ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ?

അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാൻസിസ്കൻ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്.

സന്യാസിനി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ലൂസി കളപ്പുര ഇപ്പോഴും കാരക്കാമല എഫ്സിസി കോൺവെന്റിൽ തുടരുന്നു?

ഈ നാളുകളിൽ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി കൂടുതൽ സജീവമായിരിക്കുന്നത്. താൻ അംഗമായിരുന്ന സന്യാസസമൂഹത്തിന് എതിരെ അവർ നൽകിയ വിവിധ കേസുകൾ വിവിധ ഘട്ടങ്ങളിലായി തുടരുന്നു. വിവിധ കേസുകൾ കോടതികളുടെ പരിഗണനയിൽ ഉള്ളതിനാൽ അന്തിമ വിധി വരുന്നതുവരെ കാരക്കമാല കോൺവെന്റിൽ തുടരാനുള്ള പ്രത്യേക അനുവാദം മുൻസിഫ് കോടതി ശ്രീമതി ലൂസിക്ക് നല്കിയിട്ടുണ്ട്.

ലൂസി കളപ്പുരയുടെ ഇപ്പോഴത്തെ സത്യാഗ്രഹത്തിന് എന്താണ് കാരണം?

ഒരു ഇടവേളയ്ക്ക് ശേഷം, അടിസ്ഥാന സൗകര്യങ്ങൾ തനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന ആരോപണവുമായി ലൂസി കളപ്പുര വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ സജീവമായിരിക്കുന്നു. ജനം വിസ്മരിച്ച് തുടങ്ങിയപ്പോൾ, പൊതുജന ശ്രദ്ധ വീണ്ടും തന്നിലേക്ക് കൊണ്ടുവരാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കാവുന്നതാണ്. തല്പര കക്ഷികളുടെ ആജ്ഞാനുവർത്തിയായി അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമായേ ഇപ്പോഴുള്ള നീക്കങ്ങളെ വിലയിരുത്താൻ കഴിയൂ.

ലൂസി കളപ്പുരയ്ക്ക് പിന്നിൽ ആരാണ്?

ജസ്റ്റിസ് ഫോർ ലൂസി (JSL) എന്ന പേരിലുള്ള ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പും അതുമായി ബന്ധപ്പെട്ട ചിലരുമാണ് കഴിഞ്ഞ ചില വർഷങ്ങളായി അവരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ളത്.

ജസ്റ്റിസ് ഫോർ ലൂസി (JSL) ക്ക് പിന്നിൽ ആരാണ്

സഭാവിരുദ്ധ സ്വഭാവമുള്ള ചില സംഘടനകളിലെ പ്രവർത്തകരാണ് JSL ന് പിന്നിൽ. സന്ന്യാസിനികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുതലെടുപ്പിന് ശ്രമിക്കുന്ന രീതിയാണ് ഈ സംഘടന തുടരുന്നത്. പലകേസുകളിലും സഭാ അധികാരികൾക്കെതിരെ സംസാരിക്കാൻ കുടുംബാംഗങ്ങൾക്ക് ലക്ഷങ്ങൾ വരെ വാഗ്ദാനം ചെയ്തിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുള്ളതാണ്. JSL എന്ന കൂട്ടായ്മക്കും പിന്നിൽ ചില തീവ്രവർഗീയ സംഘങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു.

കേരളത്തിന്റെ പ്രത്യേക രാഷ്രീയ സാഹചര്യത്തിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷങ്ങളുമായി ഇത്തരം അനാവശ്യ വിവാദങ്ങൾക്ക് ബന്ധമുണ്ട് എന്ന് സ്വാഭാവികമായും സംശയിക്കാവുന്നതാണ്. ചർച്ചകളെ വഴിതിരിച്ചുവിടാനും യഥാർത്ഥ വിഷയങ്ങളിൽനിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായി ഇത്തരം വിവാദങ്ങളെ കാണാവുന്നതാണ്.

ലൂസി കളപ്പുരയുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങൾ

പതിറ്റാണ്ടുകളായി ഒരു എയ്ഡഡ് സ്‌കൂളിൽ അധ്യാപികയായിരുന്ന ലൂസി കളപ്പുര ആ ജോലിയിൽനിന്ന് വിരമിച്ചിട്ട് ഒരുവർഷത്തിലേറെയായി. കഴിഞ്ഞ ചില വർഷങ്ങളായി തനിക്ക് ലഭിക്കുന്ന ശമ്പളവും, വിരമിച്ചപ്പോൾ ആനുകൂല്യമായി ലഭിച്ച പണവും സ്വന്തമായി തന്നെ ഉപയോഗിക്കുന്ന അവർ തന്റെ ഉപജീവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വാദങ്ങൾ വിചിത്രമാണ്. നല്ലൊരു തുക മാസം പെൻഷനായി കൈപ്പറ്റുന്ന ഒരു വ്യക്തി തന്റെ അനുദിന ജീവിത പ്രതിസന്ധികൾ എന്ന ഭാവേന കെട്ടിച്ചമച്ച കഥകൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിധത്തിൽ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത് ദുരൂഹമാണ്.

