അൽഫോൻസാമ്മ നവ ഫ്രാൻസിസ്കനിസം
തനതായ ആത്മീയ വഴികളിലൂടെ നടന്ന് ഈ ലോകത്തെ കീഴ്പ്പെടുത്തി തങ്ങളോടുതന്നെ യുദ്ധം ചെയ്തവരാണ് അസീസിയിലെ ഫ്രാൻസിസും ക്ലാരയും. അവരുടെ ജീവിതശൈലി അനുകരിക്കാൻ ആഗ്രഹിക്കുന്നവരാണു ഫ്രാൻസിസ്കൻസ് എന്നു പൊതുവിൽ പറയപ്പെടുന്നവർ.
അസീസിയിലെ ചെറിയ പള്ളിയിലെ ക്രൂശിതരൂപത്തിൽ നിന്നു ഫ്രാൻസിസ് കേട്ട സ്വരത്തെക്കുറിച്ച് ബനഡിക്ട് പതിനാറാമൻ പാപ്പാ പറയുന്നു: ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പള്ളിയെക്കുറിച്ചുള്ള പരാമർശം ആ കാലഘട്ടത്തിലെ സഭയെക്കുറിച്ചു പ്രതീകാത്മകമായ രീതിയിൽ പറഞ്ഞിരിക്കുന്നതാണ്. കാരണം അന്നത്തെ സഭയിൽ വളരെ ഉപരിപ്ലവമായ വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്മൂലം വിശ്വാസികളുടെ ജീവിതത്തെ രൂപീകരിക്കുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ സാധിച്ചിരുന്നില്ല. വൈദികരുടെ തീക്ഷ്ണതക്കുറവായിരുന്നു മുഖ്യകാരണം.
നവ ഫ്രാൻസിസ്കനിസം
ഒരു പുത്തൻ ഫ്രാൻസിസ്കൻ പാത നമുക്ക് അത്യന്താപേക്ഷിതമായിരിക്കുന്നു. അതിനു ദൈവം തെരഞ്ഞെടുത്ത വ്യക്തിയാണു കുടമാളൂർ മുട്ടത്തുപാടത്ത് തറവാട്ടിൽ പിറന്ന അന്നക്കുട്ടി എന്ന അൽഫോൻസാമ്മ (ഓഗസ്റ്റ് 19, 1910 – ജൂലൈ 28, 1946). അമ്മയുടെ സ്വർഗപ്രവേശനത്തിന്‍റെ 75-ാം വർഷമാണിത്. 1986 ഫെബ്രുവരി എട്ടിനു വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും 2008 ഒക്ടോബർ 12ന് വിശുദ്ധരുടെ ഗണത്തിലേക്കും ചേർക്കപ്പെട്ട അൽഫോൻസാമ്മ എന്ന ഫ്രാൻസിസ്കൻ ക്ലാര സന്യാസിനി വാസ്തവത്തിൽ ഒരു അത്ഭുതം തന്നെയാണ്.
പതിനാറു വർഷത്തോളം നീണ്ട അജ്ഞാതവും സുകൃത സുരഭിലവുമായ സന്യാസജീവിതത്തിൽ അധികപങ്കും ദുരിതപൂർണമായിരുന്നു. എങ്കിലും ആനന്ദഭരിതയും പ്രസന്നവദനയുമായിരുന്നു അൽഫോൻസാമ്മ. ഉത്തമയായ ഒരു യുവതിയും സത്തമയായ സമർപ്പിതയുമായിരുന്നു. സന്യാസത്തിൽ ലഭിച്ചിട്ടുള്ള കൃപ പാപത്തിൽ നഷ്ടപ്പെടുത്താത്ത ഒരു ജീവിതത്തിന്‍റെ ചരിത്രമാണത്.
