ഒരു നിർണായക കൂടിക്കാഴ്ചയുടെ വിവരണമാണ് പുറപ്പാട് പുസ്തകം മൂന്നും നാലും അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നത്. മോശയെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു അന്ന്. അവൻ ഒരു പ്രവാസിയായ ആട്ടിടയനാണ്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയ്ക്കുന്നവനാണവൻ. അന്യദേശത്ത് ഉപജീവനത്തിനായി ജോലി ചെയ്യുന്ന വെറുമൊരു പ്രവാസി. വിശുദ്ധഗ്രന്ഥ ചരിത്രത്തിൽ ഇതൊരു ഒറ്റപ്പെട്ട കാര്യമല്ല. ലാബാന്റെ കീഴിൽ അന്യദേശത്ത് യാക്കോബും ഇതുപോലെ വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്.
ഒരു പ്രവാസിയുടെ സാധാരണ ദിവസത്തിൽ, എന്നും ചെയ്യുന്ന ജോലിയുടെയിടയിൽ, ഇതാ, അവന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന വലിയൊരു സംഭവം ഉണ്ടായിരിക്കുന്നു. കത്തുന്ന മുൾപ്പടർപ്പിനുള്ളിൽ ദൈവദൂതൻ അവന് ദർശനം നൽകുന്നു. ഇതൊരു കണ്ടുമുട്ടലാണ്. ദൈവീകമായ ചോദനകളെയെല്ലാം അവസാനിപ്പിച്ച് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ ആഗ്രഹിച്ചവന്റെ ജീവിതയാത്രയുടെ ദിശ മാറ്റിയ കണ്ടുമുട്ടൽ.
ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്ന ദൈവിക കണ്ടുമുട്ടലുകൾ സംഭവിക്കുന്നത് അനിതരസാധാരണമായ നമ്മുടെ ജോലിസ്ഥലത്തോ ഓഫീസുകളിലോ ക്ലാസ് മുറികളിലോ വയലുകളിലോ വീടുകളിലോ ആയിരിക്കാം. ആയിരം ആരാധനക്രമങ്ങളിലും തീർത്ഥാടനങ്ങളിലും നമുക്ക് പങ്കെടുക്കാം ഡസൻകണക്കിന് ധ്യാനങ്ങൾ കൂടാം അങ്ങനെ അവയിലൂടെ അത്ഭുതകരമായ അനുഭവങ്ങൾ നേടുകയും ചെയ്യാം, പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളായിരിക്കാം നമ്മുടെ ജീവിതത്തിന്റെ ദിശയെ മാറ്റുക. ചില സംഭവങ്ങൾ അങ്ങനെയാണ്. ഹോറെബ് മലയിലെ മുൾപ്പടർപ്പ് പോലെയാണത്. ഒറ്റനോട്ടത്തിൽ നമുക്ക് ഒന്നും മനസ്സിലാകുകയില്ല. പക്ഷെ, നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിക്കളയാൻ പറ്റുന്ന ദൈവീകമായ അഗ്നികണങ്ങൾ അതിലുണ്ടാകും. ചിലപ്പോൾ അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരിക്കുമ്പോഴായിരിക്കാം, ഗൃഹപാഠം ചെയ്യാൻ കുഞ്ഞിനെ സഹായിക്കുമ്പോഴായിരിക്കാം, അല്ലെങ്കിൽ എന്നത്തെയും പോലെ ജോലിസ്ഥലത്തേക്ക് പോയി കൊണ്ടിരിക്കുമ്പോഴായിരിക്കാം ഒരു മുൾപടർപ്പനുഭവം നമുക്കും ഉണ്ടാകുക, ആരോ നമ്മുടെ പേര് ചൊല്ലി വിളിക്കുന്നു.
