എന്റെ ജീവിതത്തിന്റെ ഈ അവസാന മണിക്കൂറിൽ, ഞാൻ കടന്നുപോന്ന പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, നന്ദി പറയാൻ എത്രമാത്രം കാരണമുണ്ടെന്ന് ഞാൻ ആദ്യം കാണുന്നു.

എല്ലാറ്റിനുമുപരിയായി, എനിക്ക് ജീവൻ നൽകുകയും എല്ലാത്തരം ആശയക്കുഴപ്പങ്ങളിലും എന്നെ നയിക്കുകയും ചെയ്ത, എല്ലാ നല്ല ദാനങ്ങളും നൽകുന്ന ദൈവത്തിനുതന്നെ ഞാൻ നന്ദിപറയുന്നു. ഞാൻ വഴുതാൻ തുടങ്ങിയപ്പോൾ എൻ്റെ കരം പിടിച്ചവനാണ് അവിടുന്ന്; അവിടുത്തെ വദനപ്രകാശം എപ്പോഴും എനിക്ക് പുതുതായി നൽകിയവനാണ് അവിടുന്ന്. പിന്തിരിഞ്ഞു നോക്കുമ്പോൾ, ഈ പാതയിലെ ഇരുളടഞ്ഞതും ദുഷ്‌കരവുമായ ഘട്ടം പോലും എന്റെ രക്ഷയ്ക്കുവേണ്ടിയായിരുന്നെന്നും ആ ഘട്ടങ്ങളിൽ അവിടുന്ന് എന്നെ നന്നായി നയിച്ചിട്ടുണ്ടെന്നും ഞാൻ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

ദുഷ്‌കരമായ ഒരു കാലഘട്ടത്തിൽ എനിക്ക് ജന്മം നൽകുകയും തങ്ങളുടെ സ്നേഹത്താൽ എനിക്ക് ഒരു വിസ്മയകരമായ ഭവനം ഒരുക്കുകയും ചെയ്ത എന്റെ മാതാപിതാക്കൾക്ക് ഞാൻ നന്ദി പറയുന്നു. ആ സ്നേഹം ഒരു ശോഭയാർന്ന ദീപമായി എന്റെ ഓരോ ദിനത്തിലും പ്രകാശിക്കുന്നു. എന്റെ പിതാവിന്റെ വ്യക്തതയുള്ള വിശ്വാസം, സഹോദരങ്ങളെ വിശ്വസിക്കാൻ ഞങ്ങളെ പഠിപ്പിച്ചു, എന്റെ എല്ലാ ശാസ്ത്രീയ അറിവുകൾക്കിടയിലും ഒരു വഴികാട്ടിയായി ഉറച്ചുനിന്നു; എന്റെ അമ്മയുടെ ഹൃദയംഗമമായ ഭക്തിയും മഹത്തായ ദയയും ഒരു പൈതൃകമായി അവശേഷിക്കുന്നു, അതിന് അമ്മയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

എന്റെ സഹോദരി പതിറ്റാണ്ടുകളായി നിസ്വാർത്ഥമായും ദയയോടെയും എന്നെ പരിചരിക്കുന്നു; എന്റെ സഹോദരൻ എപ്പോഴും തന്റെ വ്യക്തതയുള്ള കാഴ്ചപ്പാടോടെയും ശക്തമായ നിശ്ചയദാർഢ്യത്തോടെയും ഹൃദയത്തിന്റെ പ്രസന്നതയോടെയും എനിക്ക് വഴികാട്ടിയായിട്ടുണ്ട്; നൈരന്തര്യവും നൂതനത്വവുമാർന്ന ഈ വഴികാട്ടലും സഹഗമനവും ഇല്ലായിരുന്നെങ്കിൽ, എനിക്ക് ശരിയായ പാത കണ്ടെത്താൻ കഴിയുമായിരുന്നില്ല.

അവിടുന്ന് എപ്പോഴും എന്റെ അരികിൽ നിയോഗിച്ച സ്ത്രീപുരുഷന്മാരായ ധാരാളം സുഹൃത്തുക്കളെയും എന്റെ പാതയുടെ എല്ലാ ഘട്ടങ്ങളിലും ഉണ്ടായിരുന്ന സഹപ്രവർത്തകരെയും അവിടന്ന് എനിക്കു തന്ന അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രതി എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. അവരെയെല്ലാം ഞാൻ അവിടുത്തെ കൃപയ്ക്ക് കൃതജ്ഞതയോടെ ഏൽപ്പിക്കുന്നു. ആൽപ്‌സ് പർവതനിരകളുടെ ബവേറിയൻ താഴ്‌വരയിലെ എന്റെ മനോഹരമായ ഭവനത്തിന് ഞാൻ കർത്താവിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അതിൽ സ്രഷ്ടാവിന്റെ മഹത്വം വീണ്ടും വീണ്ടും തിളങ്ങുന്നത് കാണാൻ എനിക്ക് കഴിഞ്ഞു. വിശ്വാസത്തിന്റെ സൗന്ദര്യം വീണ്ടും വീണ്ടും അനുഭവിക്കാൻ എന്നെ അനുവദിച്ചതിന് എന്റെ മാതൃരാജ്യത്തിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു.