മധ്യകാലഘട്ടത്തിൽ ഫ്രാൻസിസ് എന്നൊരു വ്യക്തി ലോകത്തിന് ആവശ്യമായിരുന്നെങ്കിൽ ഇന്ന് അൽഫോൻസ എന്ന സന്യാസിനിയാണ് നമുക്ക് ആവശ്യമായിത്തീർന്നിരിക്കുന്നത്. വിശുദ്ധ കർദിനാൾ ന്യൂമാന്‍റെ വാക്കുകൾക്ക് ഇവിടെ ഏറെ പ്രസക്തിയുണ്ട്: വൈവിധ്യമാർന്ന സാഹചര്യങ്ങളിൽ എതിർപ്പുകളുടെയും വിശ്വാസരാഹിത്യത്തിന്‍റെയും പശ്ചാത്തലത്തിൽ എങ്ങനെയാണു സഭയ്ക്ക് അതിന്‍റെ മൂല്യത്തിലും വിശ്വാസത്തിലും മുന്പോട്ടുപോകാൻ സാധിക്കുന്നത്? ക്രൈസ്തവ വിശ്വാസം ഒരു തത്ത്വസംഹിതയല്ല; കുറെ പുസ്തകങ്ങളുമല്ല; കുറേ വാഗ്വാദങ്ങളുമല്ല; ഭൗതിക ശക്തിയുമല്ല; പ്രത്യുത ഒരേസമയം മൂല്യങ്ങളുടെ അധ്യാപകരും അതിന്‍റെ മാതൃകകളുമായിരിക്കുന്ന ഒരു ചെറിയ പറ്റം ആളുകളാണ്.
അവർ വളരെ ചുരുക്കമല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവാം. അതിന്‍റെ ഉത്തരം ദൈവത്തിന്‍റെ സ്വരം, ദൈവത്തിന്‍റെ രഹസ്യാത്മകമായ നിശ്ശബ്ദത ലോകത്തെ ബോധ്യപ്പെടുത്താൻ ഈ ചുരുക്കം പേർ മതി എന്നതത്രേ. വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെ സഭയെ വഴിതെറ്റാതെ നയിക്കാൻ അവർ മതിയാവും. ഈ വസ്തുതയാണ് ഫ്രാൻസിസിലും ക്ലാരയിലും അൽഫോൻസാമ്മയിലും നാം കാണുന്നത്.
അൽഫോൻസിയൻ നവ ഫ്രാൻസിസ്കനിസം: പ്രത്യേകതകൾ
തനിമയുള്ള ഒരു ആധ്യാത്മികവഴിയാണു വിശുദ്ധ അൽഫോൻസാമ്മ തുറന്നുതരുന്നത്. അൽഫോൻസാമ്മ ഒരു ദിശാബോധമാണ്, ലക്ഷ്യത്തെ ഉന്നംവച്ചുകൊണ്ടുള്ള ഒരു ഒഴുക്കാണ്. സുവിശേഷത്തിന്‍റെ ലാളിത്യത്തോടും തോമാശ്ലീഹായുടെ ശ്ലൈഹിക തനിമയോടും – മിശിഹായെ കൂടാതെ ജീവിക്കുന്നതിനേക്കാൾ നല്ലതു മിശിഹായോടുകൂടി മരിക്കുന്നതാണ്, ഉത്ഥിതന്‍റെ അത്ഭുതങ്ങളല്ല അവന്‍റെ മുറിപ്പാടുകളാണു കാണേണ്ടത് – സുറിയാനി ഭാഷയുടെ സാംസ്കാരിക പൈതൃകത്തോടും ഭാരതീയ ആധ്യാത്മികതയോടും നസ്രാണി സഭയുടെ അതിശ്രേഷ്ഠമായ പാരന്പര്യത്തോടും ഫ്രാൻസിസ്കൻ സമർപ്പിത സമൂഹത്തോടും ഗാഢമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു പന്ഥാവാണ് അൽഫോൻസിയൻ ആത്മീയത.
ഒരു പുതുപുത്തൻ ഫ്രാൻസിസ്കനിസം അതിലുണ്ട്. അതു നൽകുന്ന ആഭിമുഖ്യങ്ങൾ ആധുനിക ലോകത്തിന്‍റെ രോഗാവസ്ഥയെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ പര്യാപ്തമാണ്. വഴിതെറ്റി ഓടുന്ന ലോകത്തിന് ഒരു ചൂണ്ടുപലക. ഭാരതീയരായ എല്ലാവരെയും മെച്ചപ്പെട്ട ഒരു ആന്തരികതയിലേക്കു നയിക്കാൻ പര്യാപ്തമായ താരദീപ്തി.
