ്ങിയവയെല്ലാം ഇഷ്ടവിഷയങ്ങളായിരുന്നു.
ക്രിസ്തീയ വേദാന്തത്തിന്റെ ഹൃദയം കവർന്ന വ്യക്തിയായിരുന്നു പാപ്പാ റാറ്റ്സിംഗർ. തിരുവചനത്തിന്റെ നിത്യതീർഥാടകനായി ഒരു മിസ്റ്റിക്കിന്റെ സാത്വികഭാവത്തോടെയാണു പാപ്പാ തന്റെ പ്രഭാഷണങ്ങളെല്ലാം നടത്തിയത്. തന്നെ പാപ്പായായി തെരഞ്ഞെടുത്ത കോണ്ക്ലേവിൽ വച്ച് ദൈവശാസ്തത്തിൽ ആപേക്ഷികതയുടെ സ്വേച്ഛാധിപത്യം കൊണ്ടുവരുന്ന അപകടങ്ങളെക്കുറിച്ചു ഗൗരവമായി സംസാരിച്ചിരുന്നു. പ്രതിഭകൊണ്ടു ദൈവശാസ്ത്രത്തെയും ദൈവശാസ്ത്രംകൊണ്ടു പ്രതിഭയെയും തേച്ചുമിനുക്കി മൂർച്ചപ്പെടുത്തിയവനാണു പാപ്പാ.
പൗരാണികതയ്ക്കും ആധുനികതയ്ക്കുമിടയിലും പാരന്പര്യത്തിനും പരിവർത്തനത്തിനുമിട യിലും സേതുബന്ധനംനടത്തി യഥാർഥ പാരന്പര്യത്തിന്റെ ആരോഗ്യകരമായ തുടർച്ചയാണു ദൈവശാസ്തം എന്ന ഉറച്ച നിലപാടു പാപ്പാ സ്വീകരിച്ചു. മൂലഗ്രന്ഥങ്ങളും മൂലഭാഷകളും അസാധാരണമായ രീതിയിൽ പരിചയമുള്ള വ്യക്തിയെന്ന നിലയിൽ പാപ്പായുടെ രചനകൾക്ക് ആധികാരികതയും മൗലികതയുമുണ്ട്. സഭാപിതാക്കന്മാരുടെ രചനകളിലുള്ള ആഴമായ അറിവ് ഇളക്കമില്ലാത്ത അടിത്തറയായി. മൂന്നു ചാക്രികലേഖന (ദൈവം സ്നേഹമാകുന്നു, പ്രത്യാശയിൽ രക്ഷ, സത്യത്തിൽ സ്നേഹം) ങ്ങളിലൂടെയും സാക്രമെന്തും കാരിത്താത്തിസ് (2007), വെർബും ദോമിനി (2010). ആഫ്രിക്കേമുനൂസ് (2011), എക്ലേസിയ ഇൻ മേഡിയോ ഓറിയന്തേ (2012) എന്നീ ശ്ലൈഹികപ്രബോധനങ്ങൾ വഴിയും സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെ മർമത്തെ സ്പർശിച്ചു. ദൈവശാസ്ത്ര അറിവിന്റെ ചിന്തേരിട്ടുമിനുക്കിയ ഉപകരണങ്ങളാണുകഴിഞ്ഞ നാളുകളിൽ രചിച്ച ‘നസറത്തിലെ ഇൗശോ’ എന്ന മൂന്നു വാല്യങ്ങളുള്ള അനശ്വര കൃതി.