മോശയുടെ പ്രവാസ ജീവിതത്തിൽ അസാധാരണതയുടെ എന്തെങ്കിലും സംഭവങ്ങളുണ്ടോയെന്നു നമുക്ക് അറിയില്ല. എല്ലാവരെയും പോലെ ഒരു സാധാരണ പ്രവാസി മാത്രമാണവൻ. എന്നിട്ടും അവനു മാത്രമാണ് മുൾപ്പടർപ്പ് ഒരു കൗതുകമാകുന്നത്. അതിൽ നിന്നും ഒരു സ്വരം ശ്രവിക്കാൻ സാധിച്ചതും. സാധാരണതയിലെ ഒരു കൗതുകമാണ് മോശയ്ക്ക് ദൈവവിളിയായി മാറുന്നത്. ഇങ്ങനെയാണ് ബൈബിളിലെ ദൈവവിളികൾ. അവിടെ അതിമനോഹരമായ കാഴ്ച്ചാനുഭവങ്ങളൊന്നും തന്നെയില്ല. മറിച്ച്, ദൈനംദിന ജീവിതത്തിലെ സാധാരണതയ്ക്ക് ഒരു ദൈവീക മാനം കൊടുക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ ആരും തന്നെ സ്വഭാവ സവിശേഷതകളുടെയോ ഗുണമഹിമകളുടെയോ പേരിൽ വിളിക്കപ്പെട്ടിട്ടില്ല. മോശ തിരഞ്ഞെടുക്കപ്പെട്ടത് അവൻ മറ്റുള്ളവരേക്കാൾ നല്ലവനോ മികച്ചവനോ ആയതുകൊണ്ടല്ല. മറിച്ച്, സങ്കടങ്ങളുടെ മുമ്പിൽ മനസ്സലിയുന്ന ഒരുവനെ തേടിയുള്ള ദൈവാന്വേഷണത്തിന്റെ പൂർത്തീകരണമാണത്.
മുള്‍പ്പടര്‍പ്പിലെ അഗ്നി ഒരു അത്ഭുത കാഴ്ചയാണ്. പക്ഷെ ആ കാഴ്ച സർക്കസിലെ സൈഡ് ഷോ പോലെയുള്ള ഒരു സംഗതിയല്ല. ദൈവവചനം ലഭിച്ചവർക്ക് കിട്ടുന്ന അംഗീകാരമാണത്. മുൾപ്പടർപ്പിനുള്ളിലെ തീയെയാണ് മോശ ദർശിക്കുന്നത്. മുള്‍പ്പടര്‍പ്പ് ഒരു പ്രതീകമാകാം. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ പ്രതീകം. ന്യായാധിപന്മാരുടെ പുസ്തകം 9 : 15-ൽ അങ്ങനെ ഒരു സൂചന ലഭിക്കുന്നുണ്ട്; “നിങ്ങളെന്നെ നല്ല മനസ്സോടെയാണ് അഭിഷേകം ചെയ്യുന്നതെങ്കില്‍ എന്റെ തണലില്‍ അഭയംതേടുവിന്‍. അല്ലാത്തപക്ഷം മുള്‍പ്പടര്‍പ്പില്‍നിന്നു തീ ഇറങ്ങി ലെബനോനിലെ ദേവദാരുക്കളെ നശിപ്പിക്കട്ടെ!” അടിച്ചമർത്തപ്പെട്ടവരുടെ ഇടയിലെ തീയ്യാണ് ദൈവം. ആ ദൈവമാണ് മോശയെ വിളിക്കുന്നത്.
മുൾപടർപ്പിലെ അഗ്നിയിൽ നിന്ന് ഒരു ശബ്ദം, മോശയ്ക്ക് അത് ശ്രവിക്കാൻ സാധിക്കുന്നു, അവൻ അതു വിശ്വസിക്കുന്നു, ആ ശബ്ദസാന്നിധ്യത്തെ തിരിച്ചറിയുകയും ചെയ്യുന്നു. അതെ, തന്നോട് സംസാരിക്കുന്നത് പിതാക്കന്മാരുടെ ദൈവം തന്നെയാണെന്ന് അവൻ തിരിച്ചറിയുന്നു. അപ്പോഴും പിതാക്കന്മാരായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരെപ്പോലെ ആ ദൈവത്തിന്റെ മുന്നിൽ നിശബ്ദനായി നിന്നില്ല അവൻ. അവരിൽ നിന്നും വ്യത്യസ്തമായി അവൻ ദൈവവുമായി നേരിട്ട് സംസാരിക്കുന്നു, തർക്കിക്കുന്നു, പേര് ചോദിക്കുന്നു, അടയാളങ്ങൾ ആഗ്രഹിക്കുന്നു, ഒഴികഴിവുകൾ തേടുന്നു, അവസാനം അനുസരണയുടെ പാതയിൽ യാത്ര പുറപ്പെടുന്നു. വ്യക്തത വരുത്തിയതിനു ശേഷം മാത്രമാണ് അവൻ സമ്മതം നൽകുന്നത്. അനുസരണയോടെ അടിമത്തത്തിലേക്ക് അവൻ സ്വയം തള്ളി വിടുന്നില്ല. മറിച്ച് താൻ കണ്ട സ്വപ്നങ്ങളുടെയുള്ളിലെ ദൈവികതയെ അവൻ തിരിച്ചറിയുന്നു. അങ്ങനെ ദൈവവുമായി അവൻ ഒരു സ്വതന്ത്ര ഉടമ്പടി സ്ഥാപിക്കുന്നു.