നാനാവിധ രോഗങ്ങളാൽ പീഡിതയായി രോഗശയ്യയിൽ മാത്രം കഴിച്ചുകൂട്ടിയ ഒരു അപൂർവതയുടെ ചരിത്രമാണ് അൽഫോൻസാമ്മയുടേത്. അൽഫോൻസാമ്മ തന്നെ ഒരു പുതുക്രമമാണ്. ഇന്നു കോവിഡ് മഹാമാരി മൂലം ലോകം തന്നെയും രോഗശയ്യയിലാണ്. വിശ്വാസരാഹിത്യവും സ്നേഹക്കുറവും അനിശ്ചിതത്വവും നിസഹായതയും സാന്പത്തിക നഷ്ടവും തൊഴിലില്ലായ്മയും പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ വേർപാടും മൂലം വേദനകളുടെ കൂന്പാരമായി ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ നിരാശരാകേണ്ട ഒരു കാര്യവുമില്ല. ദൈവം നല്കുന്ന പ്രത്യാശയാണ് എല്ലാറ്റിലും വലുത്.
ഫ്രഞ്ചുകാരനായ കർദിനാൾ ക്ലെമന്‍റ് എമിൽ റോക്ക് (1880 – 1964) പറയുന്നു: ഒച്ചപ്പാടുകളുടെയും സുഖാനുഭൂതിയുള്ള അത്യാസക്തികളുടെയും കാലസന്ധിയിലാണല്ലോ നാം ജീവിക്കുന്നത്. വളരെ കഠിനമായ ത്യാഗത്താൽ പരിശോഭിതമായ അൽഫോൻസാമ്മയുടെ മഹനീയ മാതൃക ഈ അവസരത്തിൽ തങ്ങളുടെയും മറ്റുള്ളവരുടെയും വിശുദ്ധീകരണം ആഗ്രഹിക്കുന്ന ഏവരെയും അനുസ്മരിപ്പിക്കുന്നു, ആന്തരിക ജീവിതം കൂടാതെ ശോഭയേറിയ വിശുദ്ധിയും മിശിഹായുടെ സ്ലീവായുടെ ഭാഗഭാഗിത്വം കൂടാതെ ഫലപ്രദമായ രക്ഷാകര വേലയും അസാധ്യമാണ്.
ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം സൂക്ഷിച്ചു
അൽഫോൻസാമ്മയുടെ ജീവിതത്തിന്‍റെ അടയാളമുദ്ര അമ്മ സഹനത്തെ സ്വീകരിച്ച വിധമാണ്. വിശുദ്ധ ആഗസ്തിനോസിന്‍റെ സുപ്രസിദ്ധമായ ഒരു ചെറിയ വാക്യമുണ്ട്: “”കേവലം സഹനമല്ല പരിഗണനാർഹം, സഹന രീതിയാണ്”. സഹനത്തിന്‍റെ പാരമ്യത്തിൽ അൽഫോൻസാമ്മ എത്തിയിരുന്നു. “”തീജ്വാലയുടെ നടുവിൽ കിടന്നു പുളയുന്ന ഒരു കീടത്തിന് തുല്യമാണ് എന്‍റെ സ്ഥിതി”. “”ഞാൻ ഈശോയുടെ സ്വന്തമല്ലേ, അവിടുത്തെ ഇഷ്ടംപോലെ എന്തും പ്രവർത്തിച്ചുക്കൊള്ളട്ടെ. ദൈവതിരുമനസ് എന്നിൽ പൂർണമായും നിറവേറട്ടെ”. മരണാസന്നയെപ്പോലെ കാണപ്പെട്ട ഒരവസരത്തിൽ പറഞ്ഞു: “”ഇപ്പോൾ മരിക്കേണ്ട, മരിച്ചാൽ പിന്നെ ഈശോയ്ക്കുവേണ്ടി ഒന്നും സഹിക്കാൻ സാധ്യമല്ലല്ലോ. അവിടുത്തേക്കുവേണ്ടി കുറേക്കൂടി സഹിച്ചിട്ട് മരിച്ചാൽ മതി എന്നാണ് എന്‍റെ അഭിപ്രായം”.
അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ ഈശോ പറഞ്ഞല്ലോ ഒന്നും നഷ്ടപ്പെടുത്താതെ മിച്ചം വരുന്നവ എല്ലാം സൂക്ഷിക്കണമെന്ന്. അൽഫോൻസാമ്മ സഹനത്തിൽനിന്ന് ഒരിക്കലും മാറിനിന്നില്ല. മറ്റുള്ളവരുടെ സഹനങ്ങൾ ചോദിച്ചു വാങ്ങുകകൂടി ചെയ്തു. മലന്പനി പിടിപെട്ടു കിടന്നിരുന്ന മാർ ജെയിംസ് കാളാശേരിയുടെയും മഠത്തിലെ മറ്റൊരു സഹോദരിയുടെയും രോഗം അൽഫോൻസാമ്മ ചോദിച്ച് ഏറ്റുവാങ്ങി. ഒന്നും നഷ്ടപ്പെടുത്തിയില്ല.