2006ലെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. “മിശിഹാ എന്നപ്രകാശമില്ലാതെ, യുക്തിയുടെ പ്രകാശത്തിനു തനിച്ചു മനുഷ്യവർഗത്തെയോ ലോകത്തെയോ പ്രകാശിപ്പിക്കുവാനാവില്ല.’’ പ്രഭാഷണങ്ങളിലൂടെ നിത്യസത്യങ്ങൾക്ക് ആകർഷകത്വം തുളുന്പുന്ന വ്യാഖ്യാനം നല്കി. പരിശുദ്ധ ത്രിത്വത്തിനു പകരം സാത്താന്റെ ത്രിത്വമാണ് (സെക്സ്, ഡ്രഗ്സ്, ഭീകരപ്രവർത്തനം) ഇന്നു ജനഹൃദയങ്ങളിൽ ഭരണം നടത്തുന്നത് എന്ന അപകടം ലോകത്തെ അറിയിച്ചു. വിശ്വാസം, ശരണം, ഉപവി എന്നീ ദൈവികപുണ്യങ്ങൾ പരിശുദ്ധ ത്രിത്വത്തിലെ മൂന്നു ദൈവിക ആളുകൾപ്പോലെയാണെന്നും അവയിൽ ഒന്നു നഷ്ടമായാൽ മറ്റു രണ്ടിനെയും ബാധിക്കുമെന്നും പഠിപ്പിച്ചു. ദൈവഭാഷ സംസാരിക്കാനും കേൾക്കാനും താത്പര്യമില്ലാത്ത ആധുനിക ലോകത്തിന് ഒരു എസ് പസഫ്, എഫാത്താ (തുറവി – തുറക്കപ്പെടൽ) വേണമെന്നു ശാഠ്യം പിടിച്ചു.
ദൈവഭാഷ നഷ്ടപ്പെടുന്നതു മൂലം ലോകത്തിൽ ഒരു ദൈവഗ്രഹണം (God eclipse) തന്നെ സംഭവിക്കുന്നുണ്ടെന്നും പഠിപ്പിച്ചു. അൻപതു വർഷങ്ങളിലെ പരിശുദ്ധ ബനഡിക്ട് പിതാവിന്റെ ദൈവശാസ്ത്ര ശുശ്രൂഷ ഒരു തുടർകഥയാണ്. വിശുദ്ധ ബൊനവഞ്ചറിന്റെയും റൊമാനോ ഗൗർദിനിയുടെയും സ്വാധീനത്തിലുള്ള ഒരു ത്രിത്വകേന്ദ്രിത മിശിഹാവിജ്ഞാനീയവും വിശുദ്ധ ആഗസ്തീനോസിന്റെ സഭാവിജ്ഞാനീയവും അതിൽത്തന്നെ ഹെൻറി ദെ ലുബാക്കിന്റെയും ബാൽത്തസാറിന്റെയും സ്വാധീനവും പാപ്പായുടെ ദൈവശാസ്ത്രത്തിന്റെ അടിത്തറയാണ്.
പരിശുദ്ധ ബനഡിക്ട് പിതാവ് നല്ല ഒരു ദാർശനികൻകൂടിയാണ്. ഗ്രീക്ക് തത്ത്വചിന്തയും ആധുനിക ജർമൻ തത്വചിന്തയുംഅദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധ ആഗസ്തീനോസിന്റെയും വിശുദ്ധ തോമസ് അക്വീനാസിന്റെയും തത്വചിന്തകളും അദ്ദേഹത്തിനു പ്രിയങ്കരമായിരുന്നു.
രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ഒരു വിദഗ്ധൻ (പെരിത്തൂസ്) എന്ന നിലയിൽ 50 വർഷങ്ങൾക്കുമുന്പ് ആരംഭിച്ച ദൈവശാസ്ത്രശുശ്രുഷ, കഴിഞ്ഞ അരനൂറ്റാണ്ടിലൂടെ ആ കൗണ്സിൽ പ്രബോധനങ്ങൾക്കു വ്യാഖ്യാനം നല്കി ജീവിതം ധന്യമാക്കി. തെറ്റുപറ്റാത്ത ഒരു നീതി പീഠമായിരുന്നു ബനഡിക്ട് പാപ്പാ. വിശുദ്ധ ആഗസ്തീനോസിന്റെയും വിശുദ്ധ ബൊനവെഞ്ചറിന്റെയും റൊമാനോ ഗൗർദീനിയുടെയും ഗ്രന്ഥങ്ങളിലൂടെ ഗവേഷണം നടത്തി ദൈവശാസ്ത്രചിന്തകളുടെ മാഞ്ഞുപോകാത്ത ശിലാക്ഷരമായി, സത്യവിശ്വാസത്തിന്റെ കാവലാളായി.