ദൈവികാനുഭവം മോശയെ നിശ്ബദനാക്കുന്നില്ല. ദൈവത്തിനോട് പോലും അവൻ യുക്തിവിചാരം നടത്തുന്നു. ഭക്തിയും യുക്തിയും ഒന്നിച്ചു പോകുന്ന ഒരു ദൃശ്യമാണ് പുറപ്പാട് മൂന്നും നാലും അദ്ധ്യായങ്ങൾ നമ്മുടെ മുൻപിൽ വയ്ക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ മോശയ്ക്ക് ശേഷം ദൈവവുമായി യുക്തിവിചാരം നടത്തുന്ന ഏക കഥാപാത്രം ലൂക്കായുടെ സുവിശേഷത്തിലെ യേശുവിന്റെ അമ്മയായ മറിയം മാത്രമാണ്. ശരിയാണ്, ഒരു പ്രവാചകന്റെ പ്രാഥമിക വൈദഗ്ധ്യം പോലും മോശയ്ക്കില്ല, അവനു സംസാരിക്കാൻ അറിയില്ല, അവൻ വാക്കുകൾ ഇല്ലാത്തവനാണ്. എന്നിട്ടും അവൻ ഇറങ്ങി പുറപ്പെടുന്നു. പക്ഷേ, അതിനു മുമ്പ് അവന് ഒരു ഉറപ്പ് ലഭിക്കുന്നുണ്ട്; “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും”(3.12). ഇതാണ് ഓരോ ദൈവവിളിയുടെയും തനിമ. വാക്കുകളിലെ പ്രാവിണ്യമല്ല വിളിക്കപ്പെടുന്നവരുടെ യോഗ്യത, ദൈവസ്വരം ശ്രവിക്കാൻ കഴിയുന്ന ഒരു ഹൃദയവും അവനോടൊപ്പം യുക്തിവിചാരം ചെയ്യാൻ കഴിയുന്ന ഒരു മനസ്സും മാത്രമാണ്.
സംസാരപാഠവം പലപ്പോഴും വ്യാജ പ്രവാചകരുടെ പ്രത്യേകതയായാണ് വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിട്ടുള്ളത്. മനോഹരമായ പദങ്ങളിലൂടെ വാഗ്ദാനങ്ങൾ നൽകി സഹജരെ ദുരുപയോഗം ചെയ്യുന്നവരാണവർ.
പൗലോസപ്പസ്തലന്റെ ഭാഷയിൽ മുഴങ്ങുന്ന കൈത്താളങ്ങളാണവർ. ഓർക്കുക, നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കാനുള്ള യോഗ്യതയില്ല എന്ന ആത്മനിഷ്ഠമായ ധാരണ മാത്രമാണ് നമ്മുടെ ദൈവവിളിയുടെ ആധികാരികത. മോശയെപ്പോലെ സ്വന്തം സ്വരത്തെ സംശയിക്കുകയെന്നത് നമ്മെ വിളിച്ച ശബ്ദത്തിന്റെ ആധികാരികതയെ വിശ്വസിക്കാൻ അത്യന്താപേക്ഷിതമാണ്. അതിനാൽ, വിളിക്കപ്പെട്ടവർ സംശയിക്കണം, വിളിച്ചവനെയല്ല, നമ്മുടെ അഹത്തിനെ ഉയർത്തിപ്പിടിക്കുന്ന ചില പാഠവങ്ങളെ, പൊങ്ങച്ചത്തിന്റെ കൽക്കൂടാരങ്ങളിൽ പണിയുന്ന നമ്മുടെ ദിവാസ്വപ്നങ്ങളെ. എന്നിട്ടൊരു കുഞ്ഞിന്റെ മനസ്സോടെ മോശയെപ്പോലെ നമ്മുടെ അയോഗ്യതകളെയെല്ലാം അവനോട് എണ്ണിപ്പറയണം. അപ്പോൾ അവൻ പറയും; “നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചു തരും”
(പുറപ്പാട് 4 : 12).
/// ഫാ . മാർട്ടിൻ N ആന്റണി ///