ഫ്രാൻസിസിന്‍റെ ഒരു തുടർച്ചയും വളർച്ചയുമാണ് ഇവിടെ നാം കാണുന്നത്. സഹിച്ചതുപോരാ, മറ്റുള്ളവരുടെ സഹനവും ഏറ്റെടുക്കുന്നു. ഇവിടെയാണ് ഒരു നവ ഫ്രാൻസിസ്കനിസം പിറക്കുന്നത്. സഹനങ്ങളെ സ്വീകരിക്കുക മാത്രമല്ല അവയെ സെലിബ്രേറ്റ് (ആഘോഷിക്കുക) ചെയ്യുക കൂടിയായിരുന്നു. തോമ്മാശ്ലീഹായോടുള്ള ഒരു സാമീപ്യവും ഇവിടെ ദർശിക്കാൻ കഴിയും. “”എനിക്ക് ഉത്ഥിതന്‍റെ മുറിപ്പാടുകൾ കാണണം”. സഹനത്തിനു സ്വജീവിതത്തിൽ അൽഫോൻസാമ്മ വിശാലമായ ഇടം നൽകി. ഈശോയുടെ സഹനങ്ങളെ പദവിനിമയം ചെയ്തത് അമ്മയുടെ നവമായ ഈ കാഴ്ചപ്പാടിലൂടെയാണ്.
സഹനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം: ഏറ്റവും വലിയ സഹനം
ഇന്ന് ഒരുപിടി സഹനങ്ങൾ എല്ലാവർക്കുമുണ്ട്. ഏറെ സഹിക്കുന്നു എന്നതിലല്ല, സഹനങ്ങൾക്കിടയിൽ ഏറെ കാര്യങ്ങൾ നഷ്ടപ്പെടുത്തുന്നവർ ധാരാളമുണ്ട്. ഒന്നും നഷ്ടപ്പെടുത്താതിരിക്കാൻ പലർക്കും സാധിക്കുന്നില്ല. സന്തോഷത്തോടും ശാന്തതയോടുംകൂടി സഹിക്കാൻ പറ്റുന്നില്ല. ദൈവം തന്നു, ദൈവം എടുത്തു എന്നു പറയാൻ കഴിയുന്നില്ല. ദൈവത്തിങ്കലേക്ക് തിരിയേണ്ടതിനുപകരം ദൈവത്തിന് എതിരായി തിരിയുകയാണ് പലപ്പോഴും. അപ്രകാരം നമ്മൾ സഹനത്തിന്‍റെ മഹത്വം നഷ്ടപ്പെടുത്തുകയാണ്.
വാസ്തവത്തിൽ സഹനങ്ങളിൽനിന്ന് ഒളിച്ചോടുന്നതാണ് ഏറ്റവും വലിയ സഹനം. സഹനങ്ങളെ ഉൾക്കൊള്ളാതെ എത്രത്തോളം നടക്കുന്നുവോ അത്രത്തോളം സഹനം കൂടിവരികയാണ്. ദൈവത്തിന്‍റെ വീട്ടിൽ താമസിക്കണമെങ്കിൽ, ദൈവത്തോടുകൂടി വസിക്കണമെങ്കിൽ, സഹനങ്ങളെ സ്വീകരിക്കണം. ഇതാണ് അൽഫോൻസാമ്മ നൽകുന്ന നവ ഫ്രാൻസിസ്കൻ ശൈലി.
അത്ഭുതകരമായ ഒരു ആത്മീയ അടിത്തറ ഇവിടെയുണ്ട്. യുഗാന്ത്യ ജീവിതത്തിനു സാക്ഷ്യം വഹിക്കുന്നവരാണു സന്യാസികൾ. ഏറെ പ്രതിസന്ധികൾ നേരിട്ടപ്പോഴും താൻ തെരഞ്ഞെടുത്ത സമർപ്പിത സമൂഹത്തിൽ സന്തോഷപൂർവം ജീവിക്കാൻ അൽഫോൻസാമ്മയ്ക്കു കഴിഞ്ഞു. സന്ന്യാസ സമൂഹങ്ങൾ ഇപ്രകാരം സഭാസമൂഹത്തിന്‍റെ മാതൃകയും ലക്ഷ്യവുമായിത്തീരുന്നു. സന്ന്യാസ സമൂഹത്തന്‍റെ ഭാഗമായി, ആ സമൂഹത്തിലൂടെയാണ് അൽഫോൻസാമ്മ വിശുദ്ധയായത്.