ലിറ്റർജിയുടെ കാവലാൾ
പോപ്പ് ബനഡിക്ടിന്റെ വാക്കുകൾ ശ്രദ്ധേയമത്രേ: ‘ഗൗർദീനി’ 1918ൽ Â Spirit of the Liturgy എന്ന ഗ്രന്ഥം പ്രസിദ്ധം ചെയ്തപ്പോൾ ലിറ്റർജി ഒരു ചുമർ ചിത്രം പോലെയായിരുന്നു. നാശനഷ്ടം വരാതെ സംരക്ഷിച്ചു. പക്ഷേ പിന്നീടുവന്ന തലമുറകൾ അതിനെ ചായം പൂശി, വെള്ളപൂശി ആവശ്യത്തിൽ കൂടുതൽ മറച്ചുകളഞ്ഞു. ഇപ്പോഴത്തെ ആരാധനക്രമഗ്രന്ഥങ്ങളിലും ആദ്യകാല ചൈതന്യമുണ്ട്. പക്ഷേ മറ്റ് ഉപദേശങ്ങളും പ്രാർത്ഥനകളും നിർദേശങ്ങളും എല്ലാം തിരുകിക്കയറ്റി സ്വകാര്യപ്രാർഥനകൾകൊണ്ടും മറ്റും അതിന്റെ യഥാർഥ മഹിമ കാണാൻ പറ്റാത്തതുപോലെയായി. രണ്ടാം വത്തിക്കാൻ കൗണ്സിൽ ഈ ചുമർ ചിത്രത്തിന്റെ അമിതമായ കൂട്ടുകൾ കഴുകി വൃത്തിയാക്കി. ഒരു നിമിഷം അതിന്റെ നിറവും ഭംഗിയും നമ്മെ വിസ്മയിപ്പിച്ചു. എന്നാൽ വീണ്ടും നവീകരണം എന്ന കാലാവസ്ഥ വ്യതിയാനം കൊണ്ട് അതിന്റെ സ്വത്വം നഷ്ടപ്പെടാൻ തുടങ്ങി. ചിലപ്പോഴെല്ലാം അതിന്റെ നാശംതന്നെ ചൂണ്ടിക്കാണിക്കുന്ന നവീകരണം വരെയെത്തി. ചായം പൂശേണ്ടി വന്നാലും അല്പം ബഹുമാനാദരവുകളോടെ ചെയ്താൽ സമസ്ത നാശത്തിൽനിന്ന് മോചനം നേടാം’’.
സാക്രമെന്തും കാരിത്താത്തിസിൽ ബനഡിക്ട് പിതാവ് പറഞ്ഞു: വിശുദ്ധ കുർബാനയോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനോഹരമായിരിക്കണം; സൗന്ദര്യമുള്ളതായിരിക്കണം. തിരുവസ്ത്രങ്ങളും തിരുപാത്രങ്ങളും എല്ലാം ശ്രദ്ധിക്കണം. അവയുടെ നല്ല ക്രമീകരണം തന്നെ ദൈവാരാധനയ്ക്കും വിശ്വാസത്തിൽ ആഴപ്പെടുന്നതിനും സഹായിക്കും. അവ ഭക്തിയെ ശക്തിപ്പെടുത്തും.
വേർബും ദോമിനിയിൽ പറയുന്നു: “സഭയാണ് വചനത്തിന്റെ വീട്. ലിറ്റർജിയാണ് ദൈവം സംസാരിക്കുന്ന ഏറ്റവും നല്ല വേദി. ഈ വീട്ടിലും ഈ പശ്ചാത്തലത്തിലുമാണ് നമ്മൾ തിരുവചനം കേൾക്കുന്നത്. ലിറ്റർജിയിൽ എപ്രകാരമാണ് വിശുദ്ധ ഗ്രന്ഥം കൈകാര്യം ചെയ്യേണ്ടത് എന്ന നമ്മൾ പഠിക്കേണ്ടതുണ്ട്. ഒരു വർഷക്കാലം മുഴുവൻ ലിറ്റർജിയിലൂടെ വെളിവാക്കുപ്പെടുന്ന ദൈവവചനം നമ്മുടെ ജീവിതത്തെ ഗൗരവതരമായി സ്വാധീനിക്കേണ്ടതാണ്’’.