നമ്മുടെ രാജ്യം ഒരു വിശ്വാസത്തിന്റെ രാജ്യമായി നിലനിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പ്രിയ ജന്മദേശക്കാരേ, നിങ്ങളുടെ വിശ്വാസത്തെ വ്യതിചലിപ്പിക്കാതിരിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. അവസാനമായി, എന്റെ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ, പ്രത്യേകിച്ച് എന്റെ രണ്ടാമത്തെ വീടായി മാറിയ റോമിലും ഇറ്റലിയിലും വച്ച്, എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ എല്ലാ സൗന്ദര്യത്തിനും ഞാൻ ദൈവത്തിന് നന്ദി പറയുന്നു.

ഞാൻ ഏതെങ്കിലും വിധത്തിൽ വിഷമിപ്പിച്ച എല്ലാവരോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ ജന്മദേശക്കാരെക്കുറിച്ച് ഞാൻ മുമ്പ് പറഞ്ഞത്, സഭയിൽ എന്റെ സേവനത്തിന് ഭരമേൽപിക്കപ്പെട്ട എല്ലാവരോടും ഞാൻ ഇപ്പോൾ പറയുന്നു: വിശ്വാസത്തിൽ ഉറച്ചു നിൽക്കുവിൻ!ആശയക്കുഴപ്പത്തിൽ പെടരുത്! പലപ്പോഴും ശാസ്ത്രം – ഒരു വശത്ത്, പ്രകൃതി ശാസ്ത്രം; മറുവശത്ത്, ചരിത്ര ഗവേഷണം (പ്രത്യേകിച്ച് വിശുദ്ധ തിരുവെഴുത്തുകളുടെ വ്യാഖ്യാനം) – കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായ അനിഷേധ്യമായ ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതായി തോന്നിയേക്കാം. എന്നാൽ, പ്രകൃതിശാസ്ത്രത്തിലെ വ്യതിയാനങ്ങൾക്ക് ഏറെ കാലം മുതൽക്കേ ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്;

Pope Benedict XVI works at a desk at the papal summer villa in Castel Gandolfo, Italy, July 23. (CNS photo/L’Osservatore Romano via Reuters) (July 26, 2010) See POPE-BOOK July 23, 2010.

വിശ്വാസത്തിനെതിരായ പ്രത്യക്ഷമായ ഉറപ്പുകൾ അപ്രത്യക്ഷമാകുന്നത് എങ്ങനെയെന്ന് ഞാൻ കണ്ടിട്ടുണ്ട്. അത് ശാസ്ത്രമല്ലെന്നും ശാസ്ത്രത്തോടു ബന്ധമുള്ളതായി തോന്നുന്ന തത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങൾ മാത്രമാണെന്നുമാണ് അതിലൂടെ തെളിയിയുന്നത്. ഇതോടൊപ്പം ഒരു കാര്യവും വ്യക്തമാകുന്നു: പ്രകൃതിശാസ്ത്രങ്ങളുമായുള്ള സംഭാഷണത്തിലാണ് വിശ്വാസം അതിന്റെ സ്ഥിരീകരണങ്ങളുടെ പരിധിയും അതുവഴി സ്വന്തം സവിശേഷതയും മനസ്സിലാക്കാൻ പഠിച്ചതെന്ന സത്യം.

ഇപ്പോൾ 60 വർഷമായി, ഞാൻ ദൈവശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് ബൈബിൾ പഠനങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചു. ലിബറൽ തലമുറ (ഹാർനാക്ക്, യൂലിഘർ തുടങ്ങിയവർ), അസ്തിത്വവാദ തലമുറ (ബുൾട്ട്മാനും കൂട്ടരും), മാർക്സിസ്റ്റ് തലമുറ എന്നീ മാറുന്ന തലമുറകൾക്കൊപ്പം, അചഞ്ചലമായി തോന്നുന്ന പല പ്രബന്ധങ്ങളും ഒന്നിനു പിറകെ ഒന്നായി തകർന്നടിയുന്നതും അവ കേവലം അനുമാനങ്ങളായി മാറുന്നതും ഞാൻ കണ്ടു. അനുമാനബാഹുല്യങ്ങളുടെ കുരുക്കിൽ നിന്ന് എങ്ങനെയാണ് വിശ്വാസത്തിന്റെ ന്യായയുക്തത ഉയർന്നുവന്നതെന്നും പുതുതായി ഉയർന്നുവരുന്നതെന്നും ഞാൻ കണ്ടിട്ടുണ്ട്. യേശുക്രിസ്തു യഥാർത്ഥത്തിൽ വഴിയും സത്യവും ജീവനുമാണ്; സഭ, അവളുടെ എല്ലാ കുറവുകളോടുംകൂടെ, യഥാർത്ഥത്തിൽ അവന്റെ ശരീരമാണ്.

അവസാനമായി, ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു: എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. അങ്ങനെ ഞാൻ ഏറെ പാപങ്ങളും കുറവുകളും ഉള്ളവനാണെങ്കിലും, കർത്താവ് എന്നെ നിത്യമായ വാസസ്ഥലങ്ങളിൽ പ്രവേശിപ്പിക്കട്ടെ. എന്നെ ഭരമേൽപ്പിച്ച എല്ലാവർക്കും വേണ്ടി, തീർച്ചയായും അനുദിനം എന്റെ ഹൃദയംഗമമായ പ്രാർത്ഥനയുണ്ട്.

ഫാ. ജോഷി മയ്യാറ്റിൽ

https://cruxnow.com/vatican/2022/12/in-spiritual-testament-benedict-xvi-offered-last-lesson-on-reason-and-faith

നിങ്ങൾ വിട്ടുപോയത്