അൽഫോൻസാമ്മയെ അൾത്താര വണക്കത്തിലേക്ക് എത്തിച്ച ആ സമർപ്പിത സമൂഹത്തിനു സർവപ്രധാനമായ സ്ഥാനമുണ്ട്. ഒരു സന്ന്യാസ സമൂഹത്തിന്‍റെ പ്രത്യേക മൂല്യങ്ങൾ സഭാസമൂഹത്തിന്‍റെ പൊതു സ്വത്താണ്. അൽഫോൻസാമ്മ നവ ഫ്രാൻസിസ്കനിസത്തിന്‍റെ വക്താവാകുന്നതും അവർ ജീവിച്ച സമർപ്പിത സമൂഹത്തിലൂടെയാണ്. പ്രതിശ്രുത വിശുദ്ധരാകണം സമർപ്പിതർ. സഭയുടെ കരുത്തും ഇവരാണ്. സന്ന്യാസ ജീവിതത്തിന്‍റെ അഴകാണ് അൽഫോൻസാമ്മ പങ്കുവയ്ക്കുന്നത്.
മിശിഹാകേന്ദ്രിതവും സഭാകേന്ദ്രിതവുമായ സഹനം
മിശിഹായ്ക്കുവേണ്ടി എല്ലാം സഹിച്ചു. യഥാർഥത്തിൽ അൽഫോൻസാമ്മ സ്നേഹിച്ചത് സഹനങ്ങളെയല്ല, മിശിഹായെയാണ്; കുരിശിനെയല്ല പ്രത്യുത ക്രൂശിതനെയാണ്. സ്വന്തം ശരീരത്തിനു വേണ്ടിയല്ല സഹിച്ചത്, സഭയാകുന്ന ശരീരത്തിനു വേണ്ടിയാണ്. സഹനങ്ങളെ എപ്രകാരം ബലിവസ്തുക്കളായി സമർപ്പിക്കാമെന്ന് അൽഫോൻസാമ്മ വേണ്ടവിധം തിരിച്ചറിഞ്ഞിരുന്നു. എല്ലാം മിശിഹായ്ക്കും സഭയ്ക്കുംവേണ്ടി സമർപ്പിച്ചപ്പോൾ സ്വർഗീയമായ ഒരു ആനന്ദം അനുഭവിക്കാൻ കഴിഞ്ഞുവത്രേ.
വിശുദ്ധി എന്നതു കുറേ കാര്യങ്ങൾ ഓടിനടന്ന് ചെയ്യുന്നു എന്നതല്ല, ദൈവഹിതപ്രകാരമുള്ള കാര്യങ്ങൾ എന്തും സംഭവിക്കട്ടെ എന്ന തുറന്ന മനസ് ഉണ്ടാകുന്നതാണ്. രോഗങ്ങളും വേദനകളും ബലിവസ്തുക്കളാക്കിയപ്പോൾ അൽഫോൻസാമ്മ ദൈവത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി. സഹനത്തിന് അവസാനം ഉണ്ട്; എന്നാൽ വേണ്ടവിധം സഹിക്കുന്പോൾ അവ നൽകുന്ന പ്രതിഫലങ്ങൾക്ക് അന്ത്യമില്ല.
വിശുദ്ധ ആഗസ്തിനോസിന്‍റെ ശ്രേഷ്ഠമായ ഒരു പ്രബോധനം ഉണ്ട്: “”മിശിഹായുടെ സ്ലീവാ അവൻ മരിച്ച കിടക്ക മാത്രമല്ല, നമ്മെ പഠിപ്പിക്കാൻ അവൻ ഇരിക്കുന്ന സിംഹാസനം കൂടിയത്രെ’’. അൽഫോൻസാമ്മയുടെ നേട്ടം സഹനങ്ങളെ ദൈവത്തിൽനിന്നുള്ള ദാനമായി കണ്ടു എന്നതാണ്. ദൈവസ്നേഹത്തിന്‍റെ ശക്തമായ അടയാളങ്ങളാക്കി സഹനങ്ങളെ അൽഫോൻസാമ്മ മാറ്റി. ഈശോ കാണിച്ചുതരുന്നത് അതാണ്.