വയനാട് ജില്ലയിൽ മാനന്തവാടിക്ക് അടുത്തുള്ള കാരയ്ക്കാമല എഫ്സിസി കോൺവെന്റിനെക്കുറിച്ച്

ലൂസികളപ്പുര വർഷങ്ങളായി താമസിച്ചുവരുന്ന കരയ്ക്കാമല കോൺവെന്റ് ചില വർഷങ്ങൾക്ക് മുമ്പ് ഒരു ബാലഭവനംകൂടി ആയിരുന്നു. അമ്പതോളം കുട്ടികളെ പരിപാലിച്ചിരുന്ന ആ കോൺവെന്റും അനുബന്ധ സംവിധാനങ്ങളും വിശാലമായ സ്ഥല സൗകര്യങ്ങളോടുകൂടിയതാണ്. ലൂസി കളപ്പുര സഹസന്യാസിനിമാർക്കെതിരെ നിരന്തരം കോടതിയും പോലീസ് സ്റ്റേഷനും കയറി ഇറങ്ങിയിരുന്ന കാലത്ത് അവർ ഉന്നയിച്ച ഒരു ആരോപണം, തന്നെ കൂടെയുള്ളവർ വിഷം നൽകി കൊല്ലാൻ സാധ്യതയുണ്ട് എന്നതായിരുന്നു. അതേസമയം തന്നെ സന്യാസിനിമാരെ വകവരുത്തും എന്ന രീതിയിൽ അവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു സങ്കീർണ്ണ സാഹചര്യം ഉടലെടുത്തപ്പോൾ ഏകദേശം രണ്ടുവർഷം മുമ്പേ തന്നെ ആ കെട്ടിടത്തിൽ ആകെയുണ്ടായിരുന്ന കിച്ചൺ പൂർണ്ണമായി ലൂസിക്ക് വിട്ടുകൊടുക്കുകയും മറ്റുള്ള സന്യാസിനിമാർ പരിമിതമായ മറ്റൊരു ഇടത്തിലേക്ക് മാറി അവിടെ പാചകം ചെയ്തുപോരുകയുമാണ്. ആ സാഹചര്യമാണ് ഇപ്പോഴും തുടരുന്നത്.

വിവാദങ്ങളിൽ നിറഞ്ഞുനിന്ന കാലഘട്ടത്തിൽ കുറഞ്ഞ ദിവസങ്ങളിൽ മാത്രമാണ് ലൂസി കളപ്പുര കോൺവെന്റിൽ ഉണ്ടായിരുന്നത്. കൂടുതൽ സമയവും യാത്രയിലും മറ്റുമായിരുന്നു. രാത്രി വൈകിയ വേളയിൽ എത്തിയാലും അവർ പാഴ്‌സൽ ഭക്ഷണവുമായി വന്നിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിലാണ് കൂടുതൽ സമയം അവർ മഠത്തിൽ ഉണ്ടായിരിക്കുന്ന അവസ്ഥയുള്ളത്. ഇക്കാലത്തും മഠത്തിന്റെ പുരയിടത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങളുമായി ലൂസി കളപ്പുര രംഗത്ത് വന്നിരിക്കുന്നത് എന്നുള്ളത് മറ്റൊരു വൈരുദ്ധ്യമാണ്.

സിസിടിവിയോടുള്ള എതിർപ്പ്

കോൺവെന്റിൽസ്ഥാപിക്കപ്പെട്ടിരിക്കുന്ന സിസിടിവി മുതലായ ലൂസിയുടെ ആരോപണങ്ങളും ദുരൂഹമാണ്. ഒരു ബാലഭവനം ആയിരുന്നതിനാലും മുമ്പൊരിക്കൽ അവിടെ ഒരു കവർച്ച ശ്രമം കൂടി ഉണ്ടായ പശ്ചാത്തലത്തിലുമാണ് അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ വസ്തുത വ്യക്തമായി മനസിലാക്കിക്കൊണ്ടാണ് യുക്തിരഹിതമായ ആരോപണം ലൂസി ഉയർത്തിയിരിക്കുന്നത്.

കെട്ടിടത്തിന് വെളിയിലും കോറിഡോറിലും സിസിടിവി സ്ഥാപിച്ചിരിക്കുന്നതിനാൽ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന ലൂസിയുടെ വാദം അപഹാസ്യമാണ്. മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ രാത്രി ഏറെ വൈകി പോലും സന്ദർശകർ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ വന്നുപോകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവർ അറിഞ്ഞേക്കാം എന്നുള്ളതായിരിക്കാം സിസിടിവിയോടുള്ള എതിർപ്പ്.

ലഭിക്കുന്ന അവസരങ്ങളിലെല്ലാം സഭയെ അവഹേളിക്കാനും സന്യാസത്തെയും പൗരോഹിത്യത്തെയും കരിവാരിതേയ്ക്കാനും മാത്രമല്ല, പലതിനും മറയായി വിവാദങ്ങൾ സൃഷ്ടിക്കാനും ഇത്തരം സാഹചര്യങ്ങളെ കൃത്രിമമായുണ്ടാക്കുന്ന തല്പര കക്ഷികളുടെ പ്രവർത്തനങ്ങൾ ഒരിക്കൽകൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ഇക്കൂട്ടരുടെ കാപട്യം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്ന പരിഷ്കൃത സമൂഹം ഇത്തരം നാടകങ്ങളെ അതർഹിക്കുന്ന വിധത്തിൽ തള്ളിക്കളയുമെന്ന് തീർച്ച.

– _Voice of Nuns_