സ്ഥാനത്യാഗം ചെയ്തു
“ദൈവം എനിക്കുതന്ന ശുശ്രൂഷയിൽനിന്ന് ഒഴിയാൻ തീരുമാനിച്ചിരിക്കുന്നു. പൂർണമനസോടെ സഭയുടെ നന്മയ്ക്കുവേണ്ടിയാണിത്. എന്റെ ഈ തീരുമാനത്തിന്റെ ഗൗരവത്തെക്കുറിച്ച് തികഞ്ഞബോധ്യമുണ്ട്. ഈ പദവി ആവശ്യപ്പെടുന്ന ആരോഗ്യം എനിക്കില്ല. ഏകാഗ്രതയിൽ പ്രാർത്ഥനാ ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറഞ്ഞിരിക്കുന്പോഴും തൊട്ടടുത്തു ഞാനുണ്ടാവും’’. “ചിലപ്പോഴെങ്കിലും ഗലീലിയാ തടാകത്തിൽ കർത്താവിനോടും മറ്റു ശിഷ്യന്മാരോടും കൂടി ഇളകിമറിയുന്ന വഞ്ചിയിലായിരുന്ന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ കർത്താവ് വഞ്ചിയിൽ എപ്പോഴും ഉണ്ടായിരുന്നു എന്ന ചിന്ത എന്നിലുണ്ടായിരുന്നു. സഭായാകുന്ന വഞ്ചി എന്റേതല്ല എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. ആന്തരീകമായി ഞാൻ എന്റെ വീട്ടിലേക്കുള്ള തീർത്ഥാടനം നടത്തുകയാണ്’’.
സ്ഥാനത്യാഗത്തെ കുറിച്ച്: “ഞാൻ കുരിശ് ഉപേക്ഷിക്കുകയല്ല ഞാൻ ക്രൂശിതനോട് ഒരു പ്രത്യേക വിധത്തിൽ, ഒരു പുതിയ രൂപത്തിൽ ബന്ധപ്പെടുകയാണിപ്പോൾ. സഭാ ഭരണത്തിന്റെ ഉത്തരവാദിത്വം ഞാൻ ഉപേക്ഷിക്കുകയാണ്. എന്നാൽ പ്രാർത്ഥനയിൽ ഞാൻ വിശുദ്ധ പത്രോസിന്റെ ആവൃതിക്കുളളിലുണ്ട്. പ്രാർത്ഥനയിലൂടെയും വിചിന്തനങ്ങളിലൂടെയും ഞാൻ സഭയുടെ വഴിയിലുണ്ട്’’.
“ഞാൻ ഭൂമിയിൽ ഒരു യാത്രക്കാരനാണ്. ഭൗമിക യാത്രയുടെ അവസാന ഘട്ടത്തിലെത്തിയ ഒരാൾ’’. അസ്തമനസൂര്യന്റെ തിരോധാന വിസ്മയം കാണാൻ കടൽത്തീരത്ത് കാത്തിരുന്ന സഞ്ചാരിയെപ്പോലെ ആയിരുന്നു ബനഡിക്ട് പിതാവ്. ബനഡിക്ട് നിത്യതയുടെ തീരത്തേക്ക് എത്തി. സത്യതീരമണഞ്ഞ് ലോകത്തോട് വിട പറയുന്നു. നിഴലുകളിൽനിന്ന് യാഥാർഥ്യത്തിലേക്കുളള യാത്ര. പാപ്പായുടെ യഥാർഥ കിരീട ധാരണം ഇതാണ്.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്