സഹനത്തിലൂടെ മഹത്വത്തിലേക്ക് എന്ന മിശിഹാനുകരണ മാർഗമാണ് അൽഫോൻസാമ്മ തെരഞ്ഞെടുത്തത്. സഹനങ്ങളെ ദൈവസ്നേഹത്തിന്‍റെ ഉൗർജഭവനങ്ങളും ശക്തിസ്രോതസുകളുമാക്കി മാറ്റി. നമ്മുടെ സഹനങ്ങളെയും ദൈവസ്നേഹത്തിന്‍റെ ഉറവിടങ്ങളാക്കി മാറ്റണം. ഈ കോവിഡ്കാലം നമ്മെ പഠിപ്പിക്കുന്നത് നമ്മുടെ ബലഹീനതയും ദൈവത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങിയിരിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ്. സഹനം ജീവിതവ്രതമാക്കിയെടുത്ത് ഒരു പുത്തൻ ഫ്രാൻസിസ്കൻ ചൈതന്യം അമ്മ പകർന്നുനൽകുന്നു.
“”ഒരു പൂർണ കന്യാസ്ത്രീയാകാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. അതും പോരെങ്കിൽ കർത്താവിനോടു കൂടി പീഡകൾ സഹിക്കാനുള്ള പ്രത്യേക വരവും ദൈവം എനിക്കു പ്രദാനം ചെയ്തു. അതിൽ കൂടുതൽ എന്താണ് എനിക്കു വേണ്ടത്”. വിശുദ്ധനായ കർദിനാൾ ന്യൂമാന്‍റെ ചിന്തകളോട് ഏറെ സാധർമ്യം അൽഫോൻസാമ്മയ്ക്കും ഉണ്ട്: “”ദൈവത്തിൽ ഞാൻ ആശ്രയിക്കും; ഞാൻ രോഗിയാണെങ്കിൽ എന്‍റെ രോഗത്തിലൂടെ ഞാൻ ദൈവത്തെ സേവിക്കും; ഞാൻ ചഞ്ചലചിത്തനാണെങ്കിൽ എന്‍റെ അസ്വസ്ഥതകളിലൂടെ ഞാൻ ദൈവത്തെ തേടും; ദൈവം ഒരിക്കലും ഒരു കാര്യവും വ്യർഥമായി ചെയ്യുന്നില്ല; എന്‍റെ ആയുസ് നീട്ടിക്കിട്ടിയാലും കുറഞ്ഞാലും ദൈവം അത് അറിയുന്നു; എന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും എന്നിൽനിന്ന് അകന്നാലും ദൈവം അത് മനസിലാക്കുന്നു; അപരിചിതരുടെ ഇടയിലേക്ക് ഞാൻ വലിച്ചെറിയപ്പെട്ടാലും ഏകാന്തതയിലും ഒറ്റപ്പെടലിലും ആണെങ്കിലും പൂർണമായും ഞാൻ ദൈവത്തിൽ ആനന്ദിക്കും”.
അൽഫോൻസാമ്മ ഒരു പേരുമാത്രമല്ല, ഒരു കർമപദ്ധതിയാണ്. വളരെയേറെ ആഭിമുഖ്യങ്ങളുളള ആ പേര് ഭാരതത്തിനുതന്നെ ദിശാബോധം നല്കുന്ന ഒന്നാണ്.
1952 ൽ കെ. ആർ. കൃഷ്ണപ്രകാശ് ഹരിപ്പാട് എഴുതി:
സിസ്റ്റർ അൽഫോൻസാ നമാമ്യഹം തായേ
സകല ലോകർ പുകഴും പുണ്യ താരമേ
ത്യാഗരൂപിണി മനോഹരീ
സർവ പാപരോഗ ദുരിതനിവാരിണീ
ക്ലാരസഭാ കുമാരീ കമനീയ ക്രൈസ്തവ ലതികേ
ഭാരതനാടിൻ സൗഭാഗ്യ സുമമേ
മംഗളരൂപിണീ മാമക ജനനീ.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
കടപ്പാട് ദീപിക
ആശംസകൾ